ഭാര്യയുടെ മനോഹരമായ ഫോട്ടോ പകര്‍ത്തുന്നതിനിടെ, ആ യുവാവ് അടിതെറ്റി  800 അടി ഉയരമുള്ള പര്‍വതത്തിന്റെ, ചെങ്കുത്തായ ചെരിവിലൂടെ താഴേക്കു പതിച്ചു. Photo: Representational Image

സന്തോഷത്തിന്റെ നിമിഷങ്ങളിലാണ് ആ ദുരന്തം അവരെത്തേടിയെത്തിയത്. പര്‍വ്വതാരോഹകരുടെ പ്രിയപ്പെട്ട താവളമായ അമേരിക്കയിലെ ക്രോഫോര്‍ഡ് നോച്ചിലുള്ള വില്ലാര്‍ഡ് പര്‍വതത്തിനു മുനമ്പിലായിരുന്നു ആ ദമ്പതികള്‍. 

കയറിയെത്താന്‍ ഏറെ ബുദ്ധിമുട്ടുള്ള പര്‍വ്വതത്തിന്റെ മുകളിലായിരുന്നു അവര്‍. ചുറ്റും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍. താഴേക്ക് നോക്കുമ്പോള്‍ താഴ്‌വരയാകെ മൂടിക്കിടക്കുന്ന കോടമഞ്ഞ്. പര്‍വതമുനമ്പില്‍നിന്നും തുരുതുരാ ഫോട്ടോകള്‍ എടുത്താണ് അവര്‍ ആ സന്തോഷം പങ്കുവെച്ചത്. 

എന്നാല്‍, ഒരൊറ്റ നിമിഷം! 

ഭാര്യയുടെ മനോഹരമായ ഫോട്ടോ പകര്‍ത്തുന്നതിനിടെ, ആ യുവാവ് അടിതെറ്റി 800 അടി ഉയരമുള്ള പര്‍വതത്തിന്റെ, ചെങ്കുത്തായ ചെരിവിലൂടെ താഴേക്കു പതിച്ചു. ഇടുങ്ങിയ വിടവിലൂടെ താഴേക്കു പതിക്കുന്ന ഭര്‍ത്താവിന്റെ നിലവിളിയാണ് ഭാര്യ കേട്ടത്. കോട മഞ്ഞായതിനാല്‍, ഭര്‍ത്താവ് വീണു കിടക്കുന്നത് എവിടെയെന്ന് കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരമറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തി, ദുര്‍ഘടമായ കാലാവസ്ഥയില്‍ കഷ്ടപ്പെട്ട് അയാളുടെ മൃതദേഹം കണ്ടെത്തുമ്പോഴേക്കും മണിക്കൂറുകള്‍ ഏറെ കഴിഞ്ഞിരുന്നു. 

മൂന്നു ദിവസം മുമ്പാണ്, വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട വില്ലാര്‍ഡ് പര്‍വതത്തില്‍ ഈ ദാരുണ സംഭവം നടന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിനോദ യാത്രയ്ക്കിടെ ഇവിടെയെത്തിയ യുവദമ്പതികള്‍ക്കാണ് ഈ ദുരനുഭവം. ഫോട്ടോകള്‍ പകര്‍ത്തുന്നതിനിടെ ഭര്‍ത്താവ് കാല്‍തെറ്റി വീഴുന്നതിന് സാക്ഷിയായ ഭാര്യ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ്, രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. 

ഒട്ടും എളുപ്പമായിരുന്നില്ല, പര്‍വതത്തിന്റെ ചെരിവിലെ ഇടുങ്ങിയ വഴിയില്‍ ഉടക്കിക്കിടക്കുന്ന നിലയില്‍ അവര്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 300 അടി താഴെയായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം മുകളില്‍ എത്തിക്കാന്‍ അവര്‍ ഏറെ പാടുപെടേണ്ടി വന്നു. പിന്നീട് ഭാര്യയ്‌ക്കൊപ്പം, അയാളുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ അടുത്തുള്ള പട്ടണത്തിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിന്റെ പേരും മറ്റു വിവരങ്ങളും സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല.