പൂന്തോട്ടങ്ങളെ ഭംഗിയാക്കാന്‍ അലങ്കാരപ്പനകള്‍ നട്ടുവളര്‍ത്തുന്നവരുണ്ട്. ഇപ്പോള്‍ ചട്ടിയിലും സാധാരണ തോട്ടങ്ങളിലെ നിലത്തുള്ള മണ്ണിലും മനോഹരമായി ഇവ വളര്‍ത്തിക്കാണുന്നുണ്ട്. നാം ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് കരിമ്പനയെക്കുറിച്ചായിരിക്കും. ഐതിഹ്യങ്ങളിലും നോവലുകളിലും ഏറെ പരാമര്‍ശിക്കപ്പെട്ട ഈ ഇനത്തെക്കൂടാതെ നിരവധി വ്യത്യസ്‍ത ഇനം പനകളുണ്ട്. പൂന്തോട്ടങ്ങളില്‍ വളര്‍ത്തുന്ന ഇനങ്ങളാണ് ചൈനീസ്, സയാമീസ്, തായ്, മലേഷ്യന്‍ എന്നിവ. ഇനി മുതല്‍ ഭംഗിയുള്ള പനകള്‍ക്കും പൂന്തോട്ടത്തില്‍ സ്ഥാനം നല്‍കാം.

ഫാന്‍ പാം

 

പനകളെല്ലാം തന്നെ അരക്കേഷ്യ കുടുംബത്തില്‍പ്പെട്ടവയാണ്. ഇതിന് വിശറിപ്പനയെന്നാണ് പേര്. വിശറി പോലുള്ള ഇലകളുള്ളതുകൊണ്ടു തന്നെയാണ് ഈ പേര് കിട്ടിയത്. ഒരു പ്രാവശ്യം കുലച്ചു കഴിഞ്ഞാല്‍ പിന്നെ നശിച്ചുപോകും.

ചൈനീസ് ഫാന്‍ പാം അഥവാ ലിവിസ്റ്റോണ ചൈനെസിസ് ഫ്‌ളോറിഡയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഇനമാണ്. ഇവിടങ്ങളില്‍ ഇന്‍ഡോര്‍ പ്ലാന്റായി മിക്കവാറും ആളുകള്‍ ഇത് വളര്‍ത്തുന്നു. പതുക്കെ വളരുന്ന പനയാണിത്. ഏതാണ്ട് 6 അടി ഉയരത്തില്‍ വളരും.

അതുപോലെ തന്നെ മറ്റൊരിനമാണ് യൂറോപ്യന്‍ ഫാന്‍ പാം. ഇതും ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താം. നരച്ച പച്ചക്കളറിലാണ് ഇലകള്‍. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ രണ്ടടി ഉയരത്തില്‍ വളരും.

എങ്ങനെ വളര്‍ത്താം?

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ മണ്ണ് ഈര്‍പ്പമുള്ളതായിരിക്കണം. എന്നാല്‍ വെള്ളം കെട്ടിനിന്നാല്‍ വേര് ചീഞ്ഞുപോകും.

55 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയാണ് വളരാന്‍ നല്ലത്. ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുമ്പോള്‍ സീലിങ്ങ് ഫാനിന്റെയും എയര്‍ കണ്ടീഷന്‍ ഉപകരണങ്ങളുടെയും സമീപത്ത് വെക്കരുത്. നാല് മണിക്കൂര്‍ സൂര്യപ്രകാശം കിട്ടിയാല്‍ വളരെ നല്ലതാണ്. തെക്കോട്ടോ പടിഞ്ഞാറോട്ടോ തുറക്കുന്ന ജനലുകള്‍ക്ക് സമീപം ചട്ടികള്‍ വെക്കുന്നതാണ് നല്ലത്.

