Asianet News MalayalamAsianet News Malayalam

എസ്ആർപിക്കും പാറശ്ശാല ഏരിയ കമ്മിറ്റിക്കും ഇടയിലെ ചൈനയുടെ യാഥാർഥ്യം

വിരുദ്ധാഭിപ്രായങ്ങൾക്കിടയിൽ എവിടെയാണ് ചൈന എന്ന രാഷ്ട്രീയ ഭൂമികയിലെ യാഥാർഥ്യം എന്നതാണ് ഇന്ന് മലയാളികൾ അന്വേഷിക്കുന്നത്. 

Truth of China Politics, from Parassala Area Committee of CPM to S Ramachandran Pillai
Author
Parassala, First Published Jan 15, 2022, 3:56 PM IST

സിപിഎം സമ്മേളനങ്ങൾക്കിടയിൽ വിവിധ നേതാക്കന്മാരിൽ നിന്നുണ്ടായ പരസ്പരവിരുദ്ധമായ ഒന്നിലധികം ചൈനാ പരാമർശങ്ങൾ കൊണ്ട് 'ചങ്കിലെ ചൈന' വീണ്ടും 'ട്രെൻഡിങ്' ആയിരിക്കുകയാണ്. സിപിഎമ്മിന്റെ കോട്ടയം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ച എസ് രാമചന്ദ്രൻ പിള്ള പരാമർശിച്ചത്, "ചൈനയെ വളയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഖ്യമുണ്ടാക്കി " എന്നാണ്. തുടർന്ന് ലോകത്തെ ദാരിദ്ര്യം ഇല്ലാതാക്കാക്കുക, കോവിഡിനെ പ്രതിരോധിക്കുക തുടങ്ങിയ സൽപ്രവൃത്തികൾക്കുവേണ്ടി ചൈന നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളെ ശ്‌ളാഘിക്കാനും എസ്ആർപി മടിക്കുന്നില്ല. ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണെന്നും അമേരിക്കയുടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ മേധാവിത്വം ചോദ്യം ചെയ്യാൻ സാധിക്കുന്ന തരത്തിൽ ചൈന കരുത്താർജിച്ചു എന്നും എസ് രാമചന്ദ്രൻ പിള്ള അഭിപ്രായപ്പെടുകയുണ്ടായി.  

Truth of China Politics, from Parassala Area Committee of CPM to S Ramachandran Pillai

അതിനു പിന്നാലെ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ച  പിണറായി വിജയൻ ചൈനയെ നിരുപാധികം പിന്തുണയ്ക്കാൻ ശ്രമിക്കുന്നില്ല. "സ്വന്തം നേട്ടങ്ങൾ എടുത്തു പറയുമ്പോഴും, അഴിമതി, അസമത്വം തുടങ്ങിയ തങ്ങളുടെ രാജ്യത്തെ പ്രശ്നങ്ങളെക്കുറിച്ച്, തങ്ങളുടെ ദൗര്ബല്യത്തെ കുറിച്ച് ചൈന എന്നും തുറന്നു പറഞ്ഞിട്ടേയുള്ളൂ" എന്നും അദ്ദേഹം പറയുന്നുണ്ട്.

ഏറ്റവും ഒടുവിലായി, ഇപ്പോൾ സിപിഎം (CPM) പാറശാല ഏര്യാ കമ്മിറ്റി പിണറായി വിജയൻ പറഞ്ഞുവെച്ചതിൽ നിന്ന് ഒരു പടി മുന്നോട്ടു നീങ്ങി ചൈനയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ഇന്നത്തെ സാമ്പത്തിക നയങ്ങൾ നോക്കുമ്പോൾ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യം എന്ന് പറയുമെന്നാണ് ഏര്യാ കമ്മിറ്റി ചോദ്യം. കാലാവസ്ഥ വ്യതിയാനത്തിൽ വില്ലൻ ചൈനയാണെന്നും കുറ്റപ്പെടുത്തലുമുണ്ട്. ചൈന താലിബാനെ അംഗീകരിച്ച രാജ്യമാണ്, ഇന്ത്യയിൽ കമ്യൂണിസ്റ്റുകാരെ സഹായിക്കുന്നില്ല എന്നിങ്ങനെ പോകുന്നു വിമർശനം. ഇങ്ങനെ ചൈനാവിഷയത്തിൽ സിപിഎം പ്രാദേശിക നേതൃത്വവും സംസ്ഥാന തേതാക്കളും രണ്ടു ധ്രുവങ്ങളിൽ നിൽക്കെ ഇതിനിടയിൽ  എവിടെയാണ് ചൈന എന്ന രാഷ്ട്രീയ ഭൂമികയിൽ യാഥാർഥ്യം എന്നതാണ് ഇന്ന് മലയാളികൾ അന്വേഷിക്കുന്നത്. 

