ഇറ്റലിയിൽ വർഷാവർഷം ഒട്ടേറെ വിദേശസഞ്ചാരികളെ ആകർഷിക്കുന്ന ഒരു നിഗൂഢ നഗരമാണ് പോംപെയ്. പുരാതന സംസ്കാരത്തിന്റെ അമൂല്യങ്ങളായ അവശിഷ്ടങ്ങളുടെ ഒരു ഖനിയാണ് പോംപെയ്, അത്തരത്തിലുള്ള വസ്തുക്കൾ ഏറ്റവും മോഷ്ടിച്ച്‌ കടത്തപ്പെടുന്ന ഒരു നഗരവും.  

 

 

പതിനഞ്ചു വർഷം മുമ്പ് പോംപെയ് സന്ദർശിച്ച നിക്കോൾ എന്ന കനേഡിയൻ വനിതയിൽ നിന്ന് കഴിഞ്ഞ ദിവസം, പോംപെയിലെ ഒരു ട്രാവൽ ഏജന്റിന് ഒരു പാർസൽ കിട്ടി. അതിൽ പതിനഞ്ചു കൊല്ലം മുമ്പ് നിക്കോൾ തന്റെ പോംപെയ്‌ സന്ദർശനത്തിനിടെ അടിച്ചുമാറ്റി കാനഡയിലേക്ക് കടത്തിയ ചില അപൂർവങ്ങളായ പുരാവസ്തുക്കൾ സശ്രദ്ധം പാക്ക് ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. രണ്ടു തറയോടുകൾ, പ്രാചീനമായൊരു മൺപാത്രത്തിന്റെ പൊട്ടിയ കഷ്ണങ്ങൾ, മറ്റൊരു സെറാമിക് കഷ്ണം എന്നിങ്ങനെ ചില വളരെ വിചിത്രമായ  ചില പുരാവസ്തുക്കൾ. വിചിത്രമായ ഈ മോഷണമുതൽ തിരിച്ചയക്കലും മാപ്പപേക്ഷയും എല്ലാം ഗാർഡിയൻ പത്രത്തിൽ വന്ന വാർത്ത വഴിയാണ് പുറം ലോകം അറിയുന്നത്.

ആ പാക്കേജിനൊപ്പം വെച്ചിരുന്ന കത്തിൽ നിക്കോൾ, പതിനഞ്ചു വർഷം മുമ്പ് താൻ കണ്ടു പിരിഞ്ഞ ആ ട്രാവൽ ഏജന്റിനോട് ഇങ്ങനെ അഭ്യർത്ഥിച്ചിരുന്നു, "ദയവായി നിങ്ങളിത് തിരിച്ചെടുക്കണം. ഇത് കയ്യിൽ വന്ന അന്നുതൊട്ട് എനിക്ക് വല്ലാതെ ദുർഭാഗ്യമാണ്. നിങ്ങൾ ഇത് തിരികെ സ്വീകരിച്ചാലേ എന്റെ തലയിൽ നിന്ന് ഇതിന്റെ ദുർഭാഗ്യത്തിന്റെ നിഴൽ നീങ്ങൂ..."

എഡി 79 -ലുണ്ടായ മൗണ്ട് വെസൂവിയസ് സ്ഫോടനത്തിനിടെ പ്രദേശ വാസികളിൽ പലരും ജീവനോടെ മമ്മിഫൈ ചെയ്യപ്പെട്ട് ഭൂമിക്കടിയിൽ ലാവയ്ക്കും ചാരത്തിനും ഉള്ളിലായി അടക്കം ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഈ നഗരത്തിൽ നടന്ന ആർക്കിയോളജി വകുപ്പിന്റെ ഖനങ്ങൾക്കിടയിൽ പല പുരാവസ്തുക്കളും പുറത്തെത്തുകയുണ്ടായി. ഇത്തരത്തിൽ പൗരാണികതയുടെ നിരവധി തിരുശേഷിപ്പുകൾ അവശേഷിക്കുന്ന നഗരം എന്ന നിലയ്ക്കാണ് പോംപെയ്‌ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കുന്നതും, നിരവധി പേർ അവിടേക്ക് വിനോദ സഞ്ചാരികളായി വരുന്നതും.

