അമേരിക്കന്‍ ഡ്രോണ്‍ കൊലചെയ്തത്, അഫ്ഗാനില്‍നിന്നും രക്ഷപ്പെടുത്തി യു എസിലേക്ക് കൊണ്ടുപോവാന്‍ അമേരിക്ക വിസ നല്‍കിയ ആറു കുട്ടികള്‍ അടക്കം പത്ത് സിവിലിയന്‍മാരെ. 

കാബൂള്‍ വിമാനത്താവളത്തിനു സമീപം ഇന്നലെ ഉച്ചയോടെ ഒരു സ്‌ഫോടനം നടന്നു. കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം നടത്തിയ ഐ എസ് ഖൊറാസാന്‍ എന്ന ഭീകരസംഘടന വീണ്ടും ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് പുതിയ സ്‌ഫോടനം നടന്നത്. 

അതോടെ വാര്‍ത്തകള്‍ വന്നു തുടങ്ങി. കാബൂള്‍ വിമാനത്താവളത്തിനരികെ വീണ്ടും സ്‌ഫോടനം എന്നായിരുന്നു വാര്‍ത്തകള്‍. ഭീകരസംഘടനയായ ഐ എസ് സംഭവത്തിനു പുറകിലെന്നും വാര്‍ത്തകളില്‍ സൂചന വന്നു. 

അല്‍പ്പ സമയത്തിനകം കഥ മാറി. ആ സ്‌ഫോടനം നടത്തിയത് ഭീകരര്‍ അല്ല, തങ്ങള്‍ ആണെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പത്രക്കുറിപ്പ് വന്നു. കാബൂള്‍ വിമാനത്താവളത്തിലേക്ക് സ്‌ഫോടക ശേഖരവുമായി വന്ന ഭീകരര്‍ സഞ്ചരിച്ച കാറിനു നേര്‍ക്ക് തങ്ങളുടെ ആളില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണമാണ് അതെന്നായിരുന്നു വിശദീകരണം. വിമാനത്താവളത്തിനു നേര്‍ക്കുള്ള ഭീകരാക്രമണ ശ്രമം ഇല്ലാതാക്കിയെന്നും യു എസ് സൈന്യം അവകാശപ്പെട്ടു. 

എന്നാല്‍, കഥ അവിടെയും നിന്നില്ല. കൊല്ലപ്പെട്ടത് ഭീകരര്‍ ആയിരുന്നില്ല എന്ന് കുറച്ചു സമയത്തിനകം അറിഞ്ഞു. ആറു കുട്ടികള്‍ അടക്കം ഒരു കുടുംബമാണ് ആകാശത്തുനിന്നും അമേരിക്കന്‍ ഡ്രോണ്‍ താഴത്തേക്കിട്ട ബോംബുകള്‍ പൊട്ടി തല്‍ക്ഷണം മരിച്ചത്. വീടിനടുത്ത് നിര്‍ത്തിയിട്ട കാറിനുനേര്‍ക്ക് അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇല്ലാതായത് ഒരു കുടുംബം മുഴുവനുമാണെന്നും വ്യക്തമായി. ഭൂമിയിലെ ഏതു ലക്ഷ്യസ്ഥാനവും അത്യാധുനിക സംവിധാനത്തോടെ നോട്ടമിട്ട് ആകാശത്തുനിന്നും കിറുകൃത്യം സ്‌ഫോടനങ്ങളിലൂടെ നശിപ്പിക്കാനാവുമെന്ന അമേരിക്കന്‍ അവകാശവാദം കൂടിയാണ് ഇതോടെ പൊളിഞ്ഞുവീണത്. സംഭവത്തെക്കുറിച്ച് അമേരിക്ക ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

കൊല്ലപ്പെട്ടത് അമേരിക്ക വിസ നല്‍കിയവരും കുടുംബവും 
ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ 10 പേരാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. അമേരിക്കന്‍ ഏജന്‍സികള്‍ക്കു വേണ്ടി നേരത്തെ പ്രവര്‍ത്തിച്ചവരായിരുന്നു കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍. തങ്ങളെ സഹായിച്ചവരെ അമേരിക്കയിലേക്ക് വിസനല്‍കി കൊണ്ടുപോവാനുള്ള യു എസ് പദ്ധതിയില്‍ പെട്ടവരായിരുന്നു ഇവര്‍. യു എസ് വിസ ഇവര്‍ക്ക് ലഭിച്ചിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കൊപ്പം അമേരിക്കയിലേക്ക് പോവാന്‍ സമയം കാത്തുനിന്നവരാണ് കൊല്ലപ്പെട്ടതെന്ന് ബിബിസി വ്യക്തമാക്കുന്നു. 

നാലിനും 12-നും ഇടയ്ക്കുള്ള ആറു കുട്ടികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുവായ റാമിന്‍ യൂസുഫി പറഞ്ഞു. ''അതൊരു ക്രൂരമായ ആക്രമണമായിരുന്നു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്''-റാമിന്‍ പറഞ്ഞു. 

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അമേരിക്കന്‍ സൈന്യത്തിന്റെ കേന്ദ്ര കമാന്‍ഡ് അറിയിച്ചു. 10 പേര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന കാര്യം അവ്യക്തമാണെന്നും അവര്‍ പറഞ്ഞു. കാറിനു നേര്‍ക്ക് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വമ്പിച്ച ഒരു സ്‌ഫോടനം നടന്നതായും കാറില്‍ സ്‌ഫോടക വസ്തു ഉണ്ടായതിനാലാവാം സമീപത്തുള്ളവര്‍ക്ക് അപകടം സംഭവിച്ചതെന്നും സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 


കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അമേരിക്ക അതീവജാഗ്രതയിലായിരുന്നു. 13 അമേരിക്കന്‍ സൈനികരും 100 സിവിലിയന്‍മാരും കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് അമേരിക്കന്‍ സൈന്യം വിമാനത്താവള പരിസരത്ത് സൂക്ഷ്മ നിരീക്ഷണം നടത്തിവരികയായിരുന്നു. അമേരിക്കന്‍ പിന്‍മടക്കം പൂര്‍ണ്ണമാവുന്ന നാളെയ്ക്കു മുമ്പ് വമ്പന്‍ ആക്രമണങ്ങള്‍ ഉണ്ടാവുമെന്ന് സൈന്യം ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിരുന്നു. 

കൂടുതല്‍ ആക്രമണങ്ങള്‍ തടയുന്നതിനായി റോക്കറ്റുകളും മോര്‍ട്ടാറാക്രമണവും തടയാനുള്ള സംവിധാനം കാബൂള്‍ വിമാനത്താവളത്തിനു ചുറ്റും വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് ലക്ഷ്യമിട്ട് കാബൂള്‍ നഗരത്തിലൂടെ വന്ന റോക്കറ്റുകള്‍ ഇന്ന് അമേരിക്കന്‍ മിസൈല്‍ വേധ സംവിധാനം നിര്‍വീര്യമാക്കിയിരുന്നു. 

സംഭവത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൈന്യത്തില്‍നിന്നും വിശദീകരണം തേടിയതായി വൈറ്റ് ഹൗസ് പത്രക്കുറിപ്പില്‍ അറിയിച്ചു.