Asianet News MalayalamAsianet News Malayalam

'രക്തരക്ഷസെ'ന്ന് അറിയപ്പെടുന്ന മത്സ്യം, മനുഷ്യരുടെ രക്തമൂറ്റുമോ വാംപയർ മത്സ്യം? പുതിയ ചില കണ്ടെത്തലുകൾ

ഈ സംഭവത്തിൽ, ഇര ഒരു 23 -കാരനാണ്. അയാൾ ഒരു നദിയിൽ മൂത്രമൊഴിക്കവെ ഒരു കൻഡിറു മത്സ്യം വെള്ളത്തിൽ നിന്ന് മൂത്രനാളത്തിലേക്ക് കയറി എന്ന് അവകാശപ്പെട്ടു. 

vampire fish myths and truth
Author
Thiruvananthapuram, First Published Sep 15, 2021, 1:41 PM IST

വാംപയര്‍ മത്സ്യം. മറ്റൊരു മത്സ്യത്തിന്‍റെ ശരീരത്തില്‍ കടന്നുകയറി അവയുടെ രക്തം ഊറ്റിക്കുടിക്കുന്ന മത്സ്യത്തിന് ഇതിനേക്കാൾ ചേർന്നൊരു പേര് വേറെ കിട്ടില്ല അല്ലേ? അതേ, അങ്ങനെ രക്തമൂറ്റുന്നത് കൊണ്ട് തന്നെയാണ് അവയ്ക്ക് വാംപയര്‍ മത്സ്യം എന്ന് പേര് വീണത്. ആമസോണ്‍ നദികളിലാണ് സാധാരണയായി ഈ മത്സ്യങ്ങളെ കാണാൻ സാധിക്കുക. ഈ മത്സ്യങ്ങളെ കുറിച്ച് വിചിത്രവും പേടിപ്പെടുത്തുന്നതുമായ നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. ശരിക്കും എന്താണ് വാംപയര്‍ മത്സ്യം? അവ മനുഷ്യരുടെ ശരീരത്തിലും കടന്നുകയറി രക്തം ഊറ്റിയെടുക്കുമോ? 

വാംപയര്‍ മത്സ്യങ്ങളെ കുറിച്ച് ഇപ്പോഴും കൂടുതല്‍ കാര്യങ്ങളൊന്നും തന്നെ കണ്ടെത്തപ്പെട്ടില്ല. മാത്രമല്ല, ഗവേഷകര്‍ ഇപ്പോഴും ഇവയെ കുറിച്ച് പഠിക്കുന്നുമുണ്ട്. മുഖത്ത് പൂച്ചയുടേത് പോലെയുള്ള രോമങ്ങളുള്ളതുകൊണ്ട് തന്നെ ഇവയെ കാറ്റ് ഫിഷ് വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒരിഞ്ചാണ് മിക്കവാറും ഇതിന്‍റെ വലിപ്പം. ആമസോണ്‍ പ്രദേശങ്ങളില്‍ ഇവ അറിയപ്പെടുന്നത് കന്‍ഡിറു എന്ന പേരിലാണ്. ഇവ എങ്ങനെയാണ് മറ്റ് ജീവികളുടെ രക്തം ഊറ്റുന്നത്? ഇവ ജീവികളുടെ ശരീരത്തിലേക്ക് കയറിച്ചെല്ലും പിന്നീട് അവയുടെ കൂര്‍ത്ത പല്ലുകള്‍ കൊണ്ട് ഉപദ്രവിക്കുകയും അവയുടെ രക്തം ഊറ്റുകയും ചെയ്യുന്നു. 

അടുത്തിടെ വേറെ ചില വിവരങ്ങൾ കൂടി ഗവേഷകര്‍ ഇവയെക്കുറിച്ച് കണ്ടെത്തുകയുണ്ടായി. ആമസോണിലെ ദെമേനി തടാകത്തിലെ തോണ്‍ ക്യാറ്റ് ഫിഷുകളില്‍ ഈ വാംപയര്‍ മത്സ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തി. എന്നാല്‍, അവയുണ്ടായിരുന്നത് ഈ മത്സ്യങ്ങളുടെ ശരീരത്തിനകത്ത് എല്ലിനോട് ചേര്‍ന്ന നിലയിലാണ്. എന്നാല്‍, വേറൊരു കാര്യം കൂടി ​ഗവേഷകർ കണ്ടെത്തി. ഈ വാംപയര്‍ മത്സ്യം, തോണ്‍ കാറ്റ് ഫിഷിനെ ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നില്ല എന്നതാണത്. അവ ഇവയുടെ രക്തം ഊറ്റുകയോ അവയുടെ ജീവന് ഭീഷണിയാവുകയോ ചെയ്യുന്നില്ല. പകരം സ്വയം രക്ഷ നേടാനാവാം വാംപയര്‍ മത്സ്യം ഈ മത്സ്യങ്ങളിലേക്ക് കയറിക്കൂടിയത് എന്നും ഗവേഷകര്‍ പറയുന്നു. 

