റോസ്മേരി വെസ്റ്റ്, മൈറ ഹിൻഡ്‌ലി; രണ്ടു പേർക്കും അവരവരുടേതായ കളങ്കിതമായ ഭൂതകാലമുണ്ടായിരുന്നു. ബ്രിട്ടീഷ് ക്രിമിനൽ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പൈശാചികമായ നിരവധി കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ അവർ ഇരുവരുമാണ്. 'മൂർസ് കൊലപാതകങ്ങൾ' എന്നപേരിൽ കുപ്രസിദ്ധമായ സീരിയൽ കൊലപാതകങ്ങൾക്ക് ഉത്തരവാദിയായിട്ടാണ് മൈറ ഹിൻഡ്‌ലി ജയിലിൽ എത്തിപ്പെടുന്നത്. പത്തിനും പതിനേഴിനും ഇടയിൽ പ്രായമുള്ള അഞ്ചു ടീനേജ് പിള്ളേരെയാണ് മൈറയും ഭർത്താവ് ഇയാൻ ബ്രാഡിയും ചേർന്ന് കൊന്നുകളഞ്ഞത്. അറുപതുകളിൽ ബ്രിട്ടനെ കിടുകിടാ വിറപ്പിച്ച ഈ കൊലപാതകങ്ങളുടെ പേരിൽ ആജീവനാന്തം ജയിലിൽ കഴിച്ചു കൂട്ടിയ മൈറ 2002 -ൽ, തന്റെ അറുപതാം വയസ്സിൽ ന്യൂമോണിയ ബാധിച്ച് ജയിലിൽ കിടന്നുതന്നെയാണ് മരിക്കുന്നത്. 

എന്നാൽ, ആ മരണം സംഭവിക്കുന്നതിനു മുമ്പ്, തൊണ്ണൂറുകളുടെ പാതിയോടെ, മൈറ താമസിച്ചിരുന്ന ഡർഹാമിലെ വനിതാജയിലിലേക്ക് മറ്റൊരു സീരിയൽ കില്ലർ എത്തിപ്പെടുന്നു. ആ കൊലപാതകിയുടെ പേര് റോസ്മേരി വെസ്റ്റ് എന്നായിരുന്നു. പത്ത് കൊലപാതകങ്ങളുടെ കുറ്റം ചുമത്തിയാണ് റോസ് വെസ്റ്റിനെ തുറുങ്കിൽ അടക്കുന്നത്. ജയിലിൽ ഒരേ സെല്ലിൽ കിടക്കവേ രണ്ടുപേർക്കുമിടയിൽ ഒരു റൊമാൻസ് മൊട്ടിട്ടു. അവർ തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് വെളിപ്പെടുത്തിയത് അവർക്കൊപ്പം പതിനെട്ടുവർഷം ജയിലിൽ കിടന്ന ബ്ലാക്ക് വിഡോ എന്നറിയപ്പെട്ടിരുന്ന ലിൻഡാ കാൽവി എന്ന മറ്റൊരു തടവുകാരിയാണ്. ജയിലുകളിൽ തടവുകാർക്കിടയിൽ പ്രേമബന്ധങ്ങൾക്ക് വിലക്കില്ല എങ്കിലും, ജയിലിന്റെ അകവും പബ്ലിക് പ്ലെയ്സ് എന്ന ഗണത്തിലാണ് പെടുത്തിയിട്ടുള്ളത് എന്നതിനാൽ അവിടെ ലെസ്ബിയൻ സെക്സ് അനുവദനീയമല്ല. 