 

 

പതിനഞ്ചു വർഷം മുമ്പ് തന്റെ ചെറുപ്പത്തിൽ നിക്കോൾ പോംപെയ്‌ സന്ദർശിച്ചിരുന്നു. അന്ന് യൗവ്വനത്തിന്റെ ചോരത്തിളപ്പിൽ ലോകമെമ്പാടും ചുറ്റിനടന്നു കണ്ടിരുന്ന നിക്കോൾ, പോകുന്നിടത്തുനിന്നെല്ലാം എന്തെങ്കിലുമൊക്കെ അപൂർവ വസ്തുക്കൾ മോഷ്ടിച്ച് സ്വന്തമാക്കിയിരുന്നു. ലോകചരിത്രത്തിലെ അപൂർവതകൾ ശേഖരിക്കാനുള്ള ഒരു ക്ലെപ്‌റ്റോമാനിയയുടെ അംശം കലർന്ന കൗതുകമായിരുന്നു ആ മോഷണഭ്രമം. 

എന്നാൽ, പോംപെയിൽ എത്തി ആ പുരാവസ്തുക്കൾ മോഷ്ടിച്ച് തിരികെ നാട്ടിലെത്തിയ അന്നുതൊട്ട് തന്റെ ജീവിതം മാറിമറിഞ്ഞു എന്നാണ് നിക്കോൾ അവകാശപ്പെടുന്നത്. ആ വസ്തുക്കളിൽ അപാരമായ നെഗറ്റീവ് എനർജി ഉണ്ടായിരുന്നു എന്നും, ആ ശകുനം പിടിച്ച സാധനങ്ങൾ തന്റെ കയ്യിൽ വന്നു പെട്ട അന്നുതൊട്ട് ജീവിതത്തിൽ തനിക്ക് അധോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നുമാണ് നിക്കോൾ കത്തിൽ പറയുന്നത്.

കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ ഇനി നിക്കോൾ അനുഭവിക്കാനൊന്നും ബാക്കിയില്ലത്രേ. താൻ ആ പവിത്രമായ പുരാവസ്തുക്കൾ മോഷ്ടിച്ചുകടത്തിയതിന് അവയിൽ അധിവസിച്ചിരുന്ന അദൃശ്യശക്തികളിൽ നിന്ന് ശാപം കിട്ടിയതുകൊണ്ടാകും തനിക്ക് ഒന്നിന് പിന്നാലെ ഒന്നായി പല പ്രശ്നങ്ങളുമുണ്ടായി എന്നും അവർ പറഞ്ഞു. രണ്ടു തവണ സ്തനാർബുദത്തിന്റെ ആക്രമണമുണ്ടായി. രണ്ടാം വട്ടം മാസക്ടമി നടത്തേണ്ടി വന്നു. നിക്കോളിന്റെ സാമ്പത്തികാവസ്ഥ ഇടിഞ്ഞു താണു. അവർ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. 

അന്ന് അങ്ങനെ ഒരു തെറ്റ് പ്രവർത്തിച്ചു പോയതിൽ പശ്ചാത്താപമുണ്ടെന്നും, ഒരു മോഷണം അന്ന് നടത്തി എങ്കിലും തങ്ങൾ അടിസ്ഥാനപരമായി നല്ലവരാണ് എന്നും, ഈ ദൈവശാപം തന്റെ കുഞ്ഞുങ്ങളിലേക്കും അവരുടെ സന്തതി പാരമ്പരകളിലേക്കും പകരാൻ ആഗ്രഹിക്കുന്നില്ല എന്നും നിക്കോൾ തന്റെ ക്ഷമാപണക്കത്തിൽ കുറിച്ചു. താൻ അയച്ച പാർസൽ സസന്തോഷം തിരികെ സ്വീകരിച്ച്, അജ്ഞാതമായ ആ ശാപത്തിൽ നിന്നും നെഗറ്റീവ് എനർജിയിൽ നിന്നും ദുർഭാഗ്യങ്ങളുടെ ഘോഷയാത്രയിൽ നിന്നും തന്നെയും കുടുംബത്തെയും രക്ഷിക്കണം എന്നും നിക്കോൾ കത്തിൽ അഭ്യർത്ഥിക്കുന്നു.