സർവശക്തനായ ഷി

ചൈനയിലെ ജീവിതക്രമത്തിന്റെ, അവരുടെ വിദേശ ബന്ധങ്ങളുടെ എല്ലാം തുടിപ്പുകൾ നിയന്ത്രിക്കുന്നത് ഇന്ന് ഷി ജിൻ പിംഗ് എന്ന സർവശക്തനായ അവരുടെ പ്രസിഡന്റാണ്. ചൈനയുടെ പരമാധികാര സ്ഥാനത്തേക്കുള്ള ഷി ജിൻ പിങ്ങിന്റെ ജൈത്രയാത്ര തുടങ്ങുന്നത്  2008 -ൽ അദ്ദേഹം ചൈനയുടെ വൈസ് പ്രസിഡനായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്. അധികം വൈകാതെ, 2012 നവംബർ 15 ന് ഷി ജിൻപിങ്  ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നു. ഏഴംഗ പോളിറ്റ് ബ്യൂറോ സ്റ്റാന്റിംഗ് കമ്മിറ്റിയെ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹം അന്ന് നിയുക്തനാവുന്നു. 2013 മാർച്ച് 14 ന് ഷി ജിൻ പിങിനെ ചൈനീസ് പാർലമെന്റ് ഹു ജിൻ താവോയുടെ പിൻഗാമിയായി, ചൈനയുടെ അടുത്ത പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുന്നു.

Truth of China Politics, from Parassala Area Committee of CPM to S Ramachandran Pillai
 
 പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്ത പാടെ ഷി ജിൻപിങ് പ്രഖ്യാപിക്കുന്നത് ഒരു ആന്റി കറപ്‌ഷൻ ഡ്രൈവ് ആണ്. രാജ്യത്തെ ഭരണ വ്യവസ്ഥ അടിമുടി അഴിമതിയിൽ മുങ്ങികുളിച്ചിരിക്കുകയാണ് എന്നും താൻ അതിനെ വൃത്തിയാക്കി എടുക്കാൻ പോവുന്നു എന്നുമായിരുന്നു ഷി യുടെ പ്രഖ്യാപനം. 'ടൈഗേഴ്‌സ് ആൻഡ് ഫ്‌ളൈസ്' ("tigers and flies") എന്ന  പേരിൽ നടന്ന ആന്റി കറപ്‌ഷൻ സ്വീപ്പിൽ, ആദ്യ അഞ്ചു വർഷത്തിനുള്ളിൽ മാത്രം ഏതാണ്ട് 13 ലക്ഷത്തോളം അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണ് ഷി ജിൻപിങ്  അന്ന് പിടികൂടി വിചാരണ ചെയ്തു തുറുങ്കിൽ അടച്ചത്. 2017 -ൽ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഷി ജിങ് പിൻ പറയുന്നത്, "ലോകത്തിലെ ഏറ്റവും നിർണായകമായ കേന്ദ്രശക്തിയായി മാറുക എന്നതാണ് ചൈനയുടെ നിയോഗം" എന്നാണ്. ഇപ്പോൾ ആ സ്ഥാനത്ത് കയറി ഇരിക്കുന്ന അമേരിക്കയെ ആയുധ ബലത്തിന്റെയും, സമ്പത്തിന്റെയും സ്വാധീന ശക്തിയുടെയും എല്ലാം കണക്കിൽ പിന്നിലാക്കി, അവിടേക്ക് കയറിപ്പറ്റാൻ വേണ്ടിയുള്ള പരിശ്രമങ്ങളാണ്  അധികാരത്തിലേറിയ അന്നുതൊട്ടുതന്നെ ഷി ജിൻപിങ് നടത്തിവരുന്നത്.  അതിന് അദ്ദേഹം മുന്നോട്ടു വെക്കുന്നത് "സോഷ്യലിസം വിത്ത് ചൈനീസ് ക്യാരക്റ്ററിസ്റ്റിക്സ് " എന്ന തന്റെ ചിന്താധാരയാണ്. മാനവ രാശി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ചൈനീസ് ബുദ്ധിയും ചൈനീസ് നിലപാടുകളും വെച്ച്  താൻ പരിഹാരം കണ്ടെത്തും എന്നാണ് അദ്ദേഹം പറയുന്നത്. , ലോകത്തിനു മുഴുവൻ അനുകരിക്കാവുന്ന മാതൃകയാണ് ചൈന എന്ന് ചെയർമാൻ മാവോക്കു ശേഷം ആത്മവിശ്വാസത്തോടെ ഉറക്കെ വിളിച്ചു പറയുന്ന ആദ്യത്തെ നേതാവാണ് ഷി ജിൻ പിംഗ്. അധികാരമേറ്റെടുത്ത ആദ്യവര്ഷങ്ങളിൽ ഷി ജിൻ പിങിനെ മാധ്യമങ്ങൾ വിളിച്ചത് ദങ് ഷാവോ പിങിന് ശേഷം ചൈന കണ്ട ഏറ്റവും പ്രബലനായ നേതാവ് എന്നായിരുന്നു എങ്കിൽ, ഇക്കഴിഞ്ഞ പാർട്ടി പ്ലീനത്തിനു ശേഷം അത് മാവോയ്ക്കു ശേഷം ചൈന കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള നേതാവ് എന്നായിട്ടുണ്ട്.  ഷിയുടെ ഭരണകാലത്ത് ചൈനയുടെ സൈനികബലവും എത്രയോ ഇരട്ടിച്ചിട്ടുണ്ട്.  ചൈനയുടെ നേവി, എയർഫോഴ്സ്, ആർമി എന്നിവ ഷിയുടെ കീഴിൽ കാലാനുസൃതമായ പരിഷ്‌ക്കാരങ്ങൾക്ക് വിധേയമായിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള എതിർപ്പിനും അന്താരാഷ്ട്ര നിയമങ്ങൾക്കും പുല്ലുവില കല്പിച്ചു കൊണ്ട്, കഴിഞ്ഞ നാലഞ്ച് വർഷത്തിനിടെ സൗത്ത് ചൈന സീ ഏകദേശം മുഴുവനായും കയ്യേറി ചൈന സൈനിക ഔട്ട്പോസ്റ്റുകൾ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.

ചൈനയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ദേശീയ പാതയ്ക്ക് സമീപത്തായി സ്ഥാപിച്ചിട്ടുള്ള പതിനായിരക്കണക്കിന് ഹോർഡിങ്ങുകളിൽ ഇന്ന് ചിരിച്ചു കൊണ്ട് ജനങ്ങളെ അഭിവാദ്യം ചെയുന്ന ഷിയുടെ ചിത്രം കാണാം. 'ഷി ദാദ' അഥവാ 'അങ്കിൾ ഷി' എന്നാണ് ഷി ജിൻപിങ് ജനങ്ങളെക്കൊണ്ട് അവനവനെ വിളിപ്പിക്കാൻ ശ്രമിച്ചുവരുന്നത്. "സാധാരണക്കാരിൽ സാധാരണക്കാരനായ, അവരെപ്പോലെ അവർക്കൊപ്പം ഉണ്ടുറങ്ങുന്ന ഒരു ചൈനീസ് പ്രസിഡന്റ്" എന്ന ഇമേജ് നിലനിർത്താൻ വേണ്ടി ചില്ലറ പ്രോപഗണ്ടകൾ ഒന്നുമല്ല അദ്ദേഹത്തിൽ നിന്നുണ്ടാവുന്നത്. 'ഷി ജിൻപിങ് തോട്ട്' അഥവാ 'ഷി ജിൻ പിങ് ങിന്റെ തത്വ ചിന്ത' എന്നത് ഇന്ന് ഭരണഘടനയുടെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞു. അതിന്റെ പുസ്‌തക രൂപത്തിലുള്ള പതിപ്പ് ചൈനയിലെ ബുക് സ്റ്റോറുകളിൽ ഇന്ന് ഒരു ബെസ്റ്റ് സെല്ലർ പുസ്തകമാണ്.

കഴിഞ്ഞ പത്തുവർഷത്തോളം കാലത്തേ തന്റെ വിപ്ലവകരമായ പദ്ധതികളിലൂടെ ചൈനയിൽ നിന്ന് ദാരിദ്ര്യത്തെ തുടച്ചു നീക്കാൻ ഷി ജിൻ പിങിന് സാധിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്. ഈ പദ്ധതികൾക്ക് ഉദാഹരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്, ഷി 2013 -ൽ ആരംഭിച്ച, എഴുപതിലേറെ രാജ്യങ്ങളിലായി ട്രില്യൺ കണക്കിന് ഡോളർ ചെലവിട്ടു നടപ്പിലാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യയെറ്റിവ് (BRI)പോലുള്ള ഭീമൻ ഇൻഫ്രാ പദ്ധതികളാണ്. ഷിയുടെ ഭരണത്തിന് കീഴിൽ ചൈനക്കാരന്റെ പ്രതിശീർഷ  വരുമാനം കാര്യമായി വർധിച്ചു എന്നും  ചൈനയിലെ നല്ലൊരു വിഭാഗം ജനങ്ങളെ കേവല ദാരിദ്ര്യത്തിൽ നിന്നും  പിടിച്ചുയർത്താൻ അദ്ദേഹത്തിന്റെ നയങ്ങൾക്ക് സാധിച്ചു എന്നുമാണ് ലോകബാങ്കിന്റെ ഉദ്ധരിച്ചു കൊണ്ട് അവർ അവകാശപ്പെടുന്നത്. ചൈനയിലെ ജനങ്ങൾ അവരുടെ ഗവണ്മെന്റിന്റെ ഭരണത്തിൽ പരിപൂർണ തൃപ്തരാണ് എന്നൊരു അവകാശവാദം വേറെയുമുണ്ട്. ചൈനയിലെ ജനങ്ങളിൽ ഏതാണ്ട് 95 ശതമാനത്തോളം പേര് തങ്ങളുടെ ഗവൺമെന്റിൽ തൃപ്തി ഉള്ളവരാണ് എങ്കിൽ അമേരിക്കയിൽ  അത് വെറും 38 ശതമാനം മാത്രമാണ് എന്നും ഹാർവാർഡ് സർവകലാശാലയുടെ പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഷി ജിൻ പിങിനെ പിന്തുണയ്ക്കുന്നവർ പറയുന്നു. പിന്നെയും നിരവധി നയങ്ങൾ ഷി ജിൻ പിങ് ങിന്റെ ഭരണമികവിന്റെ ഉദാഹരണങ്ങളായി അവർ നിരത്തുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ ചൂഷണങ്ങൾ തടയാൻ വേണ്ടി കൊള്ളലാഭം കൊയ്യുന്ന എഡ്യൂടെക് കമ്പനികളെയും സ്വകാര്യ ട്യൂഷൻ ദാതാക്കളെയും നിയന്ത്രിക്കാൻ കൊണ്ടുവന്ന നിയമം, പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം നിയന്ത്രണത്തിൽ കൊണ്ടുവരാൻ വേണ്ടി രാജ്യത്തെ വൻകിട കുത്തക പണക്കാരോട് അവരുടെ സമ്പത്ത് രാജ്യത്തെ പാവപ്പെട്ടവർക്കുകൂടി പങ്കിട്ടു നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള “common prosperity,” എന്ന ആശയം മുന്നോട്ടുവെച്ചുകൊണ്ടുള്ള  ഷിയുടെ നിർദേശങ്ങൾ, സോളാർ, വിൻഡ് പോലുള്ള റിന്യൂവബിൾ എനർജി സോഴ്‌സുകളിൽ നിക്ഷേപങ്ങൾ വർധിപ്പിക്കാനും, കാർബൺ ഫുട്ട് പ്രിന്റുകൾ കുറയ്ക്കാനും, പുതുതായി കാടുകൾ വെച്ചുപിടിപ്പിക്കാനും  ഒക്കെയുള്ള പദ്ധതികളിലൂടെ കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതുന്ന ഷിയുടെ നയങ്ങൾ തുടങ്ങി പലതും അക്കൂട്ടത്തിലുണ്ട്.  

