ഒരാളിൽ നിന്നും ഒളിച്ചോടാതെ, ഏകദേശം മൂന്നുപതിറ്റാണ്ടു കാലത്തോളം, ഒരു വിമുക്ത സൈനിക എന്ന മേൽവിലാസത്തോടെ എല്ലാവരുടെയും ആദരങ്ങൾ ഏറ്റുവാങ്ങി ജീവിച്ചു മരിച്ച ഒരു വനിതയുണ്ടായിരുന്നു റഷ്യയിൽ. അവരുടെ പേര് അന്റോണിന മകറോവ എന്നായിരുന്നു. റെഡ് ആർമിയിൽ ഒരു മിലിട്ടറി നഴ്സ് എന്ന നിലയിൽ തന്റെ കരിയർ ആരംഭിച്ച ആ സ്ത്രീ, നാസികളുടെ അധിനിവേശമുണ്ടായപ്പോൾ അവർക്കൊപ്പം ചേർന്നു, അതുവരെ ജീവൻ രക്ഷിച്ചിരുന്ന ആ നഴ്സ്, നാസികളുമായുള്ള സംസർഗത്തിനിടെ അവർ ഏൽപ്പിച്ച ജോലി രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. നാസികൾ പിടികൂടുന്ന സ്ത്രീകളെയും, പിഞ്ചുകുഞ്ഞുങ്ങളെയും മറ്റു പുരുഷ തടവുകാരെയുമെല്ലാം നിരനിരയായി നിരത്തി നിർത്തുക. തന്റെ യന്ത്രത്തോക്കുകൊണ്ട് അവരെ വെടിവെച്ചു കൊന്നുകളയുക. അതെ, നാസികൾ ' ടോണ്യ ദ മെഷീൻ ഗൺ ഗേൾ' എന്ന് ഏറെ പ്രിയതോടെ വിളിച്ചിരുന്ന വനിതാ ആരാച്ചാർ ആയിരുന്നു അന്റോണിന മകറോവ.

"അതെന്റെ തൊഴിലായിരുന്നു" മോസ്കോയിലെ ലൂബ്യങ്ക ബിൽഡിങ്ങിനുള്ളിലെ കെജിബി ഇന്ററോഗേഷൻ വെച്ച് ഏജന്റുമാരുടെ ചോദ്യത്തിന് തികഞ്ഞ സംയമനത്തോടെ ടോണ്യ പറഞ്ഞ മറുപടി ഇതായിരുന്നു. വിശേഷിച്ച് സമ്മർദ്ദമൊന്നും ചെലുത്താതെ തന്നെ അവർ താൻ എങ്ങനെയാണ് നാസികളുടെ പിടിയിൽ അകപ്പെട്ടിരുന്ന റഷ്യക്കാരെയും ജൂതന്മാരെയും ഒക്കെ യന്ത്രത്തോക്കിന് ഇരയാക്കിയിരുന്നത് എന്നത് സംബന്ധിച്ച വിവരങ്ങൾ സൂക്ഷ്മാംശങ്ങൾ ഒന്നുപോലും വിടാതെ അവരോട് വെളിപ്പെടുത്തി. ഏകദേശം 1500 -ലധികം തടവുകാർ ടോണ്യയുടെ കൈകളാൽ കാലപുരിക്കയക്കപ്പെട്ടിട്ടുണ്ട്. 