റെഡ് പാം അഥവാ ലിപ്സ്റ്റിക് പാം

 

പൂന്തോട്ടത്തില്‍ നല്ല ഭംഗിയായി വളര്‍ത്താന്‍ പറ്റുന്ന ഇനമാണിത്. നല്ലചുവപ്പുനിറമുള്ള തണ്ടാണ് ഇതിന്. റെഡ് സീലിങ്ങ് വാക്‌സ് പാം എന്നാണ് ഈ പന അറിയപ്പെടുന്നത്. രാജാ പാം എന്നും വിളിച്ചു വരുന്നു. ക്രിസ്‌റ്റോക്കാഷ്യസ് റെന്‍ഡ എന്നാണ് ശാസ്ത്രനാമം.

മലേഷ്യയിലും സുമാത്രയിലെ ദ്വീപുകളിലുമാണ് ആദ്യമായി കാണപ്പെട്ടത്. തൂവലുകള്‍ പോലുള്ള കടുംപച്ചനിറത്തിലുള്ള ഇലകളാണ് പ്രത്യേകത. ചിലപ്പോള്‍ തണ്ടുകള്‍ക്ക് ഓറഞ്ചും മഞ്ഞയും നിറങ്ങളും കാണാം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പനയുടെ ഇനമാണിത്. 16 മുതല്‍ 20 അടി വരെ ഉയരത്തില്‍ വളരാം.

വരള്‍ച്ചയെയും കാറ്റിനെയും അതിജീവിക്കാന്‍ കഴിവുണ്ട്. നല്ല സൂര്യപ്രകാശത്തിലും ഭാഗികമായ തണലിലും വളരും. വിത്തുകള്‍ മുളപ്പിച്ചാണ് വളര്‍ത്തുന്നത്.  വളരെ സാവധാനത്തിലാണ് വിത്തുകള്‍ മുളയ്ക്കുന്നത്. രണ്ടു നാലോ മാസം വരെയെടുത്താണ് വിത്തുകള്‍ മുളയ്ക്കാറുള്ളത്. 3 വര്‍ഷം വരെ വളരെ ചെറിയ ചെടികളായിരിക്കും. കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ബാധിക്കാറില്ല. പുറത്ത് തോട്ടങ്ങളില്‍ വളര്‍ത്തുന്നയിനമാണിത്.

വെണ്ടപ്പന

 

വെണ്ടയുടെ രൂപത്തില്‍ നിറയെ ഇലകളുള്ള ഒരിനം പനയാണിത്. തണ്ടിന് വണ്ണം കുറവാണ്. തായ്, മലയ, മിനിയേച്ചര്‍ എന്നീ ഇനങ്ങളില്‍ കാണപ്പെടുന്നുണ്ട്.

പൂന്തോട്ടങ്ങളില്‍ വളര്‍ത്തിയാല്‍ ഏകദേശം 6 അടി മുതല്‍ 12 അടി വരെ ഉയരത്തില്‍ വളരും. ഇന്‍ഡോര്‍ ആയി വളര്‍ത്തിയാല്‍ വളരെ ചെറിയ ചെടിയായും വളരും.

കിഴക്കോട്ട് തുറക്കുന്ന ജനലിന് സമീപം ചെടിച്ചട്ടികള്‍ സ്ഥാപിക്കുന്നതാണ് നല്ലത്. നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. 60 ഡിഗ്രി ഫാറന്‍ഹീറ്റിനും 80 ഡിഗ്രി ഫാറന്‍ഹീറ്റിനും ഇടയിലുള്ള താപനിലയില്‍ വളരാന്‍ ഇഷ്ടപ്പെടുന്നവയാണ്.

വേനല്‍ക്കാലത്ത് നന്നായി നനയ്ക്കണം. തണുപ്പുകാലത്ത് മണ്ണ് അല്‍പ്പം ഉണങ്ങിയ രീതിയില്‍ നിലനിര്‍ത്തണം. ചട്ടിയുടെ കീഴിലുള്ള ദ്വാരത്തിലൂടെ വെള്ളം പുറത്തേക്ക് വരുന്നതുവരെ ഒഴിച്ചുകൊടുക്കണം. 20 മിനിറ്റ് കഴിഞ്ഞാല്‍ ചട്ടിയുടെ താഴെ വെച്ചിട്ടുള്ള പാത്രത്തില്‍ ശേഖരിച്ച വെള്ളം കളയണം.

