വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് ശരീരത്തിൽ മാറ്റം വരുത്തണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് ബ്രൈറ്റ് സമ്മതിക്കുന്നു. പതിമൂന്നോ പതിനാലോ വയസുള്ളപ്പോൾ തന്നെ വസ്ത്രങ്ങളിലൊക്കെ വ്യത്യസ്തത വരുത്തിയിരുന്നു.
ശരീരത്തിൽ നിരവധി സ്റ്റഡ്ഡുകളിടുന്നതും ടാറ്റൂ ചെയ്യുന്നതും മാറ്റം വരുത്തുന്നതും ഒന്നും ഇന്ന് പുതുമയല്ല. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി ഒരുപാട് ആളുകളാണ് ഇതുപോലെ ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. ഇവിടെ അതുപോലെ ശരീരം മോടി പിടിപ്പിക്കുന്നതിന് വേണ്ടി ഒരാൾ ചെലവഴിച്ചത് എത്ര രൂപയാണ് എന്ന് അറിയാമോ? 27,98,900.56 രൂപ.
ഏതായാലും ഇത്രയും ലക്ഷം മുടക്കി രൂപമാറ്റമൊക്കെ വരുത്തിയ ശേഷം നാട്ടുകാർ അദ്ദേഹത്തെ വിളിക്കുന്നത് 'പിശാച്' എന്നാണ്. കാണാൻ അദ്ദേഹത്തെ പിശാചിനെ പോലെ ഉണ്ടത്രെ. 28 -കാരനായ കാമറൂൺ ലീ ബ്രൈറ്റിന് 28 സ്റ്റഡ്ഡുകൾ ഉണ്ട്. അതിൽ ചിലത് തുളയിട്ടിരിക്കുന്നത് വളരെ വലുതായിട്ടാണ്. ബ്രൈറ്റിന്റെ നാവ് പിളർന്നതാണ്. അതുപോലെ 100 മണിക്കൂറുകളോളമാണ് അദ്ദേഹം ടാറ്റൂ ചെയ്യുന്നതിന് വേണ്ടി ചെലവഴിച്ചിരിക്കുന്നത്.
കാലിഫോർണിയയിൽ നിന്നുള്ള ഒരു വെയർഹൗസ് തൊഴിലാളിയാണ് ബ്രൈറ്റ്. 'ഞാൻ അന്തർമുഖനാണ്. എങ്കിലും നമ്മൾ എത്രത്തോളം വ്യത്യസ്തമാണ് എന്ന് അറിഞ്ഞിരിക്കെ തന്നെ മനുഷ്യർ തമ്മിൽ എത്ര സാമ്യമുണ്ട് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 28 തുളകൾ ഞാനെന്റെ ശരീരത്തിലിട്ട് കഴിഞ്ഞു. ഏകദേശം 100 മണിക്കൂറുകളോളം ടാറ്റൂ ചെയ്യുന്നതിന് വേണ്ടിയും ചെലവഴിച്ചു' എന്ന് ബ്രൈറ്റ് പറയുന്നു.
പതിനഞ്ചാമത്തെ വയസ് തൊട്ടാണ് ബ്രൈറ്റ് തന്റെ ശരീരത്തിൽ മാറ്റങ്ങൾ വരുത്തി തുടങ്ങിയത്. 'സാധാരണ ആളുകൾ കാറുകൾ, സ്പോർട്സ്, കൺസേർട്ട് തുടങ്ങിയവയ്ക്കൊക്കെ വേണ്ടി പണം ചെലവഴിക്കുന്നു. താൻ അതിന് പകരം ഇങ്ങനെ ശരീരത്തിൽ മോഡിഫിക്കേഷന് വേണ്ടി പണം ചെലവഴിക്കുന്നു അത്രയേ ഉള്ളൂ' എന്നുമാണ് ബ്രൈറ്റിന്റെ പക്ഷം.
വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് ശരീരത്തിൽ മാറ്റം വരുത്തണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് ബ്രൈറ്റ് സമ്മതിക്കുന്നു. പതിമൂന്നോ പതിനാലോ വയസുള്ളപ്പോൾ തന്നെ വസ്ത്രങ്ങളിലൊക്കെ വ്യത്യസ്തത വരുത്തിയിരുന്നു. ഹൈസ്കൂളിലായപ്പോൾ സ്റ്റഡ്ഡ് ധരിക്കാൻ തുടങ്ങി എന്നും ബ്രൈറ്റ് പറയുന്നു.
ആളുകൾ പലപ്പോഴും ബ്രൈറ്റിന്റെ രൂപം കണ്ട് അവനെ കളിയാക്കാറുണ്ട്. എന്നാൽ, തനിക്ക് അതൊന്നും ഒരു വിഷയമല്ലെന്നും താൻ എങ്ങനെയിരിക്കുന്നോ അതിൽ താൻ വളരെ അധികം സന്തോഷം കണ്ടെത്തുന്നു എന്നും ബ്രൈറ്റ് പറയുന്നു. ഏതായാലും, ബ്രൈറ്റിന്റെ ശരീരത്തിലെ ഈ പരീക്ഷണങ്ങളും മോഡിഫിക്കേഷനുകളും ഇപ്പോഴൊന്നും അവസാനിക്കും എന്ന് തോന്നുന്നില്ല.
