Asianet News MalayalamAsianet News Malayalam

ഇരട്ടസഹോദരിയുണ്ടെന്ന ഞെട്ടിക്കുന്ന രഹസ്യമറിഞ്ഞത് 16-ാം വയസിൽ, കണ്ടെത്തിയത് ടിക്ടോക്കിൽ

നാബിലയെ ഫോണില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരു കണ്ണാടി നോക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞങ്ങളുടെ മൂക്ക്, കണ്ണ്, ചുണ്ടുകള്‍ എല്ലാം ഒരുപോലെ തന്നെയായിരുന്നു. കോള്‍ കട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയുടെ അടുത്ത് ചെന്ന് ചോദിച്ചു, 'അമ്മാ ഈ പെണ്‍കുട്ടി കാണാന്‍ എന്നെപ്പോലെ ഉണ്ടെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ' എന്ന്. 

twins reunited after 16 years
Author
Indonesia, First Published May 3, 2021, 12:07 PM IST

'ഞാനാകെ ഞെട്ടിത്തരിച്ചു പോയി, പിന്നെ കരച്ചിലായി. ഒരുവാക്ക് പോലും പറയാന്‍ പറ്റാത്തത്രയും വലിയ അമ്പരപ്പിലായിരുന്നു ഞാന്‍. ജീവിതത്തിലൊരിക്കലും എനിക്കൊരു ഇരട്ട സഹോദരിയുണ്ട് എന്ന് ഞാന്‍ കരുതിയിരുന്നില്ല...' പറയുന്നത് നാദിയ എൽവിര എന്ന പതിനാറുകാരി. ചില ജീവിതങ്ങൾ സിനിമയെ തോൽപ്പിക്കും. അങ്ങനെയൊരു സർപ്രൈസ് ജീവിതമാണ് ഇന്തോനേഷ്യയിലെ നാദിയ എൽവിര, നാബില അസ് സഹ്‍റ എന്നീ രണ്ട് പെൺകുട്ടികളുടേതും. പതിനാറാമത്തെ വയസ് വരെ തനിക്ക് ഒരു ഇരട്ട സഹോദരി ഉണ്ട് എന്ന സത്യം ഇരുവരും തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് കൗതുകകരം. ഇരുവരും തികച്ചും യാദൃച്ഛികമായി കണ്ടുമുട്ടുന്നത് സോഷ്യൽ മീഡിയയിലും. ആ കഥ സഹോദരിമാർ തന്നെ പറയുന്നു. 

നാദിയ എല്‍വിര -എന്‍റെ കുടുംബത്തിലെ ഏറ്റവും ഇളയ മകളായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ വലിയ ഒറ്റപ്പെടലും ഞാന്‍ അനുഭവിച്ചിരുന്നു. എന്‍റെ എല്ലാ സഹോദരങ്ങളും എന്നേക്കാള്‍ 20 വയസെങ്കിലും മൂത്തതായിരുന്നു. അങ്ങനെയാണ് എന്‍റെ പ്രായത്തിലുള്ള കുട്ടികളുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനായി ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തുടങ്ങിയത്. യൂട്യൂബില്‍ കുഞ്ഞുകുഞ്ഞു വീഡിയോ ആണ് ഇട്ടിരുന്നത്. 

ഒരു ദിവസം എന്‍റെ സുഹൃത്തായ ആയു, ഒരു പെണ്‍കുട്ടി ഡാന്‍സ് കളിക്കുന്ന ടിക്ടോക് വീഡിയോയില്‍ എന്നെ ടാഗ് ചെയ്തു. സ്‍കൂള്‍ യൂണിഫോമില്‍ ഡാന്‍സ് ചെയ്യുന്ന ഒരു കുട്ടി. അവള്‍ ശരിക്കും കാണാന്‍ എന്നെ പോലെ തന്നെയുണ്ട് എന്ന് ആയു പറഞ്ഞു. ആദ്യം അത് കേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. എന്തിനാണ് ഒരു ടിക്ടോക്കറോട് എന്നെ താരതമ്യപ്പെടുത്തുന്നത് എന്ന് ഓര്‍ത്തിട്ടായിരുന്നു അത്. ആ സമയത്ത് ഞാന്‍ ടിക്ടോക്കിലുണ്ടായിരുന്നില്ല. ആ വീഡിയോ കാണുന്ന സമയത്തൊന്നും എന്റെ ഇരട്ട സഹോദരിയെ കണ്ടെത്താന്‍ പോവുകയാണ് എന്ന് ഞാന്‍ സ്വപ്‍നത്തില്‍ പോലും കരുതിയിരുന്നില്ല. 

