Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയയിൽ വംശവെറിക്കിരയായി ജീവനൊടുക്കുന്നത് ആഴ്ചയിൽ മൂന്ന് ആദിവാസികൾ വീതം

മരിച്ചവരിൽ ഏറെയും വിദ്യാർത്ഥികൾ. അവർക്ക്   പറയാനുണ്ടായിരുന്നത് വംശവെറിയുടെ പേരിൽ   അവരനുഭവിച്ച വിവേചനങ്ങളുടെ    കണ്ണീരണിയിക്കുന്ന കഥകൾ.

Three aborigines end their lives in Australia Suicide Epidemic
Author
Australia, First Published Jun 1, 2019, 3:00 PM IST


ഈ വർഷം ഇതുവരെ ഓസ്‌ട്രേലിയയിൽ വംശവെറിയുടെ ഇരകളായി ജീവനൊടുക്കിയത് 77 ആദിവാസികളാണ്.  അതായത് ആഴ്ചയിൽ ഏകദേശം മൂന്നു പേർ വീതം ആത്മാഭിമാനം വ്രണപ്പെട്ട്, മാനസിക-ശാരീരിക പീഡനങ്ങൾ താങ്ങാനാവാതെ സ്വന്തം ജീവനൊടുക്കുന്നു. ചിലർ കാരണക്കാരുടെ പേർവിവരങ്ങളും, ജീവനൊടുക്കാനുള്ള കാരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി ആത്മാഹുതി ചെയ്യുമ്പോൾ മറ്റുള്ളവർ ഒരക്ഷരം മിണ്ടാതെ മരണത്തെ പുൽകുന്നു. 

മരിച്ചവരിൽ പാതിയും 26  വയസ്സിൽ താഴെ പ്രായമുള്ളവർ. 20ലധികം പേർ പന്ത്രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾ. മരിച്ചവർക്കൊക്കെ പറയാനുണ്ടായിരുന്നത് വംശവെറിയുടെ പേരിൽ പൊതുസമൂഹത്തിൽ അവരനുഭവിച്ച അവഗണനകളുടെ, വിവേചനങ്ങളുടെ, പരിഹാസങ്ങളുടെ കണ്ണീരണിയിക്കുന്ന കഥകൾ.

ഈ ആത്മഹത്യാ പരമ്പരയ്ക്ക് തുടക്കമിടുന്നത് ജെയ്ഡ് കൊള്ളാർഡ് എന്ന പതിനഞ്ചുകാരിയാണ്. പുതുവത്സര ദിനത്തിലാണ് അവർ ജീവനൊടുക്കിയത്. അമ്മ ജൂലിയ കൊള്ളാർഡിനൊപ്പം വടക്കൻ ക്വീൻസ്ലാൻഡിലെ ടൗൺസ്‌വില്ലെയിലാണ് അവൾ കഴിഞ്ഞിരുന്നത്.

Three aborigines end their lives in Australia Suicide Epidemic

'ജെയ്‌ഡ്‌ , അമ്മ ജൂലിയ കൊള്ളാർഡ് എന്നിവർ '

ജെയ്‌ഡിന്‌ പിന്നാലെ അടുത്ത മൂന്നാഴ്ചകൊണ്ട് ആത്മഹത്യാ മുനമ്പിൽ നിന്നും എടുത്തു ചാടിക്കളഞ്ഞത് എട്ട് ആദിവാസിക്കുട്ടികളാണ്.  അനുജത്തിയെ നഷ്ടപ്പെട്ട അന്നുമുതൽ, ഇത്തരത്തിലുള്ള ആത്മഹത്യകൾക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്  ജെയ്ഡിന്റെ സഹോദരി ജോസഫിൻ . ആത്മഹത്യ ചെയ്യുന്ന കുട്ടികൾ എന്തുകൊണ്ട് അങ്ങനെ പ്രവർത്തിച്ചു എന്നതിനെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇത്തരത്തിലുള്ള പല വിവേചനങ്ങളും നമ്മുടെ സമൂഹത്തിൽ ഇന്നും നടന്നുവരുന്നുണ്ട് എന്ന്. " എന്റെ സഹോദരി മരിച്ചപ്പോൾ ഞാൻ കരുതി അത് അവസാനത്തേതാവും. അല്ലെങ്കിൽ അങ്ങനെയാവാൻ പ്രവർത്തിക്കണം. എന്നാൽ ഇന്നും നിരന്തരം അതുപോലുള്ള മരണങ്ങൾ കാണുമ്പൊൾ സങ്കടമാവുന്നു.." ജോസഫിൻ പറഞ്ഞു. സ്വന്തം ബന്ധുവിൽ നിന്നും ഏൽക്കേണ്ടി വന്ന മാനസിക പീഡനങ്ങളാണ് ഒടുവിൽ ജെയ്‌ഡിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്.

