ജൂൺ മുതൽ ഓഗസ്റ്റ് വരെ ഒഡീഷയിൽ ഇങ്ങനെ 22 ആനകളാണ് വൈദ്യുതാഘാതമേറ്റ് ചത്തത്. അവയിൽ ഭൂരിഭാഗവും വേട്ടക്കാർ വച്ച കെണിയുമായി ബന്ധപ്പെട്ടാണ്.

ഒഡീഷയിൽ ആനകളുടെ അസ്വഭാവിക മരണം തുടർക്കഥയാവുന്നു. മറ്റൊരു ആനയുടെ മൃതദേഹം കൂടി ഇവിടെ നിന്നും ശനിയാഴ്ച രാവിലെ കണ്ടെത്തി. ധെൻകനൽ ജില്ലയിലെ ഹിന്ദോളിൽ ചില ഗ്രാമീണരാണ് ആനയെ ചത്തനിലയിൽ കണ്ടെത്തിയത്. സമീപത്ത് ഒരു കാട്ടുപന്നിയുടെ ജഡവും കണ്ടെത്തി. രണ്ട് മരണങ്ങളും വേട്ടക്കാർ സ്ഥാപിച്ച വൈദ്യുത കമ്പികളിൽ തട്ടിയാണ് എന്ന് കരുതുന്നു.

ധേൻകനൽ ജില്ലയിൽ ഒരാഴ്ചയിൽ രണ്ടാമത്തെ തവണയാണ് ഇത് ആനയെ ചത്ത നിലയിൽ കണ്ടെത്തുന്നത്. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന പെൺ ആനയെയാണ് ധെൻകനലിലെ ഖേസ്ര വനത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. 

ഓഗസ്റ്റ് 27 -ന്, അംഗുൽ ജില്ലയിലെ ജഗന്നാഥ്പൂരിലെ സത്കോസിയ ഫോറസ്റ്റ് റിസർവിൽ, വേട്ടക്കാർ ഒരുക്കിയ കെണിയിൽ വീണ ഒരു ആന വൈദ്യുതാഘാതമേറ്റ് ചത്തിരുന്നു. ഇതേ ആഴ്ച തന്നെ, ഓഗസ്റ്റ് 24 -ന്, കിയോഞ്ജർ സദർ റേഞ്ചിനു കീഴിലുള്ള ജൂഡിയയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിനുള്ളിൽ രണ്ട് പെൺ ആനകൾ വൈദ്യുതാഘാതമേറ്റ് ചത്ത സംഭവവും ഉണ്ടായി. 

ജൂൺ മുതൽ ഓഗസ്റ്റ് വരെ ഒഡീഷയിൽ ഇങ്ങനെ 22 ആനകളാണ് വൈദ്യുതാഘാതമേറ്റ് ചത്തത്. അവയിൽ ഭൂരിഭാഗവും വേട്ടക്കാർ വച്ച കെണിയുമായി ബന്ധപ്പെട്ടാണ്. ഈ ആഴ്ച ആദ്യം, കേന്ദ്ര പരിസ്ഥിതി- വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) രൂപീകരിച്ച മൂന്നംഗ സംഘം, ആനകളുടെ മരണങ്ങൾ വർദ്ധിക്കുന്നതിനിടയിൽ ഒഡീഷിലെ മൂന്ന് വന്യജീവി ഡിവിഷനുകൾ സന്ദർശിച്ചിരുന്നു. 

ഒഡീഷയിൽ 2019-22 -ൽ 245 ആനകളുടെ മരണം രേഖപ്പെടുത്തി, അതിൽ 82 എണ്ണം 2019-20 -ലും 77 ആനകൾ 2020-21-ലുമായിരുന്നു ചത്തതായി രേഖപ്പെടുത്തിയത്. അതിൽ ഏറിയ പങ്കും വേട്ടക്കാർ വച്ച കെണിയിൽ നിന്നും വൈദ്യുതാഘാതമേറ്റുണ്ടായ മരണമാണ്.