Asianet News MalayalamAsianet News Malayalam

എർദോഗാന് വെല്ലുവിളിയുയർത്താൻ തുനിഞ്ഞിറങ്ങിയ രണ്ടു പെൺപുലികൾ

എർദോഗാന് വലത്തേക്ക് ഒരു ചായ്‌വുണ്ടായിത്തുടങ്ങുന്നതോടെ, ഒഴിവുവരാൻ പോകുന്ന ആ ഇടത്തിലേക്കാണ് ഈ രണ്ടു പെൺപുലികളും കസേര വലിച്ചിട്ട് ഇരിക്കാൻ പോകുന്നത്.

two brave women posing threat to Erdogan in Turkey
Author
Turkey, First Published Dec 23, 2020, 3:17 PM IST

2020 -ന്റെ ഭൂരിഭാഗവും എർദോഗാൻ എന്ന തുർക്കി പ്രസിഡന്റ് ചെലവിട്ടത് രാജ്യത്തെ സാമ്പത്തിക തളർച്ചയിൽ നിന്നും, തന്റെ എകെ പാർട്ടിയുടെ രാഷ്ട്രീയ അധഃപതനത്തിൽ നിന്നുമൊക്കെ ജനശ്രദ്ധ തിരിക്കാൻ വേണ്ടി വിദേശരാജ്യങ്ങൾക്കുനേരെ നിശിതമായ വിമർശനശരങ്ങൾ തൊടുത്തു വിടാനാണ്. കഴിഞ്ഞ വർഷം എർദോഗാന്റെ ശക്തികേന്ദ്രമായ ഇസ്താംബുളിൽ അടക്കം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ എകെ പാർട്ടിക്ക് ഏൽക്കേണ്ടി വന്ന ദയനീയ പരാജയത്തെ ഒരുപരിധിവരെ മറച്ചു പിടിക്കാൻ വിദേശരാഷ്ട്രങ്ങളോടുള്ള ഈ ഗ്വാ ഗ്വാ വിളികൾ ഒരുപരിധി വരെ സഹായിച്ചിട്ടുണ്ട്. എന്നാൽ എർദോഗാന്റെ ഈ കടുംവെട്ടുനയം നെല്ലിപ്പലക കണ്ടുതുടങ്ങി എന്ന് സൂചിപ്പിക്കുന്ന രാഷ്ട്രീയപ്രതികരണങ്ങളാണ് ഇപ്പോൾ തുർക്കിയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. 

തുർക്കിയുടെ ഭാവി ശോഭനമാക്കാം എന്ന എർദോഗന്റെ മോഹനവാഗ്ദാനങ്ങൾ ഇപ്പോൾ പൊതുജനങ്ങളും, നിക്ഷേപകരും ഒരേ അവജ്ഞയോടെ തള്ളാൻ തുടങ്ങിയിരിക്കുകയാണ്. നഗരപ്രദേശങ്ങളിൽ വലിയ മണ്ഡലങ്ങളിൽ പാർട്ടിക്ക് സ്വാധീനം കുറഞ്ഞു വരികയാണ് കഴിഞ്ഞ കുറെ നാളുകളായി. കൊവിഡിന്റെ ദുരിതങ്ങൾ അടുത്തെങ്ങും അവസാനിക്കുന്ന ലക്ഷണം കനത്ത അവസ്ഥയിൽ 2021 -ൽ സാമ്പത്തികമായ കുതിപ്പുണ്ടാക്കാം എന്ന പ്രതീക്ഷ മങ്ങുകയാണ് തുർക്കിയിൽ. 2023 -ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരത്തെയാക്കണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തത്കാലം അവഗണിക്കാൻ എർദോഗാന് കഴിഞ്ഞെന്നിരിക്കും എന്നാൽ, അങ്ങോട്ടുള്ള വഴികളിൽ കടുത്ത ആക്രമണം തന്നെ അദ്ദേഹത്തിന് പ്രതിപക്ഷത്തു നിന്ന് പ്രതീക്ഷിക്കാം. 

പ്രതിപക്ഷത്തിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന രണ്ടു പെൺപുലികളുണ്ട് തുർക്കിയിൽ. ഒരാൾ, ഇയി പാർട്ടിയുടെ നേതാവായ മെരാൽ അക്സനർ, രണ്ടാമത്തെയാൾ റിപ്പബ്ലിക്കൻ പീപ്പീസ് പാർട്ടി(CHP)യുടെ ഇസ്താംബുൾ ഘടകം നേതാവായ കനാൻ കഫ്താൻസിയോഗ്ലു.  അറുപത്തിനാലുകാരിയായ അക്സനർ, മുമ്പ് രാജ്യത്തെ ആഭ്യന്തരകാര്യ മന്ത്രിയായിട്ടുള്ളതാണ്. ഒരു മിത്തോളജിക്കൽ കഥാപാത്രത്തിന്റെ പേരിൽ, 'അസേന' എന്ന വിളിപ്പേരിലാണ് അവർ ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. 2018 -ൽ എർദോഗനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ട്  അക്സനർ. കഫ്താൻസിയോഗ്ലു ആകട്ടെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്ന ഫെമിനിസ്റ്റ് ആയ ഇടതുപക്ഷ നേതാവ് എന്ന ഇമേജിലാണ് രാജ്യത്ത് അറിയപ്പെടുന്നത്. പാർട്ടിയിലെ തീപ്പൊരി നേതാവായിട്ടാണ് അവർ അറിയപ്പെടുന്നത്. 2019 -ൽ ഇസ്താംബുളിൽ എകെപിയ്‌ക്കേറ്റ ദയനീയ തോൽവിക്ക് പിന്നിൽ പ്രവർത്തിച്ചത് കഫ്താൻസിയോഗ്ലു ആണ്. 

തന്റെ രാഷ്ട്രീയപ്രവർത്തനത്തിന്റെ തുടക്കം മുതൽ ഈയടുത്ത കാലം വരെ ഇടത്തേക്കോ വലത്തേക്കോ ചായാതെ നിന്നിരുന്ന എർദോഗാന് വലത്തേക്ക് ഒരു ചായ്‌വുണ്ടായിത്തുടങ്ങുന്നതോടെ, ഒഴിവുവരാൻ പോകുന്ന ആ ഇടത്തിലേക്കാണ് ഈ രണ്ടു പെൺപുലികളും കസേര വലിച്ചിട്ട് ഇരിക്കാൻ പോകുന്നത്. അക്സനറോട് എർദോഗാൻ പാളയത്തിന് പിന്നെയും ഒരു മൃദുസമീപനമാണ് ഉള്ളതെങ്കിൽ, എർദോഗനെ അപമാനിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു എന്നതടക്കം, തുടർച്ചയായി ചാർജ് ചെയ്യുന്ന കേസുകളുമായി  കഫ്താൻസിയോഗ്ലുവിനെ വ്യക്തിപരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ് അവർ ചെയ്യുന്നത്. 

2021 എന്ന വർഷത്തിലേക്ക് എർദോഗാൻ കടക്കാൻ പോകുന്നത് ഇന്നുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത രാഷ്ട്രീയപ്രതിരോധങ്ങൾക്കു മുന്നിലേക്കാണ്. അതിനെ നേരിടുക അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്കരമായ ഒരു ദൗത്യമാകും. 
 

Follow Us:
Download App:
  • android
  • ios