വൈദ്യുതിയോ, മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഒരു കുഞ്ഞുവീട്... അവിടെയാണ് റുഖ്സാന (പേര് സാങ്കല്‍പികം) അവളുടെ മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്നത്. അവളുടെ പരിസരത്തെ എല്ലാ വീടുകളും ഇങ്ങനെ തന്നെയാണ്. പര്‍ഗനാസിലെ ബസന്തിയിലാണിത്. മനുഷ്യക്കടത്തും കുട്ടികളുടെ കടത്തും കൊണ്ട് പേരുകേട്ടയിടം. ഇന്ത്യയിലെ തന്നെ കൂടുതല്‍ മനുഷ്യക്കടത്തിന് ഇരകള്‍ ഇവിടെയുള്ളവരാണ്. 

റുഖ്സാന തന്നെ നാല് ദിവസങ്ങളിലായി മൂന്ന് തവണയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. അവളെ സ്നേഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒളിച്ചോടാന്‍ പ്രേരിപ്പിച്ചയാള്‍ തന്നെയായിരുന്നു അവളെ ചൂഷണം ചെയ്തതും വില്‍ക്കാന്‍ ശ്രമിച്ചതും. പക്ഷെ, റുഖ്സാന നാലാം ദിവസം അവിടെ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ രക്ഷപ്പെടാന്‍ കഴിയാത്ത ആയിരക്കണക്കിന് പെണ്‍കുട്ടികളുണ്ട്, മനുഷ്യക്കടത്തിന്‍റെ ഇരകളും ലൈംഗികാടിമകളുമാകുന്നവര്‍... അവിടെ നിന്നും ഒരു തിരിച്ചുപോക്ക് ഒരിക്കലും സാധ്യമാകാതിരുന്നവര്‍. 

റുഖ്സാന കരുതിയിരുന്നത് അയാള്‍ അവളുമായി പ്രണയത്തിലാണ് എന്നായിരുന്നു. സ്കൂളിന് പുറത്തായിരുന്നു അവര്‍ തമ്മില്‍ കണ്ടിരുന്നത്. പരസ്പരം സംസാരിക്കവെ അയാള്‍ റുഖ്സാനയെ ഒരുപാട് സ്നേഹിക്കുന്നുവെന്നും അയാള്‍ക്ക് പണ്ടേതന്നെ അമ്മയെ നഷ്ടപ്പെട്ടിരുന്നുവെന്നും ആരുമില്ലെന്നും അവളെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു. പക്ഷെ, അവിടെനിന്നും രക്ഷപ്പെട്ടയുടനെ തന്നെ അവള്‍ ആന്‍റി-ട്രാഫിക്കിങ് കൗണ്‍സിലര്‍മാരെ കാണുകയും അയാള്‍ ഒരു ഏജന്‍റാണെന്ന് തിരിച്ചറിയുകയും ചെയ്തു. അതിനുമുമ്പൊരിക്കലും അവള്‍ ആ വാക്ക് കേള്‍ക്കുകയോ അതിനെ കുറിച്ച് ബോധ്യമുണ്ടാവുകയോ ചെയ്തിരുന്നില്ല. റുഖ്സാനയെപ്പോലെ ആയിരക്കണക്കിനാളുകള്‍ ഇങ്ങനെ ചതിയില്‍ പെടുന്നുണ്ട്. പിന്നീട്, അവരെ ലൈംഗികാടിമകളാക്കുകയും ചെയ്യുന്നു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2016 -ലെ കണക്കുകളനുസരിച്ച് (ഏറ്റവും ഒടുവിലെ വിവരം) പശ്ചിമ ബംഗാളില്‍ 3113 പേര്‍ ചൈല്‍ഡ് ട്രാഫിക്കിങ്ങിനിരയായിട്ടുണ്ട്. ഇന്ത്യയില്‍ ആകെയുള്ളതിന്‍റെ 34 ശതമാനമാണിത്. ഏറ്റവും കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഇവിടെയാണ്. ആകെ കേസുകളില്‍ 86 ശമതാനം (2687) പേരും പെണ്‍കുട്ടികളാണ്. മനുഷ്യക്കടത്തിന്‍റെ കാര്യത്തിലും പശ്ചിമ ബംഗാള്‍ തന്നെയാണ് ഏറ്റവുമധികം പേര്‍ ഇരയാക്കപ്പെട്ട സംസ്ഥാനം. 28 ശതമാനമാണിത്.   

