മുട്ടകൾ സംരക്ഷിക്കുന്ന സമയത്ത് അവ അതീവശ്രദ്ധാലുക്കളാണ്. ആ സമയത്ത് മറ്റുള്ളവരെ ആക്രമിക്കാനുള്ള പ്രവണതയും കൂടുതലാണ്.

അതിമനോഹരമായി ഡൈവിം​ഗ് ആസ്വദിച്ചിരുന്ന ഒരാളെ ഒരു മത്സ്യം കടിച്ചു. മത്സ്യം കടിക്കുകയോ എന്ന് ആശ്ചര്യപ്പെടേണ്ട. ആ മത്സ്യത്തിന്റെ പല്ല് മനുഷ്യരുടേത് പോലെയാണത്രെ. യു‌എസ്‌എയിലെ അലബാമയിൽ നിന്നുള്ള അലക്‌സ് പികുൽ എന്ന 31 -കാരനെയാണ് ഈജിപ്‌തിലെ ഷാം എൽ ഷെയ്ഖ് തീരത്ത് സ്കൂബാ ഡൈവിംഗ് നടത്തുന്നതിനിടെ ഒരു ട്രി​ഗർഫിഷ് ആക്രമിച്ചത്.

എട്ട് പേരടങ്ങുന്ന സംഘത്തോടൊപ്പം ഡൈവിം​ഗ് നടത്തുകയായിരുന്നു അലക്സ്. അതിനിടയിൽ അയാൾ ദിശ മാറി സഞ്ചരിച്ചു. അതിനിടയിൽ മീനിന്റെ മുട്ടകൾക്ക് മുകളിലൂടെ സംഘം നീങ്ങിയതായും ആ സമയം ഒരു ‌ട്രി​ഗർഫിഷ് അലക്സിനെ ആക്രമിച്ചതായുമാണ് പറയുന്നത്. സംഘത്തിലുള്ളവരെ പിന്തുടരാൻ ശ്രമിക്കുകയായിരുന്നു താൻ. എന്നാൽ, നീന്തി മാറാൻ ശ്രമിച്ചിട്ടും അതിനിടയിൽ മത്സ്യം കാലിൽ കടിക്കുകയായിരുന്നു എന്ന് അലക്സ് പറഞ്ഞു. 

എന്റെ കാല് മുറിഞ്ഞു എന്നും രക്തം ഒഴുകുന്നുണ്ട് എന്നുമാണ് എനിക്കപ്പോൾ തോന്നിയത്. അറിയാതെ താൻ വെള്ളത്തിനടിയിൽ വച്ച് തെറി പോലും വിളിച്ചുപോയി എന്നും അലക്സ് പറയുന്നു. ഇതിന് മുമ്പും താൻ ട്രി​ഗർഫിഷിനെ കണ്ടിട്ടുണ്ട്. രസകരമായിട്ടാണ് അതിനെ തോന്നിയിട്ടുള്ളത്. എന്നാൽ, അതിന് ഇങ്ങനെയുള്ള പല്ലുകളുണ്ട് എന്നോ അത് ഇങ്ങനെ ആക്രമിക്കുമായിരുന്നു എന്നോ തനിക്ക് അറിയുമായിരുന്നില്ല എന്നും അലക്സ് പറഞ്ഞു. 

അവയുടെ ഈ ആക്രമണകരമായ സ്വഭാവം കൊണ്ട് തന്നെയാണ് അവയ്ക്ക് ട്രി​ഗർഫിഷ് എന്ന പേര് വന്നിരിക്കുന്നത്. മുട്ടകൾ സംരക്ഷിക്കുന്ന സമയത്ത് അവ അതീവശ്രദ്ധാലുക്കളാണ്. ആ സമയത്ത് മറ്റുള്ളവരെ ആക്രമിക്കാനുള്ള പ്രവണതയും കൂടുതലാണ്. ശത്രുക്കളാണ് എന്ന് തോന്നി കഴിഞ്ഞാൽ അവ അക്രമിക്കാൻ വളരെ സാധ്യത കൂടുതലാണ് എന്നും പറയുന്നു. 

ഏതായാലും മീനിന്റെ കടിയൊക്കെ കിട്ടിയെങ്കിലും ആ ഡൈവിം​ഗ് തന്റെ ഏറ്റവും പ്രിയപ്പെട്ട യാത്രകളിൽ ഒന്നാണ് എന്നാണ് അലക്സ് പറയുന്നത്.