മണ്ണിനടിയിൽ നാശമാവാതെ അവശേഷിച്ച ഒരു പല്ലിന്റെ ഫോസിൽ. അതായിരുന്നു പ്രകൃതി മനുഷ്യന് കണ്ടെടുക്കാൻ വേണ്ടി ബാക്കിവെച്ച ഒരേയൊരു തെളിവ്. ആ ഒരു പല്ലിൽ ഒളിച്ചിരുന്നത് ഒരുകാലത്ത് ഗുഹാജീവിതം നയിച്ചിരുന്ന ആദിപുരാതന മനുഷ്യരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഭീമാകാരനായൊരു ആൾക്കുരങ്ങിന്റെ ജീവിതത്തിന്റെ രഹസ്യങ്ങളിലേക്കുള്ള താക്കോലായിരുന്നു. 'ജൈജാന്റോപിത്തക്കസ് ബ്ലാക്കി' അതായിരുന്നു ആ മർക്കടഭീമന്റെ ശാസ്ത്രനാമം.

ബ്ലാക്കി ഒരു ഒന്നൊന്നര ആൾക്കുരങ്ങായിരുന്നു. നേരിൽ വന്നുനിന്നാൽ ആരും ഭയന്നുവിറച്ചുപോകും. ഏകദേശം പത്തടിയോളം പൊക്കം, 600 കിലോഗ്രാമെങ്കിലും ഭാരം. ചൈനയിലെ ഒരു ഗുഹയിൽ നിന്ന് കിട്ടിയ ഫോസിലിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുനടത്തിയ പഠനങ്ങളിൽ നിന്നാണ് ശാസ്ത്രജ്ഞർ ഈ വിവരം കണ്ടെത്തിയിരിക്കുന്നത്. ഇരുപതുലക്ഷം വർഷങ്ങൾ പഴക്കമുള്ളതാണ് ഇപ്പോൾ കണ്ടെത്തിയ ഫോസിൽ. ഈ ഭീമൻ കുരങ്ങുകളുടെയും ഒറാങ് ഉട്ടാനുകളുടെയും പൂർവികർ ഒന്നുതന്നെയാണെന്നാണ് പ്രസ്തുത പഠനങ്ങൾ തെളിയിക്കുന്നത്. "ഒറാങ് ഉട്ടാനുകളുടെ വകയിൽ ഒരു കസിൻ ആണ് ഈ ഭീമൻ കുരങ്ങുകൾ എന്ന് പറയാം വേണമെങ്കിൽ. നമ്മൾ മനുഷ്യർക്ക് ഗോറില്ലകളും ചിമ്പാൻസികളും എന്നപോലെ തന്നെ" കോപ്പൻ ഹേഗൻ സർവ്വകലാശാലയിലെ ഡോ. ഫ്രിഗോ വെൽക്കർ പറഞ്ഞു.

ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ പല്ല് ഒരു പെൺകുരങ്ങിന്റേതാണ്. അതിന്റെ പ്രോട്ടീൻ ഘടനയെ ഇപ്പോഴത്തെ ആൾക്കുരങ്ങുകളുടേതിനോട് താരതമ്യം ചെയ്തുകൊണ്ടുള്ള തുടർപഠനങ്ങളാണ് നടക്കുക എന്ന് നാച്വർ മാസിക റിപ്പോർട്ട് ചെയ്യുന്നു.  ശരീരത്തിന് നല്ല വലിപ്പമുണ്ടായിരുന്നതിനാൽ തന്നെ കഴിക്കാനും സാമാന്യത്തിലധികം ഭക്ഷണം ഈ ജീവിവർഗത്തിന് ആവശ്യമുണ്ടായിരുന്നു. സുമത്രയിലെയും തായ്‌ലൻഡിലെയും നിത്യഹരിതവനങ്ങളിലാണ് ഇവ പാർത്തിരുന്നത്. എന്നാൽ, ഈ കാടുകളൊക്കെ കാലാവസ്ഥാ വ്യതിയാനത്താൽ പുൽമേടുകളായി മാറുകയും അതോടെ വേണ്ടത്ര ഭക്ഷണം കിട്ടാതെ ഈ ജീവിവർഗം വംശനാശത്തിലേക്ക് വഴുതിവീഴുകയുമായിരുന്നു ഉണ്ടായത്. 

ജൈജാന്റോപിത്തക്കസ് ബ്ലാക്കി എന്ന ഈ ഭീമൻ ആൾക്കുരങ്ങിനെ ആദ്യമായി കണ്ടെത്തുന്നത് 1935 -ലാണ്. അതും ഇതുപോലൊരു പല്ലിന്റെ ഫോസിലിൽ നിന്ന്. അത് ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ദക്ഷിണപൂർവേഷ്യയിൽ ജീവിച്ചിരുന്നതായി അന്ന് അനുമാനിക്കപ്പെട്ടിരുന്നു. 

ഇരുപതുലക്ഷം വർഷം പഴക്കമുള്ള ഫോസിൽ സാമ്പിളിൽ നിന്ന് പ്രോട്ടീൻ വേർതിരിച്ചെടുക്കുന്ന സംഭവം അപൂർവ്വമെങ്കിലും ഇതിനുമുമ്പും നടന്നിട്ടുണ്ട്. പ്രോട്ടീന്റെ കാര്യത്തിൽ പ്രതീക്ഷകളുണ്ടെങ്കിലും ഡിഎൻഎ സാമ്പിളുകൾ കിട്ടാൻ സാധ്യത കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഉഷ്ണമേഖലയിലെ കാലാവസ്ഥയിൽ ഡിഎൻഎ സാമ്പിളുകൾ വളരെ എളുപ്പം നാശമാകും എന്നതാണ് കാരണം. ഈ ഫോസിലിൽ നിന്ന് പ്രോട്ടീൻ വേർതിരിച്ചെടുത്ത് താരതമ്യങ്ങൾ നടത്താൻ സാധിച്ചാൽ അത് മനുഷ്യന്റെ തന്നെ പരിണാമത്തെപ്പറ്റിയുള്ള വിലപ്പെട്ട പലവിവരങ്ങളും തന്നേക്കാം എന്നും ഡോ. വെൽക്കർ പറഞ്ഞു.