നാബില അസ് സഹ്റ -സ്‍കൂളില്‍ വര്‍ഷങ്ങളായി അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്‍ത കുട്ടിയായിരുന്നു ഞാന്‍. എലമെന്‍ററി സ്‍കൂളില്‍ നിന്നും തുടങ്ങിയ ഒറ്റപ്പെടല്‍ ഹൈസ്‍കൂള്‍ വരെ. ആ വിഷമങ്ങളും വേദനകളും മാറ്റാനാണ് ഞാന്‍ ടിക്ടോക് വീഡിയോകള്‍ ചെയ്‍തു തുടങ്ങിയത്. യഥാര്‍ത്ഥ ജീവിതത്തില്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിനേക്കാളും സുരക്ഷിതമാണ് ടിക്ടോക്കില്‍ എന്നെനിക്ക് തോന്നി. കാണാന്‍ എന്നെ പോലെ തന്നെയിരിക്കുന്ന നാദിയയെ കുറിച്ച് അറിഞ്ഞപ്പോൾ ആദ്യം ഞാനത് അവഗണിക്കുകയായിരുന്നു. ഞാന്‍ കരുതിയത് അതൊരു ഫേക്ക് അക്കൗണ്ട് ആണ് എന്നായിരുന്നു. അതിനുമുമ്പ് പലപ്പോഴും പലരും എന്‍റെ ചിത്രം വച്ച് വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. 

എന്നാല്‍, എന്നെ കുറിച്ച് നാദിയ ഇട്ട പോസ്റ്റ് ട്വിറ്ററില്‍ വൈറലായി. 'ശരിക്കും എനിക്കൊരു ഇരട്ട സഹോദരി ഉണ്ടോ? ഇത് യാദൃച്ഛികമാണോ? കാണാന്‍ ഞങ്ങളെങ്ങനെയാണ് ഇത്രയേറെ സാമ്യമുണ്ടായത്' എന്നായിരുന്നു പോസ്റ്റ്. അതോടെ അവളുടെ സുഹൃത്തുക്കളെനിക്ക് ഡയറക്ട് മെസേജ് അയച്ചു തുടങ്ങി. അങ്ങനെ, ഞാന്‍ നാദിയയുടെ ട്വിറ്റര്‍ ത്രെഡ് നോക്കുകയും അവസാനം അവളുടെ ഡയറക്ട് മെസേജിന് മറുപടി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്‍തു. 'നമ്മളൊരുപോലെ കാണാനുണ്ട് എന്ന് നിനക്ക് തോന്നുന്നുണ്ടോ? വാട്ട്സാപ്പില്‍ വീഡിയോ കോള്‍ വിളിക്കാമോ എന്നാണ് ചോദിച്ചത്.' എന്നാല്‍, വീഡിയോ കോളില്‍ അവളെ കണ്ടതോടെ ഞാന്‍ ഞെട്ടിത്തരിച്ചു പോയി. ഞാന്‍ കരയാന്‍ തുടങ്ങി. എനിക്കൊരു വാക്ക് പോലും മിണ്ടാനായില്ല. ഞാനത്രയും ഞെട്ടിയിരിക്കുകയായിരുന്നു. കാരണം, ജീവിതത്തില്‍ ഒരിക്കലും ഒരു ഇരട്ട സഹോദരി ഉണ്ട് എന്ന് ഞാന്‍ കരുതിയിരുന്നില്ല. 

നാദിയ - നാബിലയെ ഫോണില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരു കണ്ണാടി നോക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞങ്ങളുടെ മൂക്ക്, കണ്ണ്, ചുണ്ടുകള്‍ എല്ലാം ഒരുപോലെ തന്നെയായിരുന്നു. കോള്‍ കട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയുടെ അടുത്ത് ചെന്ന് ചോദിച്ചു, 'അമ്മാ ഈ പെണ്‍കുട്ടി കാണാന്‍ എന്നെപ്പോലെ ഉണ്ടെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ' എന്ന്. എന്നാല്‍, അമ്മ അതിനെ അപ്പോള്‍ തന്നെ എതിര്‍ത്തു. ഒട്ടും ഇല്ല എന്നാണ് അമ്മ പ്രതികരിച്ചത്. പക്ഷേ, അമ്മയുടെ മുഖത്ത് നിന്നും തന്നെ അവര്‍ വളരെ പരിഭ്രാന്തയായിരുന്നു എന്ന് വായിച്ചെടുക്കാമായിരുന്നു. അമ്മ എന്തോ എന്നില്‍ നിന്നും മറച്ച് വയ്ക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി. 'എനിക്ക് 16 വയസായി അമ്മ. എന്നിട്ടും നിങ്ങളെന്നോട് എന്തോ മറച്ച് വയ്ക്കുന്നു' എന്നും പറഞ്ഞ് ഞാന്‍ കരയാന്‍ തുടങ്ങി. ഒടുവില്‍ അമ്മ തോറ്റു, എന്നോട് എല്ലാം പറയാന്‍ തയ്യാറായി. 'നീ സത്യം കേള്‍ക്കാന്‍ തയ്യാറാണോ' എന്ന് എന്നോട് ചോദിച്ചു. 

