Asianet News MalayalamAsianet News Malayalam

വളര്‍ത്തുമൃഗങ്ങള്‍ മരിച്ചാല്‍ ശമ്പളത്തോടുകൂടി രണ്ടുദിവസത്തെ അവധി, അസാധാരണനിയമം പാസാകുമോ കൊളംബിയയില്‍

കൊളംബിയ പോലുള്ള ഒരു രാജ്യത്ത് ഈ നിയമം പ്രസക്തമാണ്. കാരണം അവിടെ പത്തിൽ ആറ് വീടുകളിലും വളർത്തുമൃഗമുണ്ട്. ഏത് മൃഗങ്ങളെയാണ് വളർത്തുമൃഗങ്ങളായി കണക്കാക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. 

two days paid leave for employees to grieve for dead pets
Author
Colombia, First Published Sep 24, 2021, 10:44 AM IST

കൊളംബിയയിൽ വളർത്തുമൃഗങ്ങൾ മരിച്ചാൽ ദുഃഖാചരണത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകാൻ നിയമം വരുന്നു. ലിബറൽ പാർട്ടി കോൺഗ്രസുകാരനായ അലസാൻഡ്രോ കാർലോസ് ചാക്കോനാണ് ഇത് സംബന്ധിക്കുന്ന ബില്ല് കൊണ്ടുവന്നത്. വളർത്തുമൃഗം മരണപ്പെട്ടാൽ ജീവനക്കാരന് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകാൻ തൊഴിലുടമകളെ നിർബന്ധിക്കുന്ന ബില്ലാണ് ഇത്. മനുഷ്യർക്കിടയിൽ മാത്രമല്ല ആഴത്തിലുള്ള ബന്ധങ്ങൾ നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  

"കുട്ടികളില്ലാത്ത ആളുകൾ പലപ്പോഴും വളർത്തുമൃഗങ്ങളെ സ്വന്തം കുട്ടികളെ പോലെ സ്നേഹിക്കുന്നു"ചാക്കോനെ പറഞ്ഞു. അവ മരിക്കുന്ന സന്ദർഭത്തിൽ പലർക്കും ആ ദുഃഖം താങ്ങാൻ കഴിയാറില്ല. ആ സമയം, ശമ്പളത്തോടുകൂടി അവധി നൽകിയാൽ ആളുകൾക്ക് ജോലിയിൽ ഏർപ്പെടാതെ വീട്ടിലിരുന്ന് ആ നഷ്ടത്തെ മറികടക്കാനുള്ള സന്ദർഭം ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പ്രിയപ്പെട്ട മൃഗങ്ങളുടെ വേര്‍പാടില്‍ ദുഃഖിച്ചിരിക്കുന്ന വീട്ടുകാർക്ക് ഇത് ഒരാശ്വാസമാകുന്നു.

കൊളംബിയ (Colombia) പോലുള്ള ഒരു രാജ്യത്ത് ഈ നിയമം പ്രസക്തമാണ്. കാരണം അവിടെ പത്തിൽ ആറ് വീടുകളിലും വളർത്തുമൃഗമുണ്ട്. ഏത് മൃഗങ്ങളെയാണ് വളർത്തുമൃഗങ്ങളായി കണക്കാക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. എന്നാലും, ഉടമയ്ക്ക് ശക്തമായ വൈകാരിക ബന്ധം ഉള്ള മൃഗത്തെ വളർത്തുമൃഗമായി ബില്ല് വിശേഷിപ്പിക്കുന്നു. അതേസമയം വന്യജീവി അല്ലെങ്കിൽ അസാധാരണ വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ലെന്നും അത് പ്രസ്താവിച്ചു. വളർത്തുമൃഗത്തിന്റെ മരണത്തിന് മുമ്പ് തൊഴിലുടമയോട് പറഞ്ഞാൽ മാത്രമേ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി ലഭിക്കുകയുള്ളൂവെന്നും, മരണത്തിന്റെ തെളിവ് നൽകണമെന്നും രേഖയിൽ പറയുന്നു.

അതുപോലെ ആദ്യമേ തന്നെ വളർത്തുമൃഗങ്ങളുള്ള കാര്യം തൊഴിലാളികൾ തൊഴിലുടമയെ അറിയിക്കണമെന്നും അതിൽ പറയുന്നു. അതേസമയം, ഈ നിയമം മുതലെടുത്ത്, ഇല്ലാത്ത വളർത്തുമൃഗത്തിന്റെ കാര്യം പറഞ്ഞ് ജീവനക്കാർ അവധിയെടുത്താലോ എന്നൊരു ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ അങ്ങനെ കണ്ടെത്തിയാൽ ഒരു നിശ്ചിത തുക പിഴ ചുമത്തിക്കൊണ്ട് ഇത് നിരുത്സാഹപ്പെടുത്താനാണ് ബിൽ ലക്ഷ്യമിടുന്നത്. ബിൽ കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ പാസാകൂ.  

Follow Us:
Download App:
  • android
  • ios