Asianet News MalayalamAsianet News Malayalam

ചൂഷണത്തിനിരയായ പെണ്‍കുട്ടികളെ രക്ഷിച്ചു, അതിന്‍റെ പേരില്‍ ഭര്‍ത്താവിനെ വരെ നഷ്ടമായി; എന്നിട്ടും, പോരാട്ടം തുടര്‍ന്ന ഒരു സ്ത്രീ

ഞാനും എന്‍റെ ഭര്‍ത്താവും ഇത് പൊലീസില്‍ അറിയിക്കുകയും അവര്‍ക്കൊപ്പം ആ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പോവുകയും ചെയ്തു. അവരവിടെ എത്തിയപ്പോഴാണ് കണ്ടത് 15 പെണ്‍കുട്ടികള്‍ വേറെയും രക്ഷ കാത്ത് അവിടെയുണ്ടായിരുന്നുവെന്നത്. അവരെ വീടെത്താന്‍ ഞങ്ങള്‍ സഹായിച്ചു. 

triveni and husband and their battle for save girls
Author
Thiruvananthapuram, First Published Jul 7, 2019, 6:28 PM IST

മുംബൈ: ഇത് ത്രിവേണി എന്ന സാമൂഹ്യ പ്രവര്‍ത്തകയേയും അവരുടെ പോരാട്ടങ്ങളേയും കുറിച്ചാണ്. നീതിക്ക് വേണ്ടിയുള്ള ആ പോരാട്ടത്തില്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ ഭര്‍ത്താവിനെയാണ്. ത്രിവേണി ഒരു മാധ്യമപ്രവര്‍ത്തകയായിരുന്നു. ജോലിയുടെ ഭാഗമായുള്ള യാത്രയിലാണ് റെഡ് ലൈറ്റ് ഏരിയയില്‍ വെച്ച് അവര്‍ ഒരു പെണ്‍കുഞ്ഞിനെ കണ്ടുമുട്ടുന്നത്. അതവരുടെ വഴി തന്നെ മാറ്റി. പിന്നീടങ്ങോട്ട് അവരും ഭര്‍ത്താവും ചേര്‍ന്ന് റെഡ് ലൈറ്റ് ഏരിയകളിലേക്ക് കടത്തിക്കൊണ്ടുവരുന്ന, ചൂഷണത്തിനിരയാകുന്ന പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള യാത്ര തുടങ്ങി.

നിരവധി ഭീഷണികളുണ്ടായി. അതിനിടെ ത്രിവേണിയുടെ ഭര്‍ത്താവ് ഒരു വാഹനാപകടത്തില്‍ മരിച്ചു. അത് കൊലപാതകമാണെന്ന് ത്രിവേണി പറഞ്ഞുവെങ്കിലും അന്വേഷണം വേറൊരു വഴിയില്‍ നീങ്ങുകയായിരുന്നു. ഇന്ന് ഇങ്ങനെ രക്ഷിച്ചെടുക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്കായി നാല് ആശ്രയകേന്ദ്രങ്ങളുണ്ട് ഇവര്‍ക്ക്. അവിടെയുള്ള പെണ്‍കുട്ടികള്‍ നല്ല ജോലികള്‍ നേടുകയും, വിവാഹിതരാവുകയും, പുറത്ത് സെറ്റില്‍ഡാവുകയും ചെയ്യുന്നു. ത്രിവേണി ഇപ്പോഴും പോരാട്ടത്തില്‍ തന്നെയാണ് കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ.

ഹ്യുമന്‍സ് ഓഫ് ബോംബെ പങ്കുവെച്ച ത്രിവേണിയുടെ അനുഭവത്തില്‍ നിന്ന്: 
എന്‍റെ ഭര്‍ത്താവ് മിലിറ്ററിയിലായിരുന്നു. മുംബൈയിലേക്ക് മാറിയ ശേഷം അദ്ദേഹം സ്വന്തമായി ബിസിനസ് തുടങ്ങി. ഞാന്‍ ജേണലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഒരുദിവസം റെഡ് ലൈറ്റ് ഏരിയയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സെലിബ്രിറ്റി വരുന്നുണ്ടായിരുന്നു. അത് കവര്‍ ചെയ്യാന്‍ പോയതാണ് ഞാന്‍. 

അവിടെയെത്തിയപ്പോഴാണ് ഞാനാ പെണ്‍കുട്ടിയെ കണ്ടത്. അവള്‍ക്ക് 13-14 വയസ്സായിരുന്നു പ്രായം. അവളുടെ അമ്മയെവിടെ എന്ന് ചോദിച്ചപ്പോഴാണ് അവള്‍ പറയുന്നത്, അവളെ നേപ്പാളില്‍ നിന്ന് കൊണ്ടുവന്നതാണ്. ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുവരികയായിരുന്നു. പക്ഷെ, അവള്‍ വില്‍ക്കപ്പെടുകയായിരുന്നു. അതുകേട്ട് ഞാനാകെ വിഷമത്തിലായി. അപ്പോള്‍ തന്നെ കുറച്ചുപേര്‍ എന്നോട് അവിടെ നിന്നും പുറത്തുപോകാന്‍ പറഞ്ഞു.  

ഞാനും എന്‍റെ ഭര്‍ത്താവും ഇത് പൊലീസില്‍ അറിയിക്കുകയും അവര്‍ക്കൊപ്പം ആ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പോവുകയും ചെയ്തു. അവരവിടെ എത്തിയപ്പോഴാണ് കണ്ടത് 15 പെണ്‍കുട്ടികള്‍ വേറെയും രക്ഷ കാത്ത് അവിടെയുണ്ടായിരുന്നുവെന്നത്. അവരെ വീടെത്താന്‍ ഞങ്ങള്‍ സഹായിച്ചു. 

