സൈബർ ഉലകത്തിലാകെ സങ്കടഛായ പടർന്നിരിക്കുകയാണ്. ഒരു ആടിന്റെ മരണമാണ് വിഷയം. തിമൂർ എന്നുപേരായ ഒരു റഷ്യൻ മുട്ടനാട് മരണപ്പെട്ടിരിക്കുന്നു. ഒരു മുട്ടനാടിന്റെ മരണത്തിൽ എന്തിത്ര സങ്കടപ്പെടാനെന്നല്ലേ? പറയാം. 

ഈ സംഭവകഥയിൽ രണ്ടു മുഖ്യകഥാപാത്രങ്ങളുണ്ട്. ഒന്ന് അമൂർ എന്ന് പേരായ ഹിമക്കടുവ. രണ്ട്, തിമൂർ എന്നുപേരായ ഒരു മുട്ടനാട്. ഇത് അവർക്കിടയിൽ ഉരുത്തിരിഞ്ഞു വന്ന അപൂർവമായ ഒരു സ്നേഹത്തിന്റെ കഥയാണ്. സംഭവം നടക്കുന്നത് റഷ്യയിലാണ്. 2015 ഡിസംബറിൽ റഷ്യയുടെ കിഴക്കൻ പ്രവിശ്യയിലുള്ള സഫാരി പാർക്കിലേക്ക് കൊണ്ടുവന്നതായിരുന്നു തിമൂർ എന്ന കുട്ടനാടിനെ. മൃഗശാലാ അധികൃതരുടെ പ്ലാനിങ് പ്രകാരം അവിടെ എത്തിപ്പെട്ടാൽ ഏറിയാൽ രണ്ടോ മൂന്നോ ദിവസം. അതിലപ്പുറം തിമൂർ ജീവിച്ചിരിക്കാൻ പാടില്ല. കാരണം, അവനെ നേരെ കൊണ്ടുചെന്നിറക്കാൻ പോകുന്നത് അമൂർ എന്നുപേരായ ഒരു ഹിമക്കടുവയുടെ കൂട്ടിലേക്കാണ്. ആ ഹിംസ്രജന്തുവിന് വേട്ടയാടിപ്പിടിക്കാനുള്ള ജീവനുള്ള ഒരു ഇരയായി. 

തിമൂർ വരുന്നതിനു മുമ്പ് ആഴ്ചയിൽ രണ്ടോ മൂന്നോ വട്ടം, ഇങ്ങനെ കൊണ്ട് കൂട്ടിലിറക്കിവിടുന്ന ആടുകളെ ഓടിച്ചിട്ട് പിടിച്ചു തിന്നുമായിരുന്നു അമൂർ. വേട്ടയാടലിന്റെ ഒരു ഫീൽ കുറഞ്ഞ അളവിലെങ്കിലും അത് അമൂറിന് നല്കിപ്പോന്നിരുന്നു. എന്നാൽ തൈമൂറിന്റെ കാര്യത്തിൽ പതിവിൻപടി കാര്യങ്ങൾ നടന്നില്ല.  തിമൂർ വന്നിറങ്ങിയപ്പോൾ അമൂർ നല്ല വിശപ്പിലായിരുന്നു. എന്നിട്ടും അടുത്ത നാലുദിവസത്തേക്ക് ആ കടുവ തന്റെ ജീവനുള്ള ഇരയെ തൊട്ടില്ല. മൃഗശാലക്കാർക്ക് അത് അതിശയകരമായ ഒരു അനുഭവമായിരുന്നു. ആ മുട്ടനാടും കടുവയും തമ്മിൽ അപൂർവമായ ഒരു സ്നേഹബന്ധം ഉരുത്തിരിഞ്ഞു വന്നു. അവർ തമ്മിൽ കളിച്ചു. തല്ലുകൂടി. മുട്ടിയുരുമ്മി സ്നേഹം പ്രകടിപ്പിച്ചു. ഒരു ഇരയും വേട്ടക്കാരനും തമ്മിലുള്ള ബന്ധം മാത്രം അവർക്കിടയിൽ ഉണ്ടായില്ല. 