ജെയ്‌ഡിന്റെ മരണത്തിന് ഒരാഴ്ചയ്ക്കപ്പുറം, പെർത്തിൽ  നിരന്തരം ബുള്ളിയിങ്ങിന് വിധേയയായതിന്റെ പേരിൽ മാനസിക സമ്മർദ്ദം സഹിക്കവയ്യാതെ പതിനാലുകാരി റോഷെൽ പ്രയർ ആത്മഹത്യ ചെയ്തു. " ഞാൻ മരിച്ചാലെങ്കിലും എനിക്കീ ബുള്ളിയിങ്ങും റേസിസവും സഹിക്കേണ്ടി വരില്ലലോ.." എന്നാണ് റോഷെൽ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ ആത്മഹത്യാക്കുറിപ്പിന് സമമായ തന്റെ അവസാനപോസ്റ്റിൽ  കുറിച്ചത്. ആ പോസ്റ്റിന് ആകെ മറുപടി നൽകിയത് ഒരേയൊരു കൂട്ടുകാരിമാത്രമാണ്. വിഷം കഴിച്ച് കിടന്നുറങ്ങിയ ആ കുട്ടിയെ അച്ഛൻ കണ്ടെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒൻപതു ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം അവൾ മരണത്തിനു കീഴടങ്ങി.  

പത്തുവയസ്സിനു താഴെ പ്രായമുള്ള ആദിവാസികുട്ടികൾ പോലും ആത്മഹത്യയെപ്പറ്റി ആലോചിക്കുന്നു എന്നത് എത്ര ഭീകരമാണ് അവസ്ഥയെന്നതിനെ സൂചിപ്പിക്കുന്നു എന്ന് ഓസ്‌ട്രേലിയയിലെ ആദിവാസി ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥനായ ജോർജെറ്റോസ് സമ്മതിക്കുന്നു. ഇതിനെ മറികടക്കാൻ രാഷ്ട്രീയമായ ഇടപെടലുകളും ശക്തമായ നിയമ നിർമാണങ്ങളും വേണമെന്നാണ് അദ്ദേഹം പറയുന്നത്.  ഓസ്‌ട്രേലിയയിലെ മാനസികാരോഗ്യ ആശുപത്രികൾക്ക് യുവാക്കളുടെ മാനസിക ആരോഗ്യം സംബന്ധിച്ചുള്ള കൗൺസിലിങ്ങ് പോലുള്ള പ്രവർത്തനങ്ങൾക്കു വേണ്ടുന്ന ഫണ്ട് ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. നിരന്തരമുള്ള ഇടപെടലും, കൃത്യമായ വൈദ്യസഹായവും കിട്ടേണ്ട കുട്ടികൾക്ക് കിട്ടിയാൽ മാത്രമേ അവർ ആത്മഹത്യ എന്ന സ്വാഭാവികമായ തെരഞ്ഞെടുപ്പിൽ നിന്നും  മാറിച്ചിന്തിക്കൂ. 

ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ആദിവാസി സമൂഹത്തെ ഇനിയും അവിടത്തെ മുഖ്യധാരാ സമൂഹം വേണ്ടത്ര സ്വീകരിച്ചിട്ടില്ല. അവരെ അന്യരായി കണ്ടുകൊണ്ടുള്ള സമീപനമാണ് പല പ്രശ്നങ്ങളുടെയും മൂലകാരണം.  അടുത്തതായി ആത്മഹത്യ ചെയ്യാൻ പോവുന്നത് ആരാണ് എന്നുള്ള ആശങ്കയാണ് പല ആദിവാസി കോളനികൾക്കും. ഓസ്‌ട്രേലിയയിലെ ജനസംഖ്യയുടെ 5  ശതമാനത്തിൽ താഴെ മാത്രം വരുന്ന ആദിവാസികളാണ് അവിടത്തെ ആത്മഹത്യാ കണക്കുകളിൽ 25  ശതമാനവും എന്നത് എത്ര അടിയന്തരമായ തിരുത്തൽ ആവശ്യമുള്ള ഒരു സാമൂഹികാവസ്ഥയേയാണ് എന്നോർക്കുക. പലപ്പോഴും ഈ ആദിവാസികുട്ടികൾ പ്രകടിപ്പിക്കുന്ന വിഷാദ ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള അവബോധം അവരുടെ അടുത്ത ബന്ധുക്കൾക്ക് ഉണ്ടാകാറില്ല. വളരെ പെട്ടെന്ന് അവർ മദ്യത്തിലും, മയക്കുമരുന്നിലും അഭയം കണ്ടെത്തുന്നു. അത് നേരത്തിന് കിട്ടാതെ വരുമ്പോൾ അവർക്കുണ്ടാവുന്ന വിഭ്രാന്തിയാണ് പല ആത്മഹത്യകൾക്കും കാരണമാവുന്നത്.  

Three aborigines end their lives in Australia Suicide Epidemic

ഓസ്‌ട്രേലിയയുടെ ഭൂമിശാസ്ത്രപരമായ പരിമിതികളാണ് കൃത്യമായ ഇടപെടലുകൾക്ക് വിഘാതമായി നിൽക്കുന്നത്. വളരെ വലിയ ഒരു രാജ്യമാണ് ഇത്. ഇതിന്റെ പല ഭാഗങ്ങളിലായി  ചെറിയ ചെറിയ സെറ്റിൽമെന്റുകളിൽ കഴിയുന്ന ആദിവാസികളെ ബോധവൽക്കരിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേർത്തുപിടിക്കാനുമുള്ള പരിശ്രമങ്ങളിലാണ്, ഒരു പകർച്ചവ്യാധിപോലെ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ ആത്മഹത്യകളുടെ നടുക്കുന്ന ഓർമ്മപ്പെടുത്തലുകൾക്കിടയിൽ ഓസ്‌ട്രേലിയൻ ഗവണ്മെന്റും ഇവിടത്തെ സന്നദ്ധ സംഘടനകളും.   

Follow Us:
Download App:
  • android
  • ios