രാജ്യങ്ങളെ വളയുന്നതാര്?

ലഡാക്ക് അതിർത്തിയിലൂടെ അടുത്തിടെ ഇന്ത്യൻ മണ്ണിലേക്കുണ്ടായ കടന്നു കയറ്റങ്ങൾ, അതിന്റെ പിന്നാലെ ഇരുപക്ഷത്തുമുള്ള സൈനികർക്ക് ജീവാപായമുണ്ടായ സംഘർഷങ്ങൾ എന്നിവയിലൂടെ ഇന്ത്യയെയും, സൗത് ചൈന സീയിലൂടെയുള്ള നാവിക നീക്കങ്ങളിലൂടെയും വ്യോമ അതിർത്തി ലംഘിച്ചുകൊണ്ടുള്ള കടന്നുകയറ്റങ്ങളിലൂടെയും ഇന്തോനേഷ്യ വിയറ്റ്നാം അടക്കമുള്ള അയൽ രാജ്യങ്ങളെയും, നേരിട്ട് സൈന്യത്തെ പറഞ്ഞയച്ചുളള ഇടപെടലിലൂടെ ഹോങ്കോങ്, തായ്‌വാൻ എന്നീ സ്വതന്ത്ര പ്രവിശ്യകളെയും ബുള്ളി ചെയ്യുന്ന തരത്തിലുള്ള ഇടപെടലുകളാണ് ചൈന ഷി ജിൻ പിങ് ങിന്റെ ഭരണത്തിന് കീഴിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഇപ്പോൾ നിലനിൽക്കുന്ന ഒരു പ്രധാന ആക്ഷേപം. ഷീ ജിൻ പിങ് ങിന്റെ ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യം ആണ് എന്ന് പറയുന്നതിൽ യാതൊരു വസ്തുതയും ഇല്ല എന്നും, ഇപ്പോൾ അവിടെ നിലവിലുള്ളത്  'സ്റ്റേറ്റ് ഡിക്ടേറ്റഡ് കാപ്പിറ്റലിസം' മാത്രമാണ് എന്നും നിരീക്ഷണങ്ങളുണ്ട്. ഷിയുടെ ഭരണത്തിന് കീഴിൽ, തികഞ്ഞ 'അതോറിറ്റേരിയൻ ഭരണക്രമത്തിലേക്ക് രാജ്യം അധഃപതിക്കുകയാണ് എന്നും നിരീക്ഷകർ പറയുന്നു.  എതാണ്ട് മൂവായിരം അംഗങ്ങളുള്ള National People's Congress ൽ രണ്ടു വെറും രണ്ടു പേരാണ് ഷി ജിൻ പിങിന് എതിരായി വോട്ട് ചെയ്തത് എന്നത് ആ തിരഞ്ഞെടുപ്പ് എന്തുവലിയ പ്രഹസനമാണ് എന്നതിന്റെ ലക്ഷണമാണ് എന്നും അവർ പറയുന്നു. ഷിയുടെ മുൻഗാമി ആയിരുന്ന ഹൂ ജിന്താവോയുടേ കാലത്ത് ധാരാളം  വിഭാഗങ്ങൾ ഉള്ള ചൈനീസ് കംയുണിസ്റ്റ് പാർട്ടിയിൽ അഭിപ്രായം പറയുന്നതിനുള്ള വേദികളുണ്ടായിരുന്നു,  നാഷ്നൽ ഡിബേറ്റുകൾ നടക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അത്തരം ഡിബേറ്റുകൾ ഇല്ലാതാകുന്നതും, എതിരഭിപ്രായങ്ങൾ ഉള്ളവർ ഇല്ലാതെ വരുന്നതും ഒരു സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ സ്വഭാവങ്ങളല്ല എന്നും വിമർശകർ പറയുന്നു.ഒട്ടും സുതാര്യതയില്ലാത്ത രാജ്യത്തത്തെ മാധ്യമങ്ങളും അധികാര സംവിധാനങ്ങളും ചേർന്ന് എവർഗ്രാൻഡെ പോലുള്ള വലിയ കടക്കെണികളുടെ തകർച്ചയുടെ കഥകൾ, കോവിഡിന്റെ കാര്യത്തിലുള്ള വസ്തുതകൾ, യഥാർത്ഥ കണക്കുകൾ തുടങ്ങി പലതും ശ്രദ്ധാപൂർവം ഒളിപ്പിക്കുകയാണ് എന്നും അവർ പറയുന്നു. വടക്കൻ പ്രവിശ്വകളിൽ  ഉയ്ഗുർ മുസ്ലീങ്ങളെ പാർപ്പിച്ചിരിക്കുന്ന പുനർവിദ്യാഭ്യാസ കേന്ദ്രങ്ങൾ പോൾപോട്ടിന്റെ കാലത്തിലെ റി എഡ്യുക്കേഷൻ സെന്ററുകളുടെ മിനി പതിപ്പുകളാണു എന്നതാണ്  മറ്റൊരു ആക്ഷേപം. അതിനെ കൗണ്ടർ ചെയ്യാൻ വേണ്ടി  ചൈന പുറത്ത് വിട്ട  വീഡിയോകളിൽ ഈ റീഎജുക്കേഷൻ ക്യാമ്പുകളിൽ മാസങ്ങളായി കുടുംബത്തെ വേർപിരിഞ്ഞു കഴിയുന്ന ഉയ്ഗുർ മുസ്ലിംകൾ തികഞ്ഞ ആമോദത്തോടെ ഹാൻ വംശീയസ്വത്വത്തിന്റെയും ചൈനീസ് ദേശീയതയുടെയും വാഴ്ത്തുപാട്ടുകൾ പാടുന്നത് അതൊക്കെ എത്ര വലിയ പ്രഹസനമാണ് എന്നതിന്റെ തെളിവാണ് എന്നും വിമർശകർ പറയുന്നു.