 

 

ആരാച്ചാരുദ്യോഗം ടോണ്യ ഇഷ്ടത്തോടെ തെരഞ്ഞെടുത്ത ഒന്നല്ല. പഠിച്ചതും പ്രവർത്തിച്ചതുമെല്ലാം മനുഷ്യരുടെ ജീവൻ രക്ഷിക്കുന്ന പണിതന്നെ.  രണ്ടാം ലോകമഹായുദ്ധം തുടങ്ങുംവരെക്കും,റെഡ് ആർമിയിൽ നഴ്സ് ആയിരുന്നു അവർ. 1941 -ൾ റെഡ് ആർമിക്കുവേണ്ടി യുദ്ധമുഖത്ത് സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ, വ്യാസ്‌മയിൽ വെച്ച് ജർമൻ സൈന്യത്തിന്റെ ചക്രവ്യൂഹത്തിനുള്ളിൽ ആറുലക്ഷത്തോളം സോവിയറ്റ് സൈനികർ അകപ്പെട്ടുപോയ കൂട്ടത്തിൽ ടോണ്യയും പെട്ടുപോയി. അന്ന് അവർക്ക് പ്രായം 21 വയസ്സ് മാത്രം. ആ ചക്രവ്യൂഹത്തിനു പിടികൊടുക്കാതെ എങ്ങനെയോ ഊരിപ്പോരാൻ പക്ഷെ ടോണ്യക്ക് സാധിച്ചു. കാട്ടിനുള്ളിലൂടെ നരകയാതനകൾ അനുഭവിച്ചുകൊണ്ട് ഏറെ നാൾ അവർ രക്ഷപ്പെട്ടോടി. ഇടക്ക് വഴിയിൽ കണ്ട കർഷകരുടെ കുടിലുകളിൽ തൽക്കാലത്തേക്ക് ഒന്ന് വിശ്രമിക്കും. അധികം വൈകാതെ വീണ്ടും ഇറങ്ങി നടക്കും. അങ്ങനെ ഓടിയോടി 1942 -ൾ ടോണ്യ ജർമൻ സാന്നിധ്യമുള്ള ബ്രിസാൻസ്ക്ക് എന്ന ഗ്രാമത്തിൽ എത്തിപ്പെടുന്നു.

മറ്റുള്ള പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ സ്വയംഭരണാവകാശമുണ്ടായിരുന്നു അവിടെ. അവിടെ ഒരു ഗ്രാമീണന്റെ വീട്ടിൽ തൽക്കാലത്തേക്ക് അഭയം കിട്ടി ടോണ്യക്ക്. ആ വീട്ടിലെ കിടപ്പുമുറിയിൽ ഉറക്കം വരാതെ പിന്നിട്ട ആദ്യത്തെ രാത്രി അവർ ചിന്തിച്ചുകൊണ്ടിരുന്നത് ഒരേയൊരു കാര്യമായിരുന്നു. എന്തുചെയ്യും ഇനിയങ്ങോട്ട്? കാട്ടിനുള്ളിൽ വിപ്ലവകാരികൾ ഉണ്ടെന്ന് ടോണ്യയോട് അവർ പറഞ്ഞു. എന്നാൽ, അങ്ങോട്ട് പോകുന്നത് ദുരിതങ്ങളും, മരണം വരെയും സമ്മാനിച്ചേക്കാം എന്ന് മനസ്സിലാക്കിയ അവർ മനസ്സിൽ പറഞ്ഞു, "തല്ക്കാലം ഇവരുടെ കൂടെ നിൽക്കുന്നതാണ് ബുദ്ധി"

 

 

