Asianet News MalayalamAsianet News Malayalam

പ്രളയ റിപ്പോര്‍ട്ടിംഗിനുമുമ്പായി ഉടുപ്പില്‍  ചെളിവാരിത്തേച്ചു; മാധ്യമപ്രവര്‍ത്തക മാപ്പുപറഞ്ഞു

തല്‍സമയ റിപ്പോര്‍ട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ക്യാമറയ്ക്ക് പുറം തിരിഞ്ഞുനിന്ന് തന്റെ വസ്ത്രത്തില്‍ ചെളി തേച്ചുപിടിപ്പിക്കുകയായിരുന്നു സൂസന്ന. ഈ ദൃശ്യങ്ങള്‍ ലൈവില്‍ പോവുകയും തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.
 

Tv journalist apologises for smearing mud on clothes while reporting German floods
Author
Berlin, First Published Jul 24, 2021, 12:34 PM IST

ബൈര്‍ലിന്‍: പ്രളയദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്നോടിയായി സ്വന്തം ഉടുപ്പില്‍ ചെളിവാരിത്തേച്ച ദൃശ്യമാധ്യമപ്രവര്‍ത്തക മാപ്പുപറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് വന്‍ പ്രളയമുണ്ടായ ജര്‍മ്മനിയിലാണ് സംഭവം. ജര്‍മന്‍ ചാനലായ ആര്‍ ടി എല്‍  റിപ്പോര്‍ട്ടറായ സൂസന്ന ഓഹ്‌ലന്‍ എന്ന 39 കാരിയാണ് ജനങ്ങളോട് മാപ്പുപറഞ്ഞത്. കോളിളക്കമുണ്ടാക്കിയ സംഭവത്തെ തുടര്‍ന്ന് ഇവരെ ചാനല്‍ സസ്‌പെന്റ് ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസമാണ് വിവാദമുണ്ടാക്കിയ ദൃശ്യങ്ങള്‍ പുറത്തുവന്നത്. പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫലിയയിലെ ഗ്രാമത്തില്‍നിന്നും ചാനലിനു വേണ്ടി തല്‍സമയ സംപ്രേഷണം നടത്തുകയായിരുന്നു സൂസന്ന. തല്‍സമയ റിപ്പോര്‍ട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ക്യാമറയ്ക്ക് പുറം തിരിഞ്ഞുനിന്ന് തന്റെ വസ്ത്രത്തില്‍ ചെളി തേച്ചുപിടിപ്പിക്കുകയായിരുന്നു സൂസന്ന. ഈ ദൃശ്യങ്ങള്‍ ലൈവില്‍ പോവുകയും തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന്്, സൂസന്നയ്ക്കും ചാനലിനും എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ചാനല്‍ സൂസന്നയെ സസ്‌പെന്റ് ചെയ്തത്. 

തന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായി സൂസന്ന പ്രസ്താവനയില്‍ വ്യക്തമാക്കി. ''നന്നായൊരുങ്ങി, വൃത്തിയുള്ള വസ്ത്രം ധരിച്ച് ദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നാണക്കേട് തോന്നിയപ്പോഴാണ് വസ്ത്രത്തില്‍ ചെളി തേച്ചത്. മറ്റൊന്നും ആലോചിച്ചിട്ടല്ല അങ്ങനെ ചെയ്തത്. ഇൗ വീഴ്ച സംഭവിക്കാന്‍ പാടില്ലായിരുന്നു. അതിനാല്‍, എല്ലാവരോടും മാപ്പുപറയുന്നു. ദുരന്തത്തെ അപഹസിക്കുന്ന ആളല്ല താന്‍. തൊട്ടുതലേന്നത്തെ ദിവസം, പ്രളയ ദുരിതാശാ്വാസ പ്രവര്‍ത്തനം നടത്തുകയായിരുന്നു താന്‍''-അവര്‍ പറഞ്ഞു. 

ഇതാണ് വിവാദ വീഡിയോ:  

പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ജര്‍മനിയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായത്. 170 പേര്‍ മരിക്കുകയും കോടിക്കണക്കിന് ഡോളര്‍ നഷ്ടം സംഭവിക്കുകയും ചെയ്തു. നിരവധി പേരെ കാണാതായി.  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് യൂറോപ്പിലെ മറ്റു രാജ്യങ്ങളെയും ഗുരുതരമായി ബാധിച്ച പ്രളയത്തിന്റെ കാരണമായി പറയുന്നത്. 

Follow Us:
Download App:
  • android
  • ios