റിപ്പബ്ലിക് ദിന അവധിക്ക് മണാലിയിൽ എത്തിയ ഡൽഹി സ്വദേശികൾ കനത്ത മഞ്ഞുവീഴ്ചയെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ കുടുങ്ങിയത് 40 മണിക്കൂറോളം. ഭക്ഷണമോ വെള്ളമോ ഇല്ലാതെ, ശുചിമുറിയില്‍ പോകാനാവാതെ കാറിനുള്ളിൽ കഴിയേണ്ടി വരികയായിരുന്നു.
ആഴ്ചാവധികൾക്കൊപ്പം റിപ്പബ്ലിക് ദിനം കൂടി വന്നതോടെ മണാലിയിൽ അവധി ആഘോഷിക്കാനും മഞ്ഞ് വീഴുന്നത് ആസ്വദിക്കാനുമായി തിരിച്ച ഡൽഹി സ്വദേശികൾക്ക് നേരിടേണ്ടി വന്നത് വലിയ ദുരിതം. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ട് 40 മണിക്കൂറോളമാണ് ഒരു സംഘം യുവാക്കൾക്ക് കാറിനുള്ളിൽ ചെലവഴിക്കേണ്ടി വന്നത്. ഡൽഹി സ്വദേശിയായ ഭരത് ശർമ്മയും മൂന്ന് സുഹൃത്തുക്കളുമാണ് രണ്ട് ദിവസത്തോളം കാറിൽ കുടുങ്ങിപ്പോയതിന്റെ അനുഭവം HT.com -നോട് വിവരിക്കുന്നത്. ജനുവരി 23 -ന് സോളാങ് വാലിയിൽ നിന്ന് മടങ്ങിയ ഇവർ മണാലിക്ക് രണ്ട് കിലോമീറ്റർ അകലെ വെച്ചാണ് വൻ ഗതാഗതക്കുരുക്കിൽപ്പെട്ടു പോയത്.
മണാലിയിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോളാങ് വാലിയിൽ സംഘം രണ്ട് ദിവസം ചെലവഴിച്ചു. ജനുവരി 23 -ന് അവർ ഡൽഹിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, കേവലം ഒരു മണിക്കൂറിൽ പിന്നിടേണ്ട ദൂരം പിന്നിടാൻ വേണ്ടി തങ്ങളുടെ കാറിൽ ഇവർക്ക് ഒരു പകലും രാത്രിയും കാത്തിരിക്കേണ്ടി വന്നു. ജനുവരി 23 -ന് പുലർച്ചെ ശർമ്മയും സുഹൃത്തുക്കളായ വിനയ് ചൗധരി, വിജയ് രോഹില്ല, രോഹിത് നൈന്താനി എന്നിവരും സോളാങ് വാലിയിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ നേരിയ തോതിലുള്ള മഞ്ഞുവീഴ്ച തുടങ്ങിയിരുന്നു. കയ്യിലുണ്ടായിരുന്ന കുറഞ്ഞ അളവ് ഭക്ഷണം കൊണ്ട് ഇവർ മണിക്കൂറുകൾ തള്ളിനീക്കി. പിന്നീട് ഭക്ഷണമോ വെള്ളമോ കിട്ടാൻ മാർഗമില്ലാത്ത അവസ്ഥയായി.
റോഡിൽ കുടുങ്ങിയതോടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാതെ ഇവർ ബുദ്ധിമുട്ടി. തിരക്കും ജനങ്ങളുടെ അവസ്ഥയും മുതലെടുത്ത് ഈ സമയം മണാലിയിലെ ഹോട്ടലുകൾ വാടക കുത്തനെ കൂട്ടുകയും ചെയ്തു. ഒരു രാത്രിക്ക് 15,000 രൂപ മുതൽ 17,000 രൂപ വരെയാണ് പലയിടത്തും ഈടാക്കിയത്. കുടുങ്ങിക്കിടക്കുന്ന സഞ്ചാരികളെ ശുചിമുറി ഉപയോഗിക്കാൻ പോലും ഹോട്ടലുടമകൾ അനുവദിച്ചില്ലെന്ന് ഭരത് ആരോപിക്കുന്നു.
അതേസമയം, ഹിമപാതത്തിനൊപ്പം വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചതും ഗതാഗത നിയമങ്ങൾ പാലിക്കാത്തതുമാണ് മണാലിയിലെ റോഡിലെ സ്ഥിതി വഷളാക്കിയത് എന്നാണ് കരുതുന്നത്. ഇടുങ്ങിയ മലയോര പാതകളിൽ നിയമങ്ങളൊന്നും പാലിക്കാതെ വാഹനങ്ങൾ ഓടിച്ചതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. പലരും വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ച് കിലോമീറ്ററുകളോളം മഞ്ഞിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ സഹായം ലഭിച്ചില്ലെന്നും, കാർ ഉപേക്ഷിച്ച് ഹോട്ടലിലേക്ക് മാറാനാണ് അധികൃതർ നിർദ്ദേശിച്ചതെന്നും സഞ്ചാരികൾ പരാതിപ്പെടുന്നു.
