ചൈനയിലെ ഷോപ്പിംഗ് മാളുകൾ പുകവലി തടയാൻ പുതിയ മാർഗ്ഗം. ടോയ്‌ലറ്റ് ക്യുബിക്കിളുകളിൽ ആരെങ്കിലും പുകവലിച്ചാൽ, അതിന്റെ വാതിലുകളിലെ ഗ്ലാസ് വഴി പുറത്തുകാണും. ഈ സംവിധാനം വലിയ ചര്ച്ച‍യായി മാറിയിരിക്കയാണ്. 

പൊതുശൗചാലയങ്ങളിൽ പുക വലിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ, അങ്ങനെ പുകവലിക്കാതിരിക്കാൻ ചൈനയിലെ ഷോപ്പിം​ഗ് സെന്ററുകൾ കണ്ടെത്തിയ മാർ​ഗമാണ് ഇപ്പോൾ വ്യാപകമായി ചർച്ചയായി മാറുന്നത്. ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ജ്വല്ലറി ഷോപ്പിംഗ് മാളുകളായ ഷെൻ‌ഷെനിലെ ഷുയിബെയ് ഇന്റർനാഷണൽ സെന്ററിലെയും ഷുയിബെയ് ജിൻസുവോ ബിൽഡിംഗിലെയും പുരുഷന്മാരുടെ ടോയ്‌ലറ്റ് ക്യുബിക്കിളുകളിലാണ് പുകവലി തടയുന്നതിനായി ഈ വേറിട്ട മാർ​ഗം നടപ്പിലാക്കിയത്. ഡിസംബർ 16 മുതൽ തന്നെ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ടോയ്‍ലെറ്റിനകത്ത് രഹസ്യമായി പുക വലിക്കുന്നത് തടയാനായി ചെയ്തിരിക്കുന്നത് ഇതിന്റെ വാതിലുകളിൽ മൂടൽമഞ്ഞുള്ള തരത്തിലുള്ള പ്രത്യേക ഗ്ലാസ് വയ്ക്കുകയാണ്.

ടോയ്‍ലെറ്റിന്റെ അകത്ത് പുക വലിക്കുമ്പോൾ ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈദ്യുതി ഓഫാകും. ആ സമയത്ത് ഗ്ലാസിലെ മഞ്ഞ് മാറി അത് വ്യക്തമായി കാണുകയും, ക്യൂബിക്കിളിനുള്ളിൽ പുകവലിക്കുന്ന വ്യക്തിയെയും പുറത്ത് നിന്നും കാണാൻ സാധിക്കുകയും ചെയ്യും. ഈ സംവിധാനത്തെക്കുറിച്ച് ആളുകളെ അറിയിക്കുന്നതിനായി, ഷോപ്പിംഗ് സെന്ററുകളുടെ വാതിലുകളിൽ ഒരു നോട്ടീസും പതിച്ചിട്ടുണ്ട്. അതിൽ എഴുതിയിരിക്കുന്നത്, 'നിങ്ങൾ ടോയ്‍ലെറ്റിന്റെ അകത്ത് പുകവലിച്ചാൽ ഗ്ലാസ് സുതാര്യമാകും. അതിനാൽ തന്നെ പുകവലിക്കാനുള്ള നിങ്ങളുടെ ആഗ്രഹം നിയന്ത്രിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ നിങ്ങൾ ഓൺലൈനിൽ വൈറലാകും' എന്നാണ്.

ഈ രണ്ട് ഷോപ്പിം​ഗ് മാളുകളും ഒട്ടും പുകവലി അം​ഗീകരിക്കാത്ത രണ്ട് സ്ഥലങ്ങളാണ്. പുകവലി തടയുന്നതിന് മറ്റ് മാർ​ഗങ്ങളും ഇവിടെയുണ്ട്. എന്നാൽ, ടോയ്‍ലെറ്റിനകത്തുള്ള ഈ ​ഗ്ലാസ് സംവിധാനം വലിയ ചർച്ചകൾക്ക് തന്നെ കാരണമായി തീർന്നു. ഉദ്ദേശശുദ്ധിയൊക്കെ കൊള്ളാമെങ്കിലും ഇത് നടപ്പിലാക്കുന്നത് ആളുകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന വലിയ തോതിലുള്ള വിമർശനമാണ് ഇപ്പോൾ ഈ നീക്കത്തിനെതിരെ നെറ്റിസൺസിന്റെ ഇടയിൽ നിന്നും ഉണ്ടായിരിക്കുന്നത്.