പരീക്ഷ വിജയിക്കണമെങ്കില്‍ കിടപ്പറ പങ്കിടണം. ഇല്ലെങ്കില്‍, തോല്‍പ്പിക്കും. ഒരു യൂനിവേഴ്‌സിറ്റി  പ്രൊഫസര്‍ തന്റെ ഒരു വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടതാണ് ഇത്.

പരീക്ഷ വിജയിക്കണമെങ്കില്‍ കിടപ്പറ പങ്കിടണം. ഇല്ലെങ്കില്‍, തോല്‍പ്പിക്കും. രാജസ്ഥാന്‍ ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസര്‍ തന്റെ ഒരു വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടതാണ് ഇത്. നേരിട്ട് ആവശ്യപ്പെട്ടതിനു പുറമെ, മറ്റൊരു വിദ്യാര്‍ത്ഥി വഴിയും പ്രൊഫസര്‍ തന്റെ ആവശ്യം അറിയിച്ചു. വിദ്യാര്‍ത്ഥിനി ഈ ആവശ്യം നിരസിച്ചപ്പോള്‍ ഉടനടി നടപടിയുണ്ടായി. അടുത്ത പരീക്ഷയില്‍ വിദ്യാര്‍ത്ഥിനി തോല്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന്, പ്രൊഫസറുടെ ഇംഗിതത്തിന് വഴങ്ങണമെന്ന നിലയില്‍ വലിയ സമ്മര്‍ദ്ദം വിദ്യാര്‍ത്ഥിനി അനുഭവിക്കേണ്ടി വന്നു. ഇതിനെ തുടര്‍ന്ന്, അവര്‍ പൊലീസിനെ സമീപിച്ചു. അതിനിടെ, വിദ്യാര്‍ത്ഥിനിയെക്കുറിച്ച് വൃത്തികെട്ട ഭാഷയില്‍ ഒരു വിദ്യാര്‍ത്ഥിയോട് പ്രൊഫസര്‍ സംസാരിക്കുന്നതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പരക്കുകയും ചെയ്തു. ഇത് വാര്‍ത്തയായതിനു പിന്നാലെ പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം, പ്രൊഫസറെ സഹായിച്ച വിദ്യാര്‍ത്ഥയും അറസ്റ്റിലായി. 

രാജസ്ഥാന്‍ ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന പ്രൊഫസറാണ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അറസ്റ്റിലായത്. മറ്റ് വിദ്യാര്‍ത്ഥിനികളോടും സമാനമായ ആവശ്യം പ്രൊഫസര്‍ ഉയര്‍ത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് പൊലീസ് ഈ വിദ്യാര്‍ത്ഥിനിയുടെയും, അവരുടെ പരാതിയില്‍ പരാമര്‍ശിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിനിയുടെയും മൊഴി എടുത്തു. സംഭവത്തില്‍ പ്രൊഫസറെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തതായി ഡി സി പി അമര്‍ സിംഗ് രാഥോഡ് മാധ്യമങ്ങളോട് പറഞ്ഞു. 

ഈ പ്രൊഫസര്‍ക്കെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉയര്‍ന്നതായി പറയുന്നുണ്ട്. പരാതിക്കിടയായ സംഭവത്തില്‍, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയോടാണ് പ്രൊഫസര്‍ ലൈംഗികമായി ബന്ധപ്പെടണമെന്ന് നിരന്തരം ആവശ്യപ്പെട്ടത്. നേരിട്ട് പറഞ്ഞപ്പോള്‍ ഇയാളുടെ ആവശ്യം വിദ്യാര്‍ത്ഥിനി നിരസിക്കുകയായിരുന്നു. തുടര്‍ന്ന്, ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയില്‍ േതാല്‍പ്പിക്കുമെന്ന് ഭീഷണി മുഴക്കി. പറഞ്ഞതുപോലെ തന്നെ അടുത്ത പരീക്ഷയില്‍ വിദ്യാര്‍ത്ഥിനി തോല്‍പ്പിക്കപ്പെട്ടു. തുടര്‍ന്നാണ്, ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി വഴി ഇയാള്‍ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചത്. വിദ്യാര്‍ത്ഥിനി ഈ ആവശ്യവും നിരസിച്ചതോടെ കൂടുതല്‍ ഭവിഷ്യത്തുണ്ടാവുമെന്ന് പ്രൊഫസര്‍ വീണ്ടും ഭീഷണി മുഴക്കി. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി പൊലീസിനെ സമീപിച്ചത്. അതിനിടെയാണ്, ഒരു വിദ്യാര്‍ത്ഥിയുമായി പ്രൊഫസര്‍ നടത്തിയ സംഭാഷണത്തിന്റെ വാട്ട്‌സാപ്പ് ഓഡിയോ പ്രചരിച്ചത്. ഇതോടെ പൊലീസിനു മേല്‍ നടപടി എടുക്കാനുള്ള സമ്മര്‍ദ്ദം ഉയര്‍ന്നു. തുടര്‍ന്നാണ്, പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.