 


ലിൻഡ കാൽവിയെ ബ്ലാക്ക് വിഡോ എന്ന് വിളിച്ചിരുന്നത് അവർ ചെയ്ത കുറ്റത്തിന്റെ പേരിൽ ആയിരുന്നു. ഗ്യാങ്‌സ്റ്റർ ആയ റോണി കുക്ക് എന്ന സ്വന്തം കാമുകന്റെ ഒരു ഷോട്ട് ഗൺ കൊണ്ട് വെടിയുതിർത്ത്, ഛിന്നഭിന്നമാക്കിയിട്ടാണ് ലിൻഡ ജീവപര്യന്തം ശിക്ഷ അനുഭവിക്കാൻ വേണ്ടി ആ ജയിലിലേക്ക് വരുന്നത്. ലിൻഡയെ അന്നവിടെ പ്രിസൺ ഇന്റലിജൻസ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു ഓഫീസർ ആണ് തന്റെ ഇൻസൈഡ് ഇൻഫോർമർ ആക്കി മാറ്റുന്നത്. " റോസ്മേരിക്കും മൈറക്കും ഇടക്ക് കാര്യമായ എന്തോ റൊമാൻസ് ഉണ്ട്. കണ്ടാൽ അറിയാം. അത് എത്രത്തോളമുണ്ടെന്ന് കണ്ടുപിടിക്കൂ " എന്ന് ആ ഓഫീസർ ലിൻഡയെ ശട്ടം കെട്ടി. അവരൊന്നിച്ച് ജയിൽ ചാടാനോ മറ്റോ പ്ലാൻ ചെയ്യുന്നുണ്ടോ എന്നറിയാൻ കൂടി ആയിരുന്നു ഓഫീസറുടെ ശ്രമം. 

തികഞ്ഞ സാഡിസ്റ്റിക് മനോഗതിയുണ്ടായിരുന്ന ലക്ഷണമൊത്ത ഒരു സൈക്കോപാത് തന്നെയായിരുന്നു റോസ്‌മേരി വെസ്റ്റ്. സ്കിസോഫ്രീനിയ പോലുള്ള മാനസിക രോഗങ്ങൾ അവരുടെ കുടുംബത്തിൽ അച്ചനടക്കമുള്ളവർക്ക് ഉണ്ടായിരുന്നു. അച്ഛനാൽ റോസ്മേരി ചെറുപ്പത്തിൽ ലൈംഗിക പീഡനങ്ങൾക്ക് ഇരയായിരുന്നതായും പറയപ്പെടുന്നു. 

ചെറുപ്പത്തിൽ തന്നെ അപകടകരമായ 'ഇൻസെൻസ്റ്റ്' പ്രവണതകൾ പ്രകടിപ്പിച്ച റോസ്മേരി തന്റെ പന്ത്രണ്ടാം വയസ്സിൽ സ്വന്തം അനുജനെ ബലാത്സംഗം ചെയ്തുകൊണ്ടാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചു നടക്കുന്നത്. എന്നാൽ, ആ സംഭവം എന്തുകൊണ്ടോ അവരുടെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തുവന്നില്ല. അതിന്റെയുള്ളിൽ റോസ്‌മേരി എന്ന ക്രിമിനൽ തന്റെ അടുത്ത ഇരയെ ലക്ഷ്യമിടാൻ തയ്യാറെടുത്തുകൊണ്ടിരുന്നു. 

പതിനഞ്ചാമത്തെ വയസ്സിൽ ഒരു ബസ്റ്റോപ്പിൽ വെച്ചാണ് റോസ്‌മേരി തന്റെ ഭാവി ഭർത്താവും, ചെയ്യാനിരുന്ന സീരിയൽ കൊലപാതകങ്ങളിൽ സഹ കുറ്റവാളിയും ആയിരുന്ന ഫ്രെഡ് വെസ്റ്റിനെ പരിചയപ്പെടുന്നത്. അന്ന് ഇരുപത്തേഴു വയസ്സുണ്ടായിരുന്ന ഫ്രെഡ് വെസ്റ്റ് ആ ബസ്‌സ്റ്റോപ്പിലേക്ക് വന്നത്  തന്റെ പങ്കാളിയുടെ മുൻബന്ധത്തിലെ മകളായ ഷർമെയ്ൻ എന്ന ആറുവയസുകാരിയെ തിരഞ്ഞു നടക്കുമ്പോഴാണ്. ആ വരവിൽ യാദൃച്ഛികമായി ബസ്റ്റോപ്പിൽ വെച്ച് റോസ്‌മേരിയെ കണ്ടുമുട്ടിയ ഫ്രെഡ് അവളെ പരിചയപ്പെടുന്നു. പരിചയം പ്രണയമായി വളരുന്നു.  

