Asianet News MalayalamAsianet News Malayalam

രണ്ട് പെൺകുട്ടികൾ പ്രണയിച്ചത് ഒരേ യുവാവിനെ, ആത്മഹത്യാശ്രമം, ഒടുവിൽ വധുവിനെ ടോസിട്ട് തെരഞ്ഞെടുത്തു

അതേസമയം പ്രണയിക്കുന്ന പെൺകുട്ടികളിൽ ഒരാൾ ഇതിനെക്കുറിച്ച് അറിയുകയും അയാളോടുള്ള താൽപ്പര്യത്തെക്കുറിച്ച് അവളുടെ കുടുംബത്തോട് പറയുകയും ചെയ്തതോടെ കഥ മറ്റൊരു വഴിത്തിരിവിലായി. പ്രസ്തുത പെൺകുട്ടിയുടെ കുടുംബം യുവാവിന്റെ വീട് സന്ദർശിക്കുകയും അവരുടെ പ്രണയത്തെ കുറിച്ച് പറയുകയും ചെയ്തു.

two women wanted same man to marry a toss decided the bride
Author
Karnataka, First Published Sep 8, 2021, 2:21 PM IST

നമ്മളിൽ പലരും ടോസ്സിട്ട് ചിലപ്പോൾ കാര്യങ്ങൾ തീരുമാനിക്കാറുണ്ട്. പക്ഷേ, സ്വന്തം ജീവിത പങ്കാളിയെ തന്നെ ടോസ്സിട്ട് തീരുമാനിച്ച ഒരാളുടെ കഥയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സിനിമകളിലെ ത്രികോണ പ്രണയത്തെ വെല്ലുന്ന രീതിയിൽ ഒരേസമയം രണ്ട് പെൺകുട്ടികളെ പ്രണയിച്ച ഒരു ഇരുപത്തേഴുകാരനാണ് യുവാവ്. രണ്ട് പെൺകുട്ടികളോടും കടുത്ത പ്രണയം തോന്നിയ യുവാവിന് അതിൽ നിന്ന് ആരെ തന്റെ ജീവിത പങ്കാളിയാക്കുമെന്നത് തീരുമാനിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ, അതിന് യുവാവ് കണ്ടെത്തിയ മാർ​ഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്. യുവാവ് നാണയം ടോസ്സിട്ടാണ് ഇതിനൊരു പ്രശ്നപരിഹാരം തേടിയത്.   

കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്പൂർ താലൂക്കിലാണ് സംഭവം. ഒരു വർഷം മുമ്പാണ് സകലേഷ്പൂരിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ആ 27 -കാരൻ അയൽ ഗ്രാമത്തിൽ നിന്നുള്ള 20 വയസ്സുള്ള ഒരു പെൺകുട്ടിയെ ആദ്യമായി കണ്ടുമുട്ടിയത്. ഇരുവരും പതുക്കെ അടുത്തു. താമസിയാതെ അവർ തമ്മിൽ പ്രണയത്തിലായി. അങ്ങനെ യുവാവ് തകർത്ത് പ്രണയിച്ചു കൊണ്ടിരിക്കുമ്പോഴാണ്, ഒട്ടും പ്രതീക്ഷിക്കാതെ രണ്ടാമത്തെ യുവതിയെ കണ്ടുമുട്ടുന്നത്. അവിടെയും ഇത് തന്നെ സംഭവിച്ചു. ആ യുവതിയും ആദ്യ പ്രണയിനിയുടെ അതെ ഗ്രാമത്തിൽ നിന്നാണ്, വയസ്സും ഏതാണ്ട് അത്ര തന്നെ വരും. യുവാവിന് രണ്ടാമത്തെ യുവതിയോടും പ്രണയം തോന്നി. അതേസമയം തങ്ങൾ ഒരേ പുരുഷനെയാണ് പ്രണയിക്കുന്നതെന്ന് മനസ്സിലാക്കാതെ യുവതികൾ അയാളെ പ്രണയിച്ചുകൊണ്ടിരുന്നു.

എന്നാൽ, യുവാവിന്റെ ഈ ത്രികോണ പ്രണയം പൊളിയാൻ അധികം സമയം വേണ്ടിവന്നില്ല. അയാൾക്കൊപ്പം ഒരു പെൺകുട്ടിയെ കണ്ട അയാളുടെ ഒരു ബന്ധു അയാളുടെ പിതാവിനെ വിവരം അറിയിച്ചതോടെ എല്ലാം കൈവിട്ടുപോയി. വീട്ടുകാർ ചോദിച്ചപ്പോൾ താൻ ആ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവാവ് പറഞ്ഞു. എന്നാൽ, വീട്ടുകാർ അയാളുടെ ആഗ്രഹത്തെ എതിർക്കുകയും എത്രയും വേഗം മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തു. അങ്ങനെ ഇതൊന്നുമറിയാതെ മൂന്നാമതൊരു പെൺകുട്ടി കൂടി ഇതിലുൾപ്പെട്ടു.