ആശുപത്രി ഇന്‍ക്യുബേറ്ററില്‍ നിന്നും അവര്‍ നേരിട്ട് ദത്തെടുത്തതാണ് എന്നെ എന്ന സത്യം അമ്മ എന്നോട് വെളിപ്പെടുത്തി. അത് മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നു. തനിക്ക് അല്ലാതെ തന്നെ വേറെയും കുട്ടികളുണ്ടായിരുന്നതിനാല്‍ നിന്നെ മാത്രമേ എടുത്തുള്ളൂ എന്നും അമ്മ പറഞ്ഞു. നിന്‍റെ സഹോദരി ജാറ്റിക്ക് ഒരു അനിയത്തി വേണം എന്ന് വളരെയധികം ആഗ്രഹമുണ്ടായിരുന്നതിനാലാണ് നിന്നെ ഞങ്ങള്‍ ദത്തെടുത്തത്. എന്നോടൊപ്പം ഉണ്ടായിരുന്ന എന്‍റെ മറ്റ് രണ്ട് സഹോദരിമാര്‍ക്ക് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് അമ്മയ്ക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ആരാണ് അവരെ പരിചരിക്കുന്നതെന്നോ ആരാണ് അവരെ വളര്‍ത്തുന്നത് എന്നോ ഒന്നും. അതെല്ലാം പറയുന്നതിന് മുമ്പ് അമ്മ കരയാന്‍ തുടങ്ങി. 'നിങ്ങളെന്തിനാണ് അമ്മാ കരയുന്നത്' എന്ന് ഞാന്‍ ചോദിച്ചു. 'സത്യമെല്ലാം പറഞ്ഞ് കഴിയുമ്പോള്‍ നീ എന്നെ വിട്ട് പോകരുത്' എന്നാണ് അമ്മ പറഞ്ഞത്. 'ഇല്ല, ഞാന്‍ സത്യം ചെയ്യുന്നു. ഞാന്‍ നിങ്ങളെ വിട്ട് പോവില്ല' എന്ന് ഞാന്‍ പറഞ്ഞു. 

നാബില -അമ്മ പറയുന്നതനുസരിച്ച് ഞങ്ങളുടെ ശരിക്കുമുള്ള അമ്മ ഞങ്ങളെ വിട്ടുകൊടുത്തതാണ്. അവര്‍ക്ക് ഞങ്ങളെ വളര്‍ത്താനാവില്ലായിരുന്നു. ഞങ്ങളുടെ ശരിക്കും അച്ഛനും പണമില്ലായിരുന്നു. ഉത്തരവാദിത്തമേറ്റെടുക്കാന്‍ കഴിയാത്തതുകൊണ്ട് അയാള്‍ ഓടിപ്പോയി. എങ്കില്‍ പോലും അത് ഞങ്ങളെ ഉപേക്ഷിക്കാനുള്ള കാരണം അല്ല. വളരെ കുറച്ച് പണം മതിയായിരുന്നു ഞങ്ങളെ നോക്കാന്‍. പക്ഷേ, വിധി നമുക്ക് മാറ്റാനാവില്ലല്ലോ? അത് അനുസരിച്ചല്ലേ മതിയാവൂ. 

