"നിർഭാഗ്യവശാൽ, പെൻഗ്വിനുകൾ ഈ രോഗത്തിന് അടിമപ്പെടാൻ സാധ്യതയുണ്ട്, കാരണം അവയ്‌ക്ക് മലേറിയയ്ക്കെതിരെ സ്വാഭാവിക പ്രതിരോധം ഇല്ല. മാത്രമല്ല ഇത് മെഡിക്കൽ പരിശോധനകളിലൂടെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയില്ല" എന്നും ഗ്രോവ് പറഞ്ഞു.
ഏവിയൻ മലേറിയ(Avian malaria) പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒരു മൃഗശാലയിൽ നിരവധി പെൻഗ്വിനുകൾ(Penguins) ചത്തൊടുങ്ങിയിരിക്കുകയാണ്. ഡ്യൂഡ്‌ലി മൃഗശാല(Dudley Zoo) 30 വർഷമായി ഹംബോൾട്ട് പെൻഗ്വിനുകളെ വളർത്തുന്നുണ്ട്. കൂടാതെ രാജ്യത്തെ പെൻഗ്വിനുകളുടെ ഏറ്റവും വലിയ സുസ്ഥിര കോളനികളിലൊന്നാണിത്. മനുഷ്യർക്ക് അപകടമൊന്നുമില്ലെങ്കിലും മലേറിയയെ തുടർന്ന് കോളനിയിലെ 69 പെൻഗ്വിനുകളിൽ 50 ഓളം ഇതുവരെ ഇല്ലാതായതിന്റെ നടുക്കത്തിലാണ് മൃഗശാല.
ഈ വലിയ നഷ്ടത്തിൽ സൂവിലെ ജീവനക്കാരുടെ ഹൃദയം തകർന്നിരിക്കുകയാണ് എന്ന് അതിന്റെ ഡയറക്ടർ, ഡെറക് ഗ്രോവ് പറയുന്നു. വളരെ ആത്മാർപ്പണത്തോടെയാണ് മൃഗശാലയിലെ പക്ഷികളുടെ വിഭാഗത്തിലുള്ളവർ ജോലി ചെയ്‍തിരുന്നത്. അതിനാൽ തന്നെ അവരെ ഇത് വളരെ അധികം ബാധിച്ചു എന്നും ഗ്രോവ് പറയുന്നു.
"കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞങ്ങളുടെ പെൻഗ്വിനുകളെ പരിപാലിക്കുന്നതിനുള്ള അവരുടെ അർപ്പണബോധവും അശ്രാന്ത പരിശ്രമവും മാതൃകാപരമാണ്" അദ്ദേഹം പറഞ്ഞു. കഴിയുന്നത്രയും എണ്ണത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ പക്ഷികളെ ഓരോന്നിനെയായി പ്രത്യേകം ചികിത്സിക്കാൻ അവർ മുഴുവൻ സമയവും നൽകി, അവരുടെ ദൃഢനിശ്ചയത്തിന് ഞങ്ങൾ നന്ദി പറയുന്നു എന്നും ഗ്രോവ് പറഞ്ഞു.
മൃഗശാലയുടെ കോളനി 1991-ൽ അഞ്ച് കുഞ്ഞുങ്ങളുമായി ആരംഭിച്ചതാണ്. അതിനുശേഷം രാജ്യത്തുടനീളമുള്ള ശേഖരങ്ങളിൽ നിന്നും പെൻഗ്വിനുകളെ എത്തിച്ചത് എണ്ണം വർദ്ധിപ്പിക്കാൻ സഹായിച്ചു. ഇതുപോലെ ഒരു ദുരന്തം ആദ്യമായിട്ടാണ് അവിടെ സംഭവിക്കുന്നത് എന്നും മൃഗശാല പറയുന്നു. ഏവിയൻ മലേറിയ ഒരു പരാന്നഭോജി മൂലമാണ് ഉണ്ടാകുന്നത്, ഇത് മനുഷ്യന് മലേറിയ ഉണ്ടാകുന്നതിൽ നിന്ന് വ്യത്യസ്തമാണ്. പെൻഗ്വിനുകൾ പോലുള്ള രോഗത്തിനെതിരായ പ്രതിരോധം പരിണമിച്ചിട്ടില്ലാത്ത ജീവജാലങ്ങൾക്ക് ഇത് മാരകമായേക്കാം.
"നിർഭാഗ്യവശാൽ, പെൻഗ്വിനുകൾ ഈ രോഗത്തിന് അടിമപ്പെടാൻ സാധ്യതയുണ്ട്, കാരണം അവയ്‌ക്ക് മലേറിയയ്ക്കെതിരെ സ്വാഭാവിക പ്രതിരോധം ഇല്ല. മാത്രമല്ല ഇത് മെഡിക്കൽ പരിശോധനകളിലൂടെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയില്ല" എന്നും ഗ്രോവ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ കാലാവസ്ഥയ്ക്ക് ഇതിൽ പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും മൃഗശാല അധികൃതർ പറയുന്നു.
