ഈ ബന്ധത്തിൽ മൂന്നാമതൊരാളെയും കൂടി ഉൾപ്പെടുത്തിയാലോ എന്ന് ലെസ്ലി ഒരിക്കൽ തന്റെ ഭർത്താവിനോട് ചോദിച്ചു. ഇതിനോടകം എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിച്ചിരുന്ന ഭർത്താവിനും ഇതിൽ എതിർപ്പില്ലായിരുന്നു.
ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള ബന്ധം പരസ്പരമുള്ള സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ് എന്നാണ് പൊതുവെയുള്ള സങ്കൽപം. ഭർത്താവ് മറ്റൊരു സ്ത്രീയെ നോക്കുന്നതും പോലും സഹിക്കാൻ കഴിയാത്ത ഭാര്യമാരുണ്ട് നമുക്കിടയിൽ, അതുപോലെ തിരിച്ചും.
ഇരുവർക്കുമിടയിൽ മൂന്നാമതൊരാൾ വന്നാൽ പിന്നെ ആ ബന്ധം മുന്നോട്ട് പോകാൻ പ്രയാസമാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ളണ്ടിലെ ഒരു ദമ്പതികൾ തങ്ങളുടെ ബന്ധത്തിൽ മൂന്നാമതൊരാളെ കൊണ്ടുവന്നു, അതൊരു സ്ത്രീയായിരുന്നു.
നമ്മുടെ പൊതുബോധ പ്രകാരം അവരുടെ ബന്ധം കൂടുതൽ മോശമാവാനാണിട. എന്നാൽ, ഇവിടെ സംഭവിച്ചത് അതല്ല. തങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി എന്നാണ് അവർ പറയുന്നത്. ഇപ്പോൾ ഭർത്താവും ഭാര്യയും ഈ സ്ത്രീയെ വിവാഹം കഴിക്കാൻ പോവുകയാണ്.
ഇരുപത്തഞ്ചുകാരനായ ടോമും ഇരുപത്തിനാലുകാരിയായ ലെസ്ലി ഹിൽയാർഡുമാണ് ആ ദമ്പതികൾ. 2017 -ലാണ് അവർ വിവാഹിതരായത്.
എന്നാൽ പിന്നീട് ലെസ്ലി ബൈസെക്ഷ്വൽ ആണെന്നും സ്ത്രീകളെയും പുരുഷന്മാരെയും അവൾ ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നുവെന്നും ടോം മനസ്സിലാക്കി. എന്നാലും, ഇരുവരും സന്തോഷത്തോടെ കഴിഞ്ഞു. അവർ പരസ്‌പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
ഈ ബന്ധത്തിൽ മൂന്നാമതൊരാളെയും കൂടി ഉൾപ്പെടുത്തിയാലോ എന്ന് ലെസ്ലി ഒരിക്കൽ തന്റെ ഭർത്താവിനോട് ചോദിച്ചു. ഇതിനോടകം എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിച്ചിരുന്ന ഭർത്താവിനും ഇതിൽ എതിർപ്പില്ലായിരുന്നു.
അങ്ങനെ എൽജിബിടിക്യു ഡേറ്റിംഗ് ആപ്പായ ടൈമി വഴി ലെസ്ലി എമ്മ കംബർ എന്ന യുവതിയെ കണ്ടുമുട്ടി. എമ്മയ്ക്ക് 31 വയസ്സായിരുന്നു പ്രായം.
സീനിയർ ഫിനാൻഷ്യൽ അഡ്‌മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു ലെസ്‌ലി. എമ്മ ഒരു കെയർ ഹോമിൽ ടീം ലീഡറായി ജോലി ചെയ്യുന്നു. അവർ ഇരുവരും ഒരുപാട് സംസാരിക്കാൻ തുടങ്ങി, കാണാൻ തുടങ്ങി. ഏകദേശം ഒരു മാസത്തിന് ശേഷം ലെസ്ലി എമ്മയെ ടോമിന് പരിചയപ്പെടുത്തി.
എമ്മയുടെ വ്യക്തിത്വം ടോമിനും ഇഷ്ടപ്പെട്ടു. അന്നുമുതൽ മൂവരും പരസ്പരം സ്നേഹത്തോടെ ഒരുമിച്ച് കഴിയുന്നു. വീട്ടുകാര്യങ്ങൾ മുതൽ ബില്ലുകൾ വരെ എല്ലാം അവർ ഒരുമിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഈസ്റ്റ് സസെക്സിലാണ് അവർ താമസിക്കുന്നത്. ഇപ്പോൾ അവർ മാതാപിതാക്കളാകാനുള്ള തീരുമാനത്തിലാണ്. എന്നാൽ അവരിൽ ആരാണ് കുഞ്ഞിനെ ഗർഭം ധരിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
അതേസമയം മൂന്നാമതൊരാളെ തങ്ങളുടെ ബന്ധത്തിൽ കൊണ്ടുവന്നത് വലിയ കുറ്റമായി പലരും കാണുന്നുവെന്ന് ലെസ്ലി ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. മറ്റ് ചിലർ തങ്ങൾ അഡൾട് ഇൻഡസ്ട്രയിലാണ് ജോലി നോക്കുന്നതെന്ന് തെറ്റിദ്ധരിക്കുന്നുവെന്നും അവൾ പറഞ്ഞു. എന്നാൽ ഇത് അങ്ങനെയല്ലെന്നും അവൾ കൂട്ടിച്ചേർത്തു. അവർ മൂന്ന് പേരും പരസ്പരം എല്ലാം പങ്കിടുന്നുവെന്നും ഒരുമിച്ച് ഉറങ്ങുന്നുവെന്നും ലെസ്ലി പറയുന്നു.
വീട്ടുചെലവുകൾ വരെ അവർ പങ്കിടുന്നു. ഉത്തരവാദിത്തമുള്ള മുതിർന്നവരെ പോലെ പരസ്പരം ബഹുമാനിച്ചുകൊണ്ടാണ് തങ്ങൾ ജീവിതം നയിക്കുന്നത് എന്നും അവൾ കൂട്ടിച്ചേർത്തു. തുടക്കത്തിൽ കുറച്ച് അസൂയയും, നീരസവും എല്ലാം ഉണ്ടായെങ്കിലും പതിയെ കാര്യങ്ങൾ നല്ലതായി. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ തങ്ങൾ അപ്പപ്പോൾ എല്ലാം തുറന്ന് പരസ്പരം സംസാരിക്കുമെന്ന് അവർ പറയുന്നു.