അതേസമയം പ്രണയിക്കുന്ന പെൺകുട്ടികളിൽ ഒരാൾ ഇതിനെക്കുറിച്ച് അറിയുകയും അയാളോടുള്ള താൽപ്പര്യത്തെക്കുറിച്ച് അവളുടെ കുടുംബത്തോട് പറയുകയും ചെയ്തതോടെ കഥ മറ്റൊരു വഴിത്തിരിവിലായി. പ്രസ്തുത പെൺകുട്ടിയുടെ കുടുംബം യുവാവിന്റെ വീട് സന്ദർശിക്കുകയും അവരുടെ പ്രണയത്തെ കുറിച്ച് പറയുകയും ചെയ്തു. അതേസമയം, യുവാവിനെ പ്രണയിക്കുന്ന രണ്ടാമത്തെ പെൺകുട്ടിയും കുടുംബത്തോടൊപ്പം യുവാവിന്റെ വീട്ടിൽ എത്തി. യുവാവിന്റെ മാതാപിതാക്കൾ ഇതൊക്കെ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ആകെ ആശയക്കുഴപ്പത്തിലായി. അപ്പോഴേക്കും ഗ്രാമം മുഴുവൻ യുവാവിന്റെ ത്രികോണ പ്രണയത്തെക്കുറിച്ച് അറിഞ്ഞു.

ഒരു മാസം മുമ്പ് തീർപ്പ് കൽപ്പിക്കാൻ പഞ്ചായത്ത് വിളിച്ചുകൂട്ടി. എന്നാൽ, ആരെയാണ് വിവാഹം ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ യുവാവിന് അന്നേരം സാധിച്ചില്ല. ഒരു നിഗമനത്തിലെത്താൻ കഴിയാതെ പഞ്ചായത്ത് പിരിച്ചുവിട്ടു. താൻ വഞ്ചിക്കപ്പെട്ടുവെന്ന തിരിച്ചറിഞ്ഞ ആദ്യ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഭാഗ്യവശാൽ, അവൾ കൃത്യസമയത്ത് രക്ഷപ്പെട്ടു. ഇത് കഴിഞ്ഞ് സെപ്റ്റംബർ 4 -ന് രണ്ടാമത്തെ പഞ്ചായത്ത് വിളിച്ചു ചേർത്തു. രണ്ട് സ്ത്രീകളുടെയും പുരുഷന്റെയും കുടുംബങ്ങൾ അതിൽ പങ്കെടുത്തു. അതിൽ പഞ്ചായത്തിന്റെ തീരുമാനം അന്തിമമാണെന്നും, തീരുമാനം തങ്ങൾക്ക് അനുകൂലമല്ലെങ്കിൽപ്പോലും ആരും പൊലീസിലോ കോടതിയിലോ മാധ്യമങ്ങളിലോ പോകില്ലെന്നും പ്രസ്താവിക്കുന്ന ഒരു കരാറുണ്ടാക്കി. മൂന്ന് കക്ഷികളും ഇത് സമ്മതിക്കുകയും പ്രസ്തുത കരാറിൽ ഒപ്പിടുകയും ചെയ്തു.

ഒടുവിൽ ഏത് പെൺകുട്ടിയെയാണ് വിവാഹം ചെയ്യേണ്ടതെന്ന് ടോസിട്ടു തീരുമാനിക്കാൻ പഞ്ചായത്ത് ഉറച്ചു. ടോസ് ആദ്യ പെൺകുട്ടിയ്ക്ക് അനുകൂലമായി. ഇതോടെ രണ്ടാമത്തെ യുവതി വധുവിനെ അഭിനന്ദിക്കുകയും, യുവാവിന്റെ മുഖത്തടിക്കുകയും ചെയ്തു. പോകുന്നതിന് മുമ്പ് അയാൾക്ക് അവൾ മുന്നറിയിപ്പ് നൽകി. "നീ എന്നെ ചതിച്ചു. നീ മനസ്സമാധാനത്തോടെ ജീവിക്കുമോ എന്നെനിക്കറിയില്ല. പക്ഷേ, ഞാൻ നിന്റെ മുന്നിൽ അന്തസ്സായി ജീവിച്ച് കാണിച്ചു തരും. സൂക്ഷിച്ചോ, ഞാൻ നിന്നെ വെറുതെ വിടില്ല" അവൾ പറഞ്ഞു. അവളുടെ വാക്കുകൾ കേട്ട് ഗ്രാമം മുഴുവൻ കൈയടിച്ചു. അതേസമയം ടോസിടുന്നതിന് മുമ്പ് തന്നെ ആത്മഹത്യക്ക് ശ്രമിച്ച ആദ്യ യുവതിയെ വിവാഹം കഴിക്കാൻ വരൻ തയ്യാറായി എന്നും ഒരു റിപ്പോർട്ടുണ്ട്. എന്തുതന്നെയായാലും, പഞ്ചായത്തിന്റെ തീരുമാനമനുസരിച്ച് ദമ്പതികൾ ഇപ്പോൾ വിവാഹിതരാണ്.  

Follow Us:
Download App:
  • android
  • ios