യുദ്ധകാലത്ത് തങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ ചാരിറ്റി ‘ലവ് എയ്ഡ് സിംഗപ്പൂർ’നോടുള്ള സ്നേഹവും നന്ദിയും. കുഞ്ഞിന് 'സിംഗപ്പൂർ' എന്ന് പേര് നല്‍കി പലസ്തീന്‍ ദമ്പതികള്‍.
ഗാസയിലെ ഒരു പലസ്തീൻ ദമ്പതികൾ തങ്ങളുടെ കുഞ്ഞിന് നൽകിയ പേരാണ് ഇപ്പോൾ വാർത്തയാവുന്നത്. 'സിംഗപ്പൂർ' എന്നാണ് ദമ്പതികൾ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. യുദ്ധകാലത്ത് തങ്ങൾക്ക് പതിവായി ഭക്ഷണം നൽകിയ സിംഗപ്പൂരിൽ നിന്നുള്ള ചാരിറ്റിയോടുള്ള നന്ദി സൂചകമായിട്ടാണത്രെ അവർ കുഞ്ഞിന് ഇങ്ങനെ അപൂർവമായ ഒരു പേര് നൽകിയത്. 'ദി സ്ട്രെയിറ്റ്സ് ടൈംസി'ന്റെ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 16 -നാണ് കുഞ്ഞ് ജനിച്ചത്. സിംഗപ്പൂർ എന്ന് പേരുള്ള പലസ്തീനിലെ ആദ്യത്തെ കുഞ്ഞാണിത് എന്ന് കരുതുന്നു. അവളുടെ പിതാവ് ഹംദാൻ ഹദാദ്, ഏകദേശം രണ്ട് വർഷമായി ഗാസയിലുള്ളവർക്ക് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്ന 'ലവ് എയ്ഡ് സിംഗപ്പൂർ' നടത്തുന്ന ഒരു സൂപ്പ് കിച്ചണിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ്.
സംഘടനയുടെ സ്ഥാപകനും സിംഗപ്പൂരിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകനുമായ ഗിൽബർട്ട് ഗോയാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ''തന്റെ ഭാര്യ ഗർഭിണിയായ സമയത്തെല്ലാം 'ലവ് എയ്ഡ് സിംഗപ്പൂർ' നടത്തുന്ന കിച്ചണിൽ നിന്നുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്. ക്ഷാമത്തിന് സമാനമായ ഈ സാഹചര്യത്തിലെല്ലാം ഭക്ഷണം നൽകിയത് ഈ കിച്ചണാണ്. അതിനാലാണ് തന്റെ കുഞ്ഞിന് സിംഗപ്പൂർ എന്ന പേര് നൽകാൻ കാരണം, അങ്ങനെ ഒരു പേരിടാൻ ഞാൻ ആഗ്രഹിച്ചിരുന്നു, ഞാനവരെ സ്നേഹിക്കുന്നു'' എന്നാണ് ഹംദാൻ ഹദാദ് പറയുന്നത്.
'ലവ് എയ്ഡ് സിംഗപ്പൂർ' കുഞ്ഞിന്റെ ഒരു ജനനസർട്ടിഫിക്കറ്റിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. തങ്ങളുടെ സന്നദ്ധ പ്രവർത്തകരും അതിജീവനത്തിനായി തങ്ങളുടെ കിച്ചൺ ആശ്രയിച്ച കുടുംബങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധം കാണിക്കുന്നതാണ് ഈ സംഭവമെന്നും ചാരിറ്റി പ്രതികരിച്ചു. കുട്ടിക്ക് ആയുരാരോഗ്യമുണ്ടാവട്ടെ എന്നും, വെടിനിർത്തലിന് പിന്നാലെ ഒരു തെളിച്ചമുള്ള ലോകത്ത് അവൾ വളരട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും ചാരിറ്റി പറഞ്ഞു.


