Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കിലെ ഗുരുതര സുരക്ഷാപിഴവ് കണ്ടെത്തി; വടകര സ്വദേശിക്ക് സ്വപ്‍നജോലി നല്‍കി ഫേസ്ബുക്കിന്‍റെ പ്രത്യുപകാരം

'ഇതുവരെയും സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ഒരു കോഴ്സും ചെയ്തിട്ടില്ല. ഒരു സര്‍ട്ടിഫിക്കറ്റുമില്ല. ഗൂഗിളില്‍ സേര്‍ച്ച് ചെയ്തും ഫേസ്ബുക്കിന്‍റെ സെക്യൂരിറ്റി പിഴവുകളെക്കുറിച്ചുള്ള ബ്ലോഗുകള്‍ വായിച്ചുമാണ് ഞാന്‍ ഇവിടെ വരെയുമെത്തിയത്'

vadakara based neeraj gopal got job in facebook security wing
Author
Kozhikode, First Published Jul 25, 2019, 6:53 PM IST

കിട്ടാവുന്ന സമയമത്രയും ഫേസ്ബുക്കില്‍ ചിലവഴിക്കുന്നവരാണ് യുവതലമുറ. ഫേസ്ബുക്കില്ലാത്തൊരു ജീവിതം ചിന്തിക്കാന്‍പോലും ഇന്നുള്ളവരില്‍ ഭൂരിഭാഗം പേര്‍ക്കും കഴിയില്ല. എന്നാല്‍ ഇഷ്ടപ്പെട്ട സ്ഥലത്ത് താല്‍പ്പര്യമുള്ള മേഖലയില്‍ ഫേസ്ബുക്കിനൊപ്പം ആരും സ്വപ്നം കാണുന്ന ജോലി ലഭിച്ചാലോ? സമൂഹ മാധ്യമമായ ഫേസ്ബുക്കിന്‍റെ ഗുരുതരമായ സുരക്ഷാ പിഴവുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത യുവാവിനാണ് ഫേസ്ബുക്ക് സ്വപ്നജോലി നല്‍കിയത്. നീരജ് ഗോപാല്‍ എന്ന വടകര മണിയൂര്‍ സ്വദേശിയാണ് ഫേസ്ബുക്ക് തെരഞ്ഞെടുത്ത ആ യുവഎഞ്ചിനിയര്‍. 

ഫേസ്ബുക്ക് ലണ്ടനില്‍ പ്രോഡക്ട് സെക്യൂരിറ്റി അസ്സസ്‌മെന്റ്‌സ് ആന്‍ഡ് അനാലിസിസ് വിഭാഗത്തില്‍ സെക്യൂരിറ്റി അനലിസ്റ്റ് ഫോര്‍ വൈറ്റ് ഹാറ്റ് എന്ന പദവിയിലാണ് നീരജിന് നിയമനം ലഭിച്ചത്.കഴിഞ്ഞ നാല് വർഷമായി സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഫേസ്ബുക്കിന്‍റെ ഗുരുതര സെക്യൂരിറ്റി പിഴവുകള്‍ കണ്ടെത്തി അത് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് നീരജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പിന്നീട് ഫേസ്ബുക്കില്‍ നിന്നും ഇന്റര്‍വ്യൂവിനുള്ള വിളിയെത്തി. 5 റൗണ്ടുകളായിരുന്നു ഇന്‍റര്‍വ്യൂവിന് ഉണ്ടായിരുന്നത്. അത് ക്ലിയര്‍ ചെയ്തു.ജോലി ലഭിച്ചു.  

തന്‍റെ നേട്ടത്തെക്കുറിച്ച് നീരജ് പറയുന്നത് ഇങ്ങനെ: 

'ഇതുവരെയും സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ഒരു കോഴ്സും ചെയ്തിട്ടില്ല. ഒരു സര്‍ട്ടിഫിക്കറ്റുമില്ല. ഗൂഗിളില്‍ സേര്‍ച്ച് ചെയ്തും ഫേസ്ബുക്കിന്‍റെ സെക്യൂരിറ്റി പിഴവുകളെക്കുറിച്ചുള്ള ബ്ലോഗുകള്‍ വായിച്ചുമാണ് ഞാന്‍ ഇവിടെ വരെയുമെത്തിയത്. പത്താം ക്ലാസില്‍ കംമ്പ്യൂട്ടറിന് നല്ല മാര്‍ക്കുണ്ടായിരുന്നു. അതിന് ശേഷമാണ് വീട്ടില്‍ കമ്പൂട്ടര്‍ വാങ്ങിത്തരുന്നത്.  ഇവിടെ വരെയെത്തിയതിന് കാരണം അച്ഛനാണ്. ആദ്യമെല്ലാം ഗെയിം കളിക്കാന്‍ മാത്രമാണ് കമ്പൂട്ടര്‍ ഉപയോഗിച്ചത്.

