ഇന്ത്യൻ രാഷ്ട്രീയത്തിൽ പല കാരണങ്ങളാലും ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഹിമാലയത്തോട് ചേർന്നുകിടക്കുന്ന ഭാഗങ്ങളെ വേർപെടുത്തിക്കൊണ്ട് ഉത്തരാഞ്ചൽ എന്ന പേരിൽ പുതിയൊരു സംസ്ഥാനം തന്നെ കൊഴിഞ്ഞു പോയിട്ടും ഹിന്ദി ഹൃദയഭൂമിയിലെ ഈ സംസ്ഥാനത്തിന്റെ പ്രൗഢിക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. യുപി പിടിക്കുന്ന പാർട്ടി രാജ്യം ഭരിക്കുന്ന കീഴ്‌വഴക്കമാണ് എന്നാണ് പൊതുവേ പറഞ്ഞു കേൾക്കുന്നത്. തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ പ്രവർത്തനവും ഒക്കെ കൈമെയ് മറന്നുള്ള പോരാട്ടങ്ങളാണ് ഉത്തർപ്രദേശുകാർക്ക്. പോരാട്ടമെന്നുപറഞ്ഞാൽ അക്ഷരാർത്ഥത്തിൽ പോരാട്ടങ്ങൾ തന്നെ. എന്തുകൊണ്ടെന്നോ? ഇന്ത്യയിൽ  ഏറ്റവും കൂടുതൽ തോക്കുടമകൾ ഉള്ള സംസ്ഥാനം ഉത്തർപ്രദേശ് ആണ് എന്നത് തന്നെ. 

ഒരു തോക്ക് സ്വന്തമായി ഉണ്ടാവുക, അത് അരയിൽ തിരുകി നടക്കുക എന്നതൊക്കെ അവിടത്തെ ഒരു വിധം പോക്കിരികളായ യുവാക്കളിൽ പലരുടെയും സ്വപ്നമാണ്. കോളേജ് തെരഞ്ഞെടുപ്പുകളിൽ പോലും ജയാഘോഷങ്ങളുടെ ഭാഗമായി 'ദേസി കട്ട' (നാടൻ കൈത്തോക്ക്) പുറത്തെടുത്ത് ആകാശത്തേക്ക് നാല് വെടി വെക്കുന്ന രംഗങ്ങൾ ഉത്തർപ്രദേശ് പശ്ചാത്തലമായിട്ടുള്ള സിനിമകളിലും സീരീസുകളിലും ഒക്കെ നമ്മൾ കണ്ടുവരുന്നുണ്ട്. എന്നാൽ, സിനിമകളിലെ ഭാവന മാത്രമായി ഒതുങ്ങുന്നില്ല ഉത്തർപ്രദേശിന്റെ 'തോക്ക് സംസ്കാരം'('Gun Culture') എന്നതാണ് വാസ്തവം. കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പൊലീസ് സേനയുടെ കയ്യിൽ ഉള്ളതിനേക്കാൾ എത്രയോ അധികം തോക്കുകളും വെടിത്തിരകളും സംസ്ഥാനത്തെ പൗരന്മാരുടെ കയ്യിലുണ്ട്. 

സംസ്ഥാനത്ത് ഏകദേശം 20 കോടിക്കുമേൽ ജനങ്ങളുണ്ടെന്നാണ് സെൻസസ് പറയുന്നത്. അതിൽ, ഏതാണ്ട് പതിനൊന്നു ലക്ഷത്തോളം സാധാരണക്കാരുടെ കയ്യിൽ തോക്കുകളുണ്ടെന്നാണ് ഉത്തർ പ്രദേശ് പൊലീസിന്റെ കണക്ക്. കയ്യിൽ തോക്കുള്ള പൊലീസുകാർ പരമാവധി 2.31 ലക്ഷം വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. തോക്കേന്തിയ പൊതുജനത്തിന്റെ എണ്ണത്തിൽ ഉത്തർപ്രദേശ് ഇന്ത്യയിൽ തന്നെ ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള മധ്യപ്രദേശിൽ ഉത്തർപ്രദേശിൽ ഉള്ളതിന്റെ പാതി തോക്കുപോലുമില്ല. മൊത്തം ഇന്ത്യയിൽ ഉള്ളതിന്റെ മൂന്നിൽ ഒന്ന് തോക്കുകളുംഇവിടെത്തന്നെയാണുള്ളത്. ഈ തോക്കുകളിൽ വളരെ കുറഞ്ഞൊരു ഭാഗത്തിന് മാത്രമേ ലൈസൻസ് ഉള്ളൂ. ലഖ്‌നൗവിൽ 81 പേരിൽ ഒരാൾക്ക് വീതം തോക്കുണ്ടെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്.

