കൊറോണ ഒന്നും ഒന്നുമല്ല, അതിലും വലിയ ദുരന്തങ്ങളാണ് നമ്മെ കാത്തിരിക്കുന്നതെന്നാണ് ഇയാളുടെ പ്രവചനം.  മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകം ഒരു വമ്പന്‍ ഭൂകമ്പത്തെ നേരിടും എന്നതാണ് ഒരു പ്രവചനം. കടലില്‍നിന്നും അപകടകാരിയായ ഒരു രാക്ഷസജീവി ഉയിര്‍ത്തുവരുമെന്നാണ് രണ്ടാം പ്രവചനം. 

ഭൂതം, ഭാവി, വര്‍ത്തമാനം. ഈ മൂന്നു കാലങ്ങളിലേക്കും യഥേഷ്ടം യാത്ര ചെയ്യാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. നമുക്ക് പഴയ കാലത്തേക്ക് യാത്ര പോയി അന്നുള്ളതെല്ലാം അറിയാം. ഭാവി കാലത്തേക്ക് യാത്രപോയി ഇനിയുള്ള കാലം എന്താണ് വരാനിരിക്കുന്നതെന്ന് അറിയാം. മനുഷ്യന്റെ എക്കാലത്തെയും വലിയ ഈ ആഗ്രഹത്തെ വിളിക്കുന്ന പേരാണ് ടൈം ട്രാവല്‍ അഥവാ സമയ സഞ്ചാരം. ആധുനിക ശാസ്ത്രത്തിന് അത്തരമൊരു സാങ്കേതികവിദ്യ ഇന്നേവരെ വികസിപ്പിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും, ഇന്നും നിരവധിപേര്‍ അങ്ങനെ ഒന്ന് ഉണ്ടെന്ന് വിശ്വസിക്കുന്നു. പലരും തങ്ങള്‍ക്ക് ഈ കഴിവുണ്ടെന്ന് അവകാശപ്പെടുന്നു. ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് അത്തരക്കാര്‍ പ്രവചിക്കുന്നു. യൂട്യൂബിലടക്കം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി പ്രവചന വീഡിയോകളാണ് ഇങ്ങനെ പ്രത്യക്ഷപ്പെടുന്നത്. ആളുകളെ അമ്പരപ്പിക്കുന്ന ഈ പ്രവചനങ്ങള്‍ പലതും വൈറലാവാറുണ്ടെങ്കിലും ഒരു വിശ്വാസ്യതയും ഇതിനില്ല എന്നതാണ് വാസ്തവം. 

അവസാനമായി ഒരു ടിക്ക് ടോക്കറാണ് പ്രവചനങ്ങളുമായി മുന്നോട്ടുവന്നത്. ടൈം ട്രാവലറാണ് എന്നവകാശപ്പെട്ടാണ് ഇയാളുടെ പ്രവചനം. ഫോളോ_ഫോര്‍_ഫോളോ 08 എന്ന അക്കൗണ്ടിലാണ് ഇയാളുടെ പ്രവചന വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയ്ക്ക് 25,000 -ലധികം ലൈക്കുകളാണ് ലഭിച്ചത്. 


കൊറോണ ഒന്നും ഒന്നുമല്ല, അതിലും വലിയ ദുരന്തങ്ങളാണ് നമ്മെ കാത്തിരിക്കുന്നതെന്നാണ് ഇയാളുടെ പ്രവചനം. മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകം ഒരു വമ്പന്‍ ഭൂകമ്പത്തെ നേരിടും എന്നതാണ് ഒരു പ്രവചനം. കടലില്‍നിന്നും അപകടകാരിയായ ഒരു രാക്ഷസജീവി ഉയിര്‍ത്തുവരുമെന്നാണ് രണ്ടാം പ്രവചനം. 

'ഇത് ഒരു തമാശയല്ല, ഞാന്‍ ഒരു സമയ സഞ്ചാരിയാണ്. സമീപഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു മുന്നറിയിപ്പാണിത്.'-എന്നാണ് ഇയാള്‍ ആമുഖമായി പറയുന്നത്. 

അടുത്ത വര്‍ഷമാണ് രാക്ഷസ ജീവി ഭൂമിയിലെത്തുക എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായിരിക്കും ഇത്. ഇതിന്റെ പേര് സെറിന്‍ ക്രോയിന്‍ എന്നായിരിക്കും. എന്നാല്‍, ഈ ജീവിയെ കൃത്യമായി എവിടെ കണ്ടെത്തും എന്നൊന്നും പറയാന്‍ ഇദ്ദേഹം തയ്യാറല്ല. 

സ്‌കോട്ടിഷ് ഗാലിക് നാടോടിക്കഥകളില്‍ കടല്‍ രാക്ഷസനായ സെറിന്‍ ക്രോയിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഒരു സാങ്കല്‍പിക കഥാപാത്രമാണ് അത്. ഏഴ് തിമിംഗലങ്ങളെ തിന്നാന്‍ മാത്രം വലുതായിരിക്കും അതെന്നാണ് കഥകള്‍ പറയുന്നത്. ഈ കഥയാണ് നമ്മുടെ ടിക് ടോക്കര്‍ ഉപയോഗിച്ചത് എന്നാണ് നിഗമനം. 

പുള്ളിയുടെ രണ്ടാം പ്രവചനം ലോകാവസാനം പോലൊരവസ്ഥയെക്കുറിച്ചാണ്. 2024 -ല്‍ മനുഷ്യര്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഭീകരമായ ഭൂകമ്പം സംഭവിക്കുമെന്നാണ് അവകാശവാദം. കാലിഫോര്‍ണിയയിലായിരിക്കും ഇതെന്നാണ് പുള്ളി പറയുന്നത്. ലോകാവസാനം പോലൊരു ദുരന്തത്തിലേക്കായിരിക്കും ഇത് വഴിവെക്കുകയെന്നും ഇയാള്‍ പറയുന്നു. 

വിചിത്രമായ ഇത്തരം വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് ഇതാദ്യമല്ല. ജാവിയര്‍ എന്ന് പേരുള്ള മറ്റൊരാള്‍ 2027 ല്‍ മനുഷ്യന് വംശനാശം സംഭവിക്കുമെന്നായിരുന്നു പ്രവചിച്ചത്. താന്‍ 2027 -ലേക്ക് യാത്ര ചെയ്തതായി അവകാശപ്പെട്ടായിരുന്നു ഈ പ്രവചനം. ഇത്തരം നിരവധി വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലാണെങ്കിലും, അതിനൊന്നും ഒരു ആധികാരികതയുമില്ല എന്നതാണ് വാസ്തവം.