നാദിയ -ഈ രഹസ്യം വീട്ടുകാരെന്നോട് പറയാതെ സൂക്ഷിച്ചുവെന്നത് എന്നെ ബുദ്ധിമുട്ടിച്ചു. ദേഷ്യമൊന്നുമല്ല, ഒരു അസ്വസ്ഥത. എനിക്ക് പതിനാറ് വയസായി. എനിക്ക് എന്താണ് നല്ലത് എന്താണ് ചീത്ത എന്നൊക്കെ എനിക്കറിയാം. സത്യമറിഞ്ഞാല്‍ അതെന്‍റെ മാനസികാരോഗ്യത്തെയും പഠിത്തത്തെയും ബാധിക്കും എന്നാണ് വീട്ടുകാര്‍ കരുതിയത്. അതുകൊണ്ട്, എനിക്ക് വേണ്ട പക്വത ആയിട്ട് പറയാമെന്ന് കരുതിയാണ് അവരെന്നോട് ഒന്നും പറയാതിരുന്നത്. ചിലപ്പോ അവരെന്നെ സംരക്ഷിക്കാന്‍ ചെയ്‍തതാവാം. അല്ലെങ്കില്‍ എന്നെ നഷ്‍ടപ്പെടുമോ എന്ന പേടികൊണ്ടാകാം. എന്നാല്‍, ദത്തുപുത്രിയാണ് എന്ന സത്യം അറിഞ്ഞതോടെ അമ്മയോടും സഹോദരങ്ങളോടും ബന്ധുക്കളോടുമെല്ലാം എനിക്കുണ്ടായിരുന്ന സ്നേഹം കൂടുകയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ഇനിയൊരു രഹസ്യവും ഇല്ല. ആ കുടുംബത്തെ നഷ്‍ടപ്പെടുത്താതെ തന്നെ പുതിയൊരു കുടുംബം കൂടി കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്. 

നാബില -നാദിയയും ഞാനും തമ്മില്‍ എത്രയോ കൊല്ലമായി പരിചയമുണ്ട് എന്ന് എനിക്ക് തോന്നുന്നു. ചിലപ്പോള്‍ ഞങ്ങളുടെ മനസുകള്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധമുണ്ടായിരിക്കാം. ഇനിയൊരിക്കലും എനിക്ക് ഒറ്റക്കാണ് എന്ന് ചിന്തിക്കണ്ട, ചാറ്റ് ചെയ്യാനും തമാശ പറയാനും എല്ലാം എനിക്കും ഒരാളെ കിട്ടി.

നാദിയ -നാബിലയ്ക്ക് എന്‍റെ വേദനകളെല്ലാം മനസിലാവുമായിരുന്നു. അവസാനം നേരില്‍ കണ്ടപ്പോള്‍ കിട്ടിയ പ്രതികരണം വളരെ മികച്ചതായിരുന്നു. ഒരുപാട് ടിവി പരിപാടികളില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിന്‍റെ എണ്ണം കൂടി. ഞങ്ങള്‍ ഒരുമിച്ച് കഴിയണം എന്ന് ഒരുപാട് പേര്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, അത് അത്ര എളുപ്പമല്ല. കുറേ ദൂരത്താണ് ഞങ്ങള്‍ താമസിക്കുന്നത്. 

നാബില -അത് ഞങ്ങള്‍ ഒരുവീട്ടില്‍ താമസിക്കുന്നതിന്‍റെ അല്ല. നമുക്ക് രണ്ട് പേര്‍ക്കും നമ്മെ ദത്തെടുത്തവരെ പിരിഞ്ഞ് വരാനാവില്ല. അവരാണ് ഞങ്ങളെ വളര്‍ത്തിയത്. ദൂരെയാണെങ്കിലും ഒരാളെങ്ങനെ മറ്റൊരാളുടെ ഹൃദയത്തില്‍ ജീവിക്കും എന്ന് ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു. 

സോഷ്യല്‍മീഡിയ ഇല്ലായിരുന്നു എങ്കില്‍ പരസ്‍പരം കണ്ടുമുട്ടില്ലായിരുന്നു. സുഹൃത്തുക്കളൊന്നുമില്ലാത്ത ആ ഒറ്റപ്പെട്ട ജീവിതം തന്നെ നയിച്ചേനെ  എന്നും ഈ സഹോദരിമാര്‍ പറയുന്നു. ഇപ്പോള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ മൂന്നാമത്തെ സഹോദരിയെ അന്വേഷിക്കുകയാണ്. അവളെ കൂടി കണ്ടെത്തിയാല്‍ ഇത്രയും വർഷത്തെ വിരഹത്തിന് ശേഷം പരസ്പരം സ്നേഹിച്ചും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവച്ചും ജീവിതം അടിപൊളി ആയേനെ കരുതി കാത്തിരിക്കുകയാണ് ഈ ഇരട്ടസഹോദരിമാർ. 

Follow Us:
Download App:
  • android
  • ios