‘അതേസമയം, കോമയിലായപ്പോൾ മരണത്തിന്റെ തൊട്ടടുത്തെത്തിയ പോലുള്ള അനുഭവമാണ് തനിക്കുണ്ടായത്. എന്നാൽ, അത് പറഞ്ഞുകേട്ടിട്ടുള്ള അനുഭവമേ ആയിരുന്നില്ല. അവിടെ സ്വർഗീയ കവാടങ്ങളില്ലായിരുന്നു. ഞാനൊന്നും കണ്ടില്ല, ഒരു കുളിർമ തോന്നി.’
മരണം എന്നത് എല്ലാ കാലത്തും അജ്ഞാതമായി തുടരുന്ന ഒന്നാണ്. എന്ന് മരിക്കുമെന്നോ, മരണശേഷമെന്തുണ്ടാകുമെന്നോ എന്നതിനെയൊക്കെ ചൊല്ലി ആളുകൾ പല അഭിപ്രായങ്ങളും ഊഹാപോഹങ്ങളും പങ്കുവയ്ക്കാറുണ്ട്. അതേസമയം തന്നെ മരണത്തിന്റെ വക്കിൽ നിന്നും തിരിച്ചുവന്ന ചിലരൊക്കെ തങ്ങൾക്കുണ്ടായ വിചിത്രമായ ചില അനുഭവങ്ങളെ കുറിച്ചും ആളുകളോട് പറയാറുണ്ട്. അതിൽ എത്രത്തോളം വിശ്വസനീയതയുണ്ട് എന്നത് ചർച്ചാവിഷയമാണെങ്കിലും അത് ആളുകളെ ആകർഷിക്കാറുണ്ട്. ചിലപ്പോൾ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തന്നെയാവാം അതിന് കാരണം. അതുപോലെ ഒരാളാണ് യുകെയിൽ നിന്നുള്ള 32 -കാരിയായ നിക്കോള ഹോഡ്ജസ്.
അപസ്മാരത്തിനുള്ള മരുന്നിൽ വ്യത്യാസം വരുത്തിയതിന് പിന്നാലെയാണ് നിക്കോള കോമയിലായത്. കെന്റിലെ ആഷ്ഫോർഡിലുള്ള വില്യം ഹാർവി ആശുപത്രിയിൽ അവളെ പ്രവേശിപ്പിച്ചിരുന്നു. മരണത്തിനടുത്തെത്തിയ നിക്കോള പറയുന്നത്, 'അവിടെ താൻ സ്വർഗീയ കവാടങ്ങളൊന്നും കണ്ടില്ല' എന്നാണ്.
24 മണിക്കൂർ ഡയാലിസിസിന് വിധേയയാതിന് പിന്നാലെയാണ് അവൾ കോമയിലായത്. അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും, സുഖം പ്രാപിക്കാനുള്ള സാധ്യത 20% മാത്രമാണെന്നുമാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്. പിന്നാലെ അവളുടെ കുടുംബം അവളുടെ കിടക്കയ്ക്ക് സമീപത്തെത്തിച്ചേർന്നു. 'വീട്ടുകാരെല്ലാം വല്ലാതെ ഭയന്നിരുന്നു, താൻ തിരികെ വരില്ല, വന്നാലും പഴയതുപോലെയാകില്ല എന്നെല്ലാം അവർ ഭയപ്പെട്ടിരുന്നു' എന്ന് നിക്കോള പറയുന്നു.
'അതേസമയം, കോമയിലായപ്പോൾ മരണത്തിന്റെ തൊട്ടടുത്തെത്തിയ പോലുള്ള അനുഭവമാണ് തനിക്കുണ്ടായത്. എന്നാൽ, അത് പറഞ്ഞുകേട്ടിട്ടുള്ള അനുഭവമേ ആയിരുന്നില്ല. അവിടെ സ്വർഗീയ കവാടങ്ങളില്ലായിരുന്നു. ഞാനൊന്നും കണ്ടില്ല, ഒരു കുളിർമ തോന്നി. മഞ്ഞ കലർന്ന ഒരു വെളിച്ചമുണ്ടായിരുന്നു. മരണശേഷം എന്തെങ്കിലും ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നു. പുതിയ ഒരു ജീവിതമോ എന്തെങ്കിലും എനർജിയോ അങ്ങനെയെന്തെങ്കിലും' എന്നാണ് നിക്കോള പറയുന്നത്.
എന്തായാലും അവൾ തിരികെ ജീവിതത്തിലേക്ക് വന്നു. പക്ഷേ, പിന്നീടും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അവൾക്കുണ്ടായി. ഇന്നും അവൾ അതിനോട് പടവെട്ടി കൊണ്ടിരിക്കുകയാണ്. എങ്കിലും, ജീവിതത്തെ ധൈര്യത്തോടെ നേരിടാൻ തന്നെയാണ് നിക്കോളയുടെ തീരുമാനം. 40 വയസാകുമ്പോഴേക്കും ചെയ്യാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് വരെ അവൾ തയ്യാറാക്കി കഴിഞ്ഞു.
