Asianet News MalayalamAsianet News Malayalam

മുംബൈ സ്‌ഫോടന പരമ്പരയില്‍ നട്ടെല്ലു തകര്‍ന്നു; പക്ഷേ ജീവിതത്തോട് തോറ്റില്ല, ഈ യുവാവ്!

വെറും 21 വയസ്സ് മാത്രം പ്രായമുളള അദ്ദേഹത്തിന്റെ നട്ടെല്ല് തകര്‍ന്നു. കാലുകള്‍ പൂര്‍ണ്ണമായും തളര്‍ന്നു. ഇനി നടക്കാന്‍ സാധിക്കില്ലെന്നും, ജീവിതകാലം മുഴുവന്‍ കിടക്കയില്‍ അഭയം തേടേണ്ടി വരുമെന്നും വിചാരിച്ച കാലമായിരുന്നു അത്. എന്നാല്‍ ആറുമാസത്തെ ദുരിതത്തിനൊടുവില്‍ അദ്ദേഹം പതുക്കെ ജീവിതത്തിലേയ്ക്ക് പിച്ച വെച്ച് കയറി. മുറിവുകളെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോയി.    

This mumbai man lost his legs in the Mumbai Blasts but he defeated the destiny
Author
Mumbai, First Published Jul 14, 2021, 4:15 PM IST
  • Facebook
  • Twitter
  • Whatsapp

2006 ജൂലൈ 11. മുംബൈ നിവാസിയായ ചിരാഗ് ചൗഹാന്‍ എന്നത്തേയും പോലെ ഓഫീസ് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വീട്ടിലേക്കുളള ട്രെയിന്‍ പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു. എന്നാല്‍ വൈകുന്നേരം 6.20 ഓടെ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവമുണ്ടയി. രാജ്യത്തെ നടുക്കിയ റെയില്‍വേ സ്‌റ്റേഷന്‍ സ്‌ഫോടന പരമ്പര. റെയില്‍വേ സ്റ്റേഷനുകളിലുണ്ടായ ഏഴ് സ്‌ഫോടനങ്ങളില്‍ അന്ന് 189 പേര്‍ കൊല്ലപ്പെടുകയും 800 -ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിരാഗും അക്കൂട്ടത്തില്‍ പെട്ടു. 

വെറും 21 വയസ്സ് മാത്രം പ്രായമുളള അദ്ദേഹത്തിന്റെ നട്ടെല്ല് തകര്‍ന്നു. കാലുകള്‍ പൂര്‍ണ്ണമായും തളര്‍ന്നു. ഇനി നടക്കാന്‍ സാധിക്കില്ലെന്നും, ജീവിതകാലം മുഴുവന്‍ കിടക്കയില്‍ അഭയം തേടേണ്ടി വരുമെന്നും വിചാരിച്ച കാലമായിരുന്നു അത്. എന്നാല്‍ ആറുമാസത്തെ ദുരിതത്തിനൊടുവില്‍ അദ്ദേഹം പതുക്കെ ജീവിതത്തിലേയ്ക്ക് പിച്ച വെച്ച് കയറി. മുറിവുകളെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോയി.    

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉഴപ്പനായ വിദ്യാര്‍ത്ഥിയായിരുന്നു ചിരാഗ്. വലിയ മാര്‍ക്കൊന്നും വേണ്ട എങ്ങനെയെങ്കിലും ഒന്ന് പാസായാല്‍ മതിയെന്ന് ചിന്തിക്കുന്നവരില്‍ ഒരാള്‍. പ്ലസ് ടു എങ്ങനെയൊക്കെയോ പാസ്സായി. എന്നാല്‍ 18-ാം വയസ്സില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ അകാലത്തില്‍ മരണപ്പെട്ടു. അച്ഛന്റെ വിയോഗം അദ്ദേഹത്തെ വല്ലാതെ ഉലച്ചു കളഞ്ഞു. ജീവിതത്തെ പുതിയൊരു വെളിച്ചത്തില്‍ കാണാന്‍ ആ സംഭവം അദ്ദേഹത്തെ പ്രാപ്തനാക്കി. മകനെ നല്ല രീതിയില്‍ പഠിപ്പിക്കണമെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ അദ്ദേഹം നല്ലപോലെ പഠിക്കാന്‍ ആരംഭിച്ചു. കോളേജില്‍ ചിരാഗ് നല്ല മാര്‍ക്കുകള്‍ നേടി പാസ്സായി. തുടര്‍ന്ന് 2005 -ല്‍ ചിരാഗ് തന്റെ സിഎ ഇന്റര്‍ സെക്കന്‍ഡ് ലെവല്‍ പരീക്ഷ പാസ്സായി. അതിനൊപ്പം മൂന്ന് വര്‍ഷത്തേക്കുള്ള ആര്‍ട്ടിക്കിള്‍ഷിപ്പിനും ചേര്‍ന്നു. ജീവിതം അങ്ങനെ സമാധാനപൂര്‍വ്വമായി പോവുന്ന അവസരത്തിലായിരുന്നു 2006 -ല്‍ ആ ദുരന്തം.