ഷിയുടെ വൈരനിര്യാതനബുദ്ധി 

അധികാരമേറ്റെടുത്ത പാടെ ഷി ജിൻപിങ്  തന്റെ  പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്ന അഴിമതിക്കെതിരായ സന്ധിയില്ലാ സമരത്തിന്, പ്രത്യക്ഷത്തിൽ മനസ്സിലാവാത്ത ഒരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. അന്ന് തുറുങ്കിൽ അടക്കപ്പെട്ട ആ ഒരു ലക്ഷത്തിന്റെ കൂടെ തന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ എതിരാളികളെ പലരെയും ഷി രാഷ്ട്രീയത്തിൽ നിന്ന് എക്സിറ്റ് പാസ് അടിച്ച് എന്നെന്നേക്കുമായി പറഞ്ഞു വിടുന്നു. ഭാഗ്യവാന്മാർ ഉടനടി കഴുവേറ്റപ്പെടുന്നു. ദുർഭാഗ്യവാന്മാർ തടവറകളിൽ കിടന്ന് നരകിച്ച്‌ മറിക്കാൻ വിധിക്കപ്പെടുന്നു. ഇങ്ങനെ  ഒരു സുപ്രഭാതത്തിൽ പൊതുജീവിതത്തിൽ നിന്ന് നിഷ്കാസിതരായവരിൽ പാർട്ടി സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും ആഭ്യന്തര സുരക്ഷാ സമിതി മേധാവിയുമായ സൗ യോങ് കാങ് ചൈനീസ് കമ്യൂണിസ്റ്റു പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും ചോങ് ക്വിങ്ങിലേ, പാർട്ടി സെക്രട്ടറിയുമായ ബോ ക്സി ലായി, , സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാൻ ക്സു കൈഹൌ എന്നിങ്ങനെ ഷി ജിൻ പിങ് ങിന്റെ പ്രധാന ശത്രുക്കൾ മിക്കവാറും എല്ലാവരും ഉണ്ടായിരുന്നു. ചൈനയിലെ അധികാര കൈമാറ്റങ്ങൾക്കു പിന്നാലെ എല്ലാക്കാലത്തും ഇത്തരത്തിലുള്ള പർജിങ്ങുകൾ ഉണ്ടായിട്ടുണ്ട്.  ചൈനയിലെ പാർട്ടിയുടെ അച്ചടക്ക സമിതിയായ   Central Commission for Discipline Inspection യുടെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് അടുത്തിടെ ബിബിസി റിപ്പോർട്ട് ചെയ്തത്, 1949 നും 2012 നും ഇടക്ക് മാവോ മുതൽ ഹു ജിൻ താവോ വരെയുള്ള  എട്ടു പ്രെസിഡന്റുമാരുടെ കീഴിൽ  ആകെ അച്ചടക്ക നടപടികൾക്ക് വിധേയരായ അത്രയും പാർട്ടി സെൻട്രൽ കമ്മിറ്റി അംഗങ്ങൾ 2012 മുതൽ ഇന്നുവരെയുള്ള ഷിജിൻപിങ് ങിന്റെ കീഴിൽ മാത്രം അച്ചടക്ക നടപടികൾക്ക് വിധേയരാക്കപ്പെട്ടിട്ടുണ്ട് എന്നാണ്.  

