വയസ്സ് രണ്ടു തികയുന്നതേയുള്ളൂ ഈ കടുവക്ക്. ഇണയ്ക്കും ഇരയ്ക്കുമായി ഈ കടുവ നടന്നത് 1300 കിലോമീറ്റർ ദൂരമാണ്. ഈ കടുവയുടെ കഴുത്തിൽ ഒരു റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. അതിലൂടെ ഈ കടുവയുടെ ഓരോ ചലനങ്ങളും ശാസ്ത്രജ്ഞർക്ക് നിരീക്ഷിക്കാനാകുന്നുണ്ട്. ആ നിരീക്ഷണങ്ങളിലാണ് ഈ വസ്തുത വെളിപ്പെട്ടിരിക്കുന്നത്. 

മഹാരാഷ്ട്രയിലെ തിപേശ്വർ വന്യജീവിസങ്കേതത്തിൽ നിന്ന് കഴിഞ്ഞ ജൂണിലാണ്  ഈ കടുവ തന്റെ സഞ്ചാരം  തുടങ്ങുന്നത്. C1 എന്നാണ് ഈ കടുവയുടെ റെക്കോർഡിക്കൽ നാമം. ഫെബ്രുവരിയിൽ അതിന്റെ കഴുത്തിൽ ഒരു റേഡിയോ കോളർ സ്ഥാപിക്കപ്പെട്ടിരുന്നു. കൃഷിസ്ഥലങ്ങളിലൂടെ അങ്ങോട്ടുമിങ്ങോട്ടും മാറിമാറി നടന്നു ആ കടുവ. മഹാരാഷ്ട്രയിലെ ആറു ജില്ലകളിലൂടെ അത് തന്റെ നിശാസഞ്ചാരം തുടർന്നു എങ്കിലും വളരെ വിരളമായി മാത്രമാണ് ഈ കടുവ മനുഷ്യരുമായി ഇടഞ്ഞത്. അതും അത് സ്വസ്ഥമായി കിടന്നുറങ്ങിയിരുന്ന കാടിനുള്ളിലേക്ക് കടന്നുവന്നവരിൽ ഒരാളെ. 

ഇടക്ക് അയൽ സംസ്ഥാനമായ തെലങ്കാനയിലേക്ക് ചെല്ലുന്നുണ്ട് എങ്കിലും, പിന്നെയും നടന്നുനടന്ന് അത് മഹാരാഷ്ട്രയിലെ മറ്റൊരു വന്യജീവി സങ്കേതത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. രേഖീയമായ ഒരു സഞ്ചാരമല്ലായിരുന്നു അത്. അലക്ഷ്യമായ ഒരു നടത്തം. റേഡിയോ കോളറിൽ നിന്ന് ശേഖരിക്കപ്പെട്ട സാറ്റലൈറ്റ് ജിപിഎസ് വിവരങ്ങൾ വെച്ച് ചുരുങ്ങിയത് 5000 ലൊക്കേഷനുകളെങ്കിലും കഴിഞ്ഞ 9 മാസങ്ങൾക്കിടെ ലോഗ് ചെയ്യപ്പെട്ടിട്ടുണ്ട്. 

പുതിയ ഇടങ്ങൾ തേടി, ഇര തേടി, ഇണയെത്തേടി  ഈ വ്യാഘ്രം സഞ്ചരിച്ചത് 1300 കിലോമീറ്ററിലധികം ദൂരമാണ്. പകൽ നേരം മുഴുവൻ ഏതെങ്കിലും പൊന്തക്കാട്ടിൽ ചെന്നൊളിച്ചിരിക്കും. രാത്രി പുറത്തിറങ്ങി വല്ല കാട്ടുപന്നിയെയും പശുവിനെയുമൊക്കെ വേട്ടയാടും. വിശപ്പടങ്ങുമ്പോൾ നടന്നുതുടങ്ങും. അടുത്ത ദിവസവും ഇതുതന്നെ ആവർത്തിക്കും. 

ഈ കടുവയെ അടിയന്തരമായി പിടികൂടി അടുത്തുള്ള ഏതെങ്കിലും ഘോരവനത്തിന്റെ ഉൾഭാഗത്ത് കൊണ്ടുവിട്ടില്ലെങ്കിൽ ഇനിയും മരണങ്ങൾ സംഭവിക്കാം എന്ന് കടുവാ വിദഗ്ധർ പറയുന്നു. വനപ്രദേശങ്ങളിൽ വീടുകളിൽ താമസിക്കുന്നവർക്ക് ഈ കടുവ തങ്ങളുടെ അടുക്കളപ്പുറത്തുകൂടി പോയാൽ പോലും അതേപ്പറ്റി അറിയാനായിക്കൊള്ളണം എന്നില്ല. ഇനി റേഡിയോ കോളറിൽ ആകെ 20 % ബാറ്ററി മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ട്, അതും ഉടനടി മാറ്റേണ്ടതുണ്ട്. ഇല്ലെങ്കിൽ അധികം താമസിയാതെ ആ കടുവയുമായുള്ള സമ്പർക്കം നഷ്ടമാകും. ഒരു കടുവ താമസിക്കുന്ന പ്രദേശത്തെ ചുറ്റിപ്പറ്റി ചുരുങ്ങിയത് അഞ്ഞൂറ് ഇരമൃഗങ്ങളെങ്കിലും ഉണ്ടെങ്കിലേ കടുവക്ക് ഭക്ഷണം ഉറപ്പുവരുത്താനാകൂ എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അത് ഇല്ലാതെ വരുമ്പോഴാണ്, ഇങ്ങനെ ആയിരക്കണക്കിന് കിലോമീറ്റർ ദൂരം നടക്കാൻ കടുവകൾ പ്രേരിതരാകുന്നത്.