ന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ചെയിനാണ് 'കഫെ കോഫി ഡേ'. അതിന്റെ സ്ഥാപകനും, കർണ്ണാടകയിലെ മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനായ വി ജി സിദ്ധാർത്ഥിനെ  തിങ്കളാഴ്ച രാത്രി  മുതൽ കാണ്മാനില്ല!  ന്യൂസ് ഏജൻസിയായ ANI -യുടെ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹം മംഗളൂരുവിലെ നേത്രാവതി നദിക്കരയിൽ വെച്ചാണ് അപ്രത്യക്ഷനാകുന്നത്. ഒരു ബിസിനസ് ട്രിപ്പിന് പോകുന്നു എന്നും പറഞ്ഞാണ് സിദ്ധാർത്ഥ് വീട്ടിൽ നിന്നും ഇറങ്ങിയത്. 

സിദ്ധാർത്ഥിന്റെ ബിസിനസ് നഷ്ടത്തിലായിരുന്നു എന്നും, അതിൽ അദ്ദേഹം ഏറെ മനോവിഷമം അനുഭവിച്ചിരുന്നു എന്നും പറയപ്പെടുന്നു. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ തന്റെ സ്ഥാപനത്തെ ഏതുവിധേനയും കരകയറ്റാൻ അദ്ദേഹം സാധ്യമായിടത്തു നിന്നൊക്കെയും കടം എടുത്തുകൂട്ടിയിരുന്നത്രെ. നേത്രാവതീ നദിക്ക് കുറുകെയുള്ള പാലത്തിനു മുകളിൽ കയറി നദിയിലേക്ക് എടുത്തുചാടുകയായിരുന്നു സിദ്ധാർത്ഥ് എന്ന് പലരും പറയുന്നുണ്ട്. അത്തരത്തിലുള്ള വാർത്തകൾ വന്നുതുടങ്ങിയതോടെ മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ  നദിയിൽ തെരച്ചിൽ തുടങ്ങിയിട്ടുണ്ട് പൊലീസ്. 

കാണാതാവുന്നതിന് തൊട്ടു മുമ്പുള്ള നിമിഷങ്ങൾ 

ചിക്കമംഗളൂരുവിലേക്ക്  തന്റെ ഇന്നോവയിൽ ഒരു ബിസിനസ്സ് ട്രിപ്പിനായി പോയതായിരുന്നു സിദ്ധാർത്ഥ്. തിരിച്ച് മംഗളൂരുവിലേക്ക് വരും വഴി  രാത്രി എട്ടുമണിയോടെ നേത്രാവതീ നദിക്കരികിൽ  എത്തിയപ്പോൾ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹമപ്പോൾ എന്ന് ഡ്രൈവർ പറഞ്ഞു. 

വണ്ടിയിൽ നിന്നും ഫോൺ വെക്കാതെ തന്നെ ഇറങ്ങി നടന്ന അദ്ദേഹം,  ഡ്രൈവറോട് പാലത്തിന്റെ അപ്പുറത്ത് കാത്ത് നിന്നാൽ മതി, താൻ നടന്നുവന്നോളാമെന്നു പറയുകയായിരുന്നു എന്ന് ഡ്രൈവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇറങ്ങിപ്പോയി ഒന്നൊന്നര മണിക്കൂർ നേരം കഴിഞ്ഞിട്ടും ആൾ തിരിച്ചുവരാതെയായപ്പോൾ അദ്ദേഹത്തിന്റെ ഫോണുകളിൽ വിളിച്ചു നോക്കിയിട്ടും കിട്ടാതെയായപ്പോൾ ഡ്രൈവർ പരിഭ്രാന്തനായി പൊലീസിൽ ബന്ധപ്പെടുകയായിരുന്നു. 

ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പൊലീസ് തിരച്ചിൽ നടത്തിയത്. കാറിൽ നിന്നും മണത്തുമണത്ത് പാലം ലക്ഷ്യമാക്കി നടന്ന പൊലീസ് നായ ഒടുവിൽ പാലത്തിന്റെ ഒത്ത നടുക്കെത്തിയപ്പോൾ നിന്നു. അതോടെ അദ്ദേഹം ആത്മഹത്യാശ്രമം നടത്തിയതാകും എന്ന നിഗമനത്തിലെത്തിച്ചേർന്ന പൊലീസ്,  ഉടനടി ബോട്ട് സർവീസിന്റെയും, തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളുടെയും സഹകരണത്തോടെ തെരച്ചിൽ ഊർജ്ജിതമാക്കി. 

ആരായിരുന്നു വി ജി സിദ്ധാർത്ഥ്? 

130  വർഷത്തിൽ അധികമായി നല്ല 'എ' ക്ലാസ്സ് കാപ്പി ഉത്പാദിപ്പിക്കുന്ന ഒരു കുടുംബത്തിലായിരുന്നു സിദ്ധാർത്ഥ് ജനിച്ചത്. അവരുടെ കുടുംബത്തിന് ഏക്കറുകളിൽ പരന്നു കിടക്കുന്ന വലിയ കാപ്പിത്തോട്ടങ്ങളുണ്ട്. മംഗളൂരുവിലെ സെന്റ് അലോഷ്യസ് കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ  ബിരുദാനന്തര ബിരുദം നേടിയ ശേഷം അദ്ദേഹം ആദ്യത്തെ പതിനഞ്ചു വർഷത്തോളം ബിസിനസ് പോർട്ട് ഫോളിയോ മാനേജ്‌മെന്റിൽ ഒരു കരിയർ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിലായിരുന്നു. 

1993 -ലാണ് അദ്ദേഹം കാപ്പിപ്പൊടി  ബിസിനസിലേക്ക് കടക്കുന്നത്. അത് പെട്ടെന്നുതന്നെ സാമ്പത്തികമായി ഏറെ വിജയം കണ്ടു. വർഷാവര്‍ഷം  30,000  ടൺ കാപ്പി വിദേശത്തും സ്വദേശത്തുമായി അദ്ദേഹത്തിന്റെ അമാൽഗമേറ്റഡ് ബീൻ കമ്പനി എന്ന സ്ഥാപനം വിറ്റുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കമ്പനി കോഫീ ഡേ എന്ന പെരിയൽ റീട്ടെയിലായും താമസിയാതെ കാപ്പിപ്പൊടി ദക്ഷിണേന്ത്യയിൽ വില്പന തുടങ്ങി. അദ്ദേഹത്തിന് സ്വന്തമായി ഏകദേശം 12,000  ഏക്കറോളം കാപ്പിത്തോട്ടങ്ങളുണ്ട്. 

അമേരിക്കയിലെ സ്റ്റാർബക്ക്സ്‌ കോഫിയുടെ മാതൃകയിൽ അദ്ദേഹം ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളിലും മറ്റും തുടങ്ങിയ കഫെ കോഫിഡേ പിന്നീട് സാന്നിദ്ധ്യം നഗരങ്ങളിലെ മാളുകളിലേക്കും, തിരക്കേറിയ മറ്റു സ്ഥലങ്ങളിലേക്കും  വ്യാപിപ്പിച്ചു. ഇന്ന് ഇന്ത്യയിലെ 209  നഗരങ്ങളിലാണ് കഫെ കോഫി ഡേയ്ക്ക് ആകെ 1423  കഫേകളുടെ ഒരു ചെയ്ൻ തന്നെയുണ്ട്. 

