Asianet News Malayalam

രാത്രിയും പകലുമെല്ലാം ഇരുട്ട് നിറഞ്ഞ ​ഗ്രാമം, തണുത്തുറഞ്ഞ അവിടെ കൊറോണക്കാലത്ത് ജീവിച്ച യുവതി!

താനിത് വരെ സഞ്ചരിച്ചതോ താമസിച്ചതോ ആയ സ്ഥലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കോം​ഗ്സ്‍ഫ്യോർഡ്. അവിടുത്തെ കാലാവസ്ഥ, വെളിച്ചം, ഇരുട്ട് എല്ലാത്തിനും പ്രത്യേകതയുണ്ട്. 

Valentina Miozzo her experience in Kongsfjord
Author
Kongsfjord, First Published Jun 13, 2021, 2:53 PM IST
  • Facebook
  • Twitter
  • Whatsapp

'ആളുകളെയൊന്നും കാണാതെ ഇങ്ങനെ വീട്ടിലടച്ചിരുന്നു മടുത്തു' എന്നത് നമ്മില്‍ പലരും ഈ മഹാമാരിക്കാലത്ത് പറഞ്ഞ വാക്കുകളാണ്. എന്നാല്‍, വാലന്‍റീന മിയോസോ എന്ന യുവതി ചെയ്ത കാര്യമറിഞ്ഞാല്‍ നാം അല്‍പം അമ്പരന്ന് പോകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. രണ്ട് മാസം വാലന്‍റീന കഴിഞ്ഞത് നോര്‍വേയുടെ വടക്ക് ഭാഗത്തുള്ള ആര്‍ട്ടിക് സര്‍ക്കിളിലാണ്. അതിന്റെ പ്രത്യേകത, അവിടെ രണ്ട് മാസം സൂര്യനുദിക്കില്ല, പിന്നെ രണ്ട് മാസം സൂര്യനസ്തമിക്കില്ല എന്നതാണ്. 24 മണിക്കൂറും സൂര്യനുദിക്കാത്ത ദിവസങ്ങളിലും അവള്‍ കഴിഞ്ഞത് ഇവിടെ തന്നെ. 'ഇവിടെ ഡിസംബറും ജനുവരിയും ഇരുട്ട് മാത്രമുള്ള രണ്ട് മാസങ്ങളാണ്' എന്നാണ് വാലന്‍റീന ഇതേ കുറിച്ച് പറഞ്ഞത്. എന്നുവച്ച് മുഴുവനും കനത്ത ഇരുട്ടാണ് എന്ന് അർത്ഥമില്ല കേട്ടോ. രാവിലെ സൂര്യനുദിക്കുന്നതിന് തൊട്ടുമുമ്പും വൈകുന്നേരം സൂര്യനസ്തമിക്കുന്നതിന് തൊട്ടുമുമ്പും അരണ്ട ഒരു വെളിച്ചമുണ്ടാകില്ലേ അതുപോലെയാവും ഇവിടവും. 

വടക്കന്‍ ഇറ്റാലിയന്‍ പ്രദേശമായ എമിലിയ റൊമാഗ്നയില്‍ നിന്നുള്ള വാലന്‍റീന പറയുന്നത് ഈ മഹാമാരി തന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു എന്നാണ്. ഒരു ടൂർഗൈഡ് കൂടിയായ വാലന്‍റീന ഇറ്റലിക്കാരെ പുറത്തേക്ക് സഞ്ചരിക്കാന്‍ സഹായിച്ചു പോന്നു. 'തന്‍റെ ജീവിതത്തിന്‍റെ ഏറിയ പങ്കും റോഡിലാണ് താന്‍ ചെലവഴിച്ചത്. വര്‍ഷത്തില്‍ ആറ് മാസമെങ്കിലും താന്‍ വീട്ടില്‍ നിന്നും അകലെയായിരിക്കും' എന്നും വാലന്‍റീന പറയുകയുണ്ടായി. 

ഏതായാലും ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പലരേയും പോലെ മഹാമാരി വാലന്‍റീനയുടെ ജീവിതവും ബുദ്ധിമുട്ടിലാക്കി. ഗൈഡായിട്ടുള്ള ജോലി ചെയ്യാന്‍ പറ്റാതായതോടെ ബ്ലോഗിംഗും പ്രൊമോഷന്‍ വര്‍ക്കുകളുമെല്ലാം തുടർന്നു. എന്നാൽ, ലോകത്തിലെ ഏറ്റവും കഠിനമായ ലോക്ക്ഡൗണുകളിലൂടെ ഇറ്റലി കടന്നുപോയതിനുശേഷം 2020 വേനൽക്കാലത്ത്, വൈറസ് നിയന്ത്രണത്തിലാണെന്ന് തോന്നിയതോടെ അവള്‍ക്ക് വീണ്ടും യാത്ര ചെയ്യാൻ കൊതി തോന്നിത്തുടങ്ങി. 