പലപ്പോഴും പെണ്‍കുട്ടികളെ ഇങ്ങനെ കടത്തുന്നത് സ്നേഹം നടിച്ചാണ്. പലരും പ്രണയത്തിലാണ് എന്ന് കാണിക്കുകയും ഈ 'കാമുകന്മാര്‍' പിന്നീട് അവരെ വില്‍ക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് വിവാഹ വാഗ്ദാനവും ജോലി വാഗ്ദാനവും നല്‍കി പെണ്‍കുട്ടികളുടെ വിശ്വാസം നേടുന്നതും പിന്നീടവരെ ചതിയില്‍ പെടുത്തുന്നതും വില്‍ക്കുന്നതും -2018 -ല്‍ വേള്‍ഡ് വിഷന്‍ ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇത്തരം കടത്തുകള്‍ക്ക് ഇരയാകുന്നതിന് പിന്നിലെ മറ്റൊരു കാരണം ദാരിദ്ര്യമാണ്. പലപ്പോഴും യാതൊരു മാര്‍ഗവുമില്ലാത്ത മാതാപിതാക്കള്‍ ദാരിദ്യവും പട്ടിണിയും കൊണ്ട് മക്കളോട് ജോലി വാഗ്ദാനം ചെയ്യപ്പെടുന്നത് സ്വീകരിക്കാന്‍ പറയുകയും ഈ പെണ്‍കുട്ടികളെ പിന്നീട് കടത്തിക്കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്.

ഞാന്‍ ഓടിരക്ഷപ്പെട്ടു...

2018 ആഗസ്തിലാണ്... റുഖ്സാനയേയും കൊണ്ട് അയാള്‍ ഒരു സ്ലീപ്പര്‍ ബസിലാണ് യാത്ര ചെയ്തത്. രാത്രിയായിരുന്നു. ആദ്യമാദ്യം അയാള്‍ വളരെ നല്ലവനായിത്തന്നെയാണ് പെരുമാറിയത്. എന്നാല്‍, കുറച്ച് കഴിഞ്ഞതോടെ അയാളുടെ സ്വഭാവം മാറിത്തുടങ്ങി. ഒരിടത്തെത്തിച്ച ശേഷം അയാള്‍ അവളെ പീഡിപ്പിച്ചതോടെ തിരികെ വീട്ടില്‍ പോകണമെന്ന് അവള്‍ അയാളോട് ആവര്‍ത്തിച്ചു പറഞ്ഞു തുടങ്ങി. അതുകേള്‍ക്കുമ്പോള്‍ അയാള്‍ പൊട്ടിച്ചിരിക്കും. അതോടെ എങ്ങനെയെങ്കിലും അവിടെനിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിത്തുടങ്ങി അവള്‍. പക്ഷെ, അത് എളുപ്പമായിരുന്നില്ല. കാരണം, അയാളെപ്പോഴും അവളെ ചുറ്റിപ്പറ്റിത്തന്നെയുണ്ടായിരുന്നു. 