വളരെ വലുതായി വളരുമ്പോള്‍ വെള്ളം ഇതുപോലെ കളയാന്‍ പ്രയാസമായിരിക്കും. അപ്പോള്‍ പാത്രത്തില്‍ പെബിള്‍സ് ഇട്ട് അതിന് മുകളില്‍ ചട്ടി വെച്ചാല്‍ വെള്ളം നേരിട്ട് വലിച്ചെടുക്കുന്നത് തടയാം.

ഓരോ രണ്ടു വര്‍ഷം കഴിയുമ്പോഴും വെണ്ടപ്പനയുടെ ചട്ടികളില്‍ പോട്ടിങ്ങ് മിശ്രിതം വീണ്ടും നിറയ്ക്കണം. കൂടുതല്‍ വളപ്രയോഗം നടത്തരുത്. വേനല്‍ക്കാലത്ത് മാത്രം വെള്ളത്തില്‍ കലര്‍ത്തിയ വളങ്ങള്‍ നല്‍കാം.

ബോട്ടില്‍ പാം

തണ്ടിന് ചാരനിറമായിരിക്കും. കുപ്പിയുടെ ആകൃതിയില്‍ വളരുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. കവുങ്ങിന്റെ ഓലയോട് സാമ്യമുണ്ടായിരിക്കും.

ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്നു. ഫ്‌ളോറിഡയിലും കാലിഫോര്‍ണിയയിലും ഹവായ് ദ്വീപുകളിലുമാണ് ആദ്യകാലങ്ങളില്‍ കൃഷി ചെയ്തിരുന്നത്. പൊട്ടാസ്യം അടങ്ങിയ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. തണുപ്പുള്ള കാലാവസ്ഥയില്‍ ബ്ലാങ്കറ്റ് ഉപയോഗിച്ച് പന പൊതിഞ്ഞുവെക്കുന്നതാണ് നല്ലത്.

എല്ലായിനങ്ങളും കേരളത്തില്‍ വളര്‍ത്താം

മണ്ണും ചാണകപ്പൊടിയും കലര്‍ത്തി വിത്തുകള്‍ പാകാം. തൈകള്‍ക്ക് മൂന്നോ നാലോ ഇലകള്‍ വന്ന ശേഷം മാറ്റി നടാം. വിത്തുകള്‍ മുളക്കാന്‍ കാലതാമസം വരും.

തൈകള്‍ നടുന്നതാണെങ്കില്‍ വെള്ളം വാര്‍ന്നുപോകുന്ന സ്ഥലം തിരഞ്ഞെടുക്കണം. രണ്ടടി നീളത്തിലും ഒരടി വീതിയിലുമുള്ള കുഴികളെടുക്കാം. രണ്ടാഴ്ച മുമ്പ് കുഴിയില്‍ പകുതി വരെ മേല്‍മണ്ണ് നിറച്ചുവെക്കണം. അല്‍പ്പം ഉപ്പും കുമ്മായവും ചേര്‍ത്ത് നനച്ചുവെക്കണം. ചാണകപ്പൊടിയും ചേര്‍ക്കാം.

പൂന്തോട്ടങ്ങളില്‍ ഓരോ കുഴിക്കും കൃത്യമായ അകലം നല്‍കി നട്ടാല്‍ പ്രത്യേക ഭംഗിയായിരിക്കും. ഒരു ചെടിയുടെ ഇലകളും മറ്റൊരു ചെടിയുടെ ഇലകളും തമ്മില്‍ കോര്‍ത്തുനില്‍ക്കരുത്.

വീടിനകത്ത് വളര്‍ത്തുമ്പോള്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒരു ദിവസം പനകള്‍ വെയില്‍ കൊള്ളിക്കാം. ഇലകളും തണ്ടുകളും ഉണങ്ങിയാല്‍ കൃത്യമായി എടുത്തുമാറ്റണം.