അവിടെ രണ്ടു കൂട്ടർ ഉണ്ടായിരുന്നു. ഒന്ന്, ജർമൻ അധിനിവേശത്തിന്റെ പ്രതിനിധികൾ. രണ്ട്, അവരുടെ റഷ്യൻ തുക്ടികൾ. രണ്ടു കൂട്ടരുമായി എത്രയും പെട്ടെന്ന് അടുക്കാൻ അവർ സ്വന്തം ശരീര സൗന്ദര്യം പരമാവധി പ്രയോജനപ്പെടുത്തി. അവരുടെ പാർട്ടികളിൽ ആകർഷകമായ വേഷവിധാനങ്ങളോടെ ഗേറ്റ് ക്രാഷ് ചെയ്തു. അത്യാവശ്യം അധികാരമുള്ളവർ എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്നവരെ തന്റെ വശ്യതയിലേക്ക് ആകർഷിച്ചുവരുത്തി അവരുമായി പലകുറി ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടു. പോകെപ്പോകെ അവരുടെ റൗഡി പാർട്ടികളിൽ അവർ ഒരു സ്ഥിരം സാന്നിധ്യമായി. ഒരു ദിവസം പാർട്ടിയിൽ അത്യാവശ്യം വോഡ്ക ചെലുത്തി ഒരുവിധം പിടുത്തമായി നിന്ന ടോണ്യയെ അവിടെ വന്ന അവളുടെ പതിവുകാരനായ ഒരു ജർമൻ അധികാരി ഒരു പുതിയ ഉത്തരവാദിത്തം ഏൽപ്പിച്ചു. അയാൾ അവളുടെ കയ്യിലേക്ക് എടുത്തു നൽകിയ യന്ത്രത്തോക്കിനെ അവൾ നിരസിച്ചില്ല. അയാൾ ചൂണ്ടിക്കാണിച്ച തടവുകാരെ തെല്ലും കൈ വിറയ്ക്കാതെ തന്നെ അവൾ തന്റെ തോക്കിനിരയാക്കി. അന്ന് രാത്രി ജർമൻ സൈന്യത്തിന് ശിലാഹൃദയയായ ഒരു പുതിയ വനിതാ ആരാച്ചാരെകിട്ടി, പേര് 'ടോണ്യ ദ മെഷീൻ ഗൺ ഗേൾ'...

ജർമൻ സൈന്യം പിടിച്ചെടുത്ത് താത്കാലിക ജയിലാക്കി മാറിയിരുന്ന ലോക്കോട്ടിലെ ഒരു റഷ്യൻ ഫാം ഹൗസിനുള്ളിൽ വെച്ചായിരുന്നു. ടോണ്യ കഴിഞ്ഞിരുന്നത് ആ ഫാം ഹൗസിന്റെ ഉള്ളിലെ ഒരു മുറിയിൽ തന്നെയായിരുന്നു. ഇടയ്ക്കിടെ ആ ഗേറ്റ് കടന്ന്, തടവുപുള്ളികളെ കയറ്റിയ വണ്ടി അകത്തേക്ക് പോകുന്നത് ഗ്രാമീണർ കണ്ടിട്ടുണ്ട്. പിന്നാലെ യന്ത്രത്തോക്ക് ഘടിപ്പിച്ച ഒരു വാഹനവും, ആ തോക്കിനു പൊന്നിൽ നിസ്സംഗയായി എന്തോ ചവച്ചുകൊണ്ടിരിക്കുന്ന ടോണ്യയെയും അവർ കാണും.  അകത്തേക്ക് ആ വാഹനവ്യൂഹം പോയി അധികം വൈകാതെ വെടിയൊച്ചകൾ ഉയർന്നു കേൾക്കാം. 

 

 

"ഞാൻ തോക്കിന് ഇരയാക്കിയിരുന്ന ഒരാളെപ്പോലും എനിക്ക് പരിചയമുണ്ടായിരുന്നില്ല. അവർക്ക് എന്നെയും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ആ വധശിക്ഷകൾ എനിക്ക് ഒരു തരത്തിലുള്ള വൈക്ലബ്യങ്ങളും ഉണ്ടാക്കിയില്ല.  ചാവുന്നവരെ അടക്കാനുള്ള കുഴികൾ നേരത്തെ കുത്തി തയ്യാറാക്കിയിട്ടുണ്ടാകും. ആ കുഴികൾക്കു നേരെ മുഖം തിരിച്ച് മുട്ടുകുത്തി നില്ക്കാൻ പറയും കൊല്ലേണ്ടവരോട്. അവരുടെ പിന്നിലേക്ക് മറ്റൊരു നാസി ഭടൻ എന്റെ യന്ത്രത്തോക്ക് ഉരുട്ടിക്കൊണ്ട് വന്നു നിർത്തും. ഞാൻ ആജ്ഞയും കാത്ത് തയ്യാറായി നില്കും. ഗ്രീൻ സിഗ്നൽ കിട്ടിയാലുടൻ ഞാൻ വെടിവെച്ചു തുടങ്ങും. എല്ലാവരും ചത്തു എന്നുറപ്പായാലേ വെടിവെപ്പ് നിർത്തൂ.." ടോണ്യ  പറഞ്ഞു. ഈ വധശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കാൻ ഇടക്കൊക്കെ നാസി, ഹംഗേറിയൻ ജനറൽമാരും നേരിട്ട് വന്നെത്താറുണ്ട്. 