റോസ്‌മേരിയുടെ അച്ഛനമ്മമാരുടെ എതിർപ്പുകൾ വകവെക്കാതെ രണ്ടുവർഷത്തിനിടെ അവരിരുവരും വിവാഹിതരാകുന്നു, ഒരു വീടെടുത്ത് ഒന്നിച്ച് താമസവും തുടങ്ങുന്നു. പതിനേഴാമത്തെ വയസ്സിൽ റോസ്, ഫ്രഡിന്റെ ഭാര്യയായി അയാളുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ അയാളുടെ മുൻ ബന്ധത്തിലെ മക്കളായ ഷർമെയ്ൻ, ആനി എന്നിവരും ഉണ്ടായിരുന്നു. ഷർമെയ്ൻ ആദ്യ ദിവസം തൊട്ടുതന്നെ റോസ്മേരിയുടെ കണ്ണിലെ കരടായിരുന്നു. ഫ്രഡിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന റോസ്മേരിയെ ഷെർമെനും ഇഷ്ടമേ അല്ലായിരുന്നു. അധികം താമസിയാതെ റോസ്‌മേരി അവളെ കൊന്നുകളഞ്ഞു. ഫ്രെഡ് ചോദിച്ചപ്പോൾ, "അവൾ അമ്മയുടെ അടുത്തേക്ക് പോയി. ഇനി വരില്ല. എന്തായാലും നന്നായി." എന്ന മറുപടിയാണ് പറഞ്ഞത്. 

കുറച്ചു നാളുകൾക്കുള്ളിൽ ഷെർമെയ്‌ന്റെ അമ്മ  റെന മകളെ അന്വേഷിച്ച് ആ വീട്ടിലേക്ക് വന്നു. അവരും തിരികെ പോയില്ല. മകളെ പറഞ്ഞയച്ചിടത്തേക്ക് റോസ്‌മേരി അമ്മയെയും പറഞ്ഞുവിട്ടു. ഇരുവരുടെയും മൃതദേഹങ്ങൾ ആ വീടിന്റെ നിലവറക്കുള്ളിൽ അടക്കുകയാണ് അവർ ചെയ്‌തത്‌. അതിനിടെ ഏതോ കേസിൽ പെട്ട് ഫ്രെഡ് വെസ്റ്റ് ജയിലിൽ പോയി. ജീവിക്കാൻ വേണ്ടി റോസ്‌മേരി ലൈംഗിക തൊഴിലിൽ ഏർപ്പെട്ടു തുടങ്ങി. ജയിൽ മോചിതനായി തിരിച്ചെത്തിയ ഫ്രെഡ് വേറെ പണിക്കൊന്നും പോവാതെ റോസ്‌മേരിയുടെ പിമ്പായി മാറി. 