Truth of China Politics, from Parassala Area Committee of CPM to S Ramachandran Pillai

അതുപോലെ കോവിഡ് കാലത്തെ ഷി ജിൻ പിങിന്റെ പല കർശനനടപടികളും വൻതോതിലുള്ള വിമർശനങ്ങൾക്കു കാരണമായതാണ്. വിമർശനസ്വരങ്ങളെ എന്നും അടിച്ചമർത്തിയ ചരിത്രമേ ചൈനയ്ക്കുള്ളൂ. ന്യൂമോണിയ എന്ന് ആദ്യം സംശയിക്കപ്പെട്ട, വുഹാനോൾ നിന്നുതുടങ്ങി രാജ്യത്തു പടർന്നുപിടിച്ച പകർച്ചവ്യാധിയെ കൈകാര്യം ചെയുനതിൽ ആരോഗ്യവകുപ്പ് അലംഭാവം കാണിച്ചു  എന്ന് വിളിച്ചു പറഞ്ഞതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ട ഡോ. ലീ വെൻ ലിയാങ്, കൊവിഡ് 19 ചൈനയിൽ നിത്യേന നൂറുകണക്കിനുപേരുടെ ജീവനെടുത്തുകൊണ്ടിരുന്നപ്പോൾ, ആശുപത്രികളിലെ കെടുകാര്യസ്ഥതയും ദയനീയാവസ്ഥയും അന്താരാഷ്ട്രസമൂഹത്തിനു മുമ്പിലേക്ക് വീഡിയോയിലൂടെ എത്തിച്ച  യൂട്യൂബർ ചെൻ ക്വിഷി, വേണ്ടത്ര തയ്യാറെടുപ്പൊന്നും കൂടാതെ കൊറോണാ വൈറസിനെതിരെ പടവാളുമായിറങ്ങിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ ' വിവസ്ത്രനായ കോമാളി' എന്നുവിളിച്ചതിന്റെ പേരിൽ വിമർശനങ്ങൾക്ക് ഇരയായിരുന്ന പ്രസിദ്ധനായ റിയൽ എസ്റ്റേറ്റ് കമ്പനി മേധാവി റെൻ സിക്വിയാങ്ങ്  എന്നിവർ നിന്ന നില്പിനാണ് അവരുടെ സ്വാഭാവികമായ ജീവിത പരിസരങ്ങളിൽ നിന്ന് അപ്രത്യക്ഷരായത്. കഴിഞ്ഞ ദിവസം, രാജ്യത്തിൻറെ വൈസ് പ്രീമിയർ ആയ സാങ് ഗാവോലി (Zhang Gaoli)തന്നെ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് വീബോയിൽ പോസ്റ്റിട്ട പെങ് ഷുവായി Peng Shuai  വനിതാ ടെന്നീസ് താരത്തെക്കുറിസിച്ചും ദിവസങ്ങളായി ഇപ്പോൾ വിവരമൊന്നുമില്ല. പരാതിയിന്മേൽ നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എങ്കിലും, വീബോയിൽ പോസ്റ്റ് ഇട്ടു അരമണിക്കൂറിനുള്ളിൽ ആ പോസ്റ്റ് നീക്കം ചെയുകയും, പിന്നീട് രാജ്യത്തെ സെർച്ച് എഞ്ചിനുകളിൽ പെങ് ഷുവായി  എന്ന കീവേഡ് സെർച്ച് ചെയ്‌താൽ കിട്ടാതാവുകയും ചെയ്‌തിട്ടുണ്ട്‌.

മേല്പറഞ്ഞവരെയൊക്കെ, ഗവണ്മെന്റിനോ ഗവണ്മെന്റിലെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കോ എതിരെ അവരുന്നയിച്ച പ്രതികളുടെയും വിമര്ശനങ്ങളുടെയും പേരിൽ, സർക്കാർ നിയന്ത്രണത്തിലുള്ള  ഡിറ്റെൻഷൻ സെന്ററുകളിൽ അടച്ചിട്ടു പീഡിപ്പിക്കുകയാണ് എന്നാണ്   ബന്ധുക്കൾ ആക്ഷേപിക്കുന്നത്.   തനിക്കെതിരെയുള്ള നേരിയൊരു  വിമർശനം പോലും സഹിക്കാനുള്ള മനസ്ഥിതിയില്ലാത്ത ഒരു ഭരണാധികാരിയാണോ ഷി ജിൻപിങ്  എന്ന ആശങ്കയിലേക്കാണ് തുടർച്ചയായ ഈ പരാതികൾ നയിക്കുന്നത്.

