സംസ്കൃതത്തിലും ഹിന്ദിയിലുമാണ് ഈ ഗതാഗതനിയമങ്ങളെക്കുറിച്ചുള്ള പ്രധാന സന്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. മെയ് 10 -നാണ് ഡോ. സ്നേഹ് കൃതി പ്രാചിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യൻ വിവാഹങ്ങളിൽ പ്രധാനമാണ് ക്ഷണക്കത്തുകൾ. തങ്ങൾക്ക് പറ്റുന്ന രീതിയിൽ ഈ ക്ഷണക്കത്തുകൾ വെറൈറ്റി ആക്കി മാറ്റാൻ ഓരോരുത്തരും ശ്രമിക്കാറുണ്ട്. വളരെ വ്യത്യസ്തമായ അനേകം ഡിസൈനുകളിൽ ഇന്ന് അവ ലഭ്യവുമാണ്. എന്നാൽ, മറ്റ് ചില വിവാഹ ക്ഷണക്കത്തുകൾ അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന രസകരമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലും ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
ബിഹാറിലെ ഭഗൽപൂരിൽ നിന്നാണ് ഈ വിവാഹ ക്ഷണക്കത്ത് പുറത്ത് വരുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രാഫിക് സുരക്ഷയെ കുറിച്ചുള്ള സന്ദേശം കാരണമാണ് ഈ ക്ഷണക്കത്ത് വൈറലായി മാറിയിരിക്കുന്നത്. പ്രശസ്ത ശിശുരോഗ വിദഗ്ദ്ധനായ ഡോ. അജയ് സിങ്ങിന്റെ മകൾ ഡോ. സ്നേഹ് കൃതി പ്രാചിയുടേതാണ് ഈ വിവാഹ ക്ഷണക്കത്ത് എന്നാണ് പറയുന്നത്. ഈ ക്ഷണക്കത്തിൽ, പരമ്പരാഗതമായ വിവാഹത്തിലെ ഏഴ് പ്രതിജ്ഞകൾക്ക് പുറമേ, റോഡ് സുരക്ഷയുടെ കാര്യം സൂചിപ്പിക്കുന്ന എട്ടാമത്തെ ഒരു പ്രതിജ്ഞ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്കൃതത്തിലും ഹിന്ദിയിലുമാണ് ഈ ഗതാഗതനിയമങ്ങളെക്കുറിച്ചുള്ള പ്രധാന സന്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. മെയ് 10 -നാണ് ഡോ. സ്നേഹ് കൃതി പ്രാചിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ക്ഷണക്കത്തിലെ ഈ വ്യത്യസ്തമായ കാര്യം കൊണ്ട് വളരെ പെട്ടെന്നാണ് അത് ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്.
ഡ്രൈവിംഗ് നടത്തുന്ന സമയത്ത് ട്രാഫിക് നിയമങ്ങൾ പാലിക്കണം എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുക, സ്പീഡ് നിയന്ത്രിക്കുക, ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക തുടങ്ങിയതെല്ലാം ഇതിൽ പെടുന്നു.
എന്തായാലും, ഈ വിവാഹ ക്ഷണക്കത്തിന് സോഷ്യൽ മീഡിയയിൽ നിന്നും വലിയ പ്രശംസയാണ് കിട്ടിയിരിക്കുന്നത്.
(ചിത്രം പ്രതീകാത്മകം)


