ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന സ്ഥലമാണ് ഉദയ്‍പൂര്‍. എന്നാല്‍, ടൂറിസം കാരണം ആകെ മടുത്തുപോയി എന്നാണ് പ്രദേശവാസിയായ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് ടൂറിസം. ഒരു സ്ഥലം വിനോദസഞ്ചാരകേന്ദ്രമാകുന്നതോടു കൂടി പ്രദേശവാസികൾക്ക് നിരവധി തൊഴിലവസരങ്ങളും സൗകര്യങ്ങളുമെല്ലാം അതോടൊപ്പം വന്നുചേരാറുണ്ട്. എന്നാൽ, അതേസമയം തന്നെ ഉത്തരവാദിത്തമില്ലാത്ത വിനോദസഞ്ചാരം പലപ്പോഴും പ്രദേശത്തെ ആളുകളുടെ ഉറക്കം കെടുത്തുന്ന അനുഭവങ്ങളും ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ളൊരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഉദയ്പൂരിൽ നിന്നുള്ളൊരാളാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്ക്, വർദ്ധിച്ചുവരുന്ന ചെലവുകൾ, സംസ്കാരത്തിലെ മാറ്റം എന്നിവയെ കുറിച്ചുള്ള നിരാശയാണ് യുവാവ് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്.

'ട്രാഫിക് ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. നാട്ടിലുള്ളവർക്ക് എങ്ങോട്ടെങ്കിലും പോകാനോ അവരുടെ ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ അനുഭവിക്കാനോ ഇത് തടസമാകുന്നു. ഈ നാട്ടുകാരനെന്ന നിലയിൽ എനിക്ക് എന്റെ ന​ഗരം ഇപ്പോൾ ആസ്വദിക്കാൻ പറ്റാതായിരിക്കയാണ്. ആളുകളെ സ്വന്തം നാട്ടിലേക്ക് ഞങ്ങൾ സ്വാ​ഗതം ചെയ്യുന്നുണ്ട്. പക്ഷേ, ഇതിപ്പോൾ നിറയെ ആളുകൾ മാത്രമേയുള്ളൂ. താനാകെ ക്ഷീണിച്ചിരിക്കുന്നു' എന്നാണ് യുവാവ് പറയുന്നത്.

ടൂറിസം വികസിച്ചതോടെ ആളുകൾക്ക് സമ്പത്തിനോടുള്ള ആ​ഗ്രഹവും വർധിച്ചു, സമീപത്തെ കുന്നുകളിൽ ഹോട്ടലുകൾ പണിത് തുടങ്ങിയിരിക്കയാണ് എന്നും യുവാവ് പറയുന്നു. ഒരു കുട്ടിയായിരിക്കുമ്പോൾ താൻ സൗജന്യമായി സജ്ജൻഗഡിൽ പോകാറുണ്ട്. എന്നാൽ, ഇന്ന് സൂര്യാസ്തമയം കാണാൻ പോകാൻ പോലും കാശ് കൊടുക്കണം എന്നാണ് പോസ്റ്റിൽ പറയുന്നത്. നിരവധിപ്പേരാണ് യുവാവ് ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിന് കമന്റുകളുമായി എത്തിയത്. യുവാവ് പറഞ്ഞത് ശരിയാണ് എന്ന് അനുകൂലിച്ചുകൊണ്ട് ഒരുപാട് പേർ കമന്റ് നൽകിയിട്ടുണ്ട്. ഒപ്പം സമാനമായ അനുഭവം ഉള്ളതായും ആളുകൾ പറഞ്ഞു. അതേസമയം, ഇതെല്ലാം ടൂറിസം വളരുന്നതിന്‍റെ ഭാഗമാണ് എന്നാണ് മറ്റ് പലരും അഭിപ്രായപ്പെട്ടത്.