രാഷ്ട്രീയത്തിൽ നിലനിൽപ്പിനു അത്യാവശ്യമായി വേണ്ടത് പവർ കൺസോളിഡേഷൻ അഥവാ അധികാരം അവനവനു ചുറ്റും മാത്രമായി കേന്ദ്രീകരിച്ചു നിർത്തൽ ആണ് എന്ന് ഷി ജിൻ പിങിന് നന്നായി അറിയാം. അദ്ദേഹം വര്ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. 2021 നവംബറിൽ നടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്തൊമ്പതാം കേന്ദ്ര കമ്മിറ്റിയുടെ  ആറാം പ്ലീനത്തിൽ  പ്രസിഡന്റ് ഷി ജിൻ പിംഗ്, കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘർഷങ്ങളും നേട്ടങ്ങളും ചർച്ചയ്‌ക്കെടുക്കുന്ന അസാധാരണ പ്രമേയം അവതരിപ്പിച്ചു. അതൊരപൂർവ്വതയാണ്. പാർട്ടിയുടെ ചരിത്രപരമായ നിലപാടുകളെക്കുറിച്ച് ചർച്ച ചെയ്യാനായി ഒരു പ്രമേയം കൊണ്ടുവരിക എന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അങ്ങനെ പതിവില്ലാത്തതാണ്. അതിനുമുമ്പ് അത് സംഭവിച്ചിട്ടുള്ളത് രണ്ടുവട്ടം മാത്രം. ആദ്യം 1945 -ൽ പാർട്ടി നിലപാടുകളെ ചർച്ചയ്‌ക്കെടുക്കാൻ ധൈര്യം കാണിച്ചത് മാവോ സെ ദോങ് ആയിരുന്നു. മാവോയുടെ ചരിത്രപ്രസിദ്ധമായ പ്രമേയത്തിന് നാലു പതിറ്റാണ്ടിപ്പുറം 1981 ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രകമ്മിറ്റി ആറാം പ്ലീനത്തിൽ ഇത്തരമൊരു പ്രമേയമുണ്ടായി. അന്ന് ബെയ്ജിങിൽ, ചൈനയുടെ അന്നോളമുള്ള ചരിത്രത്തെ ഇഴകീറി വിമർശിക്കുന്ന അതിനിർണായകമായ പ്രമേയം അവതരിപ്പിച്ചത് ദങ് ഷാവോപിങ് ആയിരുന്നു. ചൈന അങ്ങേയറ്റം സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇനിയങ്ങോട്ട്, അതുവരെ പിന്തുടർന്ന സോഷ്യലിസത്തിന്റേതാണോ, ലോകം മുഴുവൻ ആശ്ലേഷിച്ചു കഴിഞ്ഞ മുതലാളിത്തത്തിന്റേതാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ ചൈന ഉഴലുന്ന കാലം. അക്കാര്യത്തിലൊരു വ്യക്തതയും തീരുമാനവുമുണ്ടായി അന്ന്. ദങ്ങ് ഷാവോയുടെ നേതൃത്വത്തിൽ അതിലൊരു വ്യക്തതയുണ്ടാക്കി, എന്നും പറയാം. ദങിന്റെ കീഴിൽ ചൈന അന്താരാഷ്ട്ര വ്യാപാര സമൂഹത്തിനു മുന്നിൽ രാജ്യത്തിന്റെ വാതായനങ്ങൾ മലർക്കെ തുറന്നിട്ടു. തുടർന്നങ്ങോട്ട് വലിയ സാമ്പത്തിക പരിഷ്‌കാരങ്ങൾക്കാണ് ആ രാജ്യം സാക്ഷിയായത്.നമ്മളിന്നു കാണുന്ന ആധുനിക ചൈന, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പതിനൊന്നാം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ആറാം പ്ലീനത്തിന്റേയും തുടർന്നങ്ങോട്ട് ദങ് ഷാവോപിങ് സ്വീകരിച്ച വിപ്ലവകരമായ നിലപാടുകളുടെയും നേർഫലമാണ്.  ദങ് സിയാവോ പിങ് ങിന്റെ അന്നത്തെ വിപ്ലവകരമായ നയം വ്യക്തമാക്കലുകൾക്ക് ശേഷം പിന്നീട് സമാനമായൊരു സംഗതി ഉണ്ടാവുന്നത് നാൽപതു കൊല്ലങ്ങൾക്കു ശേഷം ഷി ജിൻ പിങ് ങിന്റെ കാലത്താണ്. രാഷ്ട്രീയത്തിൽ ഒരു തരത്തിലും ഒരു പുത്തൻകൂറ്റുകാരനല്ല ഷി. ചൈനീസ് രാഷ്ട്രീയത്തിൽ കിടന്നു പുളച്ചു വളർന്ന ആളാണ്. ഏറ്റവും ഗ്രാസ് റൂട്ട് ലെവൽ മുതൽക്കിങ്ങോട്ട് ഓരോ സ്റ്റേജിലും മല്ലിട്ടു മല്ലിട്ടു തന്നെ പാർട്ടി പിരമിഡിന്റെ ഏറ്റവും മുകളിലേക്കെത്തിച്ചേർന്ന ഒരാൾ. ഷി ജിൻ പിങ്   കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു ഉൾപാർട്ടി രഹസ്യവുമില്ല. പാർട്ടിയെ അതിജീവിക്കേണ്ടതെങ്ങനെ, പാർട്ടിയിൽ നിലനിൽക്കേണ്ടതെങ്ങനെ ഇതെല്ലാം സ്വന്തം ജീവിതാനുഭവങ്ങൾ കൊണ്ട് പഠിച്ചെടുത്തതാണ് ഷി. അതുകൊണ്ട്, എതിരാളി ഷിയെ അടിക്കുന്നതിനെപ്പറ്റി മനസ്സിൽ ചിന്തിക്കുന്നതിനു മുമ്പുതന്നെ ഷിയുടെ അടി അയാളെ തറപറ്റിക്കുകയാണ് പതിവ്. അങ്ങനെ തന്റെ എതിരാളികളെ ഒന്നൊന്നായി തുടച്ചു നീക്കിക്കൊണ്ടാണ് ഷി ജിൻപിങ്  തന്റെ അപ്രമാദിത്വം ചൈനയിൽ ഉറപ്പിക്കുന്നത്. 2018 -ൽ നിർണായകമായ ഒരു ഭരണഘടനാ ഭേദഗതി വേണമോ ഇല്ലയോ എന്ന് നിശ്ചയിക്കാൻ വേണ്ടി ചൈനയിൽ ഒരു പാർലമെന്റ് സമ്മേളനം നടക്കുന്നു. പാർട്ടി ഭരണഘടന പ്രകാരം തുടർച്ചയായി രണ്ടുവട്ടം മാത്രമേ ഒരാൾക്ക് ചൈനീസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ സാധിക്കുമായിരുന്നുള്ളൂ. പത്തുവർഷക്കാലത്തേക്ക് മാത്രം പരമോന്നത പദവി എന്നതായിരുന്നു ചട്ടം. 2018 -ൽ നാഷണൽ പീപ്പിൾസ് കോൺഗ്രസ് എന്ന ചൈനീസ് പാർലമെന്റ് പുതിയ നിയമനിർമാണം നടത്തി ഈ പരിമിതി റദ്ദാക്കുന്നു. അന്ന് 2,964 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു വോട്ടുചെയ്തപ്പോൾ രണ്ടേരണ്ടു വോട്ടാണ് ഷി ജിൻ പിങിനെ മൂന്നാമതും പ്രസിഡണ്ടാക്കുന്നതിനെതിരെ കാസ്റ്റ് ചെയ്യപ്പെട്ടത്.  അങ്ങനെ ചെയർമാൻ മാവോയ്ക്ക് ശേഷം, ഒരു പ്രസിഡന്റിനും ലഭിച്ചിട്ടില്ലാത്ത വിശേഷാൽ പരിഗണന, മൂന്നാമതൊരു term ലഭിച്ചയാളായി ഷി ജിൻ പിങ്  മാറി. ഷി ജിൻ പിങിനെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ അമരക്കാരനായും (Helmsman) ഉയർത്തി, കമ്യൂണിസ്റ്റ് പാർട്ടി. ഈ പ്രഖ്യാപനത്തോടെ ചെയർമാൻ സാക്ഷാൽ മാവോ സെ ദോങിന്റെ സമശീർഷനായി ഷി ജിൻപിങ് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.

