ഗ്രീസിലെ റിസോർട്ടിൽ സ്വിമ്മിംഗ് പൂളിനരികിൽ ചെയര്‍ ലഭിക്കാത്തതിന് ടൂർ ഓപ്പറേറ്റർക്കെതിരെ കേസ് നൽകിയ ജർമ്മൻ സ്വദേശിക്ക് അനുകൂലമായി വിധി. കോടതി 1 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. അതിഥികളുടെ എണ്ണത്തിനനുസരിച്ച് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ട്രാവൽ ഏജൻസിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി.
വിദേശ രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ പോകുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് റിസോർട്ടുകളിലെ പൂൾ സൈഡിൽ സീറ്റ് കിട്ടാത്ത അവസ്ഥ. എന്നാൽ, ഇതിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് ഒരു ജർമ്മൻ സ്വദേശി. ഗ്രീസിലെ റിസോർട്ടിൽ തന്റെ കുടുംബത്തിനിരിക്കാൻ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ടൂർ ഓപ്പറേറ്റർക്കെതിരെ കേസ് നൽകിയ വ്യക്തിക്ക് 1,200 ഡോളർ (ഏകദേശം 1 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

സംഭവം ഇങ്ങനെ, 2024 ഓഗസ്റ്റിൽ ഗ്രീസിലെ കോസ് ദ്വീപിൽ 11 ദിവസത്തെ അവധിക്കാലത്തിനായാണ് ഇദ്ദേഹവും ഭാര്യയും 9-ഉം 12-ഉം വയസ്സുള്ള രണ്ട് കുട്ടികളും എത്തിയത്. ഏകദേശം 7 ലക്ഷം രൂപയോളമാണ് ഇവർ ഈ പാക്കേജിനായി ചിലവാക്കിയത്. എന്നാൽ, റിസോർട്ടിലെത്തിയ ആദ്യ ദിവസം മുതൽ കാര്യങ്ങൾ കൈവിട്ടുപോയി. ഏകദേശം 35°C ചൂടിൽ സ്വിമ്മിംഗ് പൂളിനരികിൽ വിശ്രമിക്കാൻ ഒരു ചെയര്‍ പോലും ഇവർക്ക് കിട്ടിയില്ല.
ഓരോ ദിവസവും രാവിലെ 6 മണിക്ക് തന്നെ ഇദ്ദേഹം ചെയര്‍ പിടിക്കാനായി പൂൾ സൈഡിൽ എത്തുമായിരുന്നു. എന്നാൽ അപ്പോഴേക്കും മറ്റുള്ളവർ ഓരോ ചെയറിലും ടവലുകൾ വിരിച്ച് സീറ്റുകൾ റിസർവ് ചെയ്തിട്ടുണ്ടാകും. ആളുകൾ അവിടെ ഇല്ലാതിരുന്നിട്ടും ടവലുകൾ ഇട്ടു സീറ്റ് തടഞ്ഞുവെക്കുന്നത് റിസോർട്ട് അധികൃതർ തടഞ്ഞില്ല. 11 ദിവസത്തെ യാത്രയിൽ ആകെ ഒരു തവണ മാത്രമാണ് ഇവർക്ക് ചെയര്‍ ലഭിച്ചത്. അതാകട്ടെ ആകെയുള്ള നാല് പേർക്കായി രണ്ട് കസേരകൾ മാത്രം. ബാക്കിയുള്ള സമയം കുട്ടികൾ തറയിൽ ടവൽ വിരിച്ചാണ് ഇരുന്നത്.
ചെയറുകള്‍ കിട്ടാത്തത് ഹോട്ടലിന്റെ പ്രശ്നമാണെന്ന് പറഞ്ഞു ടൂർ ഏജൻസി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഹോട്ടലിലെ അതിഥികളുടെ എണ്ണത്തിനനുസരിച്ചുള്ള കസേരകൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഏജൻസിക്ക് ബാധ്യതയുണ്ടെന്ന് ഹാനോവർ ഡിസ്ട്രിക്റ്റ് കോടതി നിരീക്ഷിച്ചു. 'മുതിർന്നവരെപ്പോലെ തന്നെ 9-ഉം 12-ഉം വയസ്സുള്ള കുട്ടികൾക്കും സൺ ലോഞ്ചറുകളിൽ ഇരിക്കാൻ തുല്യ അവകാശമുണ്ട്' എന്ന് കോടതിവിധിയിൽ പ്രത്യേകം പരാമർശിച്ചു. പണം നൽകി അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവർക്ക് വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഉറപ്പുവരുത്താത്തത് സേവനത്തിലെ പോരായ്മയാണെന്ന് കോടതി വ്യക്തമാക്കി.