പിന്നീട് പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷം ഐടിയില്‍ ഡിപ്ലോമ കോഴ്സ് ചെയ്തു. അതിന് ശേഷമാണ് ക്യാമ്പസ് സെലക്ഷന്‍ വഴി വിപ്രോയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.  ഫേസ്ബുക്കിനോടും ആ ഐഡിയയോടും വലിയ താല്‍പര്യമുണ്ടായിരുന്നു. നല്ല താല്‍പര്യവും അതിന് വേണ്ടി അധ്വാനിക്കാനുള്ള മനസുമുണ്ടാകണം'.എങ്കില്‍ ആര്‍ക്കും ഇതുപോലെ ഉയര്‍ന്ന ജോലി നേടാന്‍ സാധിക്കുമെന്നും നീരജ് പറയുന്നു. 

vadakara based neeraj gopal got job in facebook security wing

ബാംഗ്ലൂരില്‍ വിപ്രോയിലായിരുന്നു നേരത്തെ ജോലി നീരജ് ചെയ്തത്. ജോലിക്ക് ഒപ്പം തന്നെ സിസ്റ്റംസ് എഞ്ചിനിയറിംഗില്‍ എംഎസ് ചെയ്തു. ആ സമയത്താണ് ഫേസ്ബുക്കിന്റെ ബഗ്ഗ് ഹണ്ടിങ് ആരംഭിക്കുന്നത്. 2016 ലായിരുന്നു ഇത്. തുടര്‍ന്ന് 2019 വരെയുള്ള വര്‍ഷങ്ങളില്‍ നീരജ് ഫേസ്ബുക് ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി. കണ്ടുപിടിക്കുന്ന സെക്യൂരിറ്റി പിഴവ് എത്രത്തോളം ഗൗരവം ഏറിയതാണെന്നതും റിപ്പോര്‍ട്സിന്‍റെ ക്വാളിറ്റിയെയും അടിസ്ഥാനപ്പെടുത്തിയാണ് ഫേസ്ബുക്കിന്‍റെ ഹാള്‍ ഓഫ് ഫെയിം റാങ്കിംഗ് നടത്തുന്നത്. എല്ലാ വര്‍ഷങ്ങളിലും ഹാള്‍ ഓഫ് ഫെയിമില്‍ റാങ്കിംഗില്‍ ആദ്യ 15 -ല്‍ ഇടം പിടിച്ചിരുന്നു നീരജ്. 

മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഫേസ്ബുക് അവരുടെ എല്ലാ ലൈവ് ഹാക്കിങ് ഇവന്റ്‌സുകള്‍ക്കും പ്രൈവറ്റ് ബഗ്ഗ് ബൗണ്ട്ടി മീറ്റിംഗുകള്‍ക്കും നീരജിനെ സ്‌പോണ്‌സര്‍ഷിപ്പോടു കൂടി ക്ഷണിക്കാന്‍ ആരംഭിച്ചത്. 2018, 2019  വര്‍ഷങ്ങളില്‍ ലണ്ടനിലും സിങ്കപ്പൂരിലും നടന്ന പ്രോഗ്രാമുകളില്‍ പങ്കെടുത്തിരുന്നു. പിന്നീട്  2019 -ല്‍ ഫേസ്ബുക്കില്‍ നിന്നും ഇന്റര്‍വ്യൂവിനുള്ള വിളിയുമെത്തി.അഞ്ച് റൗണ്ടുകളായിരുന്നു ഇന്‍റര്‍വ്യൂവിന് ഉണ്ടായിരുന്നത്. അത് ക്ലിയര്‍ ചെയ്തു.

വെബ് ആപ്ലിക്കേഷന്‍ സെക്യൂരിറ്റിയിലെ സാധ്യതകളെക്കുറിച്ചും താന്‍ കണ്ടെത്തിയ ബഗ്ഗുകളില്‍ ചിലതിനെകുറിച്ചും  നീരജ് ബ്ലോഗും എഴുതിയിട്ടുണ്ട്. ഇതുപോലുള്ള ബ്ലോഗുകള്‍ വായിച്ചാണ് ഞാന്‍ പഠിച്ചതും ഫേസ്ബുക്കില്‍ എനിക്ക് ജോലി ലഭിച്ചതും. എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് ഉപകാരപ്പെടണമെന്ന് തോന്നിയതുകൊണ്ട് മാത്രമാണ് ബ്ലോഗ് എഴുതാന്‍ തുടങ്ങിയത്. ബ്ലോഗ് എഴുതുന്നതിനെക്കുറിച്ച് നീരജ് പറയുന്നു. വടകര മണിയൂര്‍ തുറശ്ശേരിക്കടവ് സ്വദേശിയായ നീരജ് റിട്ടയര്‍ഡ് അധ്യാപകരായ പി കെ ഗോപാലന്‍ മാസ്റ്ററുടേയും നിര്‍മ്മല ടീച്ചറുടേയും മകനാണ്. ആയുര്‍വേദ ഡോക്ടറായ അഞ്ജുഷയാണ് ഭാര്യ. 

Follow Us:
Download App:
  • android
  • ios