 

ടോണ്യയുടെ യന്ത്രത്തോക്കിന് അങ്ങനെ ഉന്നം തെറ്റാറില്ല. നിമിഷങ്ങൾക്കകം, യന്ത്രത്തോക്കിന്റെ ഒരൊറ്റത്തിരിയിൽ തന്നെ മുന്നിൽ നിൽക്കുന്ന എല്ലാവരും വെടിയേറ്റു വീണിട്ടുണ്ടാകും. എങ്ങാനും ബാക്കിവരുന്ന ഒന്നോ രണ്ടോ പേരെ വെടിവെച്ചിടാൻ വേണ്ടി മാത്രം ഒരു ചെറിയ പിസ്റ്റൾ ടോണ്യ കയ്യിൽ കരുതാറുണ്ടായിരുന്നു. 

1943 -ലെ വേനൽകാലത്ത് കാറ്റ് മാറി വീശാൻ തുടങ്ങി എന്നും ജർമനി പരാജയം രുചിച്ചു തുടങ്ങി എന്നും ടോണ്യക്ക് മനസിലായി. അതിനിടെ വന്നുപെട്ട ഗുഹ്യരോഗത്തിന്റെ ചികിത്സയ്ക്കായി അവർ താമസിയാതെ ബ്രിസാൻസ്‌ക്കിലേക്ക് പോയി. പിന്നീട് അവരെപ്പറ്റി അധികമാരും കേട്ടിരുന്നില്ല. ആരുടേയും കണ്ണിൽ പെടാതെ അജ്ഞാതജീവിതം നയിക്കുകയായിരുന്നു അവർ അവിടെ. 

റഷ്യൻ മിലിട്ടറി കൗണ്ടറി ഇന്റലിജൻസ് ബ്രിസാൻസ്ക്കിന്റെ നാസികളുടെ പതനത്തിനൊപ്പം തന്നെ അവിടത്തെ വധശിക്ഷകളെക്കുറിച്ചും അന്വേഷണങ്ങൾ നടത്തി. ലോക്കോട്ടിലെ ഫാം ഹൌസ് ജയിൽ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ 1500 -ലധികം അസ്ഥികൂടങ്ങൾ കണ്ടെടുത്തു അവർ. ബാക്കി പലരെയും പിടികൂടി എങ്കിലും അവർക്ക്  ടോണ്യയെക്കുറിച്ചോ അവരുടെ ബന്ധുക്കളെപ്പറ്റിയോ അവർക്ക് ആദ്യകാലത്തൊന്നും വിവരമൊന്നും തന്നെ കിട്ടിയില്ല.  

 

 

കുറെ വർഷങ്ങൾ അങ്ങനെ കഴിഞ്ഞു പോയ ശേഷമാണ്  അന്റോണിന മകറോവ എന്ന നാസി ആരാച്ചാരെപ്പറ്റി കെജിബിക്ക് വിവരം കിട്ടുന്നത്. അത് ഒരു പശ്ചാത്തലവിവര ശേഖരണത്തിനിടെയാണ് വളരെ യാദൃച്ഛികമായി പുറത്തെത്തുന്നത്. അക്കാലത്ത് കെജിബിയിൽ പാൻഫിലോവ് എന്നൊരു ഏജൻറ് ഉണ്ടായിരുന്നു.  കെജിബിയുടെ ഒരു ഫോറിൻ മിഷന് പറഞ്ഞയക്കാൻ വേണ്ടി ബാക്ക് ഗ്രൗണ്ട് ചെക്കുകൾ നടത്തുമ്പോഴാണ് പാൻഫിലോവിന് അന്റോണിന എന്നൊരു സഹോദരി ഉണ്ടെന്നും അവരുടെ പൂർണ്ണനാമം അന്റോണിന മകറോവ എന്നാണെന്നും ഉള്ള വിവരങ്ങൾ പുറത്തുവരുന്നത്. സ്‌കൂളിൽ പേര് ചേർക്കുന്നതിനിടെ സംഭവിച്ച ഒരു ക്ലെറിക്കൽ പിശക് കാരണം അന്റോണിനയുടെ പേരിന്റെ ഉത്തരഭാഗം മകറോവ എന്നാവുകയായിരുന്നു. എന്നാൽ, ബർത്ത് റെക്കോർഡ്‌സ് ബ്യൂറോയിൽ അവയുടെ പേര് അന്റോണിന പാൻഫിലോവ എന്നായിരുന്നു. കെജിബി അന്റോണിന മകറോവ എന്ന പേരുള്ള 250 സ്ത്രീകളെ ഈ കേസുമായി ബന്ധപ്പെട്ടു വിചാരണ ചെയ്‌തെങ്കിലും അക്കൂട്ടത്തിൽ ഒന്നും തന്നെ ആരാച്ചാർ അന്റോണിന ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. അതിനു കാരണം അവരുടെ ഡാറ്റ ബേസ് വിവരങ്ങൾ നൽകിയിരുന്നത് ബർത്ത് കൺട്രോൾ ഡാറ്റാബേസിനെ ആശ്രയിച്ചായിരുന്നു എന്നതാണ്. അവിടെ ടോണ്യയുടെ പേര് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത് അന്റോണിന പാൻഫിലോവ എന്നപേരിൽ ആയിരുന്നു. അതായിരുന്നു പത്തു കൊല്ലം അന്വേഷിച്ചിട്ടും കെജിബിയുടെ കരങ്ങൾ ടോണ്യയിലേക്ക് നീളാതിരുന്നതിനു പിന്നിലെ കാരണം. 