അവരുടെ വീട്ടിലെ അധികമുണ്ടായിരുന്ന മുറികൾ ഫർണിഷ് ചെയ്ത് അവ വാടകയ്ക്ക് നല്കാൻ തുടങ്ങിയിരുന്നു ദമ്പതികൾ അപ്പോഴേക്കും. വാടകയ്ക്ക് കൊടുക്കലും, വേശ്യാവൃത്തിയും ഒക്കെ അങ്ങനെ നടന്നുകൊണ്ടിരുന്നു. അതിനിടെ ഭാര്യയും ഭർത്താവും കൂടി ഇടക്കൊക്കെ കാറെടുത്ത് കറങ്ങാൻ വേണ്ടി പോകും. റോഡരികിൽ കണ്ടെത്തുന്ന അശരണരായ പെൺകുട്ടികളെ വിളിച്ച് കൊണ്ടുവരും. അവരെ ആ വീട്ടിനുള്ളിലിട്ട് അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയരാക്കിയ ശേഷം കൊന്നുകളയും. സെല്ലാറിൽ കുഴിച്ചിടാൻ സ്ഥലം തികയാതെ വന്നപ്പോൾ വീടിനുള്ളിലെ നടുമുറ്റത്തായി കുഴിച്ചിടീൽ. 

സ്വന്തം മക്കളെയും അവർ വല്ലതെ പീഡിപ്പിച്ചിരുന്നു ആ ദമ്പതികൾ. പെണ്മക്കളെ അമ്മയുടെ വഴിക്ക് കസ്റ്റമേഴ്സിന് മുന്നിൽ കാഴ്ചവെച്ചിരുന്നു. ആൺപെൺ ഭേദമില്ലാതെ മക്കളെ നിരന്തരം മർദിച്ചിരുന്ന ഫ്രെഡ്, പെണ്മക്കളെ നിരന്തരം ബലാത്സംഗത്തിനും വിധേയരാക്കിയിരുന്നു. സ്വന്തം മക്കൾ അച്ഛനിൽ നിന്നുതന്നെ ഗർഭം ധരിക്കുന്നതിനു വരെ ആ പീഡനങ്ങളിലൂടെ ഫ്രെഡ് കാരണമായി. ഒടുവിൽ ഹെതർ എന്ന് പേരുള്ള സ്വന്തം മകളെ കൊന്നുകളഞ്ഞ ശേഷമാണ്, മക്കളിൽ നിന്ന് സോഷ്യൽ വർക്കർമാരിലേക്ക് ആ വിവരം ചോർന്നു കിട്ടി, ഒടുവിൽ ലോക്കൽ പൊലീസ് എത്തി ആ ദമ്പതികളുടെ വീടിന്റെ  നിലവറയും നടുമുറ്റവും ഒക്കെ കിളച്ച് നോക്കുന്നതും അവിടെ നിന്ന് തലയോട്ടികളും അസ്ഥികൂടങ്ങളും ഒക്കെ കണ്ടെടുക്കുന്നതും. 

കണ്ടെടുത്ത മൃതദേഹങ്ങളിൽ പലതും ഡക്റ്റ് റെപ്പുകൊണ്ട് ദേഹാസകലം ചുറ്റപ്പെട്ട്, മൂക്കിന്റെ ദ്വാരങ്ങൾ മാത്രം തുറന്നു കൊടുക്കപ്പെട്ട നിലയിലായിരുന്നു. അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായിട്ടാണ് അവരുടെ ഇരകളിൽ പലരും മരിച്ചത്. ആ മൃതദേഹങ്ങളുടെ അവസ്ഥ, അവ കണ്ടെടുത്ത പൊലീസ് ഓഫീസർമാരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. കൊലപാതകങ്ങൾ തുടങ്ങി, ഇരുപത്തഞ്ചു വർഷത്തിന് ശേഷം ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ ഫ്രെഡ് ഒറ്റയ്ക്ക് കുറ്റമെല്ലാം ഏറ്റെടുത്തു. റോസ്‌മേരി തനിക്ക് ഒന്നും അറിയില്ലെന്ന് നടിച്ചു. എന്നാൽ, മക്കളെ ചോദ്യം ചെയ്തപ്പോൾ, അവർ കാര്യങ്ങളൊക്കെ വെളിപ്പെടുത്തിയപ്പോൾ, റോസ്‌മേരിയും എല്ലാ കൊലപാതകങ്ങളും പ്രതിചേർക്കപ്പെട്ട. അവരെയും ജീവപര്യന്തത്തിനു വിധിച്ച് ജയിലിൽ അടച്ചു കോടതി. 