അങ്ങനെയാണ് സപ്തംബറില്‍ ആര്‍ട്ടിക്കില്‍ ഒരു ഗസ്റ്റ്ഹൗസ് നടത്തിപ്പിനുള്ള ക്ഷണം ഇന്‍സ്റ്റഗ്രാമിലൂടെ കിട്ടിയപ്പോള്‍ അവള്‍ കണ്ണുമടച്ച് സമ്മതം മൂളുന്നത്. 'തനിക്ക് അതില്‍ യാതൊരു ഭയവും തോന്നിയില്ല. അങ്ങനെയൊരു യാത്രക്കും ജീവിതത്തിനുമുള്ള അവസരം കിട്ടിയപ്പോള്‍ സന്തോഷമാണ് തോന്നിയത്' എന്നാണ് അവള്‍ പറഞ്ഞത്. അങ്ങനെ ഒരുമാസത്തിനു ശേഷം അവള്‍ കോംഗ്സ്ഫ്യോര്‍ഡില്‍ എത്തി. അത് ഇറ്റലിയിലെ മൊഡെനയ്ക്കടുത്തുള്ള അവളുടെ വീടിന് 2,400 മൈൽ വടക്കായിട്ടായിരുന്നു. 

മൊഡെനയും കോംഗ്സ്ഫ്യോര്‍ഡും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. മൊഡേന 185,000 പേര്‍ താമസിക്കുന്ന ഭക്ഷണത്തിനും വിനോദസഞ്ചാരത്തിനും പേര് കേട്ട നഗരമായിരുന്നുവെങ്കില്‍ കോംഗ്സ്ഫ്യോര്‍ഡ് ആകെ 28 പേര്‍ മാത്രം താമസക്കാരായിട്ടുള്ള ഒരു പ്രദേശമായിരുന്നു. അടുത്ത സൂപ്പര്‍മാര്‍ക്കറ്റ് പോലും 25 മൈല്‍ അകലെയാണ്. അടുത്ത ആശുപത്രിയാകട്ടെ 200 മൈലുകള്‍ക്കപ്പുറം, 25 മൈലുകള്‍ക്കപ്പുറം ഒരു ചെറിയ, പ്രാദേശിക വിമാനത്താവളമുണ്ട്. 

'ശൈത്യകാലത്ത്, എല്ലായിടത്തും 75 മൈൽ വേഗതയിൽ കാറ്റ് വീശും. കൂടാതെ ഐസായിരിക്കും എങ്ങും. അതിനാൽ പുറത്തിറങ്ങാൻ തന്നെ പ്രയാസമാണ്' അവൾ പറയുന്നു. റോഡുകൾ കാണാം എന്ന അവസ്ഥ വന്നാല്‍, താമസക്കാർ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ പലചരക്ക് കടയിലേക്ക് പോകുന്നു. വിമാനത്താവളത്തിലേക്കും ബെർലെവാഗിലെ സൂപ്പർമാർക്കറ്റിലേക്കും ഉള്ള വഴി മലഞ്ചെരുവുകളുടെ അതിർത്തിയായ ഒരു ജാക്ക്-നൈഫിംഗ് കോസ്റ്റൽ റോഡാണ്. മോശം കാലാവസ്ഥയിൽ, അങ്ങോട്ട് പോവുക എന്നത് അസാധ്യവും.

പലരും വാലന്‍റീനയോട് അങ്ങോട്ട് പോകുന്നതിന്‍റെ അപകടങ്ങളെ കുറിച്ചും മറ്റും സൂചിപ്പിച്ചരുന്നു എങ്കിലും അതൊന്നും തന്നെ അവളെ തടഞ്ഞില്ല. അവിടെ ജീവിച്ച് നോക്കുക, അത് അനുഭവിക്കുക എന്നത് തന്നെയായിരുന്നു അവളുടെ മനസില്‍. വാലന്‍റീന അവിടെ എത്തിയതിന് ശേഷമാണ് ധ്രുവരാത്രി (polar nights) -യും എത്തിയത്. അതുവരെ 24 മണിക്കൂറും ഇരുട്ട് എന്നൊരു അവസ്ഥ അവള്‍ കണ്ടിട്ടേയില്ലായിരുന്നു. രണ്ട് മാസം എങ്ങനെ സൂര്യനുദിക്കാത്ത പ്രദേശത്ത് കഴിഞ്ഞു എന്ന ചോദ്യത്തിന് 'അതൊരു പകരം വയ്ക്കാനില്ലാത്ത അനുഭവം തന്നെയായിരുന്നു. രണ്ട് മാസം മുഴുവനും ഇരുട്ടില്‍ കഴിയുക എന്നത്. എന്നാല്‍, അത് യാതൊരു തരത്തിലും ബുദ്ധിമുട്ടായിരുന്നില്ല. വെളിച്ചത്തില്‍ കഴിയുകയായിരുന്നു പ്രയാസം' എന്നാണ് വാലന്‍റീന മറുപടി പറഞ്ഞത്. 

