48 ദിവസമായി തങ്ങൾ ഉപവാസത്തിലാണ്, ചെരിപ്പോ ഷൂസോ ഇല്ലാതെയാണ് നടക്കുന്നത്, കിടക്കയില്ലാതെ നിലത്താണ് കിടക്കുന്നത്, പൂർണ്ണമായും സസ്യാഹാരമാണ് കഴിക്കുന്നത് എന്നതെല്ലാം ഈ തീർത്ഥാടനത്തിന്റെ ഭാ​ഗമാണ് എന്നും ഇവർ പറയുന്നു.

ശബരിമലയിലേക്ക് അയപ്പനെ കാണാൻ പോകുന്നവരിൽ നടന്നുപോകുന്ന ഒരുപാട് ഭക്തന്മാരുണ്ട്. 40 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന വ്രതമെടുത്ത്, കല്ലും മുള്ളും കാനനപാതയും താണ്ടി വരുന്ന ഈ അയ്യപ്പന്മാർ നമുക്ക് അത്ര അപരിചിതമായ കാഴ്ചയല്ലെങ്കിലും വിദേശിയായ ഒരാളെ സംബന്ധിച്ച് ഇത് അല്പം ആശ്ചര്യം കലർന്ന കാര്യമായിരിക്കാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിൽ യാത്ര ചെയ്യുന്ന, ആ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന jaystreazy എന്ന യുഎസ് വ്ലോ​ഗറാണ് ശബരിമലയിലേക്ക് തീർത്ഥാടനം നടത്തുന്ന ഭക്തന്മാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

കറുപ്പ് വസ്ത്രം ധരിച്ച ഒരുപാടുപേരെ ഒന്നിച്ച് കണ്ടപ്പോൾ ജയ്ക്ക് അത്ഭുതം തോന്നി. പിന്നാലെയാണ് എന്തുകൊണ്ടാണ് എല്ലാവരും ഒരുപോലെ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്നത് എന്ന് അന്വേഷിക്കുന്നത്. തങ്ങൾ ശബരിമലയിലേക്ക് തീർത്ഥാടനത്തിനെത്തിയ ഭക്തന്മാരാണ് എന്നാണ് യുവാക്കൾ ജയ്‍യോട് വ്യക്തമാക്കുന്നത്. ശബരിമല കേരളത്തിലെ തീർത്ഥാടനകേന്ദ്രമാണ് എന്നും കറുപ്പ് ധരിച്ചാണ് ഭക്തർ അവിടെ എത്തുന്നത് എന്നുമെല്ലാം അവർ വിശദീകരിക്കുന്നുണ്ട്.

48 ദിവസമായി തങ്ങൾ ഉപവാസത്തിലാണ്, ചെരിപ്പോ ഷൂസോ ഇല്ലാതെയാണ് നടക്കുന്നത്, കിടക്കയില്ലാതെ നിലത്താണ് കിടക്കുന്നത്, പൂർണ്ണമായും സസ്യാഹാരമാണ് കഴിക്കുന്നത് എന്നതെല്ലാം ഈ തീർത്ഥാടനത്തിന്റെ ഭാ​ഗമാണ് എന്നും ഇവർ പറയുന്നു. ഇത് കേട്ടതോടെ ജയ് അമ്പരക്കുന്നു. അതോടൊപ്പം 54 കിലോമീറ്റർ നടന്നാണ് വരുന്നത് എന്നുകൂടി കേട്ടതോടെ ജയ് കൂടുതൽ അമ്പരന്നു.

View post on Instagram

ഒരുപാടുപേർ ജയ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. വ്രതത്തെ കുറിച്ചും, ശബരിമലക്ഷേത്രത്തെ കുറിച്ചും അയ്യപ്പനെ കുറിച്ചുമെല്ലാം ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകി. ഒപ്പം മറ്റ് സംസ്കാരത്തെ ബഹുമാനിക്കുന്ന ജയ്‍യുടെ രീതിയോട് ആളുകൾ ബഹുമാനം പ്രകടിപ്പിച്ചു.