ഇനി, മനുഷ്യരുടെ ശരീരത്തിലേക്ക് കടന്നുകയറി വാംപയർ മത്സ്യം രക്തമൂറ്റിയെടുക്കുമോ? ഇല്ലെന്ന് തന്നെയാണ് ഗവേഷകരുടെ ഇതുവരെയുള്ള കണ്ടെത്തല്‍. പുഴയില്‍ കുളിക്കുന്നതിനിടെ ഒരാളുടെ ജനനേന്ദ്രിയത്തില്‍ വാംപയര്‍ മത്സ്യം കയറിയെന്നതടക്കം നിരവധി കഥകൾ പ്രചരിച്ചിരുന്നു. 

ഇന്നുവരെ, 1997 -ൽ ബ്രസീലിലെ ഇറ്റാകോട്ടിയാരയിൽ കാൻഡിറു മനുഷ്യമൂത്രത്തിൽ ആകർഷിക്കപ്പെട്ട് ശരീരത്തിലേക്ക് പ്രവേശിച്ചു എന്ന് അവകാശപ്പെടുന്ന രേഖപ്പെടുത്തിയ ഒരു കേസ് മാത്രമേയുള്ളൂ. ഈ സംഭവത്തിൽ, ഇര ഒരു 23 -കാരനാണ്. അയാൾ ഒരു നദിയിൽ മൂത്രമൊഴിക്കവെ ഒരു കൻഡിറു മത്സ്യം വെള്ളത്തിൽ നിന്ന് മൂത്രനാളത്തിലേക്ക് കയറി എന്ന് അവകാശപ്പെട്ടു. 1997 ഒക്ടോബർ 28 -ന് മനൗസിലേക്ക് യാത്ര ചെയ്ത ശേഷം, മത്സ്യത്തെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനായി ഡോ. അനോവർ സമദിനെ കാണുകയും ഇയാളെ രണ്ട് മണിക്കൂർ യൂറോളജിക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും പറയുന്നു. 

1999 -ൽ അമേരിക്കൻ സമുദ്ര ജീവശാസ്ത്രജ്ഞനായ സ്റ്റീഫൻ സ്പോട്ടെ ഈ പ്രത്യേക സംഭവം വിശദമായി അന്വേഷിക്കാൻ ബ്രസീലിലേക്ക് പോയി. തന്റെ അന്വേഷണത്തിന്റെ സംഭവങ്ങൾ അദ്ദേഹം തന്റെ പുസ്തകമായ Candiru: Life and Legend of the Bloodsucking Catfishes -ൽ വിവരിക്കുന്നു. ഡോ. സമദിനെ സ്പോട്ട് നേരിട്ട് കണ്ടു, അദ്ദേഹത്തിന്റെ ആശുപത്രിയിലും വീട്ടിലും വച്ച് അഭിമുഖം നടത്തി. സമദ് അദ്ദേഹത്തിന് ശസ്ത്രക്രിയയുടെ ഫോട്ടോകളും, സിസ്റ്റോസ്കോപ്പി നടപടിക്രമത്തിന്റെ യഥാർത്ഥ വിഎച്ച്എസ് ടേപ്പും, ഐഎൻപിഎക്കുള്ള സംഭാവനയായി ഫോർമാലിനിൽ സൂക്ഷിച്ചിരിക്കുന്ന യഥാർത്ഥ മത്സ്യത്തിന്റെ ശരീരവും നൽകി. 

സ്പോട്ടും സഹപ്രവർത്തകനായ പൗലോ പെട്രിയും ഈ സാമഗ്രികൾ എടുത്ത് ഐഎൻപിഎയിൽ സമദിന്റെ ഔപചാരിക പേപ്പറുമായി താരതമ്യം ചെയ്ത് പരിശോധിച്ചു. സംഭവത്തിന്റെ ആധികാരികത സംബന്ധിച്ച് സ്പോട്ട് വ്യക്തമായ നിഗമനങ്ങളൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും, രോഗിയുടെയും സമദിന്റെയും അവകാശവാദങ്ങളെക്കുറിച്ച് അദ്ദേഹം നിരവധി സംശയങ്ങൾ ഉന്നയിക്കുകയായിരുന്നു. അവയെല്ലാം നയിക്കുന്നത് വാംപയർ മത്സ്യമല്ല 23 -കാരന്റെ ശരീരത്തിൽ കയറിയത് എന്നതിലേക്കാണ്. ഏതായാലും, ​ഗവേഷകരും പറയുന്നത് വാംപയർ മത്സ്യം മനുഷ്യശരീരത്തിലേക്ക് കയറാൻ സാധ്യതകളില്ല എന്ന് തന്നെയാണ്. 


 

Follow Us:
Download App:
  • android
  • ios