പ്രസിഡന്റ് എര്‍ദോഗന്‍ പഠിച്ച മതപാഠശാലയെക്കുറിച്ച് തമാശ പറഞ്ഞ താരം ഇപ്പോള്‍ ജയിലിലാണ്. കഴിഞ്ഞ ഏപ്രിലില്‍ ഒരു വേദിയില്‍ നടത്തിയ പരാമര്‍ശമാണ് ഗുല്‍സനെ കുരുക്കിയത്. 

എല്ലാ തമാശകളും എല്ലാവരെയും രസിപ്പിക്കണമെന്നില്ല, ചിലത് വിചാരിക്കാത്ത ഫലങ്ങള്‍ സൃഷ്ടിക്കും. ചിലരെ ചൊടിപ്പിക്കും. അതോടെ തമാശയുടെ സ്വഭാവം മാറും. നമ്മള്‍ വിചാരിക്കാത്ത പരിണിതഫലങ്ങളും ഉണ്ടാകും. അത്തരത്തിലൊരു ദുരനുഭവം നേരിടുകയാണ് ടര്‍ക്കി പോപ്പ് ഗായിക ഗുല്‍സന്‍. പ്രസിഡന്റ് എര്‍ദോഗന്‍ പഠിച്ച മതപാഠശാലയെക്കുറിച്ച് തമാശ പറഞ്ഞ താരം ഇപ്പോള്‍ ജയിലിലാണ്. കഴിഞ്ഞ ഏപ്രിലില്‍ ഒരു വേദിയില്‍ നടത്തിയ പരാമര്‍ശമാണ് ഗുല്‍സനെ കുരുക്കിയത്. 

ഏപ്രില്‍ മാസത്തില്‍ ഒരു സംഗീത പരിപാടിക്കിടയില്‍ തന്റെ ട്രൂപ്പിലെ ഒരു വ്യക്തിയെക്കുറിച്ച് ഗുല്‍സന്‍ നടത്തിയ തമാശരൂപേണയുള്ള പരാമര്‍ശമാണ് പുതിയ വിവാദങ്ങള്‍ വഴി തുറന്നത്. ഗുല്‍സന്‍ തന്റെ സഹഗായകനെക്കുറിച്ച് സ്‌റ്റേജില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു 'അദ്ദേഹം മുമ്പ് ഒരു ഇമാം ഹാതിപ്പില്‍ (മതപാഠശാല) പഠിച്ചിരുന്നു. അവിടെ നിന്നാണ് അവന്റെയീ ലൈംഗിക മനോവ്യതിയാനം വരുന്നത്,' ഈ പരാമര്‍ശം അന്ന് ആരും അത്ര കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് ഇതിന്റെ വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിച്ചു. സര്‍ക്കാര്‍ അനുൂകല മാധ്യമമായ സഹാബ ഈ വീഡിയോ പുറത്തുവിട്ടതോടെയാണ് ഗുല്‍സന്‍ പുലിവാല് പിടിച്ചത്.

തുര്‍ന്ന് വീഡിയോ വന്‍ വിവാദമാവുകയും ഗുല്‍സനെതിരായ പരാതി കോടതിയില്‍ എത്തുകയും ചെയ്തു. കേസ് പരിഗണിച്ച ടര്‍ക്കി കോടതി മതവിദ്വേഷം പ്രചരിപ്പിച്ച കുറ്റത്തിന് ഇവര്‍ക്കെതിരെ ശിക്ഷ വിധിക്കുകയായിരുന്നു. ടര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്ത ഗായികയെ ഇപ്പോള്‍ ജയിലിലടച്ചിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

മതപഠനം പ്രോല്‍സാഹിപ്പിക്കാനും മതപ്രബോധകരെ വാര്‍ത്തെടുക്കാനുമായുള്ള മതപാഠശാലകളെക്കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നതാണ് ഗുല്‍സനെതിരെയുള്ള പ്രധാന വിമര്‍ശനം. ടര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പഠിച്ച ഇമാം ഹാത്തിപ് സ്‌കൂളിനെ കരിവാരിത്തേയ്ക്കുകയായിരുന്നു ഗായികയെന്നും വിമര്‍ശനം ഉയര്‍ന്നു. എര്‍ദോഗന്‍ ഭരണകൂടം അതിപ്രധാനമായി കരുതുന്ന മതപാഠശാലയെ അപമാനിച്ചു എന്ന രീതിയിലാണ് ടര്‍ക്കി സോഷ്യല്‍ മീഡിയയില്‍ ഗുല്‍സന്റെ വീഡിയോ പ്രചരിച്ചത്. മന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ ഗുല്‍സനെതിരെ രൂക്ഷമായ നിലപാട് എടുത്തു രംഗത്തുവന്നിരുന്നു. 

സംഭവം വിവാദമായതോടെ നിരവധി പേര്‍ താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. ഇതിനു പുറമേ സ്റ്റേജില്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നു, എല്‍ജിബിടി പതാക കൈയില്‍ പിടിയ്ക്കുന്നു തുടങ്ങിയ നിരവധി വിമര്‍ശനങ്ങളും താരത്തിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

തന്റെ പരാമര്‍ശം വിവാദമായതോടെ താരം മാപ്പ് അപേക്ഷിച്ചിരുന്നു. ബോധപൂര്‍വം തെറ്റായ അര്‍ത്ഥത്തില്‍ നടത്തിയ പരാമര്‍ശം ആയിരുന്നില്ല അതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. താരത്തിനെതിരായ എതിര്‍പ്പുകള്‍ ഒരുവശത്ത് ഉയരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ അടക്കം ആയിരക്കണക്കിന് ആളുകള്‍ ഗുല്‍സനെ പിന്തുണച്ച് രംഗത്തുണ്ട്. 

അവളുടെ ലിബറല്‍ വീക്ഷണങ്ങളും എല്‍ജിബിടി അവകാശങ്ങള്‍ക്കായുള്ള പിന്തുണയുമാണ് യഥാര്‍ത്ഥ പ്രകോപനമെന്നുമ മതവൈരാഗ്യം എന്ന ലേബല്‍ ഉപയോഗിച്ച് അവളെ തകര്‍ക്കാനുള്ള സംഘടിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗുല്‍സനെ അനുകൂലിക്കുന്നവര്‍ പറയുന്നു.