എന്നെങ്കിലും എവിടെ വച്ചെങ്കിലും ഒരു യൂണികോണിനെ കണ്ടു കിട്ടുകയാണെങ്കില്‍ അതിനെ ഓമനിച്ചു വളര്‍ത്താനുള്ള ലൈസന്‍സ് നേടിയെടുത്തിരിക്കുകയാണ് ഒരു കൊച്ചു പെണ്‍കുട്ടി.
യൂണികോണുകള്‍ യഥാര്‍ത്ഥമാണോ? ആരാണ് അവ ഉണ്ടാക്കിയത്? അവ എവിടെ നിന്ന് വരുന്നു? അവ എന്താണ് കഴിക്കുന്നത്? എത്ര വലുതാണ്? ഇതിനൊന്നുമുള്ള കൃത്യമായ ഉത്തരമില്ല.
യൂണികോണ്‍ ഉണ്ടെന്ന് ആരും ഇതുവരെ തെളിയിച്ചിട്ടില്ല. യൂണികോണുകള്‍ യഥാര്‍ത്ഥമല്ലെന്നും അവ പുരാണങ്ങളുടെ ഭാഗമാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷേ എന്തോ എല്ലാവര്‍ക്കും ഇഷ്ടമാണ് യൂണികോണിനെ. പ്രത്യേകിച്ച് കുട്ടികള്‍ക്ക് . ഇപ്പോഴിതാ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കൊച്ചു പെണ്‍കുട്ടി എന്നെങ്കിലും എവിടെ വച്ചെങ്കിലും ഒരു യൂണികോണിനെ കണ്ടു കിട്ടുകയാണെങ്കില്‍ അതിനെ ഓമനിച്ചു വളര്‍ത്താനുള്ള ലൈസന്‍സ് നേടിയെടുത്തിരിക്കുകയാണ്. ലോകത്തില്‍ ഇതാദ്യമായിരിക്കും ഇല്ലാത്തൊരു ജീവിയെ വളര്‍ത്താന്‍ ലൈസന്‍സ് നല്‍കുന്നത്. ആ തീരുമാനത്തിന് പിന്നിലെ കഥ ഇതാണ്.
കാലിഫോര്‍ണിയായില്‍ നിന്നുള്ള മാഡ്ലൈന്‍ എന്ന പെണ്‍കുട്ടിയ്ക്ക് ഏറെ ഇഷ്ടമാണ് യൂണികോണിനെ . എന്നും സ്വപ്നങ്ങളില്‍ എത്തി അവളോടൊപ്പം കളിക്കാറുള്ള അവളുടെ പ്രിയ കൂട്ടുകാരനാണ് യൂണികോണ്‍. എന്നെങ്കിലും ഒരിക്കല്‍ ആ യൂണികോണിനെ സ്വന്തമാക്കണമെന്നതാണ് അവളുടെ ആഗ്രഹം. അങ്ങനെ സ്വന്തം ആക്കിയാല്‍ അതിനെ തനിക്കൊപ്പം താമസിപ്പിക്കണമെന്നും അവള്‍ ആഗ്രഹിക്കുന്നു. ഏതായാലും അതിനുള്ള അനുവാദം ഇപ്പോള്‍ തന്നെ വാങ്ങി വെക്കാന്‍ അവള്‍ തീരുമാനിച്ചു. അങ്ങനെയാകുമ്പോള്‍ യൂണികോണ്‍ വരുമ്പോള്‍ പിന്നെ വേറെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലല്ലോ എന്ന് അവള്‍ കരുതി കാണും .
ഏതായാലും യൂണികോണിനെ വളര്‍ത്താനുള്ള അനുവാദം ചോദിച്ചുകൊണ്ട് ലോസ് ഏഞ്ചല്‍സ് അനിമല്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് അവള്‍ ഒരു കത്ത് അയച്ചു. ആ കത്ത് ഇങ്ങനെയായിരുന്നു: ''പ്രിയപ്പെട്ട എല്‍ എ കൗണ്ടി, എനിക്ക് ഒരു യൂണികോണ്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഞാന്‍ അതിനെ എന്റെ സ്വന്തമായി വളര്‍ത്താന്‍ ആഗ്രഹിക്കുന്നു, അതിന് നിങ്ങളുടെ അംഗീകാരവും എനിക്ക് വേണം.''
ഏതായാലും അവളുടെ ആ കത്ത് അധികൃതര്‍ ഒരു കൊച്ചു കുട്ടിയുടെ കുസൃതിയായി കരുതി തള്ളിക്കളഞ്ഞില്ല എന്ന് മാത്രമല്ല വേണ്ടത്ര പരിഗണനയും നല്‍കി. അങ്ങനെ കൗണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അനിമല്‍ കെയര്‍ ആന്‍ഡ് കണ്‍ട്രോള്‍ ഡയറക്ടര്‍ മാര്‍സിയ മയേദ അവള്‍ക്ക് മറുപടിയായി ഒരു സമ്മാനം നല്‍കി. ഒരു യൂണികോണ്‍ പാവയും ഹൃദയാകൃതിയിലുള്ള റോസ് നിറത്തിലുള്ള ലോഹ ടാഗില്‍ ആ ലേഖനം ചെയ്ത പെര്‍മനന്റ് യൂണികോണ്‍ ലൈസന്‍സും .

ഇതില്‍പരം സന്തോഷം ഇനി എന്തുവേണം അല്ലേ? ഏതായാലും ലോകത്തില്‍ യൂണികോണ്‍ ലൈസന്‍സ് ഉള്ള ഏക വ്യക്തി ഈ കൊച്ചു മിടുക്കി ആയിരിക്കും.