 

 

എന്നാല്‍ അപകടത്തില്‍ അദ്ദേഹത്തിന്റെ കാലുകള്‍ മാത്രമാണ് തളര്‍ന്നത്, മനസ്സല്ല. അത് കൂടുതല്‍ വേഗത്തില്‍ മുന്നോട്ട് കുതിക്കാന്‍ ആഗ്രഹിച്ചു. രണ്ട് വര്‍ഷത്തെ ഫിസിയോതെറാപ്പിയിലൂടെ സുഖം പ്രാപിക്കുന്ന രോഗികളുണ്ട്. പക്ഷേ ചിരാഗിന്റെ കാര്യത്തില്‍, ഡോക്ടര്‍മാര്‍ക്ക് ആ പ്രതീക്ഷയുണ്ടായില്ല. മാസങ്ങളുടെ ആശുപത്രി വാസം കഴിഞ്ഞ് ചിരാഗിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടുവന്നു. എന്നാല്‍ രാവും പകലും, ചുവരില്‍ നോക്കി കിടന്ന ആ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ മനസ്സ് അടഞ്ഞു പോയി. എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നപ്പോഴെല്ലാം സ്വയം പഴിച്ചു.

പിന്നീടുളള ഓരോ ദിവസവും ശരാശരി ഏഴ് മണിക്കൂറോളം ഫിസിയോതെറാപ്പി, റിക്കവറി സെഷനുകള്‍ എന്നിവക്കായി അദ്ദേഹം ചെലവഴിച്ചു. ബാക്കിയുള്ള ഏഴ് മണിക്കൂര്‍ സിഎ പരീക്ഷക്കുള്ള തയ്യാറെടുപ്പിനായി മാറ്റിവച്ചു. കുറേകാലം അദ്ദേഹം ഈ വിധം മുന്നോട്ട് പോയി. മരുന്നുകളുടെ ആ ലോകത്ത് പുസ്തകങ്ങള്‍ അദ്ദേഹത്തിന് പുതിയ പ്രതീക്ഷ നല്‍കി. എല്ലാം മറന്ന് അദ്ദേഹം പരീക്ഷക്കായി തയ്യാറെടുത്തു. ഒടുവില്‍ പരീക്ഷയില്‍ അദ്ദേഹം വിജയിച്ചു. ചിരാഗിനെ സംബന്ധിച്ചിടത്തോളം അത് ഒരു കഠിനമായ യാത്രയായിരുന്നു. തുടര്‍ന്ന് പലയിടത്തും അദ്ദേഹം ജോലിക്കപേക്ഷിച്ചു. എന്നാല്‍ വീല്‍ ചെയറില്‍ ഇരിക്കുന്ന ഒരു വ്യക്തിയെ ജോലിക്കെടുക്കാന്‍ ആരും തയ്യാറായില്ല. അവഗണയും, പരിഹാസവും ഏറ്റുവാങ്ങിയ സമയമായിരുന്നു അത്. എന്നാല്‍ ഒരിക്കലും ബലഹീനതയുടെ പേരില്‍ തന്റെ സ്വപ്നങ്ങളെ തളച്ചിടാന്‍ അദ്ദേഹം തയ്യാറായില്ല.  

ഒടുവില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ അദ്ദേഹത്തിന് ക്ഷണം ലഭിച്ചു. പക്ഷേ വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിരുന്നു ആ കമ്പനി. അതുകൊണ്ട് തന്നെ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഒട്ടും പറ്റാതെ അദ്ദേഹത്തിന് അത് ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് ഒരു ബാങ്കില്‍ ചേര്‍ന്നു. ആയിടക്കാണ് സ്വന്തമായൊരു സ്ഥാപനം ആരംഭിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടത്. അങ്ങനെ 2012 -ല്‍ വളരെ കുറച്ച് ആളുകളെ വച്ച് ചെറിയ രീതിയില്‍ അദ്ദേഹം ഒരു സി എ കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു. എന്നാല്‍ ക്ലയന്റുകള കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹം ക്ഷമയോടെ പരിശ്രമം തുടര്‍ന്നു. ഒടുവില്‍ അദ്ദേഹം അതില്‍ വിജയിച്ചു. 

പിന്നീട് 2015 ഏപ്രിലില്‍ ഓണ്‍ലൈന്‍ സംരംഭമായ expertmile.com അദ്ദേഹം ആരംഭിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ 4000 സ്‌പെഷ്യലിസ്റ്റുകളെയും, രജിസ്റ്റര്‍ ചെയ്ത 26000 ഉപയോക്താക്കളെയും അദ്ദേഹത്തിന് ലഭിച്ചു. കോവിഡ് കാലഘട്ടത്തില്‍, തന്റെ പ്ലാറ്റ്‌ഫോമില്‍ വെര്‍ച്വല്‍ ടാക്‌സേഷന്‍ സേവനങ്ങളും അദ്ദേഹം ആരംഭിച്ചു. ഇപ്പോള്‍ വികലാംഗര്‍ക്ക് വീട്ടില്‍ നിന്ന് ചെയ്യാന്‍ കഴിയുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ പിന്നാലെയാണ് അദ്ദേഹം.  

Follow Us:
Download App:
  • android
  • ios