അതായത് അവിടെ 24 മണിക്കൂറും സൂര്യനുദിക്കാത്ത കാലം വന്നാല്‍ പിന്നെ 24 മണിക്കൂറും വെളിച്ചമുള്ള കാലമാണ്. അത് മെയ് പകുതി മുതല്‍ ജൂലൈ പകുതി വരെയാണ്. രണ്ടുമാസത്തേക്ക് സൂര്യാസ്തമയമേ ഇല്ല. രാത്രികളിലും വെളിച്ചം കാരണം ശരീരം അത് രാത്രിയാണ് എന്ന് അംഗീകരിക്കില്ല എന്നും ഉറങ്ങാന്‍ പ്രയാസമായിരിക്കും എന്നും വാലന്‍റീന പറയുന്നു. എന്നാലും അത് ശല്യപ്പെടുത്തുന്ന ഒന്നല്ല, അത്തരം ജീവിതരീതി രസമാണ് എന്നും അവള്‍ പറയുന്നുണ്ട്. 

ഇത്തരം ഒരു ഒറ്റപ്പെട്ട സ്ഥലത്ത് നമുക്ക് ഊര്‍ജ്ജം പകരുന്നത് നാം തന്നെയാണ്. നമുക്ക് ഇവിടെ നമ്മെ തന്നെ തിരിച്ചറിയാനാവുന്നു എന്നും വാലന്‍റീന ഓര്‍മ്മിപ്പിക്കുന്നു. അവിടെയുള്ള 28 താമസക്കാരില്‍ ജര്‍മ്മനും, ലാത്വിയനും, ഇറ്റാലിയനും, തായ് ആള്‍ക്കാരും എല്ലാം പെടുന്നു. ഇംഗ്ലീഷിലാണ് അവര്‍ പരസ്പരം സംസാരിക്കുന്നത്. അവരെല്ലാം വളരെ സ്നേഹമുള്ളവരാണ്. തന്നെ വളരെ സന്തോഷത്തോടും സ്നേഹത്തോടുമാണ് അങ്ങോട്ട് സ്വാഗതം ചെയ്തത് എന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. 

'താനിത് വരെ സഞ്ചരിച്ചതോ താമസിച്ചതോ ആയ സ്ഥലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കോം​ഗ്സ്‍ഫ്യോർഡ്. അവിടുത്തെ കാലാവസ്ഥ, വെളിച്ചം, ഇരുട്ട് എല്ലാത്തിനും പ്രത്യേകതയുണ്ട്. അവിടെ മരം വളരില്ല. ഇത് ശരിക്കും വന്യമായ ഭൂപ്രകൃതിയാണ്. റെയിന്‍ഡീറുകളെ ഒരുപാട് കാണാം. തിമിംഗലങ്ങൾ, ഡോൾഫിനുകൾ, ധാരാളം കടൽ പക്ഷികൾ എന്നിവയുണ്ട് - ഇത് പക്ഷിനിരീക്ഷണത്തിന് പേരുകേട്ടതാണ്' എന്നും വാലന്‍റീന പറയുന്നു. 

ടൂറിസം മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കിലും പ്രകൃതിയെ നോവിക്കാതെയും ബഹുമാനിച്ചും വേണം നാം യാത്രകള്‍ ചെയ്യാന്‍ എന്ന അഭിപ്രായമാണ് അവള്‍ക്ക്. ഗസ്റ്റ്ഹൗസിലെ കരാര്‍ അവസാനിച്ചുവെങ്കിലും അവിടെ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു അവള്‍. തിരിച്ചുവരാന്‍ തോന്നുന്നില്ല എന്നാണ് വാലന്റീന അതേ കുറിച്ച് പറഞ്ഞത്. ഏതായാലും മഹാമാരി പലതരത്തിലും നമ്മുടെ ജീവിതം മാറ്റുമ്പോൾ വാലന്റീനയ്ക്ക് ഇങ്ങനെയൊരിടത്ത് കഴിയാനുള്ള അവസരമാണ് അത് നൽകിയത്. 

(വിവരങ്ങൾക്ക് കടപ്പാട്: CNN, ചിത്രങ്ങൾ: ViaggiareLibera)

Follow Us:
Download App:
  • android
  • ios