അവളുടെ സംശയം ദിവസം കഴിയുന്തോറും ബലപ്പെട്ടു തുടങ്ങി. അയാള്‍ ഫോണില്‍ ഹിന്ദി സംസാരിക്കുന്നത് കേട്ടതും (അത് അവള്‍ക്ക് അറിയാത്ത ഭാഷയായിരുന്നു), അതില്‍ ഡെല്‍ഹി എന്ന് പറഞ്ഞതും അവളുടെ സംശയത്തെ ഒന്നുകൂടി ബലപ്പെടുത്തി. ഒരു ദിവസം അവളേയും കൂട്ടി അയാള്‍ അവിടെനിന്നുമിറങ്ങി. ബസ് ടിക്കറ്റ് എടുക്കാന്‍ (ഡെല്‍ഹിയിലേക്ക് ആയിരിക്കാന്‍ സാധ്യത) അയാള്‍ പോയ തക്കത്തിന് അവള്‍ ഓടിരക്ഷപ്പെട്ടു. നാലഞ്ച് മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്ത് അവള്‍ തിരികെ വീട്ടിലെത്തി. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കയ്യില്‍ കരുതിയിരുന്ന അതേ 100 രൂപ കൊണ്ടാണ് തിരികെ യാത്ര ചെയ്ത് അവളെത്തിയത്. 

അയാളോ കൂട്ടാളികളോ തിരികെ വരുമോ എന്നവള്‍ ഭയന്നിരുന്നു. ഇങ്ങനെ കടത്തപ്പെട്ടവരില്‍ തിരികെയെത്താന്‍ സാധിച്ചത് റുഖ്സാനയെപ്പോലെ വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ്. അവളെ കടത്താന്‍ ശ്രമിച്ച ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 'പെണ്‍കുട്ടികളോട് ഞാന്‍ പറയാറുണ്ട്, അപരിചിതര്‍ സ്നേഹം നടിക്കുമ്പോള്‍ കൂടെ പോകരുതെന്ന്' -റുഖ്സാന പറയുന്നു. 

ബോധവല്‍ക്കരണക്കുറവ്

 59 ശതമാനം പെണ്‍കുട്ടികള്‍ക്കും എങ്ങനെയാണ് ട്രാഫിക്കിങ്ങില്‍ നിന്നും സ്വയം രക്ഷനേടേണ്ടത് എന്ന് അറിയില്ല. 72 ശതമാനം പേര്‍ക്കും ഇത്തരം സാഹചര്യങ്ങളില്‍ ലഭിക്കുന്ന സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സേവനങ്ങളെ കുറിച്ച് അറിയില്ല -വേള്‍ഡ് വിഷന്‍ ഇന്ത്യ പഠനം പറയുന്നു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ഡാര്‍ജിലിങ്, 24 സൗത്ത് പര്‍ഗനാസ് എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. നോര്‍ത്ത് 24 പര്‍ഗനാസ്, സൗത്ത് 24 പര്‍ഗനാസ്, മുര്‍ഷിദാബാദ് എന്നിവിടങ്ങള്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നുവെന്നതിനാല്‍ത്തന്നെ ഇവിടങ്ങളില്‍ മനുഷ്യക്കടത്ത് എളുപ്പമാകുന്നു. ബിഹാര്‍, ഒഡീഷ, ഝാര്‍ഖണ്ഡ്, സിക്കിം, അസ്സം എന്നിവയും നേപ്പാളും ഭൂട്ടാനുമായും അതിര്‍ത്തി പങ്കിടുന്നു. അവിടെ നിന്നും മനുഷ്യക്കടത്ത് എളുപ്പമാകുന്നു. 

2018 -ല്‍ ഇവിടങ്ങളില്‍ നടക്കുന്ന മനുഷ്യക്കടത്തിനെ കുറിച്ച് വിശദമായ പഠനം നടന്നിരുന്നു. ഇതിന്‍റെ ഭാഗമായി ഗ്രൂപ്പ് ഡിസ്കഷന്‍, അഭിമുഖങ്ങള്‍ (മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഓഫീസര്‍മാര്‍, എന്‍ ജി ഒ, ഗവണ്‍മെന്‍റ് ഓഫീസര്‍മാര്‍ എന്നവരും അതിലുള്‍പ്പെട്ടു), ലൈംഗിക ചൂഷണങ്ങളെ അതിജീവിച്ച സ്ത്രീകളുമായുള്ള ആഴത്തിലുള്ള അഭിമുഖം ഇവയെല്ലാം നടന്നിരുന്നു. ഫെബ്രുവരിയിലായിരുന്നു പഠനം. 