കമ്പനി ലാഭത്തിലായതോടെ, ലാഭത്തിന്റെ വലിയൊരു ഭാഗം മറ്റുള്ള ബിസിനസ് സംരംഭങ്ങളിലും അദ്ദേഹം നിക്ഷേപിച്ചിരുന്നു. 1999 -ൽ അദ്ദേഹം ഐടി വിദദ്ധരായ അശോക് സൂത, സുബ്രതോ ബാഗ്ചി, കെകെ നടരാജൻ എന്നിവരുമായി ചേർന്നുകൊണ്ട് സ്ഥാപിച്ചതാണ് മൈൻഡ് ട്രീ. അദ്ദേഹത്തിന് ഏകദേശം 340  കോടിയുടെ നിക്ഷേപം തുടക്കം മുതലേ ആ കൺസൾട്ടൻസി സ്ഥാപനത്തിൽ ഉണ്ടായിരുന്നു.    ഇതുപോലെ മറ്റു  പല സ്ഥാപനങ്ങളുടെയും ഷെയറുകൾ അദ്ദേഹം വാങ്ങിക്കൂട്ടിയിരുന്നു. ഏതാണ്ട് മൂവായിരം ഏക്കർ സ്ഥലത്ത് വാഴ കൃഷി ചെയ്തിരുന്നു അദ്ദേഹം. വാഴപ്പഴത്തിന്റെ കയറ്റുമതിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. 2017  സെപ്റ്റംബറിൽ നടന്ന ഒരു ഇൻകം ടാക്സ് റെയിഡ് അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ആകെ ഭീതി പരത്തിയിരുന്നു. 

നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ അദ്ദേഹം ഇക്കഴിഞ്ഞ മാർച്ചിൽ മൈൻഡ് ട്രീ എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ തന്റെ മുഴുവൻ ഷെയറും ലാർസൺ ആൻഡ് ടൂബ്രോയ്ക്ക് 3300  കോടി രൂപയ്ക്ക് വിറ്റിരുന്നു. എന്നിട്ടും കടങ്ങൾ തീരാതെ, തന്റെ സ്വപ്ന സ്ഥാപനമായ കഫെ കോഫിഡേയുടെ വില്പന സംബന്ധിച്ച് കൊക്കക്കോള കമ്പനിയുമായി ചർച്ചയിലായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. 

മേൽപ്പറഞ്ഞ സാമ്പത്തികപ്രയാസങ്ങൾ അദ്ദേഹത്തെ മാനസികമായി ഉലച്ചിരുന്നു എന്നും, അദ്ദേഹം കടുത്ത വിഷാദത്തിന് അടിപ്പെട്ടിരുന്നു എന്നുമാണ് ബിസിനസ് വൃത്തങ്ങളിൽ പടരുന്ന വാർത്ത. അദ്ദേഹത്തിനായുള്ള തിരച്ചിൽ ദ്രുതഗതിയിൽ തുടരുമ്പോഴും,  അദ്ദേഹത്തിന്റെ ഭാര്യാപിതാവും മുതിർന്ന ബിജെപി നേതാവുമായ എസ്എം കൃഷ്ണയുടെ വീട്ടിലേക്ക് വിവരങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള രാഷ്ട്രീയത്തിലെ അതികായരുടെ പ്രവാഹമാണ്. 

തന്റെ ബിസിനസ് സാമ്രാജ്യം തകർച്ചയുടെ പാതയിലാണെന്ന് തിരിച്ചറിഞ്ഞ കാലത്ത്,  നിക്ഷേപകരെയും മാനേജർമാരെയും മറ്റുള്ള  തൊഴിലാളികളെയും അഭിസംബോധന ചെയ്‌തുകൊണ്ട് അയച്ച ഒരു  കത്തിൽ അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു, "എന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും  ബിസിനസ് ലാഭത്തിലാക്കാൻ സാധിച്ചില്ല. നമ്മുടെ കമ്പനി നടത്തിയ ഒരൊറ്റ സാമ്പത്തിക നിക്ഷേപവും, കടമെടുപ്പും എന്റെ മാത്രം ഉത്തരവാദിത്തമാണ്. നിയമം നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കിൽ, അത് എന്റെ പേർക്ക് മാത്രമാവണം..."  ആ വാക്കുകളിൽ ഒരു ദുരന്തഛായ ഉണ്ടായിരുന്നോ എന്നുള്ള സംശയത്തിലാണ് ഇന്ന് അദ്ദേഹത്തിന്റെ സ്നേഹിതരും സുഹൃത്തുക്കളും.