മരുന്ന് നിര്‍മ്മാണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി കഞ്ചാവ് നട്ടുവളര്‍ത്തുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കാനായി ലോകത്തിന്‍റെ പല ഭാഗങ്ങളിലും ആവശ്യങ്ങളുയര്‍ന്നിട്ടുണ്ട്. ചില രാജ്യങ്ങളിലാവട്ടെ അത് നിയമവിധേയവുമാണ്. ന്യൂസിലാന്‍ഡ് അത്തരത്തിലൊരു രാജ്യമാണ്. മരുന്ന് നിര്‍മ്മാണത്തിനായി കഞ്ചാവ് വളര്‍ത്താനുള്ള അനുമതി ഈ രാജ്യത്തുണ്ട്. ഇപ്പോഴിതാ, ന്യൂസിലാന്‍ഡിലെ ഈ പ്രശസ്‍തമായ സര്‍വകലാശാല മരുന്നിന് വേണ്ടി ഉപയോഗിക്കാവുന്ന കഞ്ചാവിനെ കുറിച്ച് പഠിപ്പിക്കുന്ന രാജ്യത്തെ ആദ്യ സര്‍വകലാശാലയാകാന്‍ ഒരുങ്ങുകയാണ്. 

അടുത്ത മാസം മുതലാണ് ഓക്ക്ലാന്‍ഡ് യൂണിവേഴ്‍സിറ്റി ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 'ദ സയന്‍സ് ഓഫ് മെഡിക്കല്‍ കന്നാബീസ്' (മരുന്നിനായി ഉപയോഗിക്കുന്ന കഞ്ചാവിന്‍റെ ശാസ്ത്രം) എന്ന വിഷയത്തില്‍ പഠനം നടത്താനാവുക. വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മരിജ്ജുവാന വ്യവസായത്തെ കുറിച്ചുള്ള ശാസ്ത്രീയ അവബോധം നല്‍കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ജൂലൈ 20 -നായിരിക്കും രണ്ടാമത്തെ സെമസ്റ്ററില്‍ ഈ വിഷയം കൂടി തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാവുക. 

മരുന്നിനായി ഉപയോഗിക്കുന്ന കഞ്ചാവിന്‍റെ ചരിത്രം, ഇതിന്‍റെ പരാഗണം, എങ്ങനെയാണ് വളരുന്നത്, മരുന്നിലെങ്ങനെയാണ് ഉപയോഗിക്കുന്നത് തുടങ്ങിയ വിവിധ മേഖലകളില്‍ ഇതുവഴി അറിവ് നേടാനാവും. മെഡിക്കൽ ഗ്രേഡ് കഞ്ചാവ് എങ്ങനെ കൃഷി ചെയ്യാം, വ്യത്യസ്‍ത കഞ്ചാബിനോയിഡുകൾ എങ്ങനെ വിശകലനം ചെയ്യാം, ഔഷധ കഞ്ചാവ് ഉൽ‌പന്നങ്ങൾ എങ്ങനെ രൂപപ്പെടുത്താം എന്നുമെല്ലാം വിദ്യാർത്ഥികൾ പഠിക്കും.

''ഈ കോഴ്‍സ് വിദ്യാര്‍ത്ഥികളെ മരുന്നിനായി ഉപയോഗിക്കുന്ന കഞ്ചാവ് വളര്‍ത്തിയെടുക്കേണ്ടുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും മനസിലാക്കാന്‍ സഹായിക്കും. മരുന്നിനുപയോഗിക്കുന്ന കഞ്ചാവുമായി ബന്ധപ്പെട്ട് ഒരു വ്യവസായം തന്നെ രൂപപ്പെട്ട് വന്നിട്ടുണ്ട്. ന്യൂസിലാന്‍ഡിലെ ഇത്തരത്തില്‍ കഞ്ചാവ് വളര്‍ത്തിയെടുക്കുന്നതിനും അവ ഉപയോഗപ്പെടുത്തുന്നതിനും ആ മേഖലയില്‍ ജോലി ചെയ്യുന്നതിനുമായുള്ള ആളുകളെ ആവശ്യമായി വരുന്നുണ്ട്. ആ തിരിച്ചറിവാണ് ഇങ്ങനെയൊരു പേപ്പര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രചോദനമായത്'' കോഴ്‍സ് ലീഡറും യൂണിവേഴ്‍സിറ്റിയിലെ സീനിയര്‍ ലക്ചററുമായ ഡോ. അലി സെയ്‍ഫോദ്ദിന്‍ വൈസിനോട് പറഞ്ഞു. തിയറി മാത്രമല്ല പ്രാക്ടിക്കല്‍ പഠനവും ഇതുമായി ബന്ധപ്പെട്ട് നടക്കുമെന്നും കൂടുതല്‍ വിപുലീകരിച്ച കോഴ്‍സിനെ കുറിച്ച് ചിന്തിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുകയുണ്ടായി. 

ന്യൂസിലാന്‍ഡില്‍ മരുന്നിനായി ഉപയോഗിക്കുന്ന കഞ്ചാവ് നിയമവിധേയമാണ്. ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതിയോടെയോ ഏതെങ്കിലും പ്രത്യേക ഡോക്ടറുടെ പ്രിസ്ക്രിപ്‍ഷനോടെയോ മരുന്നിനായി കഞ്ചാവുപയോഗിക്കാവുന്നതാണ്. 2018 ആഗസ്‍തില്‍ തന്നെ മരുന്നിനായി കഞ്ചാവ് വളര്‍ത്തുന്നതിനുള്ള ലൈസന്‍സ് നേടി പ്രവര്‍ത്തിക്കുന്ന ആദ്യ കമ്പനിയായ ഹികുരാങ്കി കന്നാബീസ് ഇവിടെ നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ മരുന്നിനായി കഞ്ചാവ് ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്ന വിഭാഗവും ഇവിടെയുണ്ട്.