കെജിബി അന്വേഷിച്ചെത്തിയപ്പോഴേക്കും ബെലറൂസിലെ ലെപ്പേൽ  നഗരത്തിൽ ഒരു ഫാക്ടറിയിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അന്റോണിന മകറോവ. അവിടെ അവർ ഒരു റിട്ടയേർഡ് സോവിയറ്റ് റെഡ് ആർമി സൈനിക ഓഫീസറുടെ, സാർജന്റ് വിക്ടർ ജിൻസ്ബർഗി'ന്റെ പത്നിയായിരുന്നു. ഒരു വാർ വെറ്ററൻ എന്ന നിലയ്ക്കായിരുന്നു അന്റോണിനയുടെയും അവിടത്തെ മേൽവിലാസം. ഒരു വാർ വെറ്ററനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി കെജിബിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് അവർ തികഞ്ഞ പ്ലാനിങ്ങോടെയാണ് കാര്യങ്ങൾ നീട്ടിയത്. അതുകൊണ്ട് അവർ ആരുമറിയാതെ, അന്റോണിനയുടെ പഴയ കാമുകരെ, അവരുടെ പഴയ സഹപ്രവർത്തകരെ ഒക്കെ ലെപ്പേലിൽ എത്തിച്ചു. അവർ ആദ്യത്തെ കാഴ്ച്ചയിൽ തന്നെ ആ ഞെട്ടിക്കുന്ന വസ്തുത സ്ഥിരീകരിച്ചു. അന്റോണിന മകറോവ എന്നപേരിൽ ഇവിടെ സന്തുഷ്ട ജീവിതം നയിക്കുന്നത്, നാസികൾക്കുവേണ്ടി 1500 -ൽ അധികം വധശിക്ഷകൾ നടപ്പിലാക്കിയിട്ടുള്ള 'ടോണ്യ ദ മെഷീൻ ഗൺ ഗേൾ'തന്നെയാണ് എന്ന സത്യം. അടുത്ത നിമിഷം തന്നെ കെജിബി ടോണ്യയെ അറസ്റ്റു ചെയ്തു. ജർമൻ പിന്മാറ്റം തുടങ്ങിയപ്പോൾ, തന്റെ നഴ്സെന്ന പഴയ ലാവണത്തിലേക്ക് തിരിച്ചുപോയ അന്റോണിന അവിടെ വെച്ച് സാർജന്റ് വിക്ടറിനെ കണ്ടുമുട്ടുകയും അദ്ദേഹത്തെ വിവാഹം കഴിച്ച്, അദ്ദേഹത്തിന്റെ സർ നെയിം സ്വീകരിക്കുകയുമായിരുന്നു. ഈ പെരുമാറ്റമാണ് ഏറെക്കാലത്തേക്ക് അവരെ കെജിബിയുടെ വലയിൽ പെടാതെ കാത്തത്. 

വധശിക്ഷ 

കെജിബിയുടെ ചോദ്യം ചെയ്യലിൽ ഉടനീളം തികഞ്ഞ ശാന്തതയാണ് അന്റോണിനയുടെ മുഖത്ത് നിഴലിച്ചത്. 'അന്റോണിന പാൻഫിലോവ മകറോവ ജിൻസ്ബർഗ്' അപ്പോഴും ഉറച്ചു വിശ്വസിച്ചത്, തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത് യുദ്ധമാണ് എന്നും, അതുകൊണ്ടുതന്നെ തനിക്ക് ഏതാനും നാളത്തെ ജയിൽ വാസത്തിനുശേഷം സ്വൈരജീവിതം തുടരാനാകും എന്നും അവർ പ്രതീക്ഷിച്ചു. എന്നാൽ, കൊന്നുതള്ളിയത് 1500 -ൽ അധികം പേരെ ആയതിനാൽ, അത്രയ്ക്ക് ദയ ടോണ്യയോട് കാണിക്കാൻ റഷ്യൻ കോടതിയ്ക്ക് മനസ്സുണ്ടായില്ല. ചുരുങ്ങിയത് 168 കൊലകൾ എങ്കിലും ടോണ്യ നേരിട്ട് ചെയ്തതാണ് എന്ന നിഗമനത്തിൽ കോടതി എത്തിച്ചേർന്നു. 

ഒടുവിൽ 1979 ഓഗസ്റ്റ് 11 -ന് രാവിലെ ആറുമണിയോടെ, 'ടോണ്യ ദ മെഷീൻ ഗൺ ഗേൾ' എന്നപേരിൽ കുപ്രസിദ്ധയായിരുന്ന നാസി ആരാച്ചാർ അന്റോണിന മരകോവ ഒട്ടു നിസ്സഹായതയോടെ മറ്റൊരു ഫയറിംഗ് സ്‌ക്വാഡിന്റെ യന്ത്രത്തോക്കുകൾക്ക് മുന്നിൽ മരണത്തെ കാത്തുനിന്നു. കെജിബിയുടെ ചരിത്രത്തിലെ ഏറ്റവും അധികകാലം നീണ്ടുപോയ കുപ്രസിദ്ധമായ കൊലപാതകക്കേസുകളിൽ ഒന്നിന് ആ വധശിക്ഷയോടെ തിരശ്ശീല വീണു.