ഈ നീക്കങ്ങളോടെ "ലോകം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും ശക്തനായ രാഷ്ട്രനേതാവ്" എന്ന നിലയിലേക്കാണ് ഷി ജിൻ പിങ്  വളർന്നിട്ടുള്ളത്. ഓരോ തവണ ഊഴം നീട്ടിക്കിട്ടുമ്പോഴും ഷി ജിൻ പിങ് ങിന്റെ കാർക്കശ്യം ഏറി വരികയും, ചൈനയിലെ പൗരന്മാർക്ക് അദ്ദേഹത്തോടുള്ള വിധേയത്വം വർധിച്ചു വരികയുമാണ് ചെയ്യുന്നത്. "അഴിമതി തടയുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക" തുടങ്ങിയവ  എല്ലാക്കാലത്തും അരാഷ്ട്രീയവാദികളുടെ ഇഷ്ട പ്രചാരണായുധങ്ങളാണ്. ആ അപ്പക്കഷ്ണങ്ങളിൽ തൃപ്തിപ്പെടുന്ന അച്ചടക്കമുള്ള പൗരന്മാർ നിറഞ്ഞ ചൈനയെപ്പോലുള്ള രാജ്യങ്ങളിൽ, ജനാധിപത്യത്തിലെ ജീവൽശ്വാസമായ അഭിപ്രായ സ്വാതന്ത്ര്യം ഒരു  അത്യാഗ്രഹമായി മാറുന്നത് തികച്ചും സ്വാഭാവികമായ ഒരു പരിണതിയാണ്.  അങ്ങനെയുള്ളിടങ്ങളിലാണ് വികസനം എന്നും താരതമ്യേന എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കുന്നതും. അങ്ങനെ നേടിയ വികസനത്തിന്റെ അതിന്റെ ബലത്തിലാണ് ചൈന ഇന്ന് അമേരിക്കയെപ്പോലും രണ്ടാം സ്ഥാനത്തേക്ക് തള്ളി ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിയിട്ടുള്ളത്. ചൈനയെന്ന മഹാരാജ്യം വികസനത്തിന്റെ പുതിയ ചക്രവാളസീമകൾ താണ്ടുന്ന കാഴ്ചയിൽ  അഭിരമിക്കുന്ന ഏതൊരാളും,   ജനാധിപത്യമെന്ന സുന്ദരസങ്കല്പത്തിൽ നിന്ന് ആ രാജ്യം അനുദിനം അകന്നകന്നു പോവുന്നു എന്ന യാഥാർഥ്യവും അത്രതന്നെ വേദനയോടെ ഉള്ളിലേക്കെടുക്കേണ്ടതാണ്.

Follow Us:
Download App:
  • android
  • ios