 

ഈ അപൂർവ സൗഹൃദം മാസങ്ങൾ പിന്നിട്ടതോടെ മൃഗശാലക്കാർ ഈ വിവരം ലോകത്തെ അറിയിക്കാൻ ശ്രമിച്ചു. അവരുടെ പേരിൽ ഒരു ഫേസ്‌ബുക്ക് പേജ് തുറക്കപ്പെട്ടു. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും അവർക്ക് ആരാധകരുണ്ടായി.  രാത്രി കിടന്നുറങ്ങാൻ നേരം അമൂറിന് തിമൂർ വന്ന് അരികിൽ കിടന്നേ പറ്റൂ എന്നായി. അടുത്ത് വന്നില്ലെങ്കിൽ ഗർജ്ജിച്ച് ശ്രദ്ധക്ഷണിക്കും അമൂർ. അലർച്ച കേട്ട് തിമൂർ അടുത്ത് വരുന്നതുവരെ ആ ഗർജ്ജനം തുടരും. തിമൂർ അടുത്തുവന്ന് മുട്ടിയുരുമ്മിയിരുന്നാൽ അതോടെ അമൂർ ശാന്തനാകും. 

അവർ ഒന്നിച്ചുണ്ടായിരുന്ന സമയത്ത് എപ്പോൾ വേണമെങ്കിലും തിമൂറിനെ അകത്താക്കാൻ അമൂറിന് സാധിക്കുമായിരുന്നു. അത് കൊല്ലാൻ സാധിക്കാത്തതിന്റെ വിഷയമല്ല. മുട്ടനാടിനോട് കടുവക്കുണ്ടായ സൗഹൃദമാണ് ആ കൊലപാതകത്തെ തടഞ്ഞത്. അങ്ങനെ ഒരു സൗഹൃദം ഉരുത്തിരിഞ്ഞുവരാൻ കാരണമായതോ, കടുവാക്കൂട്ടിൽ ചെന്നുപെട്ടിട്ടും നിർഭയനായി നിന്ന ആ ആടിന്റെ ധൈര്യവും.  ആ ധൈര്യമായിരിക്കും അമൂറിന് ഇഷ്ടപ്പെട്ടിട്ടുണ്ടാവുക. അതുകൊണ്ടാവും കൊന്നുതിന്നുന്നതിനു പകരം തിമൂറിനെ സുഹൃത്താക്കാം എന്ന് അമൂർ കരുതിക്കാണുക. 

എന്തായാലും അമൂറിന്റെയും തിമൂറിന്റെയും അസാധാരണ സൗഹൃദം കൊണ്ട് ഏറ്റവുമധികം ഗുണമുണ്ടായത് ആ സഫാരി പാർക്കിനു തന്നെയായിരുന്നു. ഇരുവരെയും കാണാൻ, അവരുടെ അത്യപൂർവമായ ആ സഹവാസം നേരിട്ട് ദർശിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ജനങ്ങൾ പറന്നെത്തി. പാർക്കിലെ സന്ദർശകരുടെ എണ്ണം പലമടങ്ങു വർധിച്ചു. 

സിസിടിവി ക്യാമെറകൾ സ്ഥാപിച്ച് ഈ ദൃശ്യങ്ങൾ വെബ്‌സൈറ്റിലൂടെ പ്രക്ഷേപണം ചെയ്യാൻ തുടങ്ങിയപ്പോൾ ആ വെബ്സൈറ്റിലേയും ട്രാഫിക് ആകാശം മുട്ടി. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഈ ദൃശ്യങ്ങൾ കണ്ടപ്പോൾ ചിന്തിച്ചത് മറ്റൊന്നായിരുന്നു. നമ്മൾ മനുഷ്യർ, സഹജീവികളായി, സഹോദര്യത്തോടെ കഴിഞ്ഞു കൂടേണ്ടവർ പരസ്പരം വഴക്കിടുന്നു, തമ്മിൽ തല്ലുപിടിക്കുന്നു, ബലാത്സംഗം ചെയ്യുന്നു, കൊന്നുകളയുക വരെ ചെയ്യുന്നു. എന്നാൽ, മാംസഭുക്കായ ഒരു വന്യമൃഗത്തിന്റെ കൂട്ടിലേക്ക്, ഓടി രക്ഷപ്പെടാൻ ഇടമേതുമില്ലാതെ ജീവനുള്ള ഒരു ഇരയായി വന്നുകേറിയ തിമൂർ എന്ന ഈ മുട്ടനാടിനോട് അമൂർ എന്ന ഹിമക്കടുവ എത്ര സ്നേഹത്തോടെയാണ് ഇടപെടുന്നത്..? അത് പരസ്പരസ്നേഹത്തിന് ഒരു നിദർശനമാണ്. 

