Asianet News MalayalamAsianet News Malayalam

രണ്ട് തലയുള്ള ആമക്കുഞ്ഞ്, രണ്ട് നട്ടെല്ലുകളുണ്ടെന്നും കരുതുന്നു, കൂടുതല്‍ പഠനത്തിന് സിടി സ്കാന്‍

എന്നാൽ, ഈ അവസ്ഥ കാരണം വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാനും ഭക്ഷണം തുല്യമായി കഴിക്കാനും അവയ്ക്ക് പ്രയാസമാകും. അതുകൊണ്ട്  അത്തരമൊരു അവസ്ഥയുള്ള മൃഗങ്ങൾക്ക് ആയുസ് കുറയുമെന്നും വന്യജീവി കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു. 

two headed turtle born at New England Wildlife Centre at Cape Cod
Author
New England, First Published Oct 14, 2021, 1:58 PM IST

സാധാരണ മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവികൾക്കും ഒരു തലയാണുള്ളത്. എന്നാൽ, കേപ് കോഡിലെ ന്യൂ ഇംഗ്ലണ്ട് വന്യജീവി കേന്ദ്രത്തിൽ( New England Wildlife Centre at Cape Cod) രണ്ട് തലകളുള്ള ഒരു ആമ ജനിച്ചു. അവിടത്തെ ഏറ്റവും പുതിയ ആകർഷണമാണ് ഈ ഇരട്ട തലകളുള്ള ആമക്കുഞ്ഞ്. ഡയമണ്ട്ബാക്ക് ടെറാപിൻ ഇനത്തിൽ പെട്ടതാണ് ഇത്. വന്യജീവി കേന്ദ്രം ഫേസ്ബുക്കിലെ ഒരു പോസ്റ്റിലൂടെയാണ് ഈ വാർത്ത പങ്കുവച്ചത്. ബാർൺസ്റ്റബിൾ പ്രകൃതിവിഭവ വകുപ്പിന്റെ വിലയിരുത്തലിനായി ആമയെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കയാണ്. പേരിടാത്ത അതിന്, ഒന്നിച്ച് ചേർന്ന രണ്ട് നട്ടെല്ലുണ്ടെന്നും കരുതുന്നു. നട്ടെല്ലും, തലയും മാത്രമല്ല ആറ് കാലുകളുമുണ്ട്. ആമ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് അതിനെ പരിപാലിക്കുന്ന ടീം പോസ്റ്റിൽ പങ്കിട്ടു.

അത് രണ്ട് തലകൊണ്ടും കഴിക്കുന്നുവെന്നും, സാധാരണപോലെ നീന്തുന്നുവെന്നും അവർ പറഞ്ഞു. ഈ രണ്ടു തലയുടെയും പ്രവർത്തനം മനസ്സിലാക്കാൻ പ്രയാസമാണ്. എന്നാലും ചുറ്റുപാടിനോടും പ്രതികരിക്കുന്നതിന് രണ്ട് തലകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് കരുതുന്നു. ആമയുടെ എക്സ്റേയിലാണ് രണ്ട് തലകൾക്കും രണ്ട് നട്ടെല്ലുണ്ടെന്നും അവ ശരീരത്തിൽ കൂടിച്ചേർന്നിരിക്കയാണെന്നും കണ്ടെത്തിയത്.

വെറ്റുകളുടെ അഭിപ്രായത്തിൽ, ആമയ്ക്ക് ബൈസെഫാലി എന്ന അവസ്‌ഥയാണ്. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് ഭ്രൂണാവസ്ഥയിൽ തന്നെ സ്വാധീനിക്കുകയും, അതിന്റെ അസാധാരണമായ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. മനുഷ്യരിലെ ഒത്തുചേർന്ന ഇരട്ടകളുടെ അവസ്ഥയ്ക്ക് സമാനമാണ് ഇത്. ആ അവസ്ഥയിൽ അവരുടെ ചില ശരീരഭാഗങ്ങൾ ഒന്നായി ചേരുന്നു. എന്നാൽ, ബാക്കി ഭാഗങ്ങൾ അവർക്ക് സ്വതന്ത്രമായി ചലിക്കുന്നതും പ്രവർത്തിക്കുന്നതും സാധ്യമാക്കുന്നു.

എന്നാൽ, ഈ അവസ്ഥ കാരണം വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാനും ഭക്ഷണം തുല്യമായി കഴിക്കാനും അവയ്ക്ക് പ്രയാസമാകും. അതുകൊണ്ട്  അത്തരമൊരു അവസ്ഥയുള്ള മൃഗങ്ങൾക്ക് ആയുസ് കുറയുമെന്നും വന്യജീവി കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു. വരും ദിവസങ്ങളിൽ, ആന്തരിക ഘടനയെക്കുറിച്ച് കൂടുതൽ അറിയാൻ സിടി സ്കാൻ നടത്തുമെന്ന് വന്യജീവി സംഘം പറഞ്ഞു.

Follow Us:
Download App:
  • android
  • ios