സുരക്ഷ എന്നതിൽ ഉപരിയായി ഒരു സ്റ്റാറ്റസ് സിംബൽ ആയിട്ടാണ് തോക്കുകളെ ജനങ്ങൾ കാണുന്നത്. ചമ്പൽ പോലുള്ള ഭാഗങ്ങളിൽ ജനം, സ്ഥലം വിറ്റുപോലും കുടുംബത്ത് ഒരു റൈഫിൾ വാങ്ങി വെക്കുന്നതായി കണ്ടുവരുന്നു. പല ഗ്രാമങ്ങളിലും കയ്യിൽ ഒരു ഇരട്ടക്കുഴൽ തോക്കില്ലാത്തവന്, ഉള്ളവന്റെ അത്ര വില കിട്ടില്ല സമൂഹത്തിൽ.

പല രാഷ്ട്രീയക്കാരുടെയും തുടക്കം ക്രിമിനൽ പശ്ചാത്തലങ്ങളിൽ നിന്നാണ്. തങ്ങളുടെ കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നതിൽ നിന്ന് രക്ഷ തേടിയാണ് പലരും രാഷ്ട്രീയത്തിൽ എത്തുന്നത്. അതുകൊണ്ട് അവർക്ക് സാമദാനഭേദദണ്ഡങ്ങളിൽ ഏതു പ്രയോഗിച്ചും ജയിച്ചേ മതിയാകൂ. അതുകൊണ്ട് അതിനായി അവർ ഏറ്റവും എളുപ്പമുള്ള മാർഗം അവലംബിക്കുന്നു. അതായത്, വോട്ടർമാരെ തോക്കും ഗുണ്ടകളും വിലകൂടിയ സ്പോർട്സ് വാഹനങ്ങളും മറ്റും കാണിച്ച് ഭയപ്പെടുത്തി നിർത്തുക. ജന്മികളാണ് പലയിടത്തും സ്ഥാനാർത്ഥികൾ. അതുകൊണ്ട് ജന്മികൾ കുടിയാന്മാരെ കാലങ്ങളായി വിരട്ടി നിർത്തുന്ന ശീലം സ്ഥാനാർത്ഥികൾ ആയിക്കഴിഞ്ഞും അവർ വോട്ടർമാരായ കുടിയന്മാരോട് അവലംബിക്കുന്നു. 

ഉത്തർപ്രദേശിൽ തോക്കിൻ ലൈസൻസ് നേടിയിട്ടുള്ളവരിൽ ആറായിരത്തോളം പേർക്കെതിരെ അത് പ്രയോഗിച്ചതിന്റെ പേരിൽ ക്രിമിനൽ കേസുകളും നിലവിലുണ്ട്. ഇനി അധികം ലൈസൻസുകൾ അനുവദിക്കേണ്ടതില്ല എന്നാണ് കോടതി സർക്കാരിനോട് പറഞ്ഞത്. ഒന്ന് പറഞ്ഞ് രണ്ടിന് തോക്കെടുത്ത് ചൂണ്ടുന്നതും, ആളുകളെ ആകാശത്തേക്ക് വെടിവെച്ച് ഭയപ്പെടുത്തുന്നതും, സാഹചര്യങ്ങൾ വഷളായി പലപ്പോഴും പരസ്പരം വെടിവെച്ച് കൊല്ലുന്നതും ചാകുന്നതും ഒക്കെ അവിടെ പതിവായി നടക്കുന്ന കാര്യങ്ങളാണ്. 

ഉത്തർപ്രദേശിലെ നോയിഡ ദില്ലിയുടെ അയൽ നഗരം എന്ന നിലയിൽ ദില്ലിയുടെ ക്രമാസമാധാനത്തിനും പലപ്പോഴുണ് ഭീഷണി ഉയർത്താറുണ്ട്. നോയിഡ കേന്ദ്രീകരിച്ച് നിരവധി ഗുണ്ടാസംഘങ്ങൾ തലസ്ഥാനത്തും പ്രവർത്തിക്കുന്നുണ്ട്. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിൽ പത്തിൽ നാലും ദില്ലിയിലാണ് എന്നാണ് ഒരു കണക്ക് സൂചിപ്പിക്കുന്നത്. 'ആംസ് ആക്റ്റ്' (Arms Act) പ്രകാരം അറസ്റ്റു ചെയ്യപ്പെടുന്നവരുടെ എണ്ണം വർഷം പ്രതി ഇരട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ മീററ്റിലും മറ്റും പ്രവർത്തിക്കുന്ന അനധികൃത കൈത്തോക്ക് നിർമ്മാണ ഫാക്ടറികളിൽ നിർമിച്ചു പുറത്തിറങ്ങുന്ന നാടൻ തോക്കുകളാണ് പല കുറ്റകൃത്യങ്ങളിലും ഉപയോഗിക്കപ്പെടുന്നത്. 

പൊലീസിന്റെ കയ്യിൽ ഉള്ളതിന്റെ അഞ്ചിരട്ടിയിലധികം തോക്കുകൾ നാട്ടുകാരുടെ കയ്യിലുള്ള ഒരു സംസ്ഥാനത്ത് എങ്ങനെയാണ് ഫലപ്രദമായി കുറ്റകൃത്യങ്ങളെ തടയാൻ നിയമപാലകർക്ക് സാധിക്കുക എന്ന ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്.