"ഞങ്ങൾ അവന് നൽകുന്ന ശ്രദ്ധയും ഞങ്ങളുടെ അർപ്പണവും മൂലമാണ് അവൻ ഇന്നും ഇവിടെയുള്ളതെന്ന് ഞാൻ കരുതുന്നു" ബർഗോയിൻ പറഞ്ഞു.

ഇരട്ടത്തലയുള്ള ആമ ജാനസിന് 25 -ാം പിറന്നാൾ. ജനീവ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സെപ്തംബർ 3 -നാണ് ജാനസിന്റെ ജന്മദിനം ആഘോഷിച്ചത്. വ്യത്യസ്തമായ ഈ ആമയ്ക്ക് രണ്ട് ഹൃദയങ്ങളും രണ്ട് ശ്വാസകോശങ്ങളും ഉണ്ട്. സാധാരണ അപകടം വരുമ്പോൾ ആമകൾ പെട്ടെന്ന് തല ഉള്ളിലോട്ട് വലിക്കും അല്ലേ? എന്നാൽ, രണ്ട് തല ഉള്ളത് കൊണ്ട് തന്നെ ജാനസിന് അങ്ങനെ വലിക്കുക സാധ്യമല്ല. അതുകൊണ്ട് കാട്ടിൽ അതിജീവിക്കുക ജാനസിനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് തന്നെ ആണ്. 

എന്നാൽ, 1997 -ൽ ജാനസ് ജനിച്ച ജനീവ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ, ആഞ്ചെലിക്ക ബർഗോയിനും അവളുടെ പരിചാരക സംഘവും ചേർന്ന് ജാനസിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഇരട്ടത്തലയുള്ള ആമയാണ് ജാനസ് എന്നാണ് വിശ്വസിക്കുന്നത്. 

മുഴുവൻ ടീമും ജാനസിന് ഓർഗാനിക് സാലഡ് നൽകുന്നു. ഒപ്പം ഗ്രീൻ ടീയും ചമോമൈലും ഉപയോഗിച്ച് ദിവസവും മസാജ് ചെയ്യുകയും ചെയ്യുന്നു. വ്യായാമത്തിനായി, അവൻ പതിവായി നടക്കാൻ പോകും, ചിലപ്പോൾ അത് സംഗീതത്തോടൊപ്പം ആയിരിക്കും. കൂടാതെ, അവനു വേണ്ടി നിർമ്മിച്ച സ്കേറ്റ്ബോർഡിൽ സവാരി ചെയ്യുകയും ചെയ്യുന്നു. അങ്ങനെ ആകെ കൂടി രാജകീയ ജീവിതമാണ് ജാനസിന് ഇവിടെ. 

"ഞങ്ങൾ അവന് നൽകുന്ന ശ്രദ്ധയും ഞങ്ങളുടെ അർപ്പണവും മൂലമാണ് അവൻ ഇന്നും ഇവിടെയുള്ളതെന്ന് ഞാൻ കരുതുന്നു" ബർഗോയിൻ പറഞ്ഞു. ആമ മറിഞ്ഞു വീണാൽ അത് ​ഗുരുതരമായ പരിക്കുകൾക്ക് കാരണമായേക്കും എന്നുള്ളത് കൊണ്ട് തന്നെ അവൻ എപ്പോഴും നിരീക്ഷണത്തിലാണ്. അതുപോലെ തന്നെ ഇരട്ടത്തല എന്നത് പോലെ തന്നെ അവന്റെ ചിന്തകളും പലപ്പോഴും വൈരുധ്യം ഉണ്ടാക്കാറുണ്ട്. ഏത് വശത്തേക്കാണ് നടക്കുക എന്നതൊക്കെ പലപ്പോഴും വ്യത്യസ്ത ചിന്ത ആയിരിക്കും.

ഏതായാലും ഇതിനെയെല്ലാം അതിജീവിച്ചാണ് അവൻ 25 -ാം പിറന്നാൾ ആഘോഷിക്കുന്നത്.