കൊവിഡ് മഹാമാരിയുടെ ഏറ്റവും വലിയ ദുരന്തഫലങ്ങളിൽ ഒന്ന് വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ നിർബന്ധിത മടങ്ങിവരവാകും. അതിൽ തന്നെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മടങ്ങി വരവിനെ ലോകമെമ്പാടുമുള്ള ജനങ്ങൾ, പ്രത്യേകിച്ച് മലയാളികൾ നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്. അതുണ്ടാക്കാൻ പോകുന്ന ആരോഗ്യ, സാമ്പത്തിക രംഗങ്ങളിലെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ്. 

മെയ് ഏഴാം തീയതി തുടങ്ങി ഈ തിരിച്ചുള്ള പലായനം തുടങ്ങും എന്നാണ് കേന്ദ്രം അറിയിച്ചിട്ടുളളത്. വിമാനങ്ങളും നേവി കപ്പലുകളും അടക്കമുള്ള വൻസന്നാഹങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും. കൊവിഡുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ തന്നെ നടക്കുന്ന ഏറ്റവും വലിയ തിരിച്ചു കൊണ്ടുവരൽ പ്രക്രിയകളിൽ ഒന്നാകും  ഇത്. 4.13 ലക്ഷത്തോളം പ്രവാസി മലയാളികളാണ് മടങ്ങിവരാനുള്ള അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നത്. അതിൽ അറുപത്തിനായിരത്തിലധികം പേർക്ക് അവരുടെ ജോലി നഷ്ടമായിട്ടുണ്ട്. ഏകദേശം 9000 -ലധികം ഗർഭിണികളും, 10,000 -ലധികം കുട്ടികളുമുണ്ട് ഇക്കൂട്ടത്തിൽ. 

 

 

ഇതിനു മുമ്പ് ഇത്തരത്തിൽ വലിയൊരു തിരിച്ചുവരവുണ്ടായത് 1990 -ൽ ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിൽ നിന്നായിരുന്നു. അന്ന് ഓഗസ്റ്റ് 13 മുതൽ ഒക്ടോബർ 11 വരെയുള്ള സമയം കൊണ്ട് എയർ ഇന്ത്യാ വിമാനങ്ങൾ മാത്രം പ്രയോജനപ്പെടുത്തി ഭാരതസർക്കാർ തിരികെ കൊണ്ടുവന്നത് 1.7 ലക്ഷം പ്രവാസി ഇന്ത്യൻ പൗരന്മാരെയാണ്. അന്നത്തെ ആ വൻപ്രക്രിയയിൽ സുപ്രധാനമായ റോൾ നിർവഹിച്ച ഒരു മലയാളിയുണ്ട്. അതാണ്, 'ടൊയോട്ട സണ്ണി' എന്നറിയപ്പെടുന്ന മാത്തുണ്ണി മാത്യൂസ് ആണ്. അന്ന് 59 ദിവസങ്ങൾക്കുള്ളിൽ, 488 എയർ ഇന്ത്യാ ഫ്‌ളൈറ്റുകളിലായി ഇത്രയും പേരെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിച്ചതിൽ നിർണായകമായ പങ്കുവഹിച്ച ഒരാൾ അദ്ദേഹമാണ്. 

കേരളത്തിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂരിൽ 1936 -ൽ ജനിച്ച മാത്യൂസ് തന്റെ ഇരുപതാം വയസ്സിലാണ് ഗൾഫിലേക്കുള്ള വിമാനം കയറുന്നത്. അന്ന്കു വൈത്ത് വ്യവസായവൽക്കരിക്കപ്പെടുന്ന കാലത്താണ് കാലമാണ്. പലജോലികൾ മറിഞ്ഞ് ഒടുവിൽ, ടോയോട്ടയിൽ ഒരു സാധാരണ ജീവനക്കാരനായി കയറിയ സണ്ണി പിന്നീട് 1989 -ൽ അതിന്റെ എംഡിയായാണ് വിരമിക്കുന്നത്.  പതിറ്റാണ്ടുകൾ നീണ്ട തന്റെ ഗൾഫ് ജീവിതത്തിനിടെ സണ്ണിച്ചായൻ അവിടത്തെ വിദേശ ഇന്ത്യക്കാർക്കിടയിൽ വളരെ വലിയ ഒരു സൗഹൃദവലയം തന്നെ സൃഷ്ടിച്ചെടുത്തിരുന്നു. കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളിന്റെ എംഡിയും അദ്ദേഹമായിരുന്നു. 

അശുഭകരമായ ഒരു വ്യാഴാഴ്ച 

എല്ലാം തുടങ്ങുന്നത് ഒരു വ്യാഴാഴ്ചയായിരുന്നു. 1990 ഓഗസ്റ്റ് 2 -ന് ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാർ കുവൈറ്റിന്റെ മണ്ണിലേക്ക് ഇരച്ചുകയറി. കുവൈറ്റിന്റെ ഭരണാധികാരി തന്റെ ജീവനും കയ്യിലെടുത്ത് റിയാദിലേക്ക് പലായനം ചെയ്തു. അമീറിന്റെ സഹോദരൻ ഇറാഖികളുടെ കയ്യാൽ കൊലചെയ്യപ്പെട്ടു. ഇറാഖ് സേനയുടെ മുന്നിൽ കുവൈറ്റിന്റെ സൈന്യം തീരെ ചെറുതായിരുന്നു. 420 സൈനികർ വധിക്കപ്പെട്ടു. 12,000 ലധികം പേർ തടങ്കലിലാക്കപ്പെട്ടു. പലരും സൗദിയിലേക്കും ബഹ്റൈനിലേക്കുമൊക്കെ പലായനം ചെയ്തു. അങ്ങനെ അവിടെ കുവൈറ്റിലും, സൗദിയിലും, ബഹ്‌റൈനിലുമൊക്കെയായി കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ വേണ്ട ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത് ടൊയോട്ട സണ്ണി ആയിരുന്നു. അന്ന് ഒരു ഓപ്പറേഷൻ കഴിഞ്ഞ് ബെഡ് റെസ്റ്റിൽ ആയിരുന്നിട്ടുകൂടി അദ്ദേഹം അതിനു മുൻകൈ എടുക്കാൻ വേണ്ടി ഓടിനടന്നു. 

 


ഇറാഖി അധിനിവേശമുണ്ടായപാടെ കയ്യിൽ കിട്ടിയതെടുത്ത് അയൽനാടുകളിലേക്ക് പലായനം ചെയ്തു. കുവൈറ്റ് അതിർത്തിയായ റുവൈശിദിലും പതിനായിരങ്ങൾ കുടുങ്ങി. ആ പട്ടണത്തിനു താങ്ങാനാവുന്നതിലുമധികം പേർ അന്നവിടേക്ക് ഒഴുകിയെത്തി. ആദ്യമൊക്കെ ഇന്ത്യൻ എംബസ്സി ഭക്ഷണവും വെള്ളവുമെത്തിക്കാൻ ശ്രമിച്ചെങ്കിലും ആളുകളുടെ എണ്ണം താങ്ങാവുന്നതിലും അധികമായപ്പോൾ അവർ പിന്മാറി. അവിടെ എത്തിപ്പെട്ടവർക്ക്, അവർ ധനികരെന്നോ തൊഴിലാളികളെന്നോ ഭേദമില്ലാതെ, ഒരു നേരത്തെ ഭക്ഷണത്തിനായി അക്ഷരത്തിൽ കൈനീട്ടേണ്ട അവസ്ഥ വന്നു. 

അന്ന് ഇത്രയധികം ഇന്ത്യക്കാർ ഇറാഖിന്റെ ഈ അധിനിവേശത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ചിട്ടും ഇന്ത്യ സൈനികനടപടികൾക്കൊന്നും മുതിർന്നില്ല. അതിനു പ്രധാനകാരണം ഇറാഖി സൈന്യത്തിൽ നിന്ന് കുവൈറ്റിലുള്ള സ്വന്തം പൗരന്മാരുടെ ജീവനുള്ള ഭീഷണി തന്നെയായിരുന്നു. അവിടെ അപ്പോഴും കുടുങ്ങിക്കിടപ്പുണ്ടായിരുന്ന ഒന്നര ലക്ഷത്തിലധികം പേരെ ഒഴിപ്പിക്കാതെ ആ യുദ്ധസാഹചര്യത്തിൽ കൃത്യമായ നിലപാടെടുക്കാൻ ഇന്ത്യൻ ഗവൺമെന്റിന് സാധിക്കാത്ത സാഹചര്യമായിരുന്നു. അതിനിടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സദ്ദാം ഹുസ്സൈന്റെ ഭാഗത്തുനിന്ന് പച്ചക്കൊടി കിട്ടി.

 

 

കുവൈറ്റ് സിറ്റിയിൽ നിന്ന് ബസ്ര, ബാഗ്ദാദ് വഴി ജോർദാനിലെ അമ്മാനിൽ എത്തിച്ച് അവിടെ നിന്ന് വിമാനത്തിൽ കയറ്റി തിരികെ കൊണ്ടുവരാനായിരുന്നു പ്ലാൻ. നാട്ടിലെ ഏകോപനം ഐകെ ഗുജ്റാൾ  ക്യാബിനറ്റിൽ മന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണനായിരുന്നു. അന്ന് എയർ ഇന്ത്യയുടെ ഭാഗത്തു നിന്ന് സ്തുത്യർഹമായ സേവനങ്ങളുടെ പേരിൽ ക്യാപ്റ്റൻ വിജയൻ നായരും പ്രശംസിക്കപ്പെട്ടു. വിദേശകാര്യ ജോയിൻ്റ് സെക്രട്ടറി കെ.പി. ഫാബിയാനും അന്ന് ഊർജസ്വലനായി ഈ പ്രവർത്തനങ്ങളുടെ ഭാഗമായി.