52 ശതമാനം മാതാപിതാക്കളും, പ്രായപൂര്‍ത്തിയായവരില്‍ 45 ശതമാനവും പറഞ്ഞത് അവര്‍ക്ക് മനുഷ്യക്കടത്തിനെ കുറിച്ച് വിവരമുണ്ട് എന്നാണ്. 14 ശതമാനം പേര്‍ പറഞ്ഞത് കഴിഞ്ഞ 12 മാസമായി തങ്ങള്‍ക്കും അതിനേകുറിച്ച് അറിവുണ്ട് എന്നാണ്. ചൂഷണം ചെയ്യപ്പെട്ടവരുമായും അഭിമുഖം നടത്തി. ഇതില്‍ 26 ശതമാനം സ്ത്രീകളും പറഞ്ഞത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ചൂഷണങ്ങളുടെയെല്ലാം തുടക്കം ചെറുപ്രായത്തിലാണെന്നാണ്. 44 ശതമാനം പേരും പറഞ്ഞത്, 18 -നും 25 -നും ഇടയില്‍ പ്രായമുള്ളപ്പോഴാണ് എന്നാണ്. 29 ശതമാനം പേരും ചൂഷണത്തിനിരയാകുന്നത് 25 വയസ്സിനും മുകളിലോട്ടുമാണ്. ആദ്യത്തെ ലൈംഗികാനുഭവം പതിനഞ്ചാമത്തെ വയസ്സിലായിരുന്നുവെന്നും മിക്കവരും പറയുന്നു. അതില്‍ത്തന്നെ 45 ശതമാനം പേര്‍ പറഞ്ഞത് അത് നിര്‍ബന്ധിതമായിരുന്നുവെന്നാണ്. 

മനുഷ്യക്കടത്ത് ബംഗാളില്‍ മാത്രമല്ല, ഇന്ത്യയിലെല്ലായിടത്തും നടക്കുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ  2016 -ലെ കണക്കുകള്‍ പറയുന്നത് അതില്‍ അഞ്ചില്‍ മൂന്നുപേരും 18 വയസ്സില്‍ താഴെയുള്ളവരാണെന്നാണ്. അതില്‍ 54 ശതമാനം പെണ്‍കുട്ടികളും 46 ശതമാനം ആണ്‍കുട്ടികളുമാണ്. കുട്ടികളേറെയും കടത്തിക്കൊണ്ടുപോകപ്പെടുന്നത് പശ്ചിമബംഗാളില്‍ നിന്നാണ്, പിന്നെ രാജസ്ഥാന്‍ (2519 കേസുകള്‍, ഉത്തര്‍ പ്രദേശ് (822 കേസുകള്‍), ഗുജറാത്ത് (485 കേസുകള്‍) എന്നീ സംസ്ഥാനങ്ങളുമുണ്ട്. 

ഇതേ കണക്കനുസരിച്ച് കടത്തിയവരില്‍ 44 ശതമാനം പേരും നിര്‍ബന്ധിത ജോലിക്ക് നിയോഗിക്കപ്പെട്ടു. 22 ശതമാനം വേശ്യാവൃത്തിയിലേക്കും. 23,000 -ലധികം പേരെ 2016 -ല്‍ രക്ഷിച്ചിട്ടുണ്ട്. അതില്‍ 61 ശതമാനം കുട്ടികളും 39 ശതമാനം മുതിര്‍ന്നവരുമാണ്. അതില്‍ 61 ശതമാനം ആണ്‍കുട്ടികളും 39 ശതമാനം പെണ്‍കുട്ടികളുമാണ്. 

ഇപ്പോള്‍ മനുഷ്യക്കടത്തിനെ ചെറുക്കാനായി നിരവധി ആന്‍റി ട്രാഫിക്കിങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവയുടെ പ്രവര്‍ത്തനം ശക്തമാക്കാനുള്ള ഫണ്ടോ, സഹായമോ പൂര്‍ണമായും ലഭിക്കുന്നില്ല. 

(വിവരങ്ങള്‍ക്ക് കടപ്പാട്: IndiaSpend)