 

 

അങ്ങനെയാണ് അവർ 1995 ൽ ഡർഹാം ജയിലിൽ എത്തുന്നതും അവിടെ വെച്ച് മൈറാ ഹിൻഡ്‌ലിയെ കണ്ടുമുട്ടുന്നതും. അന്നത്തെ ജയിലർ വളരെ ലിബറൽ ആയ ഒരാളായിരുന്നു. ജോലിയില്ലാത്ത സമയത്ത് സെല്ലുകളിൽ നിന്നിറക്കി ബാരക്കിനുള്ളിൽ എവിടെ വേണമെങ്കിലും എത്രനേരം വേണമെങ്കിലും ചെലവിടാനുള്ള സ്വാതന്ത്ര്യം തടവുപുള്ളികൾക്ക് ഉണ്ടായിരുന്നു. ആ നേരത്ത് അവർ ബാരക്കിനുള്ളിൽ എവിടെ, ആർക്കൊപ്പം, എന്ത് ചെയ്യുകയാണ് എന്ന് ആരും അന്വേഷിച്ചു വരില്ല. അളവറ്റ സമയത്തിന്റെ ഈ ധാരാളിത്തമാണ് ഈ രണ്ടു കുപ്രസിദ്ധ സീരിയൽ കൊലപാതകികളെയും തമ്മിൽ അടുപ്പിച്ചത് എന്ന് ലിൻഡ കരുതുന്നു. എന്നാൽ മൈറയുടെ 'മാനിപ്പുലേറ്റിവ്' ആയിട്ടുള്ള സ്വഭാവ രീതി വളരെ പെട്ടെന്ന് റോസ്‌മേരിയെ അവരുമായി തെറ്റിച്ചു. റോസ്മേരി വെസ്റ്റ് അങ്ങനെ ഒരാളുടെ കൗശലങ്ങൾക്കും വഴങ്ങുന്ന നിഷ്കളങ്കയല്ലായിരുന്നു.  

അതുകൊണ്ടുതന്നെ, കുറച്ചു കാലം മാത്രമേ അവർക്കിടയിലെ പ്രേമബന്ധം നിലനിന്നുള്ളൂ എന്നും, അധികം വൈകാതെ അവർ തമ്മിൽ തെറ്റി എന്നും ലിൻഡ മിറർ പത്രത്തിനോട് പറയുന്നുണ്ട്. അത്രയും കാലം ജന്മാന്തര സൗഹൃദം ഉള്ളവർ എന്ന പോലെ നടന്നിരുന്ന ഇരുവരും ഒരു ദിവസം പെട്ടെന്ന് തമ്മിൽ അപരിചിതരെപ്പോലെ പെരുമാറുന്ന അവസ്ഥയിലേക്ക് മാറുകയാണുണ്ടായത് എന്നും അവർ ഓർക്കുന്നു. അഞ്ചു പേരെ മാത്രം കൊന്നിട്ടുള്ള തന്നെക്കാൾ എത്രയോ അധികം പ്രസിദ്ധിയും ആരാധക വൃന്ദവും ഒക്കെ പത്തിലധികം പേരെ വിധിച്ചിട്ടുള്ള റോസിനുണ്ട് എന്നുള്ള മൈറയുടെ കുശുമ്പാണ് ആ ബന്ധത്തെ അല്പായുസ്സാക്കിയത് എന്നാണ് ലിൻഡ അതേപ്പറ്റി പറയുന്നത്. മൈറ വളരെ സൂത്രശാലിയായ ഒരു കുറുക്കത്തിയാണ് എന്ന് അവർ തമ്മിൽ തെറ്റിയ ശേഷം റോസ്മേരി വെസ്റ്റ് തന്റെ അഭിഭാഷകയോട് പറഞ്ഞു.