രണ്ട് മാസക്കാലം സൂര്യനുദിക്കാത്ത ഉത്കിയാഗ്‌വിക് നഗരത്തിൽ ഏകദേശം 4600 ജനങ്ങൾ അധിവസിക്കുന്നു. ഇക്കഴിഞ്ഞ നവംബർ 18ന് ഉത്കിയാഗ്‌വിക് നഗരം 2025-ലെ അവസാന സൂര്യാസ്‍തമയം കണ്ടു.

ഉത്കിയാഗ്‌വിക്: എത്ര പേര്‍ക്കറിയാം, ലോകത്ത് 65 ദിവസം തുടര്‍ച്ചയായി സൂര്യൻ ഉദിക്കാത്ത ഒരു നഗരമുണ്ട്. അലാസ്‍കയിലെ ഉത്കിയാഗ്‌വിക് നഗരമാണത്. രണ്ട് മാസക്കാലം സൂര്യനുദിക്കാത്ത ഉത്കിയാഗ്‌വിക് നഗരത്തിൽ ഏകദേശം 4600 ജനങ്ങൾ അധിവസിക്കുന്നു. ഇക്കഴിഞ്ഞ നവംബർ 18-ന് ഉത്കിയാഗ്‌വിക് നഗരം 2025-ലെ അവസാന സൂര്യാസ്‍തമയം കണ്ടു. ഉത്കിയാഗ്‌വിക് നഗരം ധ്രുവ രാത്രി അഥവാ പോളാർ നൈറ്റിലേക്ക് (polar night) പ്രവേശിക്കുകയായിരുന്നു. ഉത്കിയാഗ്‌വിക്കിലെ അടുത്ത സൂര്യോദയം ഇനി 2026 ജനുവരി 22-ന് പ്രതീക്ഷിച്ചാല്‍ മതി. ഉത്കിയാഗ്‌വിക്കില്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത ഏകദേശം 65 ദിവസത്തെ കാലയളവാണ് പോളാർ നൈറ്റ് എന്നറിയപ്പെടുന്നത്.

അതിശയകരമായ ഉത്കിയാഗ്‌വിക് നഗരം

വടക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറെ അറ്റത്ത്, ആർട്ടിക് സർക്കിളില്‍ സ്ഥിതി ചെയ്യുന്ന ഉത്കിയാഗ്‌വിക് നഗരം ഇപ്പോൾ നീണ്ട അന്ധകാരം അനുഭവിക്കുകയാണ്. സെപ്റ്റംബർ, മാർച്ച് വിഷുവങ്ങൾക്കിടയിൽ, ഭൂമിയുടെ ഉത്തരാർദ്ധഗോളം സൂര്യനിൽ നിന്ന് അകന്നുപോകുന്നു. ഇത് വടക്കൻ അക്ഷാംശങ്ങളിൽ പകൽ വെളിച്ചം ക്രമേണ കുറയാൻ കാരണമാകുന്നു, ഡിസംബർ അവസാനത്തോടെ അത് ഉച്ചസ്ഥായിയിലെത്തുന്നു. ഈ സമയത്തിലുടനീളം, തെക്കൻ ചക്രവാളത്തിന് സമീപം ഒരു മങ്ങിയ വെളിച്ചം മാത്രമേ ദൃശ്യമാകൂ. ഇടയ്ക്കിടെയുള്ള അറോറ ബോറാലിസ് അഥവാ നോര്‍ത്തേണ്‍ ലൈറ്റ്സ് (ധ്രുവദീപ്‌തി) എന്ന പ്രതിഭാസം മാത്രം ആകാശത്തിന്റെ ഒരു മങ്ങിയ കാഴ്ച നൽകുന്നു.

പോളാർ നൈറ്റ് എന്നാൽ...

സൂര്യൻ ചക്രവാളത്തിന് മുകളിൽ ഉദിക്കാത്തതും ദിവസം മുഴുവൻ ഇരുട്ടുള്ളതുമായ കാലഘട്ടത്തെയാണ് പോളാർ നൈറ്റ് എന്ന് പറയുന്നത്. മുമ്പ് ബാരോ എന്നറിയപ്പെട്ടിരുന്ന ഉത്കിയാജിവിക് നഗരം ആർട്ടിക് സർക്കിളിന് ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. അവിടുത്തെ ഭൂമിയുടെ ചരിവ് ദിവസങ്ങളോളം സൂര്യനെ ദൃശ്യമാകുന്നത് തടയുന്നു. ഈ വർഷം നവംബർ 18-ന് ഉച്ചയ്ക്ക് 1:36-ഓടെ ഉത്കിയാഗ്‌വിക്കില്‍ സൂര്യൻ അസ്‍തമിച്ചു. ഇനി 2026 ജനുവരി 22-ന് മാത്രമേ സൂര്യന്‍ വീണ്ടും ഉദിക്കുകയുള്ളൂ. പോളാർ നൈറ്റിന്‍റെ ഈ കാലയളവ് കൃത്യമായി 64-65 ദിവസമാണ്.

എന്തുകൊണ്ടാണ് ഇരുട്ട്?

ഭൂമി അതിന്‍റെ അച്ചുതണ്ടിൽ 23.5 ഡിഗ്രി ചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. ശൈത്യകാലത്ത്, ഉത്തരധ്രുവം സൂര്യനിൽ നിന്ന് അകന്നു നിൽക്കുന്നതിനാൽ ആർട്ടിക് പ്രദേശങ്ങൾ യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. അതേസമയം വേനൽക്കാലത്ത്, നേരെ വിപരീതമാണ് സംഭവിക്കുന്നത്. അതായത് സൂര്യൻ ഒരിക്കലും അസ്‍തമിക്കാത്ത ധ്രുവ ദിനം സംഭവിക്കുന്നു. മെയ് മുതൽ ഓഗസ്റ്റ് വരെ ഉത്കിയാഡ്വിക്കിൽ 80–85 ദിവസം തുടർച്ചയായി സൂര്യപ്രകാശം ലഭിക്കുന്നു.

ഇനി എന്ത് സംഭവിക്കും?

ധ്രുവ രാത്രിയിലെ സാഹചര്യങ്ങൾ അതിശക്തമാണ്. താപനില പലപ്പോഴും പൂജ്യം ഡിഗ്രി ഫാരൻഹീറ്റിനും താഴെയാകും. സൂര്യപ്രകാശത്തിന്‍റെ അഭാവം ഏകദേശം 5,000 നഗരനിവാസികളുടെ ദൈനംദിന ദിനചര്യകളെ ബാധിക്കുന്നു. 2026 ജനുവരിയിൽ സൂര്യോദയത്തിനു ശേഷം ഉത്കിയാഗ്‌വിക് നഗരം ഇനി വീണ്ടും സൂര്യപ്രകാശം കാണും. 2026 മെയ് മാസത്തോടെ, സൂര്യൻ ഒരിക്കലും അസ്‍തമിക്കാത്ത ധ്രുവദിനം ആരംഭിക്കും.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്