കുട്ടികളായിരിക്കുമ്പോൾ പലരും തിരിച്ചറിഞ്ഞോളണമെന്നില്ല, കുഞ്ഞുങ്ങളുടെ സന്തോഷത്തിനായി, അവരുടെ സ്വപ്‌നങ്ങൾ നിറവേറ്റുന്നതിനായി അമ്മമാർ എന്തൊക്കെ പങ്കപ്പാടുകൾ ഏറ്റെടുക്കുമെന്ന്. നമ്മൾ കുഞ്ഞായിരിക്കുമ്പോൾ അവർ ഏറ്റെടുക്കുന്ന കഷ്ടപ്പാടാവും, രാത്രികളിൽ ഉറക്കമൊഴിഞ്ഞു നടത്തുന്ന അദ്ധ്വാനങ്ങളാവും നമ്മുടെ സ്വപ്നങ്ങളിലേക്കുള്ള പ്രയാണങ്ങളുടെ ഇന്ധനം. 

ചൈനയിൽ നിന്നുള്ള ഈ പാവം അമ്മ വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയാണ് തന്റെ മക്കളെ പഠിപ്പിച്ചത്. പഠിക്കാൻ വേണ്ടി മക്കൾ ദൂരദിക്കുകളിലുള്ള കോളേജുകളിൽ ചെന്ന് താമസിക്കുമ്പോൾ കടം വീട്ടാൻ വേണ്ടി അമ്മ വീട്ടിൽ രാവെന്നോ പകലെന്നോ ഉള്ള ഭേദമില്ലാതെയുള്ള അദ്ധ്വാനത്തിലായിരുന്നു. അവരുടെ കടം വീട്ടാൻ ചില്ലറ അദ്ധ്വാനമൊന്നും പോരായിരുന്നു. പക്ഷേ, നമ്മുടെ അമ്മമാരുണ്ടല്ലോ അവർ 'സൂപ്പർ വുമൺ' ആണ്. കടം വീട്ടാൻ വേണ്ടി അവർ ചൂലുണ്ടാക്കി വിൽക്കാൻ തീരുമാനിച്ചു. വെറും മൂന്നു വർഷത്തിന്റെ കാലയളവിൽ അവർ ഉണ്ടാക്കി വിറ്റത് 20,000  ചൂലുകളാണ്. അതായത്, ഒരു മാസം 555  ചൂലുകൾ. 

 

 

മക്കളെ പഠിപ്പിച്ചു വലുതാക്കാനുള്ള ഈ അമ്മയുടെ പരിശ്രമങ്ങളെപ്പറ്റി അറിഞ്ഞ സാമൂഹ്യ മാധ്യമങ്ങൾ ഇവരെ സ്നേഹം കൊണ്ട് മൂടുകയാണിപ്പോൾ. അവരുടെ കടങ്ങൾ വീട്ടാനുള്ള സഹായങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ട്.