അഞ്ചു വർഷത്തോളം ഏറെ സമാധാനപൂർവം ഒരേ താമസസ്ഥലത്ത് കഴിഞ്ഞുകൂടിയ തിമൂറും അമൂറും തമ്മിൽ ഒടുവിൽ തെറ്റുന്നതിനും ആ സഫാരി പാർക്കിലെ ജീവനക്കാർ സാക്ഷ്യം വഹിച്ചു. തന്നെ ഉപദ്രവിക്കാതിരിക്കുന്ന അമൂറിന്റെ സ്വഭാവം വർഷങ്ങൾ കഴിഞ്ഞതോടെ തിമൂറിനെ കൂടുതൽ ധൈര്യവാനാക്കി. ഒടുവിൽ എന്തിനുമേതിനും അമൂറിനോട് മല്ലുപിടിക്കാൻ നിൽക്കുക തിമൂർ ഒരു ശീലമാക്കി. ഏകദേശം ഒരു  മാസത്തോളം തിമൂർ ഇങ്ങനെ വഴക്കുണ്ടാക്കാൻ വന്നിട്ടും അമൂർ പ്രതികരിക്കാൻ പോയില്ല. എന്നാൽ, അമൂറിന്റെ ക്ഷമയ്ക്കും ഒരു അതിരൊക്കെ ഉണ്ടായിരുന്നു. 

ഒരു ദിവസം ഒരു പാറപ്പുറത്ത് വിശ്രമിച്ചുകൊണ്ടിരുന്ന അമൂറിനുമേൽ തിമൂർ വന്നു ചവിട്ടിക്കേറി. അതോടെ അത്രനാളും പാലിച്ചിരുന്ന അമൂറിന്റെ സംയമനം കൈവിട്ടുപോയി. പെട്ടെന്ന് വന്ന ദേഷ്യത്തിന്റെ പുറത്ത് അമൂർ തിമൂറിനെ തൂക്കിയെടുത്ത് താഴേക്കെറിഞ്ഞു. എന്നാൽ അന്ന് പോലും തിമൂറിനെ കൊല്ലാനോ തിന്നാനോ ഒന്നും അമൂർ തുനിഞ്ഞില്ല. എന്നാലും, ആ സംഘട്ടനത്തിനു ശേഷം, അവരെ ഒരുമിച്ച് പാർപ്പിക്കേണ്ടതില്ല എന്ന് മൃഗശാലാ അധികൃതർ തീരുമാനിച്ചു. ആ വീഴ്ച തിമൂറിന് സമ്മാനിച്ചത് ജീവിതകാലം മുഴുവനും പേറിനടക്കേണ്ട ഒരു മുടന്താണ്. തിമൂറിനെ അധികൃതർ മോസ്‌കോയിൽ അയച്ച് വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും മുടന്ത് സുഖപ്പെട്ടില്ല. 

അഞ്ചുകൊല്ലമായി ഒപ്പം താമസിച്ചിരുന്ന കടുവയിൽ നിന്ന് വേർപെടുത്തപ്പെട്ടത് തിമൂറിന് വൈഷമ്യങ്ങൾ ഉണ്ടാക്കിയിരുന്നു. അതിനുശേഷം അധികനാൾ ജീവിച്ചിരിക്കാൻ തിമൂറിനായില്ല. നവംബർ അഞ്ചാം തീയതിയോടെ തിമൂർ ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ഇരുവരുടെയും സോഷ്യൽ മീഡിയാ ഹാൻഡിലുകളിലൂടെ ആയിരക്കണക്കിനു പേർ തിമൂറിന്റെ മരണത്തിൽ അനുശോചനമറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണ്.