കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ഉത്തർപ്രദേശിലെ പത്രങ്ങളിൽ ഒരു ഫോട്ടോ കിടന്നു കളിക്കുന്നുണ്ട്. ഒപ്പം ഒരു ക്യാപ്ഷനും, "കുപ്രസിദ്ധ കുറ്റവാളിയെ മല്പിടുത്തതിലൂടെ കീഴ്‌പ്പെടുത്തി യുപി പൊലീസ്". ആ ചിത്രം കണ്ടാൽ ആരായാലും ഞെട്ടും. "ഹോ... വല്ലാത്തൊരു കീഴ്പ്പെടുത്തലായിപ്പോയി" എന്നു ദീർഘനിശ്വാസം പൊഴിക്കും.

പൊലീസ് കഷ്ടപ്പെട്ട് മൽപ്പിടുത്തം നടത്തി പിടികൂടിയ കൊടും കുറ്റവാളിയുടെ പേര് റിങ്കു യാദവ്. ആള് കൊടും കുറ്റവാളിയൊക്കെ ആണെങ്കിലും, "സോറി ഫോർ ബീയിങ് ലേറ്റ്" എന്നെഴുതിയ മഞ്ഞ ടീഷർട്ടൊക്കെ ഇട്ടാണ് കറക്കം. പൊലീസ് കാര്യം സീരിയസായിട്ടാണ് ഈ ഫോട്ടോ ഒക്കെ പത്രത്തിൽ കൊടുത്തത് എങ്കിലും സംഗതി സോഷ്യൽ മീഡിയയുടെ കയ്യിൽ കിട്ടിയതോടെ കോമഡിയായി മാറിയിട്ടുണ്ട്. ഈ ചിത്രം വളരെ രസകരമായ പല ക്യാപ്ഷനുകൾ സഹിതം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.

ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലെ രാഠ് കോഠ്വാലി സ്വദേശിയായ റിങ്കു യാദവിന്റെ പേർക്ക് ലോക്കൽ സ്റ്റേഷനിൽ കൊലപാതകശ്രമവും, ആക്രമണവും വധഭീഷണിയും അടക്കം നിരവധി ക്രിമിനൽ കേസുകളുണ്ടത്രേ. കഴിഞ്ഞ ദിവസം സ്വന്തം ചെറിയച്ചനെ കൊല്ലാൻ ശ്രമിച്ചതാണ് ഇയാൾക്കെതിരെ കിട്ടിയ അവസാനത്തെ പരാതി.  വെടിവെച്ചാണ് കൊല്ലാൻ ശ്രമിച്ചതിയാൾ. വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ സബ് ഇൻസ്‌പെക്ടർ ഷാജഹാൻ അലിയാണ് നാടൻ തോക്കും, തിരകളും സമേതം റിങ്കുവിനെ അതി സാഹസികമായി പിടികൂടിയതത്രെ.

പിടികൂടിയ സ്ഥിതിക്ക് അത് നാലാൾ അറിയണമല്ലോ. അതിനാണ് ഇങ്ങനെ ഒരു ഫോട്ടോഷൂട്ട്, ലോക്കൽ പത്രത്തിന്റെ ക്രൈം ബീറ്റ് ഫോട്ടോഗ്രാഫറെ വിളിച്ച് ഇൻസ്‌പെക്ടർ നേരിട്ടുതന്നെ അറേഞ്ച് ചെയ്‍തതും പ്രസിദ്ധപ്പെടുത്തിയതും. പത്രവാർത്തക്ക് പുറമെ ഈ സംഭവത്തിന്റെ പേരിൽ ഒരു ട്വീറ്റും ഹാമിർപുർ പൊലീസ് ചെയ്യുകയുണ്ടായി.