കപ്പല്‍ നവംബർ ഒന്നിന് ഇസ്താംബുളിൽ നിന്നും യാത്ര തിരിക്കും. പിന്നീട് ബാഴ്സലോണയിലും മിയാമിയിലും നിർത്തും എന്നും റിപ്പോർട്ടുകൾ പറയുന്നു. 

എല്ലാ ദിവസവും ഒരേ പോലെ. ഒരേ ജീവിതം, ഒരേ സ്ഥലം, ഒരേ പോലുള്ള അനുഭവങ്ങൾ... ഇടയ്‍ക്ക് ഇതൊക്കെ വിട്ട് ലോകം കാണാനിറങ്ങിയാൽ കൊള്ളാം എന്ന് തോന്നുന്നവർ ഒരുപാടുണ്ടാകും. എന്നാൽ, വീട്ടിലെ ഉത്തരവാദിത്തങ്ങളും പണച്ചെലവും ഒക്കെ നോക്കുമ്പോൾ അത് നടക്കുന്ന കാര്യം ആകണമെന്നില്ല. എന്നാൽ, ഇപ്പോൾ ഒരു ക്രൂയിസ് കപ്പൽ അതുപോലെ യാത്ര ചെയ്യാനുള്ള അവസരം വന്നിരിക്കുകയാണ്. 130,000 മൈലാണ് ഇതുവഴി സഞ്ചരിക്കാൻ കഴിയുന്നത്. $30000 അതായത്, 24,61,912.50 രൂപയാണ് ഒരു വർഷം ചെലവാകുന്ന തുക. 

നവംബർ ഒന്നിന് ഇസ്താംബുളിൽ നിന്നാണ് എംവി ജെമിനി എന്ന കപ്പൽ പുറപ്പെടുക. മൂന്ന് വർഷത്തെ യാത്രയാണ് സാധിക്കുക. ജെമിനിയിലെ ഈ യാത്രയ്ക്ക് ഇപ്പോൾ സ്ഥലം റിസർവ് ചെയ്യാം എന്നാണ് പറയുന്നത്. ലോകത്തെങ്ങും യാത്ര ചെയ്യാനുള്ള അവസരത്തിന് ഇപ്പോൾ ബുക്കിം​ഗ് ആരംഭിച്ചിരിക്കുകയാണ്. ഇതിൽ ഈ ആഡംബരക്കപ്പലിൽ താമസിക്കാനും ജോലി ചെയ്യാനും വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും ഒക്കെ സാധിക്കും. 

14 ലോകാത്ഭുതങ്ങളിൽ 13 എണ്ണവും ഇതുവഴി സന്ദർശിക്കും. 24 ലക്ഷം മുതൽ 89 ലക്ഷം വരെ വരുന്ന പാക്കേജുകളാണ് ഇതിനുള്ളത്. 1074 ആളുകളെയാണ് ഈ കപ്പലിൽ ഉൾക്കൊള്ളാനാവുക. കപ്പല്‍ നവംബർ ഒന്നിന് ഇസ്താംബുളിൽ നിന്നും യാത്ര തിരിക്കും. പിന്നീട് ബാഴ്സലോണയിലും മിയാമിയിലും നിർത്തും എന്നും റിപ്പോർട്ടുകൾ പറയുന്നു. 

പ്രൊഫഷണലായിട്ടുള്ള ആളുകൾക്ക് കണക്ടിവിറ്റി കിട്ടണം. അവർക്ക് ജോലി ചെയ്യാൻ സാധിക്കണം. അതിനുള്ള സൗകര്യങ്ങളെല്ലാം ഉണ്ടാവും. ഇത്തരം സൗകര്യങ്ങൾ നൽകുന്ന വേറൊരു ആഡംബരക്കപ്പലുണ്ടാകില്ല എന്ന് ലൈഫ് അറ്റ് സീ ക്രൂയിസസ് മാനേജിം​ഗ് ഡയറക്ടർ മൈക്കൽ പീറ്റേഴ്സൺ പറഞ്ഞു. 

ഹൈ സ്പീഡ് ഇന്റർനെറ്റ്, സ്വിമ്മിം​ഗ്പൂൾ, ഫിറ്റ്‍നെസ് സെന്റർ എന്നീ സൗകര്യങ്ങളെല്ലാം കപ്പലിൽ ഉണ്ട്. ഒപ്പം ഡിന്നർ, മദ്യം ഇവയെല്ലാം ലഭ്യമാകും. ഓരോ സ്ഥലത്ത് എത്തുമ്പോഴും ദിവസങ്ങളോളം കപ്പൽ അവിടെ നിർത്തിയിടും. അതുവഴി ആളുകൾക്ക് ആ സ്ഥലം പരമാവധി കാണാനും ആസ്വദിക്കാനും ഒക്കെ പറ്റും.