അന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു ഇതേപോലുള്ള അവസ്ഥയിലുള്ളവരെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന്. എന്‍റെ ഭര്‍ത്താവ് ബിസിനസ് വിട്ട് അവരുടെ രക്ഷയ്ക്കായി ഇറങ്ങി. ഞാനപ്പോഴും ജോലി ചെയ്തു. കോണ്ടാക്ട് നിലനിര്‍ത്താന്‍, ജീവിക്കാനുള്ള വക കണ്ടെത്താന്‍ ഒക്കെ. 

എന്‍റെ ഭര്‍ത്താവ് കസ്റ്റമറോ, ഡീലറോ ഒക്കെയായി വേഷം മാറിയാണ് ആ പെണ്‍കുട്ടികളെ കണ്ടെത്തിയത്. വിവരം ലഭിച്ചാലുടന്‍ ഞങ്ങളത് പൊലീസിന് കൈമാറും. എന്നിട്ട്, അവരെ രക്ഷിക്കാന്‍ ചെല്ലും. ആദ്യത്തെ വര്‍ഷം തന്നെ 300 പെണ്‍കുട്ടികളെയാണ് രക്ഷിച്ചത്. 

എനിക്കോര്‍മ്മയുണ്ട്. ഒരിക്കല്‍, ഞങ്ങളൊരിടത്ത് പോയതിന്‍റെ തലേദിവസമാണ് അവിടെയൊരു ലൈംഗിക തൊഴിലാളി ആത്മഹത്യ ചെയ്തത്. അവള്‍ക്കൊരു കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി ദത്തെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 

പക്ഷെ, ഈ പ്രവര്‍ത്തനങ്ങളെയൊക്കെ തുടര്‍ന്ന് പെട്ടെന്ന് തന്നെ നമുക്ക് നേരെ ഭീഷണികളുണ്ടായിത്തുടങ്ങി. ഒരിക്കല്‍ ഞങ്ങള്‍ക്കൊരു ഭീഷണിക്കത്ത് വന്നു. പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയാല്‍ കൊന്നുകളയുമെന്നായിരുന്നു അതിന്‍റെ ഉള്ളടക്കം. എനിക്ക് ഭര്‍ത്താവിനെ കുറിച്ചോര്‍ത്ത് ഭയം തോന്നി. രണ്ട് ദിവസം കഴിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ ഭയപ്പെടേണ്ട എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. 

പിറ്റേദിവസം തിരികെ മടങ്ങുന്ന വഴിയില്‍ ഒരു ട്രക്ക് അദ്ദേഹത്തിന് നേരെ പാഞ്ഞുകയറുകയും അദ്ദേഹം അവിടെവെച്ച് തന്നെ മരിക്കുകയും ചെയ്തു. അത് അപകടമല്ല, കൊലപാതകമാണെന്ന് തെളിയിക്കാന്‍ ഞാന്‍ പോരാടി. പക്ഷെ, അന്വേഷണം വേറൊരുതരത്തിലായിരുന്നു. എനിക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ഞങ്ങള്‍ നടത്തി വരുന്ന ഫൗണ്ടേഷന്‍ പൂട്ടിയാലോ എന്നുവരെ ഞാന്‍ ആലോചിച്ചു. 

പക്ഷെ, രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളാണ് എന്‍റെ അടിത്തറ. എന്‍റെ ഭര്‍ത്താവ് രക്ഷിച്ച ജീവനുകളെ അവരെന്നെ ഓര്‍മ്മിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ വഴിതന്നെ പിന്തുടരാന്‍ അതെന്നെ പ്രേരിപ്പിക്കുന്നു. ഇന്ന് നമുക്ക് നാല് ആശ്രയകേന്ദ്രങ്ങളുണ്ട്. കൗണ്‍സലിംഗ്, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, നിയമസഹായം എന്നിവയെല്ലാം ഞങ്ങള്‍ നല്‍കുന്നു. അതില്‍ പല പെണ്‍കുട്ടികളും വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ജീവിക്കുന്നു. ചിലര്‍ പുറത്ത് സെറ്റില്‍ഡായിരിക്കുന്നു. ചിലര്‍ അവരുടെ ജോലി നന്നായി നോക്കുന്നു. 

അദ്ദേഹത്തെ എനിക്ക് നഷ്ടപ്പെട്ടിട്ട് 12 വര്‍ഷമാകുന്നു. ഈ വഴിയില്‍ ഒരുപാട് ബുദ്ധിമുട്ടുകളെനിക്കുണ്ടായിട്ടുണ്ട്. ഏറ്റവും മോശം കാര്യങ്ങള്‍ ചെയ്യുന്ന ഏറ്റവും മോശം ആളുകളെ കണ്ടിരിക്കുന്നു. പക്ഷെ, ഓരോ പെണ്‍കുട്ടിയെ രക്ഷിക്കുമ്പോഴും ഓരോരുത്തര്‍ക്ക് നീതി നേടിക്കൊടുക്കുമ്പോഴും എന്‍റെ ഭര്‍ത്താവ് അരികിലുള്ള പോലെ എനിക്ക് തോന്നും. ചേര്‍ത്ത് പിടിച്ച്, എന്തുണ്ടായാലും പോരാട്ടം തുടരുക തന്നെ വേണമെന്ന് പറയുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios