ചെറിയ പരിക്കുകളോടെ യമാകിയും കുടുംബവും സ്ഫോടനത്തെ അതിജീവിച്ചു. നഴ്സറിക്ക് ചുറ്റും ഉയരമുള്ള മതിൽ ഉണ്ടായതുകൊണ്ട് അവരുടെ വിലയേറിയ ബോൺസായ് മരവും സംരക്ഷിക്കപ്പെട്ടു.  

ചില മരങ്ങൾക്ക് നൂറ്റാണ്ടുകളോളം ആയുസുണ്ടാകും. കഴിഞ്ഞുപോയ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായി അത് കാലത്തെ പോലും അത്ഭുതപ്പെടുത്തികൊണ്ട് ഈ ഭൂമിയിൽ നിലനിൽക്കുന്നു. അത്തരമൊരു ചരിത്രത്തിന്റെ ജീവനുള്ള കലാസൃഷ്ടിയാണ് വാഷിംഗ്ടൺ ഡിസി കെട്ടിടത്തിന്റെ ഒരു കോണിലുള്ള വൈറ്റ് പൈൻ ബോൺസായ് മരം. അതിന് 394 വർഷം പഴക്കമുണ്ട്. ഇത് ആദ്യമായി ഭൂമിയിൽ നട്ടുപിടിപ്പിച്ചത് 1625 -ലാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം മാത്രമല്ല, ഹിരോഷിമയിൽ വർഷിച്ച ലോകത്തിലെ ആദ്യത്തെ ആണവ ബോംബിനെ അതിജീവിച്ച ബോൺസായ് കൂടിയാണ് അത്.

ഇപ്പോൾ വാഷിംഗ്ടൺ ഡിസിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ആർബോറെറ്റത്തിലെ നാഷണൽ ബോൺസായ് ആൻഡ് പെൻജിംഗ് മ്യൂസിയത്തിലാണ് അത് സ്ഥിതിചെയ്യുന്നത്. ജപ്പാനിൽ നിന്നുള്ള മസാരു യമാകി എന്ന ബോൺസായ് വിദഗ്ധൻ 1976 -ലാണ് അമേരിക്കയ്ക്ക് ആ ബോൺസായ് മരം സമ്മാനമായി നൽകിയത്. എന്നാൽ, അതിന്റെ ചരിത്രത്തെ കുറിച്ച് അന്നേരം അവർക്ക് കാര്യമായ ധാരണയില്ലായിരുന്നു. 2001 -ൽ മ്യൂസിയത്തിൽ എത്തിയ യമകിയുടെ പേരക്കുട്ടികൾ പറഞ്ഞപ്പോഴാണ് മരത്തെ കുറിച്ചുള്ള ചരിത്രം എല്ലാവരും അറിയുന്നത്.

1945 ആഗസ്റ്റ് 6 -ന് രാവിലെ 8 മണിക്ക് മസാരു യമാകി വീടിനകത്തായിരുന്നു. പെട്ടെന്ന് വീടിന്റെ ജനാലച്ചില്ലുകൾ പൊട്ടിത്തെറിച്ച് അയാളുടെ തൊലിയിൽ കുത്തി ഇറങ്ങി. അപ്പോഴായിരുന്നു "എനോള ഗേ" എന്ന് വിളിക്കപ്പെടുന്ന യുഎസ് ബി -29 ബോംബർ യമാകിയുടെ വീട്ടിൽ നിന്ന് രണ്ട് മൈൽ മാത്രം അകലെയുള്ള ഹിരോഷിമ നഗരത്തിന് മുകളിലൂടെ ലോകത്തിലെ ആദ്യത്തെ അണുബോംബ് വർഷിച്ചത്. നഗരത്തിന്റെ മുക്കാലും സ്ഫോടനത്തിൽ തുടച്ച് നീക്കപ്പെട്ടു. അതിൽ കുറഞ്ഞത് ഒരു ലക്ഷത്തോളം ജനങ്ങൾ കൊല്ലപ്പെടുകയുണ്ടായി. എന്നാൽ, ചില ചെറിയ പരിക്കുകളോടെ യമാകിയും കുടുംബവും സ്ഫോടനത്തെ അതിജീവിച്ചു. നഴ്സറിക്ക് ചുറ്റും ഉയരമുള്ള മതിൽ ഉണ്ടായതുകൊണ്ട് അവരുടെ വിലയേറിയ ബോൺസായ് മരവും സംരക്ഷിക്കപ്പെട്ടു.

യമാകി കുടുംബം 1976 വരെ അതിനെ പരിപാലിച്ചു. തുടർന്ന് അദ്ദേഹം അത് തന്റെ രാജ്യത്ത് ബോംബുകൾ വർഷിച്ച അമേരിക്കയ്ക്ക് തന്നെ സമ്മാനമായി നൽക്കുകയായിരുന്നു. അമേരിക്കയിലെ നിപ്പോൺ ബോസ്നായ് അസോസിയേഷന്റെ ദ്വിശതാബ്ദി ആഘോഷത്തിന്റെ സമയത്താണ് അദ്ദേഹം അത് നൽകിയത്. സമ്മാനം കൈമാറുന്നതിനിടെ, "സമാധാനത്തിന്റെ സമ്മാനം" എന്ന് മാത്രമാണ് യമാകി പറഞ്ഞത്. യുണൈറ്റഡ് സ്റ്റേറ്റ്സും ജപ്പാനും തമ്മിലുള്ള സമാധാനത്തിന്റെ ഓർമ്മപ്പെടുത്തലായി ഈ വൃക്ഷം ഇന്നും മ്യൂസിയത്തിൽ അതിജീവിക്കുന്നു.