ആളുകളുടെ മടങ്ങിപ്പോക്കിനുവേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടി ടൊയോട്ട സണ്ണി അവിടത്തെ ഇന്ത്യക്കാരെ സഹായിക്കാൻ വേണ്ടി അനൗപചാരികമായി ഒരു സമിതി രൂപീകരിച്ചു. ഈ പ്രവർത്തനങ്ങളിൽ സണ്ണിക്ക് ഏറ്റവും വലിയ സഹായമായത് ഹർഭജൻ സിംഗ് ബേദി എന്ന മറ്റൊരു പ്രവാസി ഭാരതീയനായിരുന്നു. അന്ന് കുവൈറ്റിലെ മറ്റു പല പ്രമുഖ മലയാളി വ്യവസായികളും, മറ്റു പ്രവാസികളും ഒക്കെ ചേർന്ന് പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. ഈ സമിതിയുടെ സഹായത്തോടെ താത്കാലിക അഭയാർഥിക്യാമ്പുകൾ തുറന്ന് തിരികെപ്പോകേണ്ടവരെ അവിടെ പാർപ്പിച്ചു. ആദ്യ ക്യാമ്പ് കുവൈറ്റ് ഇന്ത്യൻ സ്‌കൂളിൽ തന്നെയായിരുന്നു. ആദ്യം അവർക്ക് ചെയ്തു തീർക്കാനുണ്ടായിരുന്നത്, തിരിച്ചു പോകേണ്ടവരുടെ പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുക, യാത്രാ രേഖകൾ നഷ്ടമായവർക്ക് വേണ്ട താത്കാലിക രേഖകൾ തയ്യാറാക്കി നൽകുക എന്നീ പണികളായിരുന്നു.

 

 

ടൊയോട്ട സണ്ണിയുടെ നേരിട്ടുള്ള താത്പര്യപ്രകാരമാണ് 70,000  -ലധികം പേരെ കരമാർഗം കുവൈറ്റിൽ നിന്ന് ബാഗ്ദാദ് വഴി ജോർദാനിലേക്ക് കൊണ്ടുചെന്നത്. മിനി ബസുകളാണ് അന്ന് ഇതിനായി പ്രയോജനപ്പെടുത്തിയത്. ഇന്ത്യൻ അധികാരികളും, യുഎൻ ഡിപ്ലോമാറ്റുകളും, ഇറാഖി ട്രാൻസ്പോർട്ടർമാരും തമ്മിൽ വേണ്ട ഏകോപനത്തിനുള്ള കണ്ണിയായി പ്രവർത്തിച്ചത് സണ്ണിയായിരുന്നു. അറുപതു പേരെ വീതം 200 ബസുകളിൽ കയറ്റി 1200 കിലോമീറ്റർ ദൂരം  ബസ്സൊന്നിനു പത്തു ട്രിപ്പ് വെച്ച് അദ്ദേഹം ഓടിച്ചു. ലോജിസ്റ്റിക്സിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും വലിയൊരു മനുഷ്യനീക്കം നടന്നിട്ടുണ്ടാവാൻ സാധ്യത കുറവാണ്. തന്റെ നാട്ടുകാർ എല്ലാവരും തന്നെ സുരക്ഷിതരായി തിരികെ നാട്ടിലേക്കുള്ള വിമാനം കയറി എന്നുറപ്പിച്ചു ശേഷം മാത്രമാണ് അന്ന് ടൊയോട്ട സണ്ണിയും കൂട്ടരും നാട്ടിലേക്ക് പോയത്. 

 

 

യുദ്ധഭൂമിയിൽ, സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അന്ന് ടൊയോട്ട സണ്ണിയും സംഘവും നടത്തിയ ഈ ഭഗീരഥയജ്‌ഞം പിന്നീട് 'എയർ ലിഫ്റ്റ്' എന്ന ഹിന്ദി സിനിമയിലൂടെ അഭ്രപാളികളിലേക്ക് പകർത്തപ്പെടുകയുണ്ടായി. അതിൽ അക്ഷയ് കുമാർ അവതരിപ്പിച്ച രഞ്ജിത്ത് കട്യാൽ എന്ന കഥാപാത്രത്തിന്റെ പൂർണ്ണ പ്രചോദനം സണ്ണിച്ചായന്റെ ധീരോദാത്തമായ അന്നത്തെ ആ രക്ഷാപ്രവർത്തനം തന്നെയായിരുന്നു. 2017 മെയ് 20 -ന് ടൊയോട്ട സണ്ണി അന്തരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും, അക്ഷയ് കുമാറും, നിഖിൽ അദ്വാനിയും ഒക്കെ അനുശോചനക്കുറിപ്പുകൾ അയക്കുകയുണ്ടായി.